Sunday, September 27, 2015

മാനം



അതൊരു ചെറിയ നാട്ടുമ്പുറമായിരുന്നു. അതുവഴി പട്ടണത്തിലേക്കുള്ള ഒരേയൊരു ബസ് സര്‍വ്വീസ് തുടങ്ങിയിട്ട് പോലും ഏറെക്കാലമായിട്ടില്ല.  കൃഷിക്കാരും ഗള്‍ഫുകാരും കൂലിപ്പണിക്കാരും അധ്യാപകരും  ഉദ്യോഗസ്ഥന്മാരും പണിയില്ലാത്തവരും ....മതവും ജാതിയും രാഷ്ട്രീയവും..... തര്‍ക്കങ്ങളും ഒക്കെയായി എല്ലായിടത്തെയും പോലെ ആ നാട്ടുകാരും......

അങ്ങനെയിരിക്കെ പെണ്ണുങ്ങളൊക്കെ സീരിയലിനു മുന്നില്‍ സ്വസ്ഥമാവാന്‍ തുടങ്ങുന്ന,. അങ്ങാടിയിലെ പള്ളിയില്‍ നിന്ന് മഗ്രിബ് നമസ്കാരം കഴിഞ്ഞിറങ്ങുന്ന,  അമ്പലപ്പറമ്പിലെ  കളി കഴിഞ്ഞ് ആളുകള്‍ പിരിയുന്ന ഒരു സന്ധ്യാനേരത്താണ് ഇരുട്ടിനൊപ്പം ഈ വാര്‍ത്തയും നാട്ടിന്‍പുറത്ത് മെല്ലെ മെല്ലെ പരന്നത്.

മ്മടെ മാഷെ മോള് ഇതുവരെ കോളേജ് വിട്ട് വീട്ട്ല് എത്തീട്ടില്ലത്രെ...
“മാഷെ മോളോ..... ആ പാവം കുട്ടി.........എന്തായിരിക്കും ആ കുട്ടിക്ക് പറ്റ്യേത്..”
വാര്‍ത്ത കേട്ട് എല്ലാരും അന്ധാളിച്ചു. എന്നും വൈകീട്ടത്തെ ബസ്സിന് കൂട്ടുകാരികളോടൊപ്പം വരുന്ന ഈ കുട്ടി എങ്ങോട്ട് പോയി.
നാട്ടുകാര്‍ അങ്ങാടിയിലും മാഷ്‌ടെ വീട്ടിലേക്കുള്ള ഇടവഴിയിലും  ചെറിയ കൂട്ടങ്ങളായി നിന്ന് കുശുകുശുത്തു.
 നാളെ അവളെ ആരോ പെണ്ണുകാണാന്‍ വരാനിരുന്നതാ ..
ആരോ പറഞ്ഞു.
ചില ബന്ധുക്കളും അയല്‍വീട്ടുകാരും വീട്ടിലേക്ക് കയറിച്ചെന്നു. മാഷ്‌ കോലായിലെ ചാരുകസേരയില്‍ തളര്‍ന്നു കിടക്കുന്നു...... മാഷ്‌ടെ ഭാര്യ അകത്ത് കട്ടിലില്‍ ബോധമില്ലാതെ. ഇളയ കുട്ടികള്‍ അമ്പരപ്പോടെ മുറിയുടെ മൂലയില്‍ പകച്ചു നിന്നു.
“ഓള്‍ടെ  കൂട്ടുകാരികളോട് അന്വേഷിച്ചോ”
”ക്ലാസ് വിട്ട ഉടനെ ഓള്  തിരക്കിട്ട് പോകുന്നത് കണ്ടത്രെ....  ആരോടും ഒന്നും പറഞ്ഞിട്ടുംല്ല .... ബസ്സ്‌ പുറപ്പെടുംവരെ അവള്‍ എത്തീട്ടുല്ല...”
‘ഇതല്ലാതെ വേറെ ബസ്സും ഇല്ലാലോ ഇങ്ങോട്ട്......ടൌണില്  എന്താവശ്യത്തിനു പോയാലും ബസ്സിന്‍റെ നേരം ആകുമ്പളെക്ക് എത്തൂലെ ...’
ചര്‍ച്ച മുറുകി
‘നാളെ പെണ്ണുകാണാന്‍ ആള് വരുന്ന കുട്ടിയെ ഇന്ന് കാണാണ്ടാവ്വാ..... ഇതില് എന്തോ ഇല്ലേ’
ആരോ സ്വകാര്യം പറഞ്ഞു
‘അയ്യെ ഓള് അങ്ങനത്തൊരു പെങ്കുട്ടി അല്ല......... നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയാ.....ഒരു പച്ചപ്പാവം’
‘അതൊന്നും നോക്കണ്ട..............ഇപ്പളത്തെ പെങ്കുട്ട്യേളെ ഇങ്ങക്ക് അറിയായിട്ടാ..’
ആരുടെയോ  പരിഹാസച്ചിരി.
‘അല്ലാ ബസ്സിലെ ഡ്രൈവര്‍ ആരായിനും ഇന്ന്...... ആ പുത്യ ചെറുപ്പക്കാരനാണോ..........ഓന്‍ ആളത്ര ശരിയല്ല.... സകല പെങ്കുട്ട്യോളോടും കളിയും ചിരിയും പഞ്ചാരയും ...’
സംശയം ആ വഴിക്ക് പോയി
‘ഇന്ന് രാവിലത്തെ ട്രിപ്പില് ഓനായിനും..... വൈന്നേരം ഓനല്ലായിരുന്നുന്നാ തോന്ന്ന്നെ..’
അങ്ങാടിയിലെ പീടികക്കാരന്‍ പറഞ്ഞു.
‘നമ്മളെ പെങ്കുട്ട്യേളെ കാണുമ്പോ ഓനൊരു ഇളക്കം കൂടുതലാ...’
ആരുടെയോ ശബ്ദം കനത്തു. ഇരുട്ടില്‍ ആരും പരസ്പരം കാണുന്നുണ്ടായിരുന്നില്ല.
‘ഇപ്പൊ അതാണല്ലോ പുതിയ പരിപാടി പ്രേമിക്കലും മതംമാറ്റലും .........എന്തായാലും മ്മളെ നാട്ടിലെ ഒരു പെങ്കുട്ടിനെ വെച്ച് ആ കളി  കളിക്കാന്‍ ഞാള് സമ്മതിക്കൂലാ...’
ആരുടെയോ വാക്കുകളില്‍ രോഷം ചിതറി. അതിന്‍റെ  ചൂട് അവിടെങ്ങും പടര്‍ന്ന് വിങ്ങിപ്പുകഞ്ഞു  നിന്നു. ഇരുട്ടിലെ ആള്‍ക്കൂട്ടം സ്വയം വിഘടിച്ചും പുതിയ കൂട്ടമായും രൂപം മാറി.
‘ഓന്‍ ആങ്കുട്ട്യാ ....ഓനങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഓള്‍ക്കും ഓനും ഞാളിവിടെ സ്വീകരണം കൊടുക്കും....മ്മക്ക് കാണാലോ’
ഇപ്പുറത്ത് ഒരു വെല്ലുവിളിപോലെ ശബ്ദം പൊങ്ങി.
പുറത്തെ ചൂടുകാറ്റ് മാഷ്‌ടെ വീട്ടിലേക്ക് കയറിയപ്പോള്‍ അയല്‍വാസികള്‍ ആരൊക്കെയോ പേടിയോടെ ഇറങ്ങിപ്പോയി.
മാഷ്‌ടെ അളിയന്‍ മുറ്റത്ത് ക്ഷോഭത്തോടെ തലങ്ങും വിലങ്ങും നടന്നു.
‘ന്‍റെ വാക്കിന്‍റെ പുറത്താ ഓല് നാളെ പെണ്ണുകാണാന്‍ വരുന്നത്........ന്‍റെ മാനം കെടുത്ത്യാ   അളിയനാ പെങ്ങളാന്നൊന്നും ഞാന്‍ നോക്കൂലാ...’ അയാള്‍ കിതച്ചു.
‘പോലീസില്‍ അറിയിച്ചോ’
ആരോ ചോദിച്ചു..
‘ആയിട്ടില്ല............. ..വെറുതെ പിന്നെ പത്രക്കാരൊക്കെ അറിഞ്ഞ് മാനക്കേടാകും ’ അപ്പോള്‍ അങ്ങോട്ട്‌ കയറിവന്നയാളുടെ  വാക്കുകള്‍ക്കൊരു ആജ്ഞാശക്തി ഉണ്ടായിരുന്നു. അയാള്‍ തുടര്‍ന്നു.
‘നമ്മടെ കുട്ടികള്‍ക്ക് വിവരം കൊടുത്തിട്ടുണ്ട്........... ടൌണില്‍ ലോഡ്ജും റെയില്‍വെ സ്റ്റേഷനും ബസ്സും തീവണ്ടിയും ഒക്കെ അവര്‍ അരിച്ചു പെറുക്കും...... പേടിക്കണ്ട ..എവിടെ ഉണ്ടെങ്കിലും കുട്ടിയെ ഇന്ന് രാത്രി ഇവിടെ എത്തിച്ചിരിക്കും’
ഒപ്പം വന്ന മൂന്നാലുപേര്‍ ശിങ്കിടികളെപ്പോലെ അയാള്‍ക്ക്‌ ചുറ്റും നിന്നു. മാഷും ഭാര്യയും ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല....

ഒന്നിച്ചു വന്നവര്‍ പലരും ഒറ്റക്കൊറ്റക്ക് വീട്ടിലേക്ക് മടങ്ങി. ഇരുട്ടില്‍ ആള്‍ക്കൂട്ടം ശോഷിച്ചു.  അങ്ങാടിയിലെ പീടികകള്‍ പെട്ടെന്ന് അടഞ്ഞു. കറുത്ത ഇരുട്ടുപോലെ ഒരു ഭീതി ആ നാടിനുമേല്‍ കനത്തു നിന്നു. മാഷ്‌ടെ വീട്ടിലേക്കുള്ള ഇടവഴിക്ക് മുന്നില്‍ കുറച്ചുപേര്‍ രോഷത്തോടെ കൂട്ടം കൂടി നിന്നു.

ഇരുട്ടിനെ കീറി മുറിച്ച് ഒരു കാര്‍  അവര്‍ക്ക് മുന്നിലായി വന്നു നിര്‍ത്തി. ഉത്കണ്ഠയോടെ ചുറ്റും കൂടിയവരുടെ മുന്നിലേക്ക്  മാഷ്‌ടെ മോളുടെ കോളേജിലെ അധ്യാപകര്‍ ഇറങ്ങി. അവര്‍ പറഞ്ഞത് കേട്ട് ചുറ്റും കൂടിയവര്‍  തരിച്ചു നിന്നു.
‘ആ കുട്ടി  വൈകുന്നേരം ടൌണില്‍ ഒരു വാഹനമിടിച്ച്.............മെഡിക്കല്‍ കോളേജില്‍ ആയിരുന്നു....അല്‍പം മുമ്പ് അവള്‍   മരിച്ചു’
ബാഗിലെ പുസ്തകത്തില്‍ കോളേജിന്റെ പേര് കണ്ടാണ്‌ കോളേജില്‍ പഠിക്കുന്ന കുട്ടിയാണ് എന്നറിഞ്ഞതെന്നും . കുട്ടിയെ തിരിച്ചറിഞ്ഞ് വീട് അന്വേഷിച്ചു  പിടിക്കാന്‍ വൈകിയതും  അവര്‍ വിശദീകരിച്ചു.

അവള്‍ അപ്പോഴും ഇതൊന്നും അറിയാതെ മോര്‍ച്ചറിയുടെ തണുപ്പില്‍......അവളുടെ കോളേജ് ബാഗില്‍ ഒരു പൊതി നിറയെ ഉടഞ്ഞ കുപ്പിവളകള്‍ ഉണ്ടായിരുന്നു... നാളെ പെണ്ണുകാണാന്‍ വരുമ്പോള്‍ അണിയാന്‍  കോളേജ് വിട്ട ഉടനെ  തിരക്കിട്ട് പോയി വാങ്ങിയത്. തിരികെ നാട്ടിലേക്കുള്ള ബസ്സ്‌ പിടിക്കാന്‍ ധൃതിയില്‍  ഓടുമ്പോഴാണല്ലോ അവളുടെ സ്വപ്‌നങ്ങള്‍ തട്ടിത്തെറിപ്പിച്ച്..........

അധ്യാപകര്‍ മാഷ്‌ടെ വീട്ടിലേക്ക് നടന്നു. പിറകില്‍ ഇരുട്ടില്‍  ആരുടെയോ ആത്മഗതം  .
ഹാവൂ മാനം  കാത്തു




10 comments:

  1. ഏഷണിയും പരദൂഷണവും ആണു പലര്ക്കും ഇന്ന് ഭക്ഷണം.. കഥ നന്നായി

    ReplyDelete
  2. ഹാവൂ, മാനം കാത്തു!!

    ReplyDelete
  3. ഹാവൂ, മാനം കാത്തു!! :(

    ReplyDelete
  4. ആളുകളുടെ ചിന്താഗതി നന്നായി പകര്ത്തി നജീബ്...

    ReplyDelete
  5. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നുഭൂഷണം.....
    ആശംസകൾ നേരുന്നു.....

    ReplyDelete
  6. നന്നായി പറഞ്ഞിരിക്കുന്നു കേഏട്ടൊ ഭായ്
    മിക്കവാറും ജനം ഇങ്ങീനെയൊക്കെ തന്നെയാണ്

    ReplyDelete
  7. ജീവൻ നഷ്ടപ്പെട്ടെങ്കിലെന്താ... മാനം പോയില്ലല്ലോ... ഓരോരോ നെടുവീർപ്പുകൾ! അനുഭവത്തിനു മാത്രമേ അവരെ പഠിപ്പിക്കാൻ കഴിയൂ എന്നോർക്കുമ്പോൾ വീണ്ടും ഒരസ്വസ്ഥത.

    ReplyDelete
  8. ഹാവൂ മാനം കാത്തു!
    ചങ്കില്‍ കൊണ്ടു!!

    ReplyDelete
  9. നന്നായി അവതരിപ്പിച്ചു.ആശംസകള്‍

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ