Wednesday, September 30, 2015

‘ശമന താളത്തില്‍ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്‍’.....ഭൂമി പിളര്‍ന്ന് ഇല്ലാതാവാന്‍ ആശിച്ച സീതയെപ്പോലെ നിരാലംബയാണ് താന്‍ എന്ന്‍ അവള്‍ക്ക് അനുഭവപ്പെട്ടു. അവളുടെ ഗതികെട്ട നടപ്പിനു പിന്നില്‍ യൂനിഫോമിന്‍റെ ഓഫ് വൈറ്റ് നിറത്തിലുള്ള ചുരീദാര്‍ ടോപ്പില്‍ പടര്‍ന്ന നിണചിത്രത്തിലേക്ക് അടക്കിപ്പിടിച്ച ചില ആണ്‍ചിരികള്‍ വീഴുന്നത് അവള്‍ക്ക് കേള്‍ക്കാമായിരുന്നു. അപ്പോള്‍ പെണ്‍കുട്ടികളെല്ലാം തലകുമ്പിട്ടിരിക്കുകയാണെന്ന് അവള്‍ അകമേ അറിഞ്ഞു....”
(ശമന താളത്തില്‍ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്‍-ബീന)

ചന്ദ്രിക ഓണപ്പതിപ്പില്‍ ബീന എഴുതിയ ‘ശമന താളത്തില്‍ പെയ്തൊഴിഞ്ഞ ഒരു പതിമൂന്ന്‍’ എന്ന കഥ നമ്മുടെ മുന്നില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നൂറു ലേഖനങ്ങളെക്കാളും ചര്‍ച്ചകളെക്കാളും നമ്മെ പിടിച്ചുകുലുക്കുന്നുണ്ട്. കലയും സാഹിത്യവും രസിപ്പിക്കുന്നതിന് അപ്പുറം നമ്മെ അസ്വസ്ഥമാക്കുക കൂടി ചെയ്യുമ്പോഴാണല്ലോ  അതിന്‍റെ ദൌത്യം പൂര്‍ത്തിയാക്കുന്നത്.

പതിമൂന്നുകാരിയായ അഥീന എന്ന എട്ടാംക്ലാസ്സുകാരി പെയ്യാനൊരുങ്ങി നില്‍ക്കുന്ന ഒരു തുലാമാസ വൈകുന്നേരം തന്‍റെ ക്ലാസ്മുറിയില്‍ വെച്ച് അനുഭവിക്കേണ്ടി വന്ന വേദനയുടെയും അപമാനത്തിന്റെയും   ആഖ്യാനമാണ് ഈ കഥ.

“.അവസാനത്തെ പിരീഡായിരുന്നു അത്. അകലെ നിന്ന് ഇടിമുഴക്കത്തിന്‍റെ പെരുമ്പറക്കും കാറ്റിന്‍റെ ശീല്‍ക്കാരത്തിനുമൊപ്പം തുലാമഴ പുറപ്പെടാനൊരുങ്ങി നിന്നു. 8 സി ക്ലാസ്സിലെ വലത്തേ നിരയില്‍, രണ്ടാമത്തെ വരിയില്‍, ഇടത്തേയറ്റത്ത് തുടകള്‍ ചേര്‍ത്ത് വെച്ച് അടിവയറ്റിലെ ചുവന്ന ചാലില്‍ നനഞ്ഞിരുന്ന്‍ അഥീന വിമ്മിട്ടപ്പെട്ടു...”
കഥയുടെ ഈ തുടക്കത്തില്‍ നിന്നു തന്നെ അഥീനയുടെ മനസ്സിന്‍റെ അസ്വസ്ഥത നമുക്ക് വായിച്ചെടുക്കാം.

നഗരത്തിലെ മുന്തിയ സ്കൂള്‍ ആണെങ്കിലും വൃത്തിഹീനമായ ടോയ്ലെറ്റുകള്‍ ആയതിനാല്‍ അഥീനയടക്കമുള്ള പെണ്‍കുട്ടികള്‍ മൂത്രശങ്ക  ഉണ്ടാകാതിരിക്കാന്‍ വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണെങ്കിലും (ദിവസം 8-10 ഗ്ലാസ് വെള്ളം കുടിക്കണം എന്നത് അവര്‍ക്ക് പരീക്ഷക്ക് മാര്‍ക്ക് കിട്ടാനുള്ള ഉത്തരം മാത്രമാകുന്നു) ആ മഴക്കാല വൈകുന്നേരം അപ്രതീക്ഷിതമായുണ്ടായ ആര്‍ത്തവത്തിന്‍റെ അസ്വസ്ഥതക്കൊപ്പം ബ്ലാഡറില്‍ യൂറിന്‍ നിറഞ്ഞുവിങ്ങുന്നതും അവള്‍ അറിഞ്ഞു.

ജില്ലാ സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന അച്ഛനും അമ്മയും വീടിനടുത്ത് സര്‍ക്കാര്‍ സ്കൂള്‍ ഉണ്ടായിട്ടും നഗരത്തിലെ പ്രശസ്തമായ സ്കൂളില്‍ അവളെ ചേര്‍ത്തത് നടപ്പുശീലം അനുസരിച്ചാണ്. വീട്ടുജോലിയും ബാങ്ക് ജോലിയും കൊണ്ട് ഒന്നിനും നേരം തികയാത്ത അവളുടെ അമ്മ പൂര്‍ണ്ണിമക്ക് മകളുടെ കൌമാരകാലം ഓര്‍ക്കാനോ പുതിയ ശരീരമാറ്റങ്ങള്‍ മകളിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അറിയാനോ സമയം ഉണ്ടായിരുന്നില്ല.

ഏഴാം ക്ലാസ്സില്‍ അഥീന ഋതുമതി ആയപ്പോള്‍  ‘പേടിക്കാനൊന്നുമില്ലാട്ടോ മോളേ എല്ലാ പെണ്‍കുട്ടികള്‍ക്കും ഉള്ളതാ’  എന്ന് പറഞ്ഞ് പാഡ് ധരിക്കേണ്ട വിധം പറഞ്ഞുകൊടുത്ത് രണ്ടെണ്ണം അവളുടെ സ്കൂള്‍ ബാഗില്‍ പൊതിഞ്ഞുവെച്ചതല്ലാതെ എന്ത് പറയണമെന്ന് ആ അമ്മയ്ക്കും അറിവില്ലായിരുന്നു. വീട്ടുകാര്യങ്ങളൊന്നും തന്‍റെ ഉത്തരവാദിത്തം അല്ല എന്ന് ചിന്തിക്കുന്ന, ക്ലാസും ട്യൂഷനുമായി തിരക്കിട്ടോടുന്ന മകളോട് ‘ഇപ്പൊ കഷ്ടപ്പെട്ടാ മക്കള്‍ക്ക് അതിന്‍റെ ഗുണം വലുതാവ്മ്പൊ കിട്ടും’ എന്ന് സദുപദേശം ചൊരിയുന്ന അച്ഛന്‍ സദാശിവന് ഇതിലൊന്നും ഒരു റോളും ഇല്ലായിരുന്നു. പരീക്ഷകള്‍ക്ക് കുട്ടികളെ ഒരുക്കാനുള്ള തിരക്കില്‍ അധ്യാപകര്‍ക്കും മറ്റൊന്നിനും നേരമുണ്ടായിരുന്നില്ല.

ജസീന്ത ടീച്ചര്‍ ബയോളജി ക്ലാസ്സില്‍   ‘REACHING THE AGE OF ADOLESCENCE’ എന്ന പാഠം പഠിപ്പിച്ചു കൊണ്ടിരുന്ന ആ അവസാന പിരീയഡില്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാനാവാതെ, പതറിവിറക്കുന്ന മനസ്സോടെ ക്ലാസ് വിടാന്‍ കാത്ത് തുടകള്‍ ചേര്‍ത്തുപിടിച്ച് അഥീന ഇരുന്നു.

Reproductive phase of Life of Humans എന്ന പാഠഭാഗത്തിലൂടെ നീങ്ങുന്ന ടീച്ചറുടെ കണ്ണുകള്‍  ‘വേദനിക്കുന്ന അടിവയറ്റിലും പാഡിന്‍റെ പിഞ്ഞിക്കീറിയ പുറം കവചത്തിനകത്തെ രൂപപരിണാമം വന്നിരിക്കാവുന്ന പഞ്ഞിക്കെട്ടിലും മാത്രം മനസ്സ് നട്ടിരിക്കുന്ന’   അഥീനയില്‍ പതിഞ്ഞതും ക്ലാസ്സില്‍ ശ്രദ്ധിക്കാതിരിക്കുന്ന അവളോട്‌ എഴുനേറ്റ് നില്‍ക്കാന്‍ ആജ്ഞാപിച്ചു.

കൂട്ടിപ്പിടിച്ച തുടകളോടെ വിറച്ചുകൊണ്ട് അവള്‍ എഴുനേറ്റു നിന്നു. ‘തന്‍റെ നില്പ് ആണ്‍നിരയിലെ നോട്ടങ്ങളിലെക്ക് വീഴുമെന്ന് അവള്‍ ഭയന്നു. അന്നേരം അടിവയറ്റിലെ രക്തനദിക്കൊപ്പം തെളിനീരൊഴുകുന്ന കൈവഴികളായി അവളുടെ ഇരുകവിളുകളും’

ക്ലാസ്സിലിരുന്നു സ്വപ്നം കാണുകയാണോ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വിങ്ങിനിന്ന അഥീനയെ ‘കം ആന്‍ഡ് സ്റ്റാന്റ് ഹിയര്‍’ എന്ന് ക്ലാസ് മുറിയുടെ മുന്നിലേക്ക് അവളെ നിര്‍ബന്ധമായി നീക്കി നിര്‍ത്തുകയാണ് ടീച്ചര്‍.

“.....ഭൂമി പിളര്‍ന്ന് ഇല്ലാതാവാന്‍ ആശിച്ച സീതയെപ്പോലെ നിരാലംബയാണ് താന്‍ എന്ന്‍ അവള്‍ക്ക് അനുഭവപ്പെട്ടു. അവളുടെ ഗതികെട്ട നടപ്പിനു പിന്നില്‍ യൂനിഫോമിന്‍റെ ഓഫ് വൈറ്റ് നിറത്തിലുള്ള ചുരീദാര്‍ ടോപ്പില്‍ പടര്‍ന്ന നിണചിത്രത്തിലേക്ക് അടക്കിപ്പിടിച്ച ചില ആണ്‍ചിരികള്‍ വീഴുന്നത് അവള്‍ക്ക് കേള്‍ക്കാമായിരുന്നു. അപ്പോള്‍ പെണ്‍കുട്ടികളെല്ലാം തലകുമ്പിട്ടിരിക്കുകയാണെന്ന് അവള്‍ അകമേ അറിഞ്ഞു. ക്ലാസിന് അഭിമുഖമായി നില്‍ക്കേണ്ടി വന്നപ്പോള്‍ എല്ലാ നിയന്ത്രണവും വിട്ട് തലകുനിച്ച് അവള്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ അവളുടെ കടുംപച്ച പാന്റിനടിയിലൂടെ ആര്‍ത്തവരക്തം കലര്‍ന്ന മൂത്രം ഒഴുകിയിറങ്ങി പാദങ്ങള്‍ക്കിടയില്‍ തളം കെട്ടിനിന്നു. നിഷ്കളങ്കയായ ആ കൌമാരക്കുരുന്നിന്‍റെ രക്ഷക്കെന്നോണം അപ്പോള്‍ ലോങ്ങ്ബെല്‍ മുഴങ്ങുകയും കൂട്ടുകാരികള്‍ അവളെ പൊതിഞ്ഞ് രക്ഷാകവചം തീര്‍ത്ത് ബസ്സിലെത്തിക്കുകയും ചെയ്തു

കൂട്ടുകാര്‍ സാന്ത്വനിപ്പിച്ചുവെങ്കിലും ‘അപമാനം കൊണ്ട് വിങ്ങുന്ന ഹൃദയത്തോടെ നനഞ്ഞൊട്ടിയ പക്ഷിക്കുഞ്ഞിനെപ്പോലെ’  അവള്‍ .....

ഈ അപമാനത്തിന്‍റെ നീറ്റലില്‍ ആ രാത്രിയില്‍  അഥീനയെന്ന ആ പതിമൂന്നുകാരി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയാണ്..

‘ഈ കടുംകൈക്ക് തന്‍റെ കൌമാരം എന്തെല്ലാം പഴി കേള്‍ക്കാനിരിക്കുന്നു എന്നറിയാതെ ഒരു പെണ്‍കുട്ടി!’

കഥയിലെ ഈ അവസാനവരിയാണ് വല്ലാതെ നടുക്കമുണ്ടാക്കുന്നത്. ഒരു പതിമൂന്നു കാരിയുടെ ആത്മഹത്യ ഉയര്‍ത്തുന്ന കഥകളും ഊഹങ്ങളും വാര്‍ത്തകളും നിഷ്ടൂരമായി അവളെ പിന്നെയും പിന്നെയും ലോകത്തിനു മുന്നിലേക്ക് വലിച്ചു നിര്‍ത്തി അപമാനിച്ചു കൊണ്ടെയിരിക്കുമല്ലോ എന്ന്,  പരിഹസിച്ചുകൊണ്ടേ ഇരിക്കുമെന്ന് വര്‍ത്തമാനലോകവും മാധ്യമങ്ങളും നിരന്തരമായി നമ്മെ ബോധ്യപ്പെടുത്തുന്നതാണല്ലോ.

ആര്‍ത്തവം എന്ന പദം നമുക്ക് മ്ലേച്ചവും ഗോപ്യവുമായ എന്തോ ഒന്നാണ്. അതുകൊണ്ടാണല്ലോ സാനിറ്ററി പാഡുകള്‍ ഷാമ്പൂവോ സോപ്പോ പോലെ കടകളില്‍ ചെന്ന്‍ പരസ്യമായി വാങ്ങാന്‍ മടിക്കുന്നത്. കടക്കാരന്‍ അപമാനകരവും അശ്ലീലവുമായ എന്തോ പോലെ പൊതിഞ്ഞു സ്വകാര്യമായി സഞ്ചിയില്‍ ഇട്ടു തരുന്നത്.

കാലം ഏറെ മുന്നോട്ടുപോയി എന്ന് നാം ആവേശപ്പെടുമ്പോഴും തുണിക്കടകളില്‍ ഇരിക്കാതെ ജോലിചെയ്യേണ്ടി വരുന്ന, മൂത്രപ്പുരകള്‍ ഇല്ലാത്ത പെണ്ണനുഭവങ്ങള്‍ നമുക്കിന്നും നാലുനാളത്തെ കൌതുകവാര്‍ത്ത മാത്രമാണ്. മക്കളുടെ വിദ്യാഭ്യാസത്തിനു  വേണ്ടി എന്തും ചെയ്യുന്ന രക്ഷിതാക്കള്‍ ഉള്ള ഈ കാലത്തും അവരുടെ കുഞ്ഞുകുഞ്ഞു വേദനകളും അസ്വസ്ഥതകളും നാം അറിയുന്നുണ്ടോ എന്ന് നമ്മോടു തന്നെ ചോദിക്കാന്‍ ഈ കഥ ഉപകരിക്കും.

അസ്വസ്ഥദാമ്പത്യവും അമിത ലൈംഗികതയും എഴുതി  മടുപ്പിച്ചു കളയുന്ന  പെണ്ണെഴുത്തുകാര്‍ ഏറെയുള്ള മലയാളത്തില്‍ ഇങ്ങനെ ചില കഥകള്‍ വായിക്കാന്‍ കഴിയുന്നത് ആശ്വാസമാണ്. എം മുകുന്ദന്‍ സൂചിപ്പിച്ച പോലെ ആയിരം ചര്‍ച്ചകളെക്കാള്‍ ഫലപ്രദമാണ് ഈ കഥ. ബീന എന്ന  എഴുത്തുകാരിയെ മുമ്പ് വായിച്ചതായി ഓര്‍ക്കുന്നില്ല  കഥാകാരിക്ക് ഭാവുകങ്ങള്‍.
---------------------------------------------------------------------

ചന്ദ്രിക ഓണപ്പതിപ്പില്‍ ഈ കഥയടക്കം എം മുകുന്ദന്‍ തെരഞ്ഞെടുത്ത ഏഴു  മികച്ച കഥകളുണ്ട്. ശിവദാസന്‍ എ കെ യുടെ ‘മൂങ്ങ’, അഷ്‌റഫ്‌ പേങ്ങാട്ടയില്‍ എഴുതിയ ‘ഓറഞ്ച്’ എന്നീ കഥകളും ശ്രദ്ധേയമാണ്. 

8 comments:

 1. ഈ കടുംകൈക്ക് തന്‍റെ കൌമാരം എന്തെല്ലാം
  പഴി കേള്‍ക്കാനിരിക്കുന്നു എന്നറിയാതെ ഒരു പെണ്‍കുട്ടി!’

  എത്ര നന്നായാണ് ഭായ് ഈ കഥയെ പരിചയപ്പെടുത്തിയത് .ആർത്തവ വട്ടങ്ങളുടെ ചുറ്റികളികളും , ദുരിതങ്ങളൂം പെണ്ണായി ജനിച്ചവർക്കേ ശരിക്കും അറിയുവാൻ കഴിയൂ..!

  ബീനയെ ഞാനും ഇതുവരെ വായിച്ചിട്ടില്ല

  ReplyDelete
 2. നല്ല പരിചയപ്പെടുത്തല്‍.....
  ആശംസകള്‍

  ReplyDelete
 3. >>അസ്വസ്ഥദാമ്പത്യവും അമിത ലൈംഗികതയും എഴുതി മടുപ്പിച്ചു കളയുന്ന പെണ്ണെഴുത്തുകാര്‍ ഏറെയുള്ള മലയാളത്തില്‍ ഇങ്ങനെ ചില കഥകള്‍ വായിക്കാന്‍ കഴിയുന്നത് ആശ്വാസമാണ് << പരിചയപ്പെടുത്തലിനു വളരെ നന്ദി

  ReplyDelete
 4. നമുക്ക് എല്ലാം നാലുനാളത്തെ വാര്‍ത്തകള്‍ മാത്രമാണ്

  ReplyDelete
 5. നല്ല പോസ്റ്റ്..
  ഇത് എല്ലാവരും വായിെേക്കടേണ്ട ഒന്നാണ്..
  ആര്‍ത്തവമെന്തെന്നും ആ സമയത്ത് അവള്‍ ശാരീരികവും മാനസികവുമായി അനുഭവിക്കുന്ന പ്രയാസമെന്തെന്നും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം..
  കിടപ്പറയിലെ ഉപകരണവും പാചകത്തിനും പ്രസവത്തിനുമുള്ള യന്ത്രവുമായി മാത്രം കണക്കാക്കുന്നവര്‍ തിരിച്ചറിയേണ്ട ചിലതുണ്ട്..
  അവളിലും അവനേപോലെ തുടിക്കുന്ന ജീവന്‍ തന്നെയാണല്ലോ..
  അവള്‍ക്കുമുണ്ടല്ലോ വികാരോം വിചാരോം..

  ചര്‍ച്ചചെയ്യപ്പെടട്ടെ..
  അവനോ അവളോ എന്ന വ്യത്യാസമില്ലാതെ..
  ആശംസകള്‍...

  ReplyDelete
 6. നജീബ് ഭായ് .....മനോഹരമായ അവലോകനം... ശൈലി കൊണ്ട് തന്നെ ഘംഭീരമായി .... കഥ...... കെങ്കേമം..... കാലികപ്രസ്കതിയുള്ള വിഷയം അതി മനോഹരമായി എഴുതിയിരുന്നു....ആശംസകൾ നേരുന്നു....

  ReplyDelete
 7. വായനകൾ ചിന്തയിലേക്കുള്ള വാതായനങ്ങൾ ആണെന്നു തെളിയിക്കുന്ന ഇത്തരം പോസ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു .....

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ