Thursday, November 28, 2013

കാലം മറന്ന ശുദ്ധഹാസ്യത്തിന്‍റെ ഉറവകള്‍
“അച്ചന്‍ കൂടുതലൊന്നും പറഞ്ഞില്ല.
‘...പേര് കൊടുത്തവര്‍ അവരുടെ രക്ഷകര്‍ത്താക്കളെ  വിളിച്ചുകൊണ്ടുവന്നിട്ട്, ഇനി ക്ലാസ്സില്‍ കയറിയാല്‍ മതി....’
ഇത്രയും പറഞ്ഞു തീര്‍ന്ന നിമിഷം ഒരു ശബ്ദം മറ്റുള്ളവര്‍ കേട്ടു. ഞാന്‍ കേട്ടില്ല. ശബ്ദം കേട്ട് അവര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു ധര്‍മ്മഭടന്‍ ബോധമില്ലാതെ സിമന്റുതറയില്‍ നീളപ്പാടുകിടക്കുന്ന മര്‍മ്മഭേദകമായ കാഴ്ചയാണ് കണ്ടത്. ആ വീരഭടന്‍ ഈയുള്ളവനായിരുന്നു. ഞാന്‍ ബോധം കെട്ടു നിലത്തുവീണപ്പോള്‍ എന്‍റെ മണ്ടന്‍ തല നിലത്തടിച്ചതിന്‍റെ ശബ്ദമാണ് മറ്റുള്ളവര്‍ കേട്ടത്.”.....

മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍റെ പതിനാലാം വയസ്സില്‍ വായനശാലയില്‍ ഇരുന്ന് ഈ വരികള്‍ വായിച്ച് ചിരി അടക്കാനാവാതെ ഞാന്‍ പാട്പെട്ടുപോയിട്ടുണ്ട്. അത്രയേറെ ചിരി സമ്മാനിച്ചത്‌  കൊണ്ടാണ് ആ  പുസ്തകം പിന്നീട് ഞാന്‍ കാശ് കൊടുത്തു വാങ്ങിയത്.

തോമസ്‌ പാലായുടെ ‘പള്ളിക്കൂടം കഥകള്‍’.ഞാന്‍ ജീവിതത്തില്‍ ആദ്യമായി വാങ്ങിയ സാഹിത്യ കൃതി! പച്ച പുറം ചട്ടയും നിലവാരം കുറഞ്ഞ പേപ്പറില്‍ ഉള്ള അച്ചടിയും. അത്ര അറിയപ്പെടാത്ത ഏതോ പ്രസിദ്ധീകരണശാലയാണ് പുസ്തകം ഇറക്കിയത്.

വര്‍ഷങ്ങളോളം ഈ പുസ്തകം എന്‍റെ കൈവശമുണ്ടായിരുന്നു. നര്‍മ്മത്തിന്‍റെ പൂത്തിരി കത്തിച്ചു കൊണ്ട്. എത്ര വട്ടം വായിച്ചു എന്നറിയില്ല. ഒരിക്കലും മടുപ്പുതോന്നാതെ.....അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ലോകത്തെ രസകരമായ കഥകള്‍. പൊട്ടിച്ചിരിപ്പിക്കുന്ന ശൈലി.

പത്രത്തില്‍ തോമസ്‌ പാലായുടെ ചരമ വാര്‍ത്ത വായിക്കുമ്പോള്‍ ഞാന്‍ ഗള്‍ഫ് പ്രവാസിയാണ്. അപ്പോഴേക്കും എന്‍റെ കൈയില്‍ നിന്ന് ആ പുസ്തകം നഷ്ടപ്പെട്ടിരുന്നു.

പിന്നീട് നാട്ടില്‍ വന്നപ്പോഴൊക്കെ അന്വേഷിച്ചെങ്കിലും പുസ്തക ശാലകളിലൊന്നും ‘പള്ളിക്കൂടം കഥകള്‍’ കണ്ടില്ല. തോമസ്‌ പാലാ എന്ന എഴുത്തുകാരനെ കുറിച്ച് എവിടെയും വായിച്ചതുമില്ല. ഒരു കാലത്ത് മലയാളി വായനക്കാരെ കുടുകുടെ ചിരിപ്പിച്ച വേളൂര്‍ കൃഷ്ണന്‍കുട്ടിയെ പോലും മറന്നു പോയ നാം  തോമസ്‌ പാലാ എന്ന ഹാസ സാഹിത്യകാരനെ ഓര്‍ക്കാത്തതില്‍  അതിശയമില്ലല്ലോ. അതും പ്രധാനമായും ‘മംഗളം’ വാരികയില്‍ എഴുതിയ ഒരു എഴുത്തുകാരനെ.

രണ്ടു ദിവസം മുമ്പ് ‘മനോരമ’യുടെ ‘വീട്’ എക്സ്പോ കാണാന്‍ പോയതായിരുന്നു കോഴിക്കോട്. വീടുകള്‍ക്ക് വേണ്ട ആധുനിക സൌകര്യങ്ങള്‍ നിരത്തിവെച്ച എക്സിബിഷന്‍ സ്റ്റാളുകളില്‍ പുത്തന്‍ സൌകര്യങ്ങള്‍ കണ്ട് അതിശയപ്പെട്ടും, വിലകേട്ട് അമ്പരന്നും  കയറിയിറങ്ങിക്കൊണ്ടിരിക്കെ മനോരമ ബുക്സിന്‍റെ സ്റ്റാളില്‍ നിരത്തിവെച്ച പുസ്തകങ്ങളില്‍ അതാ ഞാന്‍ ഏറെ കാലമായി തേടുന്ന ‘പള്ളിക്കൂടം കഥകള്‍’!

രണ്ടാമതൊരു വട്ടം ആലോചിക്കാതെ വാങ്ങി. വീട്ടിലെത്തി വായിക്കാനെടുക്കും മുമ്പ് ആശങ്കയുണ്ടായിരുന്നു. പതിനാലാം വയസ്സില്‍ വായിച്ചപ്പോള്‍ തോന്നിയ ചിരി ഇപ്പോള്‍ വായിക്കുമ്പോള്‍ ഉണ്ടാകുമോ?അന്നൊക്കെ ഒരുപാട് ചിരിപ്പിച്ച സിനിമകളും കോമഡി സീനുകളും ഇപ്പോള്‍ ടീവിയില്‍ കാണുമ്പോള്‍ ഒട്ടും ചിരി വരാറില്ല.അതേപോലെ ആവുമോ.

ഇല്ല വായിക്കും തോറും പഴയ അതേ ചിരി. ഓരോ വരികളിലും ഒളിപ്പിച്ചു വെച്ച നര്‍മ്മം  അന്നത്തെ പോലെ  തന്നെ ആസ്വദിക്കാന്‍ കഴിയുന്നു.മോട്ടെച്ചി സാറും,നാരായണപിള്ള സാറും ,നാണപ്പന്‍ സാറും ആഗസ്തിയും ഒക്കെ പഴയ പോലെ പൊട്ടിച്ചിരിപ്പിക്കുന്നു.

ഈ പുസ്തകം ചിരി മാത്രമല്ല. കുട്ടികളെ സ്നേഹിച്ച ഒരുപാട് അധ്യാപകരുടെ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങളും ഇതിലുണ്ട്. ആന്റണി സാറിനെ പോലെ.

വിദ്യാര്‍ഥികള്‍ക്ക് പുസ്തകം പൊതിയാല്‍ ടൌണില്‍ പോയി പേപ്പര്‍ വാങ്ങിക്കൊണ്ടു വന്നു സൌജന്യമായി കൊടുക്കുന്ന ആന്റണി സാര്‍. എല്ലാ കുട്ടികളുടെയും കയ്യക്ഷരം കൊല്ലാവസാനം ആകുമ്പോഴേക്കും ഒരേപോലെ മനോഹരമാക്കുന്ന സാറിന്‍റെ രചനാ പുസ്തകങ്ങള്‍. ഭാര്യയെ കൊന്നവന്റെ ശിക്ഷ ഇളവു ചെയ്തതില്‍ പ്രതിഷേധിച്ചു പത്രം വലിച്ചു കീറി പ്രതിഷേധിച്ച ശുദ്ധ മനസ്കന്‍. കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞു കൊടുത്ത് ഒടുവില്‍ സ്വന്തം ഉള്ളില്‍ നിന്ന് അക്ഷരങ്ങള്‍ പോലും മാഞ്ഞു പോയ മറവി രോഗം പിടിപെട്ട അദ്ധ്യാപകന്‍.

മറക്കാനാഗ്രഹിക്കാത്ത ആ കുട്ടിക്കാലത്തിലേക്ക്, സ്കൂള്‍ ജീവിതം എന്ന ആ ആഹ്ലാദത്തിമര്‍പ്പിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്‌ കൊണ്ട് കൂടിയാവാം ‘പള്ളിക്കൂടം കഥകള്‍’ ഒരിക്കലും മടുക്കാത്തത്. ഈ പുസ്തകത്തിലെ ഓരോ കുട്ടികളെയും അധ്യാപകരെയും നമുക്ക് അറിയാം. കാരണം അത് നാം തന്നെയോ അല്ലെങ്കില്‍ നമ്മുടെ സ്കൂള്‍ കാലത്ത് നമുക്ക് നന്നായി അറിയുന്നവരോ ആണ്. അത് കൊണ്ട് തന്നെ ഏറെ കാലമായി കളഞ്ഞു പോയ ഒരു പ്രിയപ്പെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയുടെ സന്തോഷം വീണ്ടും ഈ പുസ്തകം കണ്ടപ്പോള്‍ ഞാന്‍ അനുഭവിക്കുന്നു. പള്ളിക്കൂടം കഥകള്‍ പുന:പ്രസിദ്ധീകരിച്ച മനോരമ ബുക്സിന് നന്ദി.

മലയാള പ്രസിദ്ധീകരണങ്ങളില്‍ നിന്ന് ഏറെ കാലമായി നര്‍മ്മം പടിയിറങ്ങിപ്പോയിട്ട്. ചാനലുകളിലെ കോമഡി എന്ന പേരില്‍ വരുന്ന വളിപ്പുകള്‍ കണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ അന്തം വിടേണ്ടി വരുന്നു മലയാളി.

ഏതു സാധാരണക്കാരനും വായിച്ച് ഉള്ളു തുറന്ന്,ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഇങ്ങനെ ചില എഴുത്തുകാരിലൂടെ നമുക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ നല്ല നര്‍മ്മകഥകള്‍ ഫേസ്ബുക്കിലും ബ്ലോഗുകളിലും ഒതുങ്ങിപ്പോയിരിക്കുന്നു.


ഒരു പാട് മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന മലയാളിയെ സംബന്ധിച്ചെടുത്തോളം കാലം മറന്ന ശുദ്ധ ഹാസ്യത്തിന്‍റെ ഇത്തരം ഉറവകള്‍ തേടിപ്പിടിക്കുന്നത് ഔഷധ ഗുണം ചെയ്യും മനസ്സിനും ശരീരത്തിനും. 

15 comments:

 1. തോമസ്‌ പാല എന്‍റെ ചെറുപ്പത്തില്‍ ഏറെ പൊട്ടിച്ചിരിപ്പിച്ച ഒരാള്‍ ആണ് ,ഇന്നും മനസ്സില്‍ മംഗളം വാരികയില്‍ അദ്ദേഹം എഴുതിയിരുന്ന പള്ളിക്കൂടം കഥകളും അതിനു ബേബി വരച്ചിരുന്ന ചിത്രങ്ങളും മനസ്സില്‍ നിന്ന് മായാതെ ഉണ്ട് ,അദ്ദേഹം എഴുതി വെച്ച ഓരോ കഥാപാത്രങ്ങളെയും പിന്നീട് പലപ്പോഴും അധ്യാപനത്തിനിടയില്‍ ഞാന്‍ കണ്ടു മുട്ടിയിട്ടുമുണ്ട് .നജീബ് ,,ആ പുസ്തകം ഞാനും തേടുകയായിരുന്നു ,ഇനി അത് അടുത്ത നാട്ടില്‍ പോക്കിന് സ്വന്തമാക്കാമല്ലോ ..

  ReplyDelete
 2. The evil that men do lives after them but the good is often burried with their bones എന്നല്ലേ! പ്രത്യേകിച്ച് ഈ കാല ഘട്ടത്തില്‍ വായനക്ക് പ്രാധാന്യം കുറഞ്ഞു വരികയാണ്, പ്രത്യേകിച്ച് പുതു തലമുറയില്‍ , വായന യുടെ പരപ്പും കൂടിയത് കൊണ്ട് വായിക്കുന്നവര്‍ക്ക്, പുതിയത് തന്നെ വായിക്കാന്‍ അനവധി ആണ്. ആദ്യമായാണ്‌ ഇവിടെ വരുന്നത്, ആശംസകള്‍

  ReplyDelete
 3. എനിക്ക് ഇത് പുതിയ അറിവാണ്. തീര്‍ച്ചയായും ഈ പുസ്തകം വാങ്ങിച്ചിരിക്കും.
  നന്ദി നജീബ് ഈ പരിചയപ്പെടുത്തലിന്

  ReplyDelete
 4. ഞാന്‍ വായിച്ചിട്ടില്ല നജീബ്... പരിചയപ്പെടുത്തിയതില്‍ സന്തോഷം ...

  ReplyDelete
 5. ഒരു പേര് കൂടി ഞാൻ ചേർത്ത് വയ്ക്കട്ടെ ജെ ഫിലിപ്പോസ് തിരുവല്ല

  ReplyDelete
 6. എനിക്കുമിത് പുതിയ അറിവാണ്. എഴുത്തുകാരനേയും അറിയില്ല. നജീബിന് നന്ദി, ഈ നല്ല പരിചയപ്പെടുത്തലിന്.

  ReplyDelete
 7. വര്‍ക്കി വര്‍ക്കി എന്ന ഒരു വര്‍ക്കും ചെയ്യാത്ത വര്‍ക്കിയെ പരിചയ്പ്പെടുത്തിയത് തോമസ് പാലാ ആണോ ജെ ഫിലിപ്പോസ് തിരുവല്ല ആണോ എന്നെനിക്കുറപ്പില്ല... എന്തായാലും ചിരിച്ചു ചിരിച്ച് മതിയായിട്ടുണ്ട്.. ഒരിക്കല്‍ തോമസ് പാലായെ പഴയ ഒരു വാരികയില്‍ നിന്ന് വായിച്ചു കേള്‍പ്പിച്ചപ്പോള്‍ അച്ഛന്‍ ചിരി നിറുത്താന്‍ വയ്യാതെ ബുദ്ധിമുട്ടിയതും ഞങ്ങള്‍ ഭയന്നു പോയതും മറക്കാനാവാത്ത ഒരനുഭവമാണ്... അച്ഛന്‍റെ ആ പൊട്ടിച്ചിരിക്കുന്ന രൂപം ഇന്നും മനസ്സിലുണ്ട്... ഒത്തിരി നന്ദി. നജീബ്... ഈ എഴുത്തിന്...

  ReplyDelete
  Replies
  1. അതെ,എച്ചുമു,പണ്ടു ബാലരമയില്‍ വന്ന വര്‍ക്ക് ചെയ്യാത്ത വര്‍ക്കിയെ അവതരിപ്പിച്ചതും തോമസ്‌ പാല തന്നെ. വര്‍ക്കിയുടെ "ഒരു പുറത്തില്‍ കവിയാതെയുള്ള ഉപന്യാസം ഓര്‍ക്കുന്നുണ്ടോ " പള്ളിക്കൂടം കഥകള്‍ പണ്ടു വായിച്ചിരുന്നു,പക്ഷെ എല്ലാം മറന്നു.എങ്ങനെയും ഞാന്‍ ഇത് വാങ്ങി വായിക്കും .നല്ല പോസ്റ്റ്. നന്ദി

   Delete
 8. അപ്പോൾ ഇങ്ങള് സ്വപ്നനഗരിയിലെ മനോരമയുടെ എക്സ്പോ കാണാൻ വന്നിരുന്നു അല്ലെ....
  അദ്ധ്യാപക കഥകൾ വായിച്ചിട്ടില്ല. തോമസ് പാല എന്ന എഴുത്തുകാരനെ വായിക്കാൻ താൽപ്പര്യമുണർത്തുന്നു ഈ ലേഖനം.....

  ReplyDelete
 9. എന്റെ കൌമാരത്തിലും യുവത്വത്തിന്റെ ആദ്യവര്‍ഷങ്ങളിലും വേളൂര്‍ കൃഷ്ണന്‍ കുട്ടിയായിരുന്നു ജനകീയഹാസ്യസാഹിത്യകാരന്‍. ആ സമയത്താണ് തോമസ് പാലാ മംഗളം വാരികയില്‍ എഴുതിത്തുടങ്ങുന്നത്. ആദ്യം വന്നത് എന്‍. 348 ആണോ പള്ളിക്കൂടം കഥകളാണോ എന്ന് ഓര്‍മ്മയില്ല. എന്നാല്‍ അന്നും ഇന്നും എനിക്ക് നര്‍മം ഇഷ്ടപ്പെട്ടത് തോമസ് പാലായുടെ തന്നെ യാണ്. വേളൂര്‍ കൃഷ്നന്‍ കുട്ടിയുടെ രചന വായിച്ചുനോക്കിയാല്‍ അധികപക്ഷവും ഉപമകള്‍ കൊണ്ടാണ് അദ്ദേഹം നര്‍മം സൃഷ്ടിച്ചിരുന്നതെന്ന് കാണാം. ഒരു വാക്യത്തില്‍ തന്നെ “പോലെ” എന്ന വാക്ക് പലതവണ ആവര്‍ത്തിക്കുന്നത് വിരസമായിപ്പോലും തോനിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തനായിരുന്നു തോമസ് പാലാ.

  ReplyDelete
 10. എന്നെ ചിരിയുടെ ലോകത്തേക്ക് കൂട്ടി
  കൊണ്ടുവന്ന ഗെഡികളാണ് തോമാസ് പാലയും, വേളൂർ കൃഷ്ണന്‍കുട്ടിയും

  ReplyDelete
 11. ആദ്യത്തെ പാരഗ്രാഫ് വായിച്ചപ്പോള്‍ തന്നെ ഇത് വാങ്ങണം എന്ന് ഉറപ്പിച്ചു....പരിചയപ്പെടുത്തിയതില്‍ വളരെ സന്തോഷം...

  ReplyDelete
 12. വേളൂര്‍ കൃഷ്ണന്‍കുട്ടി യുടെ എഴുത്തായിരുന്നു എനിക്കിഷ്ടം...

  ReplyDelete
 13. തോമസ്‌ പാല, വേളൂര്‍ , j ഫിലിപ്പോസ് തിരുവല്ല എല്ലാവരെയും ഒന്ന് കൂടി ഓര്‍മ്മിപ്പിച്ചതില്‍ സന്തോഷം മാഷെ :) . പള്ളിക്കൂടം കഥകള്‍ എനിക്ക് ഓര്‍മ്മയുണ്ട് -പക്ഷെ ബുക്ക്‌ ഇല്ല :( .

  ReplyDelete
 14. തോമസ് പാലായും വേളൂർ കൃഷ്ണങ്കുട്ടിയും ആഴ്ചപ്പതിപ്പുകളിൽ എഴുതിയിരുന്നത് വായിച്ചിട്ടുണ്ട്. പുസ്തമായതിനു ശേഷം കണ്ടിട്ടില്ല.
  ആശംസകൾ...

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ