Sunday, April 5, 2015

മലയാളികളല്ലാത്ത മൂന്നു പെണ്ണുങ്ങള്‍ചേതനാ ഗൃദ്ധാ മല്ലിക്,  സമീറപര്‍വീണ്‍, ദേവനായകി/സുഗന്ധി ...

ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ, മലയാളത്തില്‍ ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത  മൂന്നു നോവലുകളിലെ (യഥാക്രമം  ‘ആരാച്ചാര്‍’- കെ ആര്‍ മീര, ‘മുല്ലപ്പൂനിറമുള്ള പകലുകള്‍’-ബെന്യാമിന്‍, ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’-ടി ഡി രാമകൃഷ്ണന്‍) പ്രധാന കഥാപാത്രങ്ങളാണ് ഇവര്‍.

സ്ത്രീയുടെ എല്ലാ പരിമിതികളും ഉണ്ടായിട്ടും പ്രതിസന്ധികളോട് പൊരുതി നില്‍ക്കുന്ന, കീഴടങ്ങാന്‍ കൂട്ടാക്കാത്ത  കരുത്തും തന്റേടവുമുള്ള  ഈ കഥാപാത്രങ്ങളോട് ആദരവ് തോന്നിപ്പോകും. വ്യവസ്ഥിതിയും അധികാരവും പുരുഷലോകവും ഇവര്‍ക്ക് മുമ്പില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുമ്പോഴും നേരിനായി പോരാടുന്ന വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍.

രസകരമായ കാര്യം ഏറെ വായിക്കപ്പെട്ട ഈ മലയാളി എഴുത്തുകാരുടെ മലയാളം നോവലുകളിലെ ഈ മൂന്നു കഥാപാത്രങ്ങളും മലയാളിപ്പെണ്ണുങ്ങള്‍   അല്ല എന്നതാണ്. ആരാച്ചാറിലെ ചേതന ബംഗാളിയും. മുല്ലപ്പൂവിലെ സമീറ പാകിസ്ഥാനി പെണ്‍കുട്ടിയുമാണ്, ദേവനായകിയെന്ന ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള  കഥാപാത്രം ഇന്നത്തെ കേരളത്തിലെ ഒരു ചെറുരാജ്യമായ തമിഴ് നാടിനോട് ചേര്‍ന്ന കാന്തള്ളൂരിലാണ് ജീവിച്ചതെന്ന് നോവല്‍ പറയുമ്പോഴും അവിടെ മലയാളിപ്പെണ്ണ്‍ എന്ന സൂചനയില്ല.   കൈകള്‍ വെട്ടി മാറ്റപ്പെട്ടിട്ടും മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കപ്പെട്ടിട്ടും പോരാട്ട വീര്യം കുറയാത്ത ശ്രീലങ്കന്‍ വനിത സുഗന്ധി വളരെ കുറഞ്ഞ നേരമേ നോവലില്‍ ഉള്ളൂവെങ്കിലും പെണ്‍കരുത്തിന്‍റെ പ്രതീകമായി നിറഞ്ഞു നില്‍ക്കുന്നു.

സമീപ  കാലത്ത് ഏറെ വായിക്കപ്പെട്ട കേരളീയ പാശ്ചാത്തലമുള്ള മലയാള നോവലുകളായ ‘മനുഷ്യന് ഒരു ആമുഖം’-സുഭാഷ് ചന്ദ്രന്‍, ‘ആളോഹരി ആനന്ദം’- സാറാ ജോസഫ് എന്നീ നോവലുകളിലോന്നും ഇങ്ങനെ ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ല എന്ന് മാത്രമല്ല, പുരുഷ ലോകത്തിന്‍റെ നിയമങ്ങളും ദാര്‍ഷ്ട്യങ്ങളും സഹിച്ചു ജീവിക്കുന്ന സ്വയം പ്രകാശിപ്പിക്കാന്‍ കഴിയാത്ത ഉരുകിത്തീരുന്ന ജന്മങ്ങളായ സ്ത്രീകളെ മാത്രമേ ഇതിലൊക്കെ കാണാന്‍ കഴിയൂ. 'കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും'  എന്ന ടി പി രാജീവന്‍റെ നോവലില്‍ അന്ധയായ ലക്ഷ്മി അടക്കം വ്യക്തിത്വമുള്ള ഏറെ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ആ കഥ നടക്കുന്നത് ഇന്നല്ല സ്വാതന്ത്ര്യത്തിനു മുമ്പാണ് എന്നത് ശ്രദ്ധേയമാണ്.

‘മുല്ലപ്പൂ നിറമുള്ള പകലുക’ളോടൊപ്പമുള്ള ‘അല്‍ അറേബ്യന്‍ ഫാക്ടറി’യില്‍  മലയാളി പെണ്‍കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും സ്വന്തമായ നിലപാടോ വ്യക്തിത്വമോ ചിന്തയോ ഉള്ളവരല്ല. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’യില്‍ ഉള്ള ഒരേയൊരു മലയാളിപ്പെണ്ണ്‍ ഭാഗ്യമില്ലാത്ത സിനിമാനടി ആയതിനാല്‍ കലാരംഗത്ത്‌ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട് കാസിനോകളില്‍ ചൂതാട്ടക്കാര്‍ കൊണ്ട് നടക്കുന്ന വെറുമൊരു ശരീരവും മാത്രമാണ്.  

കണ്ണീരിന്‍റെ ലോകത്ത് വിധേയരായി നിസ്സഹായരായി ദുര്‍ബലപ്പെട്ട് നില്‍ക്കുന്ന പെണ്‍കഥാപാത്രങ്ങള്‍ നിറഞ്ഞ സീരിയലുകളും നായകന്‍റെ നിഴലാകാന്‍ മാത്രം വിധിക്കപ്പെട്ട നായികമാര്‍  മാത്രമുള്ള നമ്മുടെ സിനിമകളും കാണിച്ചു തരുന്നത് തന്നെയാണോ മലയാളിപ്പെണ്ണ്‍.

ഒരു പാട്ടിന്‍റെ നേരം കൊണ്ട് ടെറസ്സിനു മുകളില്‍ ജൈവകൃഷി നടത്തി വിജയിപ്പിച്ച് പെണ്ണിന്‍റെ സ്വാഭിമാനം ഉയര്‍ത്തിപ്പിടിച്ച നിരുപമാ രാജീവും മഞ്ജുവാര്യരും ആണല്ലോ  കഴിഞ്ഞ വര്‍ഷം കേരളം കൊണ്ടാടിയ പെണ്‍കരുത്ത് എന്നോര്‍ക്കുമ്പോള്‍ ചേതനയും സമീറയും ദേവനായകിയും സുഗന്ധിയും മലയാളികളെ നോക്കി പരിഹാസപൂര്‍വ്വം പുഞ്ചിരിക്കുന്നുണ്ടാവും.

(എന്‍റെ വായനയില്‍ പെടാതെ പോയ ഈ അടുത്ത കാലത്തിറങ്ങിയ നോവലുകളില്‍ ഇതുപോലെ ശക്തരായ മലയാളി സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍ കമന്‍റില്‍ എഴുതുക)  


13 comments:

 1. ആരാച്ചാരെയും ,ദേവനായകിയേയും മാതൃ ഭൂമിയിലെ റിവ്യൂ ലോ മറ്റൊ കണ്ടിരുന്നു ,,ബെന്ന്യാമിന്റെ മുല്ലപ്പൂ പുതിയ അറിവാണ്‌ ...നന്ദി പീട്യേക്കാരാ

  ReplyDelete
 2. ഇതെല്ലാം വായിക്കണമല്ലോ

  ReplyDelete
 3. Hi Najeeb,
  Thanks for this review.
  Keep writing
  Keep posting
  Philip V Ariel
  Secunderabad

  ReplyDelete
 4. നല്ല വായന
  ആശംസകള്‍

  ReplyDelete
 5. നല്ല നിരീക്ഷണം. ഈ പുസ്തകങ്ങള്‍ ഒക്കെ വായിക്കാനിരിക്കുന്നതേ ഉള്ളൂ...

  ReplyDelete
 6. ആരാച്ചാർ വായിച്ചിരുന്നു മറ്റു പുസ്തകങ്ങൾ ഇനി വായിക്കണം , എന്ത് തന്നെയായാലും ഈ നിരീക്ഷണം മനോഹരമായ് .

  ReplyDelete
 7. ടി.ഡി യുടെ നോവല്‍ വായിച്ചിട്ടില്ല. മറ്റെല്ലാം വായിച്ചതാണ്. കോട്ടൂരിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ഞാന്‍' എന്ന സിനിമ കണ്ടിരുന്നു. നജീബ് പറഞ്ഞ പോലെ സിനിമയിലെ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം കൊടുത്ത് കണ്ടില്ല.

  ReplyDelete
 8. ആരാച്ചാര്‍ വായിച്ചു.....ചേതനാ.....ഒരു.... വല്ലാത്ത കരുത്തുള്ള സ്ത്രീ കഥാപാത്രം തന്നെ.,ചേതനയെ വാര്‍ത്തെടുത്ത ....കെ .ആര്‍.മീരക്കും.....അതിനെ നിരീക്ഷണം നടത്തിയ പീടികക്കാരനും ആശംസകൾ.... മറ്റു പുസ്തകങ്ങൾ മുറക്ക് വായിക്കുന്നതായിരിക്കും

  ReplyDelete
 9. ഞാനിതൊന്നും വായിച്ചില്ല. പിന്നൊന്നുണ്ട്, ലേഡീസ് കൂപ്പെ. അതിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം ശക്തരാണ്

  ReplyDelete
 10. ഇതിലെ ചേതനയെ
  മാത്രമേ ഞാൻ പരിചയപെട്ടിട്ടുള്ളൂ....
  വായിക്കാൻ പ്രേരിപ്പിക്കുന്ന വിശകലനം

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ