Wednesday, November 13, 2013

പെരുമഴയില്‍ ഇടറിവീഴാതൊരമ്മ


നിര്‍ത്താത്ത മഴ പെയ്തുകൊണ്ടിരുന്ന ഒരു വെള്ളിയാഴ്ചയായിരുന്നു അന്ന്. പള്ളിയിലേക്ക് പോകാന്‍ നേരമാവുന്നേ ഉണ്ടായിരുന്നുള്ളൂ.ഇരുണ്ടു മൂടി പെയ്യുന്ന മഴയുടെ ഭംഗി  കണ്ടിരിക്കുകയായിരുന്നു ഞാന്‍ ഉമ്മറത്ത്.

അപ്പോഴാണ്‌ ആ അമ്മ ഗെയ്റ്റ് കടന്നു വന്നത്.മുറ്റത്ത് പതിച്ച സിമന്‍റ്  കട്ടകളില്‍ കാല് വഴുതാതെ കയ്യിലൊരു സഞ്ചിയുമായി അവര്‍. അറുപത് വയസ്സിലധികം പ്രായമുണ്ടാകും.നെറ്റിയിലെ ചന്ദനക്കുറിയില്‍ അവരുടെ മുഖം വളരെ ഐശ്വര്യം തോന്നിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും അടിയുടുപ്പുകള്‍ വില്‍ക്കാന്‍ നടക്കുകയായിരുന്നു ആ സ്ത്രീ. എന്‍റെ നാട്ടില്‍ നിന്ന് എണ്‍പത് കിലോമീറ്ററോളം ദൂരെ കുന്ദമംഗലത്തിനു  അടുത്താണ് അവരുടെ വീട്. ഈ പ്രായത്തില്‍ ഇത്രയും ദൂരം അതും ഇങ്ങനെ പെരുമഴയത്ത്...

“ഓരോ ദിവസവും ഓരോ വഴിക്ക് ഇറങ്ങും.വടകരയും,നാദാപുരവും,ഒക്കെ.....ബസ്സില് ....പുലര്‍ച്ചെ വീട്ടീന്ന്‍ എറങ്ങ്യാല്‍ വൈന്നേരം വീട്ടില് തിരിച്ചെത്താന്‍ പറ്റുന്ന ഇടത്തൊക്കെ...”

മഴയുടെ തണുപ്പിനെ ചൂടുചായ മൊത്തിക്കുടിച്ചകറ്റി അവര്‍ പറഞ്ഞുകൊണ്ടിരുന്നു.ഈ വാര്‍ധക്യത്തിലും ജീവിതം തേടിയുള്ള യാത്രകള്‍.

“ഏതായാലും ഈ കച്ചവടവും ആയി നടക്കുകയല്ലേ ...കുറച്ചൂടെ സാധനങ്ങള്‍ കരുതിക്കൂടെ...”

“ഉണ്ടായിരുന്നു മോനേ...അടിപ്പാവാടയും,നിസ്കാരക്കുപ്പായവും,നൈറ്റിയും  ഒക്കെ കൊണ്ട് നടക്കാറുണ്ടായിരുന്നു.അതിനൊക്കെ നല്ല ചെലവും ഉണ്ടായിരുന്നു....ഒരിക്കല്‍ അറ്റാക്ക് വന്നതോടെ അത്രയും ഭാരം കൊണ്ടുപോവുന്നത് നിര്‍ത്തി.....”

ഇങ്ങനെ നടക്കുമ്പോള്‍  അറ്റാക്ക് വന്നു വഴിയില്‍ വീണതും.ആരൊക്കെയോ ആശുപത്രിയില്‍ എത്തിച്ചതുമായ കഥ ഞെട്ടലോടെ ഞാന്‍ കേട്ടു.

അവര്‍ പേഴ്സില്‍ നിന്ന് ഒരു ചെറിയ മൊബൈലും,ചില ഫോണ്‍ നമ്പരുകള്‍ എഴുതിയ കടലാസ് തുണ്ടും, ആശുപത്രിയിലെ ചീട്ടും രണ്ടു ഗുളികകളും എടുത്തു കാണിച്ചു തന്നു.

“അതിനു ശേഷം എപ്പഴും ഇത് കൊണ്ട് നടക്കും.വേദന തോന്നിയാല്‍ നാവിനടിയില്‍ വെക്കാനാ ഈ ഗുളിക.അഥവാ പഴയ പോലെ വീണു പോയാല്‍ ഈ ചീട്ടില്‍ വിവരങ്ങളുണ്ട്.വിളിക്കാനുള്ള നമ്പരും....”

അമ്പരന്നു പോയ എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അവര്‍ പറഞ്ഞ കഥകള്‍ അഭിമാനിയായ ഒരു സ്ത്രീയുടെ ജീവിതമായിരുന്നു.നാട്ടിലെ ഒരു തുണിക്കട ഉടമയായിരുന്നു അവരുടെ ഭര്‍ത്താവ്.വിവാഹം കഴിഞ്ഞ് ഏറെ വൈകിയാണ് മക്കള്‍  ഉണ്ടായത്. രണ്ടു പെണ്‍കുട്ടികള്‍.

ഭര്‍ത്താവ് മരിക്കുമ്പോള്‍ കുട്ടികള്‍ സ്കൂളില്‍ പഠിക്കുകയായിരുന്നു. കച്ചവടം അന്യാധീനപ്പെട്ടു പോയെങ്കിലും ഉള്ളത് കൊണ്ട് അവര്‍ ജീവിച്ചു. പക്ഷെ മക്കളുടെ തുടര്‍പഠനത്തിനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ഒരു തൊഴില്‍ വേണമായിരുന്നു. അങ്ങനെയാണ് തുണിത്തരങ്ങള്‍ വീടുതോറും കൊണ്ട് നടന്ന് വില്‍ക്കാന്‍ തുടങ്ങിയത്.

മൂത്തമകളെ എം എ വരെ പഠിപ്പിച്ചു വിവാഹം ചെയ്തയച്ചു. രണ്ടാമത്തെ മകള്‍ ഇപ്പോള്‍  പഠിച്ചു കൊണ്ടിരിക്കുന്നു.

ഇനി ഈ പ്രായത്തിലും രോഗാവസ്ഥയിലും ഈ ജോലി മതിയാക്കിക്കൂടെ എന്ന എന്‍റെ ചോദ്യത്തിന് അവര്‍ ചിരിച്ചു.

“മോളുടെ ഭര്‍ത്താവ് അവിടെ നിന്നോളാന്‍ പറഞ്ഞതാ.........ശരിയാവില്ല...വെറുതെ ഇരുന്ന് ആരുടെയെങ്കിലും ഔദാര്യത്തിന്....അത് വേണ്ട.ഈ നടത്തം ഒരു ശീലായി...മോളെ പഠിപ്പിക്കാനും ഞങ്ങക്ക് ജീവിക്കാനും ഉള്ള വരുമാനമുണ്ട്.പിന്നെ അവളെ കല്യാണം കഴിപ്പിച്ച് അയക്കാനുള്ള ഇത്തിരിയൊക്കെ സ്വരൂപിക്കാനും കഴിഞ്ഞു.....”  


ഇറങ്ങുന്നതിനു മുമ്പ് അവര്‍ പറഞ്ഞു.

“ഈശ്വരനുണ്ട് കൂടെ.... ഇതുവരെ കുഴങ്ങിപ്പോയിട്ടില്ല.ഇപ്പഴും എണീറ്റ് നടക്കാനുള്ള ആരോഗ്യം ഉണ്ടല്ലോ.....സ്ഥിരായിട്ട് സാധനം വാങ്ങിക്കുന്ന കുറെ ആള്‍ക്കാരുണ്ട് ...ഇത്രേം കടകളൊക്കെ ഉണ്ടായിട്ടും അവര്‍ കാത്തിരിക്കും ....അങ്ങനെ കുറെ നല്ല മനുഷ്യരുടെ സ്നേഹമുണ്ട് എപ്പോഴും...ഇതൊക്കെ വലിയ ഭാഗ്യം”

ആരോഗ്യമുണ്ടെങ്കിലും  കൈനീട്ടാന്‍ മടിക്കാത്ത ആളുകള്‍ എമ്പാടും ഉള്ള ഈ കാലത്ത് , രോഗം,വീട് നിര്‍മ്മാണം,പെണ്‍കുട്ടികളുടെ വിവാഹം അങ്ങനെ എന്തിനും ഗള്‍ഫിലേക്ക് ഒരു കത്തെഴുതിയാല്‍ പരിഹാര മാവുന്ന നാട്ടില്‍, റിലീഫ് കിറ്റുകളും പണവും കൃത്യമായി വീടുകളില്‍ എത്തിക്കാന്‍ സമ്പന്നര്‍ മത്സരിക്കുന്ന ചുറ്റുപാടില്‍    ഇങ്ങനെ ഒരു സ്ത്രീ .................പെയ്തു തീരാത്ത മഴനൂലുകളിലേക്ക് അവര്‍ ഇറങ്ങി നടന്നു. വാര്‍ധക്യവും രോഗവും വകവെക്കാതെ ആത്മാഭിമാനത്തോടെ ജീവിക്കുന്ന  ആ സ്ത്രീ കയ്യിലെ സഞ്ചി മുറുക്കിപ്പിടിച്ച് കാലുകള്‍ വഴുക്കാതെയും ഇടറാതെയും സൂക്ഷിച്ച് മെല്ലെ മെല്ലെ നടന്നു നീങ്ങി.

ചിത്രത്തിന് കടപ്പാട്:ഗൂഗിള്‍ 

21 comments:

 1. ഒരിക്കല്‍ ഞങ്ങളുടെ വീട്ടില്‍ വീട്ടു ജോലിക്ക് വന്ന സ്ത്രീക്കും ഇത് പോലെ ഒരു കഥയാണ് പറയാനുണ്ടായിരുന്നത്. അവര്‍ക്ക് ഒരു മകനുണ്ട്. പക്ഷേ, അമ്മയുടെ സ്വത്ത്‌ മാത്രമേ അയാള്‍ക്ക് വേണ്ടിയിരുന്നുള്ളൂ... ആ സ്ത്രീ വീടുകളില്‍ പണിയെടുത്ത് അന്നന്നേയ്ക്കുള്ള ആഹാരത്തിനും മരുന്നിനും ഉള്ള വഴി കണ്ടെത്തിയിരുന്നു. കയറിക്കിടക്കാന്‍ വീടില്ലാത്തത് കൊണ്ട് പെണ്മക്കളുടെ വീട്ടില്‍ ശരണം പ്രാപിക്കും. അവിടത്തെ കാഴ്ചയും ആ പാവം അമ്മയുടെ മനസ്സിനെ വേദനിപ്പിക്കുന്നതായിരുന്നു. മരിക്കുന്നത് വരെ അദ്ധ്വാനിച്ച് സ്വന്തം ചിലവിനുള്ള വഴി കണ്ടെത്താന്‍ കഴിയണേ എന്ന്‍ മാത്രമേ അവര്‍ക്കിപ്പോള്‍ പ്രാര്‍ത്ഥനയുള്ളൂ...
  നാം അറിയാത്ത ഇങ്ങനെയുള്ള എത്രയെത്ര അമ്മമാര്‍ ജീവിതം മുന്നോട്ട് നീക്കാന്‍ പാടുപെടുന്നുണ്ടാവും!

  ReplyDelete
  Replies
  1. അതെ നിഷ ഇങ്ങനെ ഒരുപാട് ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്.ശരിക്കും വഴികാട്ടിയാവുന്ന ജീവിതങ്ങള്‍.നിശബ്ദമായ സന്ദേശങ്ങള്‍

   Delete
 2. അഭിമാന ബോധം ചെറിയ കാര്യമല്ല. അതുള്ളവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയുകയുമില്ല.

  ReplyDelete
  Replies
  1. അതെ സര്‍ ആര്‍ക്കും തോല്പിക്കാന്‍ കഴിയില്ല ഇങ്ങനെയുള്ള മനുഷ്യരെ

   Delete
 3. അപൂർവ്വമായി കാണപ്പെടുന്ന ഒരു
  വനിതാരക്നം തന്നെയാണ് ഈ അഭിമാനിയായ സ്ത്രീ...!

  ReplyDelete
  Replies
  1. സത്യം.........വനിതാ രത്നം തന്നെ

   Delete
 4. പാവം അമ്മ. എത്ര ദൂരം കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നു. അത്ഭുതം തോന്നുന്നു

  ReplyDelete
  Replies
  1. ജീവിതം അവരുടെ കാലുകള്‍ക്ക് തളര്‍ച്ച നല്‍കുന്നില്ല

   Delete
 5. ഇങ്ങനെ ഒരു അമ്മയെ സ്വന്തം ജീവിതത്തില്‍ എനിക്കറിയാം :). ഇന്ന് വേണമെങ്കില്‍ വെറുതെ ഇരിക്കാം എന്നുണ്ടായിട്ടും ആരോഗ്യം ഉള്ള കാലത്തോളം ജോലി ചെയ്ത് ജീവിക്കുമെന്നതില്‍ ഉറച്ചു നില്‍ക്കുന്നു . ഈ അനുഭവക്കുരിപ്പിലെ അമ്മയ്ക്ക് ആശംസകള്‍. നല്ലത് വരട്ടെ!

  ReplyDelete
  Replies
  1. അതിലൂടെ അവര്‍ക്ക് ലഭിക്കുന്ന നിര്‍വൃതി ആര്‍ക്കും നല്‍കാന്‍ ആവില്ലല്ലോ

   Delete
 6. നമ്മള്‍ മറക്കുന്ന പലതും നമ്മുടെ ചുറ്റും ഉണ്ടെന്നു ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു . ആശംസകള്‍

  ReplyDelete
  Replies
  1. നമ്മള്‍ കാണാതെ പോവുന്നതും

   Delete
 7. ആത്മാഭിമാനം പണയം വെയ്ക്കാത്തവര്‍. ജീവിതത്തെ സധൈര്യം നേരിടുന്നവര്‍....
  വീഴാതിരിക്കട്ടെ ആ അമ്മ.

  ReplyDelete
 8. സന്തോഷം തോന്നുന്ന ഒരു വായന, പ്രചോദനം തോന്നുന്ന ഒരു വായന

  ReplyDelete
 9. ആരുടെ മുമ്പിലും കൈനീട്ടാതെ,രോഗാവസ്ഥയിലും തളരാതെ,സ്വപ്രയത്നം കൊണ്ട് കുടുംബം പോറ്റുന്ന ഒരമ്മ!
  അഭിമാനിയും,ധീരയുമായ അമ്മ!!
  ആശംസകള്‍

  ReplyDelete
 10. വാര്‍ദ്ധക്യത്തിനും അടിയറവ് വെക്കാത്ത ജീവിതം.. തീര്‍ത്തും അഭിമാനകരം...

  ReplyDelete
 11. ആത്മാഭിമാനമുള്ളവരെക്കുറിച്ച് അറിയുന്നതും വായിക്കുന്നതും പ്രചോദനകരമാണ്... ജീവിതത്തെ നേരിടാന്‍ കൂടുതല്‍ ധൈര്യം തോന്നും...
  ആ അമ്മയ്ക്കും ഈ കുറിപ്പ് പങ്കുവെച്ച നജീബിനും നന്ദി.

  ReplyDelete
 12. ഈ പോസ്റ്റിൽ നിന്ന് നന്മയുടെ വെളിച്ചം എങ്ങും പ്രസരിക്കുന്നതുപോലെ.....

  ReplyDelete
 13. ആ അമ്മയുടെ തളരാത്ത മനസ്സിന് പ്രണാമം...

  ReplyDelete
 14. ജീവിത സായാഹ്നത്തിലും ഉച്ച വെയിൽ കൊള്ളുന്നവർ

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ