Saturday, February 28, 2015

വര്‍ണ്ണക്കുട തേടിവന്നൊരാള്‍



മിട്ടായിത്തെരുവില്‍ ഏറെ നേരമലഞ്ഞ് ആശിച്ചപോലെ  സ്വര്‍ണ്ണനിറമുള്ള ചെരിപ്പ് കിട്ടിയപ്പോള്‍ മോളുടെ മുഖത്ത് പുറത്തെ  കുംഭവെയിലിനേക്കാള്‍ തിളക്കമുണ്ടായിരുന്നു.

പാകമാണോ എന്നറിയാന്‍ ചെരിപ്പിട്ട് കടയിലൂടെ നടന്നു നോക്കുമ്പോള്‍ അവളുടെ ഉമ്മയുടെ മുഖത്തും തിളങ്ങി നിന്നു അതുപോലൊരു  ചിരിവെയില്‍.

പത്തുനാള്‍ മാത്രം നീണ്ട അവധിയുടെ ഓട്ടപ്പാച്ചിലിനിടയില്‍, നാട്ടില്‍ പോകുന്നതിനു മുമ്പേ മോള് പറഞ്ഞുവെച്ച കുഞ്ഞുമോഹം സാധിപ്പിച്ച ആഹ്ലാദം എന്‍റെയുള്ളിലും......

മിട്ടായിത്തെരുവില്‍ നിന്നും രണ്ടാം ഗെയ്റ്റിലേക്കുള്ള വഴിയില്‍ കോര്‍ട്ട്റോഡിലൊരു ചെറിയ കടയുണ്ട്. കട എന്ന് പറയാനില്ല ഒരു പീടികച്ചെയ്തിയില്‍ ഇത്തിരി മുന്നോട്ടായൊരു പെട്ടിക്കട. കടക്കാരന്‍ അവിടെ ഇരുന്ന് പല വര്‍ണ്ണത്തിലുള്ള കുടകള്‍ ഉണ്ടാക്കി വില്‍ക്കുന്നു. കൂടാതെ  സിഗരറ്റും ബീഡിയും നാരങ്ങാ വെള്ളവും....

അവിടെ നിന്നൊരു ‘സോഡാസര്‍ബത്തി’ന്‍റെ തണുപ്പില്‍   വെയില് കൊണ്ട് വാടിയ ക്ഷീണം തീര്‍ക്കുമ്പോഴാണ്  കുടകള്‍ ഓരോന്നായി ഭംഗി നോക്കുന്ന ആളെ ശ്രദ്ധിച്ചത്. ഏതോ അന്യസംസ്ഥാന തൊഴിലാളി.

എന്‍റെ നോട്ടം കണ്ടാവണം കടക്കാരന്‍ പറഞ്ഞു.
“ഞാറായ്ച്ചാവണം... അന്ന് ഇവിടെ ഇവരെ കളിയാ ....നാട്ടിലേക്ക് കൊണ്ടോവാനുള്ള സാധനം വാങ്ങിക്കാന് ......അന്നാ ശരിക്കും  കച്ചോടം”

കുടകള്‍ ഓരോന്നും എടുത്തു നോക്കിയ അയാള്‍ക്ക് പിങ്ക് നിറമുള്ളൊരു   കുട ഏറെ ഇഷ്ടമായെന്ന് തോന്നുന്നു. അത് നിവര്‍ത്തിയും മടക്കിയും ഭംഗി നോക്കുമ്പോള്‍ പീടികക്കാരന്‍ വില പറയുന്നതൊന്നും ആ ചെറുപ്പക്കാരന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഏതോ സ്വപ്നത്തിലെന്നപോലെ അയാളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു നിന്നു... അയാളുടെ കണ്ണുകളില്‍ ദൂരെ ദൂരെ ഏതോ ഒരു മഴയില്ലാ നാട്ടില്‍  പൂത്തു നില്‍ക്കുന്ന വെയില്‍ ചുവട്ടില്‍ പിങ്ക് നിറമുള്ള കുട ചൂടി അയാള്‍ക്ക് പ്രിയപ്പെട്ട ആരോ..... ആ കാഴ്ചയിലായിരിക്കും അയാളുടെ മുഖത്തിങ്ങനെ  ചിരി വിടരുന്നത്...

അയാളുടെ  ഉള്ളിലടിക്കുന്ന  ആഹ്ലാദത്തിര  എനിക്ക് കാണാനാവും. കണ്ണെത്താദൂരത്ത് ജീവിതം തേടിപ്പോയവന്‍റെ ഏറ്റവും വലിയ സന്തോഷം. കഴിഞ്ഞ പത്തൊമ്പത് വര്‍ഷത്തിനിടയില്‍ പലവട്ടം  ഞാനും ഇത് അനുഭവിച്ചതാണല്ലോ.  കുവൈത്തിലെ സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി സമ്മാനിക്കാനുള്ള സാധനങ്ങള്‍ വാങ്ങാനെത്തുന്ന  മാലിയയിലും , ഇറാനി സൂക്കിലും , ബുഡ്ഢി മാര്‍ക്കറ്റിലും , സൂഖുല്‍ വത്വനിയയിലും.......... ഈ തിളക്കമുള്ള കണ്ണുകള്‍ ഞാനേറെ കണ്ടിട്ടുണ്ട്.  

ഏതു നാട്ടിലായാലും  പ്രവാസി ദൂരെ ദൂരെ  തന്‍റെ പ്രിയപ്പെട്ടവരെ അദൃശ്യമായൊരു സ്നേഹ നൂല് കൊണ്ട് ചേര്‍ത്തു നിര്‍ത്തുന്നു...... കണ്മുന്നില്‍ എന്നപോലെ  സ്നേഹിച്ചും ഓമനിച്ചും കൊഞ്ചിച്ചും ... കൂട്ടിവെച്ച ഒരുപാട് പകല്‍ക്കിനാവുകളാണവനെ ജീവിപ്പിക്കുന്നത്.. ആ സ്വപ്നങ്ങളുടെ തുടര്‍ച്ചയാണ് സ്നേഹസമ്മാനങ്ങളായി .............

കടക്കാരന്‍ പറഞ്ഞ പണം കൊടുത്ത് ആ പിങ്ക് കുട വാങ്ങി അയാള്‍ നിരത്തിലേക്കിറങ്ങി. ഭൂമിയിലെ ഏറ്റവും ആഹ്ലാദവാനായ ആ മനുഷ്യന്‍ തിരക്കില്‍ മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു.


9 comments:

  1. സ്നേഹനൂലുകൊണ്ട് ബന്ധിപ്പിച്ചൊരു കുറിപ്പ്. കൊള്ളാം

    ReplyDelete
  2. സ്നേഹസമ്മാനങ്ങള്‍... ഇഷ്ടായി ഈ പോസ്റ്റ്‌ :)

    ReplyDelete
  3. സ്വന്തം പ്രതിബിംബം അപരിനില്‍ കണ്ടെത്തിയ മനസ്.
    കുറിപ്പ് ഇഷ്ടമായി.

    ReplyDelete
  4. ഏതു നാട്ടിലായാലും പ്രവാസി ദൂരെ ദൂരെ തന്‍റെ
    പ്രിയപ്പെട്ടവരെ അദൃശ്യമായൊരു സ്നേഹ നൂല് കൊണ്ട് ചേര്‍ത്തു നിര്‍ത്തുന്നു...
    ഇഷ്ട്ടപ്പെട്ടൂ‍ൂട്ടാ‍ാ ഭായ്

    കണ്മുന്നില്‍ എന്നപോലെ സ്നേഹിച്ചും ഓമനിച്ചും കൊഞ്ചിച്ചും ... കൂട്ടിവെച്ച ഒരുപാട്
    പകല്‍ക്കിനാവുകളാണവനെ ജീവിപ്പിക്കുന്നത്..
    ആ സ്വപ്നങ്ങളുടെ തുടര്‍ച്ചയാണ് സ്നേഹസമ്മാനങ്ങളായി അവൻ എന്നും താലോലിച്ച് കൊണ്ടിരിക്കുന്നത്...

    ReplyDelete
  5. ഇത് പോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയല്ലേ പ്രവാസി തന്റെ പ്രയാസങ്ങൾ ഒളിപ്പിക്കുന്നത് ?
    നന്നായി എഴുതി..

    ReplyDelete
  6. É para mim uma honra acessar ao seu blog e poder ver e ler o que está a escrever é um blog simpático e aqui aprendemos, feito com carinhos e muito interesse em divulgar as suas ideias, é um blog que nos convida a ficar mais um pouco e que dá gosto vir aqui mais vezes.
    Posso afirmar que gostei do que vi e li,decerto não deixarei de visitá-lo mais vezes.
    Sou António Batalha.
    PS.Se desejar visite O Peregrino E Servo, e se ainda não segue pode fazê-lo agora, mas só se gostar, eu vou retribuir seguindo também o seu.
    Que a Paz e saúde esteja no seu coração e no seu lar.
    http://peregrinoeservoantoniobatalha.blogspot.pt/

    ReplyDelete
  7. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോഴുള്ള അനുഭൂതി ///!

    ReplyDelete
  8. പണ്ട് 'ബത്ത'യില്‍നിന്ന് ഇഷ്ടസാധനങ്ങള്‍ വാങ്ങിക്കുമ്പോഴുണ്ടാകുന്ന ഓര്‍മ്മ വന്നു.
    കുറിപ്പ്‌ ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ