Sunday, September 22, 2013

ജീവിതത്തില്‍ നിന്ന് തന്നെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ കുറിച്ച്


ഇന്നലെ ഞങ്ങടുപ്പാനെ പോലീസ് പിടിച്ചുകൊണ്ടുപോയി.വീടിന്‍റെ മുമ്പ്ന്ന് തന്നെ.റോട്ടിലോക്കെ വലിയ ലഹള നടക്കായിരുന്നു.ഉമ്മ ഞങ്ങളെ പിടിച്ച് വലിച്ച് മുറിക്കകത്തിട്ട് പൂട്ടി.ഉപ്പാനെ കൊണ്ടോകല്ലേന്ന് അലറി ഉമ്മ പിന്നാലെ ഓടണത് ഞങ്ങള് ജനാലേക്കൂടെ കാണുന്നുണ്ടായിരുന്നു....

ഫാത്തിമ സന എന്ന ഒമ്പതാം ക്ലാസ്സുകാരി നിഷ്കളങ്കമായ ഭാഷയില്‍ തന്‍റെ സങ്കടങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പലപ്പോഴും അറിയാതെ കണ്ണ്‍ നിറഞ്ഞ് അക്ഷരങ്ങള്‍ മങ്ങിപ്പോവുന്നുണ്ടായിരുന്നു.ഒടുവില്‍ അവള്‍ പറഞ്ഞവസാനിപ്പിച്ച വാചകം ......അതിപ്പോഴും ഉള്ളില്‍ ഒരു തീക്കട്ടയായി പൊള്ളിച്ചു കൊണ്ടിരിക്കുന്നു.

സാറാ ജോസഫിന്‍റെ  അത്താഴത്തിനു മുമ്പ്...എന്ന കഥ (മാധ്യമം വാര്‍ഷികപ്പതിപ്പ്‌ 2013) വായിച്ചു കഴിയുമ്പോള്‍ നമ്മുടെ ഉള്ളിലുണ്ടാകുന്ന  ആഘാതവും നടുക്കവും അത്രയെളുപ്പമൊന്നും മറികടക്കാന്‍ സാധിക്കുകയില്ല.ലളിതമായ വാമൊഴിയിലൂടെ കുറഞ്ഞ വാചകങ്ങള്‍ കൊണ്ട് തീര്‍ത്ത ഈ കഥ,വികസനം എന്ന പേരില്‍ ഭരണകൂടം നടത്തുന്ന അധിനിവേശത്തിലൂടെ കുടിയൊഴിപ്പിക്കപ്പെടുന്ന  നിസ്സാരരും നിസ്സഹായരുമായ മനുഷ്യരെ കുറിച്ചാണ്.അതോടൊപ്പം തന്നെ നമ്മുടെ മുഖ്യധാരാ എഴുത്തുകാര്‍ ശ്രദ്ധിക്കാതെ പോയ ഗള്‍ഫ് മലയാളിയുടെ/അവന്‍റെ ഉറ്റവരുടെ ജീവിതത്തെ കുറിച്ച് കൂടിയാണ്.

എന്റുപ്പ വിമാനത്തിലേക്ക് നടന്നുപോണത് കണ്ടപ്പോഴും ഞാന്‍ കരഞ്ഞു.എല്ലാ മനുഷ്യര്‍ക്കും കഷ്ടപ്പാടുകളുണ്ടാവും.പക്ഷെ എന്റുപ്പാ ചപ്പും ചവറും വാരണ കഷ്ടപ്പാടോര്‍ത്ത് എന്‍റെ ചങ്ക് തകര്‍ന്നു.എന്റുപ്പാ കൂട്ടത്തിലൊന്നും ചേരാതെ ഒറ്റക്ക് നടന്നുപോണത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി

ഈ വരികളില്‍  കുടുംബത്തെ പിരിഞ്ഞു ജീവിക്കേണ്ടി വരുന്ന ഒരു പ്രവാസിയുടെയും അയാളുടെ ഉറ്റവരുടെയും തീവ്രമായ വേദന വിങ്ങി നില്‍ക്കുന്നു.

എഴാം ക്ലാസുവരെ മാത്രം പഠിച്ച റസ്സാക്ക് കടല്‍ കടന്നു പോയി ഒരു എണ്ണക്കമ്പനിയിലെ ജോലി കൊണ്ടാണ് കുടുംബത്തെ കര കയറ്റിയതും  അനുജന്മാരെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിച്ചതുമെല്ലാം.

സ്വന്തമായി ഒരു വീടുണ്ടാക്കാന്‍ വേണ്ടി പത്തു കൊല്ലം അയാള്‍ അയച്ചു കൊടുത്ത പണമെല്ലാം പിതാവ് ‘ഉല്ലസിച്ചു’ തീര്‍ക്കുകയും അനുജന്മാര്‍ കൂടി ദുബായിക്ക് കടന്നതോടെ അയാള്‍ കറിവേപ്പില ആകുകയും ചെയ്തു.

ഒടുവില്‍ വീട് പണിയാന്‍ ലക്ഷങ്ങള്‍ അയച്ചു കൊടുത്തതില്‍ ബാക്കിയായ പുരത്തറയില്‍ പനമ്പും പ്ലാസ്റ്റിക് കടലാസും കൊണ്ട് കുത്തിമറച്ച്  അയാള്‍ ഭാര്യയും ഊമയും ബധിരയുമായ മൂത്തമകളടക്കം നാല് പെണ്‍കുട്ടികളുമായി  താമസം മാറി.

“അയിന്‍റെടക്കാണ് എന്റുമ്മാക്ക് കൂടിയ ഒരു ദെണ്ണം വന്നത്.ഉമ്മ കെടപ്പിലായിപ്പോയി.നസിയാനെ പെറ്റതിന്‍റെ പിന്നാലെയാണത്.തറവാട്ട്കാരാരും തിരിഞ്ഞുനോക്കീല്യ.ഞങ്ങള് കുഞ്ഞുകുട്ടികള്.എന്‍റെ മിണ്ടാത്ത ഇത്താത്തയാണ് ചോറും കൂട്ടാനും വെച്ച് ഉമ്മാക്ക് കൊടുത്തത്.ഒടുക്കം എന്റുപ്പാ ഗള്‍ഫിലെ പണി കളഞ്ഞു.......”

പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും നാളുകള്‍ക്കു ശേഷം രണ്ടു ലക്ഷം രൂപ കൊടുത്തു വേറൊരു വിസ സംഘടിപ്പിച്ചു ദുബായിലേക്ക് പോയ അയാള്‍ക്ക്‌ പിന്നീട്  കിട്ടിയത് ചവറു വാരുന്ന പണിയായിരുന്നു.

“...........അഞ്ചു മാസം മുമ്പ് ഉപ്പ നാട്ടില്‍ വന്നപ്പോള്‍ നിലം പണിയായിരുന്നു.ഇനി രണ്ടു കൊല്ലം കൂടിയെടുക്കും വീടുപണി പൂര്‍ത്തിയാവാനെന്ന് ഉപ്പ അന്ന് പറഞ്ഞിരുന്നു.എന്നാലും അടച്ചൊറപ്പുള്ള വീട്ടില്‍ ഉമ്മാനേം പെണ്‍മക്കളേം ആക്കീട്ട് പോവാലോ എന്ന ആശ്വാസം ഉപ്പാക്കുണ്ടെന്ന് ഉപ്പ പറഞ്ഞു...................................................................................ഞങ്ങള് പെണ്‍കുട്ടികളുടെ കാര്യം വരുമ്പോ ഈ വീടും പറമ്പും നല്ല വിലയ്ക്ക് വിറ്റ്‌ കാര്യം നടത്താമെന്നാണ് ഉപ്പയുടെ ആശ്വാസം.ഉമ്മാ ഒരു നേരം വെറുതെ ഇരിയ്ക്കൂല കൊത്തീം കെളച്ചും ഉമ്മ ഓരോന്നൊക്കെ നട്ടുണ്ടാക്കീട്ടുണ്ട്........”

ഫാത്തിമ സനയുടെ വീട് അത്ര വലിയ വീടൊന്നുമല്ല.സൌദിയില്‍ ഫാമിലിയോടെ കഴിയുന്ന എളാപ്പയുടെ പൂട്ടിയിട്ട വീടിനെ വെച്ച് നോക്കുമ്പോള്‍ ‘കുടിലും കൊട്ടാരോംപോലെള്ള വിത്യാസം ഉണ്ട്’.പക്ഷെ വറ്റാത്ത കിണറുള്ള ആ മുപ്പത് സെന്റ്‌ സ്ഥലവും വീടും അവരുടെ കുഞ്ഞു സ്വര്‍ഗ്ഗമായിരുന്നു പക്ഷെ ....

“കഴിഞ്ഞ ഒരു മാസമായിട്ട് ഞങ്ങള്‍ തീ തിന്നുകയാണ്.ആളുകളുടെ വീടും പറമ്പുമൊക്കെ സര്‍ക്കാര്, റോഡുണ്ടാക്കാന്‍ പിടിച്ചെടുക്കുകയാണെന്ന് കേട്ട് എന്റുമ്മാ നെഞ്ചത്തടിച്ച് നിലവിളിച്ചു.സര്‍ക്കാര് പോവാന്‍ പറഞ്ഞാ നമ്മള് എറങ്ങിപ്പോകണം.....................................................പത്തഞ്ഞൂറു പോലീസിനെ കണ്ടപ്പോള്‍ പേടിച്ചുവിറച്ച് എന്റുമ്മ ജനലും വാതിലും കൊട്ടിയടച്ച് അകത്തിരുന്നു.ഞങ്ങളെ അപ്പോള്‍ത്തന്നെ ഇറക്കി വിടാനാണ് പോലീസുകാര് വന്നിട്ടുള്ളതെന്ന് ഉമ്മ വിചാരിച്ചു.... .”

അങ്ങനെയാണ് ഗള്‍ഫിലുള്ള ഉപ്പയെ ഉമ്മയും മക്കളും വേവലാതിയോടെ വിളിച്ചു വരുത്തിയത്.

“.............എന്റുപ്പാ ഗള്‍ഫീന്ന് വരുന്നതിന്‍റെ തലേദിവസമാണ് ഞങ്ങടെ ഭൂമി അളന്നത്.ഞങ്ങള്‍ സ്കൂളിലായിരുന്നു.ഉമ്മയും സൈറാത്തയും പേടിച്ചിട്ട് പുറത്തേക്ക് വന്നില്ല.ഞങ്ങടെ വീടും മുപ്പതു സെന്റ്‌ ഭൂമിയും അങ്ങനെതന്നെ അളന്നുപോയി.വിവരം കേട്ട് എന്റുപ്പാ തലയില്‍ കൈവെച്ച് നിലത്തേക്കിരുന്നു.”

“പിറ്റേന്ന് നിസ്കാരപ്പള്ളിയുടെ മുന്നില്‍ വെച്ച് പോലീസുകാരുടെയും സര്‍ക്കാറുദ്യോഗസ്ഥന്മാരുടെയും ഇടയിലേക്ക് ഒരു ഭ്രാന്തനെപ്പോലെ പാഞ്ഞു ചെന്ന് തടസ്സമുണ്ടാക്കിയതിനാണ് എന്റുപ്പയെ പോലീസ് പിടിച്ചു കൊണ്ടുപോയത്.എന്റുപ്പക്ക് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല”

നിസ്കാരപ്പള്ളിയുടെ ഉള്ളിലിരുന്ന് തീവ്രവാദം ഉണ്ടാക്കി എന്ന് പറഞ്ഞാണ് റസ്സാക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഉറുമ്പ്‌ കൂട്ടിവെക്കും പോലെ ജീവിതം ചേര്‍ത്ത് വെച്ച  ഒരു പാവം മനുഷ്യനെയും കുടുംബത്തെയും എത്ര പെട്ടെന്നാണ് ഭരണകൂടം തകര്‍ത്തു കളഞ്ഞത്. ഉമ്മയും നാല് പെണ്‍കുട്ടികളും അനാഥരായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമ്പോള്‍ അവരുടെ മുന്നില്‍ ഇനിയെന്താണ് വഴി.

ഫാത്തിമ സനയെന്ന ഒമ്പതാം ക്ലാസ്സുകാരി പറഞ്ഞവസാനിപ്പിക്കുകയാണ്. “കുറച്ചുനേരം കൂടി കഴിഞ്ഞാല്‍ എന്റുമ്മാ ഞങ്ങളെ വിളിക്കും.ഞങ്ങള് നാല് പെണ്‍കുട്ടികളും ഉമ്മയും കൂടി ഈ ലോകത്തിലെ ഞങ്ങളുടെ ഒടുക്കത്തെ അത്താഴം കഴിക്കും.എന്റുപ്പാ ഇനി എത്ര കൊല്ലം കഷ്ടപ്പെട്ടാലും സര്‍ക്കാര് പിടിച്ചെടുത്തതൊന്നും ഉണ്ടാക്കാന്‍ ഉപ്പയെക്കൊണ്ടാവൂല.പാവം ഞങ്ങടെ ഉപ്പ!ഉപ്പാനെ ഇനി കഷ്ടപ്പെടുത്തിക്കൂടാ.”

അവള്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍ നമ്മുടെ ഉള്ളു പൊള്ളിച്ചു കൊണ്ട് ഒരു നിലവിളി ഉയരുന്നു.

റോഡായും വിമാനത്താവളമായും വ്യവസായശാലയായും.പുതിയ പുതിയ വികസനങ്ങള്‍ വന്നു കൊണ്ടിരിക്കുമ്പോള്‍ എവിടെയും എഴുതപ്പെടാതെ ഇങ്ങനെ കുറെ ജീവിതങ്ങള്‍ ഭൂമിയില്‍ നിന്ന് തന്നെ കുടിയൊഴിപ്പിക്കപ്പെടുന്നുണ്ട്.

എത്ര ചെറുതും ദുര്‍ബലവുമെങ്കിലും വീട് ഒരു ആശ്വാസവും സുരക്ഷയും അഭയവുമാണ്.ജീവിതത്തിന്‍റെ കൊടും വേനലും പേമാരിയും തളര്‍ത്തിക്കളയുമ്പോഴും ചുരുണ്ടുകൂടാനുള്ള ഇടം.അത് പെട്ടെന്ന് ഇല്ലാതായിപ്പോകുന്ന അവസ്ഥ എത്ര ഭീകരമാണ്.


എന്നും വേദനിക്കുന്നവരുടെ പക്ഷത്തു നിന്ന് പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ തുറന്നെഴുതുന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി സാറ ടീച്ചറുടെ ഈ രചനയും പ്രമേയത്തിന്‍റെ ശക്തി കൊണ്ടും എഴുത്തിന്‍റെ ശൈലി കൊണ്ടും വ്യത്യസ്തവും തീക്ഷ്ണവും ആയ ഒരു അനുഭവമായി മാറുന്നു.

12 comments:

 1. Mohammed Kutty Mavoor ഉറുമ്പ്‌ കൂട്ടിവെക്കും പോലെ ജീവിതം ചേര്‍ത്ത് വെച്ച ഒരു പാവം മനുഷ്യനെയും കുടുംബത്തെയും എത്ര പെട്ടെന്നാണ് ഭരണകൂടം തകര്‍ത്തു കളഞ്ഞത്. ഉമ്മയും നാല് പെണ്‍കുട്ടികളും അനാഥരായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമ്പോള്‍ അവരുടെ മുന്നില്‍ ഇനിയെന്താണ് വഴി....

  കേവലം ഒരു കഥ എന്നതിലുപരി ഒരു ജീവിതമാണ് സാറാ ജോസഫ്‌ ഇതിലൂടെ വരച്ചു കാണിച്ചത് .. വികസനം ആഭാസമാകുന്നതെങ്ങിനെയെന്നു വളരെ ലളിതമായി അവര്‍ ചൂണ്ടിക്കാക്കാണിക്കുന്നു .. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ ചോദ്യം ചെയ്യുന്ന വികസനങ്ങള്‍ ദുര്‍ബ്ബലരായ ജനതയെ എങ്ങിനെ ബാധിക്കുന്നു എന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു .. ദുരിതക്കടലില്‍ നീന്തുന്ന പാവപ്പെട്ടവരുടെ വളരെ നേര്‍ത്ത രോദനം പോലും അസഹിഷ്ണുക്കളായ ഭരണകൂടങ്ങള്‍ എങ്ങിനെയാണ്‌ കൈകാര്യം ചെയ്യുന്നതെന്ന് വളരെ വ്യക്തമായി ഈ കഥ നമ്മോട് പറയുന്നു ..
  ഫാത്തിമ സന സംവദിക്കുന്നത് മനുഷ്യത്വം മരവിചിട്ടില്ലാത്തവരുടെ മനസ്സാക്ഷികലോടാണ് ..
  പ്രമേയത്തിലെ തീവൃത കൊണ്ടും അവതരണ മികവ് കൊണ്ടും ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍ .. കഥയുടെ മര്‍മ്മം കൃത്യമായ വിവരണത്തിലൂടെ മനസ്സിന്റെ ഉള്ളറകളിലെക്കെത്തിച്ച നജൂ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു .. നല്ലൊരു ഉദ്യമം ..ഭാവുകങ്ങള്‍ ..

  ReplyDelete
 2. നന്ദി, ഇങ്ങിനെയൊരു കഥയെ പരിചയപ്പെടുത്തിയതിന്. പൊള്ളുന്നുണ്ട് കഥയിലെ വരികളോരോന്നും

  ReplyDelete
 3. സാറാജോസഫിന്‍റെ കഥകളിലുള്ള പ്രമേയങ്ങള്‍ ജീവിതത്തിന്‍റെ പച്ചയായ
  യാഥാര്‍ത്ഥ്യങ്ങളാണ്.അനുവാചകന്‍റെ ഉള്ളില്‍ തട്ടുംവിധം അതവതരിപ്പിക്കാന്‍
  കഴിയുന്നു എന്നതാണ് എഴുത്തിന്‍റെ വിജയം.
  ആശംസകള്‍

  ReplyDelete
 4. നാം കുഞ്ഞനന്തന്റെ കട കണ്ട് അഭിരമിക്കുകയാണ്
  കണ്ണില്‍ച്ചോരയില്ലാത്തവരായിത്തീരുന്നുണ്ട് നാം

  ഇടയ്ക്കിടയ്ക്ക് കണ്ണുതുറപ്പിക്കാന്‍ ഇതുപോലുള്ള എഴുത്തുകള്‍ വന്നാലും ഒടുവില്‍ പറയും:
  “ഓ, ഇത് നമ്മടെ സ്ഥലത്തല്ലല്ലോ”

  ReplyDelete
 5. മാധ്യമം വാര്‍ഷികപ്പതിപ്പിന്റെ രണ്ട് ഭാഗങ്ങളില്‍ ടീച്ചറുടെ മുഖച്ചിത്രമുള്ള ഭാഗമാണ് ആദ്യം മറിച്ചു നോക്കിയത്. ആദ്യപേജില്‍ത്തന്നെയുള്ള കഥ വായിച്ച് അല്‍പ്പനേരം കഴിഞ്ഞാണ് മറ്റ് പേജുകളിലേക്ക് കടന്നത്. പൊള്ളിക്കുന്ന ഒരു കഥക്ക് അനുയോജ്യമായ സുധീഷിന്റെ ചിത്രീകരണങ്ങളും ചേര്‍ന്നപ്പോള്‍ ആരെയും ഉലക്കുന്ന അനുഭവമായി മാറുന്നുണ്ട് ഈ കഥ.

  ഒരു നല്ല കഥയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിചയപ്പെടുത്തി.

  ReplyDelete
 6. സാറ ടീച്ചറുടെ കഥയെ നന്നായി പരിചയപ്പെടുത്തിട്ടോ.

  വായിച്ചില്ല നജീബ്, എന്നാലും ഫാത്തിമ സന ഒരു നോവായി മനസ്സില്‍ നില്‍ക്കുന്നു.

  ReplyDelete
 7. കഥ വായിക്കാന്‍ കഴിഞ്ഞില്ല, എങ്കിലും ഈ പരിചയപ്പെടുത്തല്‍ തന്നെ ഉള്ളം പൊള്ളിക്കുന്നു നജീബ്...

  ReplyDelete
 8. എനിക്കും ഇത് വായിക്കാന്‍ സാധിച്ചില്ല. പക്ഷെ ഈ പരിചയപ്പെടുത്തലിലൂടെ അതിന്റെ തീവ്രത മനസ്സിലായി.
  നന്ദി

  ReplyDelete
 9. കഥ വായിച്ചിട്ടില്ല... ഈ പരിചയപ്പെടുത്തല്‍ ഉജ്ജ്വലം..

  ReplyDelete
 10. ഉറുമ്പ്‌ കൂട്ടിവെക്കും പോലെ ജീവിതം ചേര്‍ത്ത് വെച്ച ഒരു പാവം മനുഷ്യനെയും കുടുംബത്തെയും എത്ര പെട്ടെന്നാണ് ഭരണകൂടം തകര്‍ത്തു കളഞ്ഞത്. ഉമ്മയും നാല് പെണ്‍കുട്ടികളും അനാഥരായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമ്പോള്‍ അവരുടെ മുന്നില്‍ ഇനിയെന്താണ് വഴി.

  സാറ ടീച്ചറുടെ നല്ല ഒരു കഥയെ കൂടീ

  അസ്സലായി ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നു..


  അടുത്ത മാസം ടീച്ചറേ
  ഞങ്ങൾ ലണ്ടനിലേക്ക് ക്ഷണിച്ചിട്ടുണ്ട്...
  സാഹിത്യ സദസ്സിലെ മുഖ്യാതിഥിയായിട്ട്

  ReplyDelete
 11. പൊള്ളുന്ന യാഥാർത്ത്യങ്ങളുടെ ചൂടിൽ മനസ്സ് വെന്തു പോകുന്നു..
  ഞാൻ വായിച്ചിട്ടില്ല മാധ്യമം വാര്ഷികപ്പതിപ്പ്. ഈ കഥയും ..

  http://nalinadhalangal.blogspot.in/

  ReplyDelete
 12. മനോഹരം....മനസിന്‍റെ ഉള്ളില്‍ എവിടെയോ ഒരു നീറ്റല്‍

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ