Monday, October 13, 2014

അല്‍പം ‘പത്തിരി’ പുരാണംമലബാറിലെ തീന്‍മേശകളിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ഇന്നും ‘പത്തിരി’. കോഴിക്കോട്ടുകാരുടെ അതിഥി സല്‍കാരത്തിന് പത്തിരിയുടെ രുചിയും മാര്‍ദ്ദവവും ഉണ്ട്. കോഴിക്കോട് മാത്രമല്ല കണ്ണൂരും മലപ്പുറത്തും ഒക്കെ പത്തിരി പ്രമാണി തന്നെ.

പച്ചരി പൊടിച്ച് കുഴച്ച് നേരിയതായി പരത്തി എണ്ണയില്ലാതെ ചുട്ടെടുക്കുന്ന പത്തിരിയുടെ ചരിത്രം എന്താണ് എന്ന വെറും ഒരു അന്വേഷണമാണ് ഈ പോസ്റ്റ്‌. ആധികാരികം അല്ല എന്ന് മുന്‍‌കൂര്‍ ജാമ്യത്തോടെ.

മലബാറിലെ മാപ്പിളവിഭവങ്ങള്‍ക്കും തീറ്റയൊരുക്കങ്ങള്‍ക്കും അറബികളുമായി  ബന്ധമുണ്ട്. നൂറ്റാണ്ടുകളോളം  കച്ചവട ആവശ്യത്തിന് മലബാറില്‍ വരികയും മാസങ്ങളോളം ഇവിടെ താമസിക്കുകയും ചെയ്ത അറബികളുടെ ഭക്ഷണ രീതികളും സല്‍ക്കാര രീതികളും ഇവിടെയുള്ളവരും സ്വായത്തമാക്കിയിരിക്കാം.. നെയ്യും മാംസവും എണ്ണയും മധുരവും ഒക്കെ ചേര്‍ത്തുള്ള പലഹാരങ്ങള്‍ അറബികള്‍ക്ക് പ്രിയങ്കരമാണല്ലോ. മലബാര്‍ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങള്‍ക്കും ഇതൊക്കെ തന്നെയാണ് കൂട്ട്. ആ കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ള ഭക്ഷ്യവിഭവമാണ് പത്തിരി.

ബ്രേക് ഫാസ്റ്റ് എന്ന് ഏകദേശ അര്‍ഥം വരുന്ന ‘ഫതീര്‍’ എന്ന വാക്കില്‍ നിന്നായിരിക്കണം പത്തിരിയുടെ ഉത്ഭവം. (ഇഫ്താര്‍ എന്ന പദവും ഉത്ഭവിക്കുന്നത് ഈ വാക്കിന്‍റെ ധാതുവില്‍ നിന്നാണ്). ഫതീര്‍ എന്ന പേരില്‍ പ്രഭാതത്തില്‍ കഴിക്കുന്ന ഒരു പലഹാരം ഇന്നും ഗള്‍ഫ് നാടുകളില്‍ ഉണ്ടല്ലോ.

അറബികള്‍ ധാന്യങ്ങള്‍  പൊടിക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന ഉപകരണമാണ് ‘ആസ് കല്ല്‌’. പ്രവാചക പുത്രി ഫാത്വിമ(റ:അ) യുടെ കൈകള്‍ വീട്ടുജോലി ചെയ്ത് ആസ്കല്ല്‌ പിടിച്ചു തഴമ്പിച്ചതായി ഒരു ഹദീസില്‍ കാണാം. ധാന്യം പൊടിക്കുന്ന വിദ്യ അന്നേ പ്രചാരത്തില്‍ ഉണ്ടായിരുന്നു എന്ന് ചുരുക്കം. (കുവൈത്തിലെ പഴയ അഞ്ച് ദിനാര്‍ നോട്ടില്‍ ആസ്കല്ലിന്‍റെ ചിത്രമുണ്ട്. കുവൈത്തിന്‍റെ ഇന്നലകളെ ചിത്രീകരിച്ചതില്‍).

അപ്പോള്‍ ‘പത്തിരി’ എന്ന നമ്മുടെ ഇഷ്ടവിഭവം ഫതീറില്‍  നിന്ന് വന്നതാവണം എന്ന് അനുമാനിക്കാം.. കാലങ്ങള്‍ കൊണ്ട് നമ്മുടെതായ രീതിയിലേക്ക് അതിനെ മാറ്റിയെടുത്തിരിക്കാം. പത്തിരി മാത്രമല്ല നമ്മുടെ തീന്മേശകളില്‍ തനതു കേരളീയ ഭക്ഷണം എന്ന് പറയാന്‍ പറ്റിയ സംഗതി ഏറെയൊന്നും ഇല്ല എന്നതാണ് സത്യം. ഇന്ന് ബര്‍ഗറും സാന്റ്വിച്ചും പോലെ അന്യ ദേശത്ത് നിന്നും പണ്ട് വന്ന പലതുമാണ് നമ്മുടെ രുചികളെ തൃപ്തിപ്പെടുത്തുന്നത്.

മണ്‍കുടവും മുളംകുറ്റിയും ഉപയോഗിച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന നമ്മുടെ പാവം പുട്ടിന് പോലും ഏറെക്കാലത്തെ പാരമ്പര്യം ഇല്ല എന്നതല്ലേ നേര്. നെല്ലും നാളികേരവും ഒക്കെ കേരളത്തില്‍ വ്യാപകമായിട്ട്‌ അഞ്ചാറ് നൂറ്റാണ്ടുകളെ ആയിട്ടുള്ളൂ എന്ന് ചരിത്രകാരന്മാര്‍ പറയുമ്പോള്‍ അങ്ങനെയാണല്ലോ ഊഹിച്ചെടുക്കേണ്ടത്. (ജാതി വിവേചനം അനുഭവിച്ച ഒരു പലഹാരം കൂടി ആയിരുന്നല്ലോ പുട്ട് പഴയ കാലത്തെ സവര്‍ണ്ണര്‍ ഈ കീഴാള ഭക്ഷണത്തെ കണ്ടിയപ്പം എന്ന് വിളിച്ചിരുന്നുവത്രേ) പത്തിരി തന്നെയും തുടക്കത്തില്‍ അരിപ്പൊടി കൊണ്ടായിരിക്കുമോ. അറബികളുടെ ചരിത്രത്തില്‍ ഗോതമ്പ്പൊടി അല്ലാതെ അരിപ്പൊടി കുറവാണല്ലോ.

ടെലിവിഷനിലൂടെയും ഇന്‍റര്‍നെറ്റിലൂടെയും ലോകത്തിന്‍റെ വിവിധഭാഗങ്ങളിലെ രുചി വൈവിധ്യങ്ങളെ കുറിച്ച് അറിയാനും പരീക്ഷിക്കാനും നമുക്കിന്ന് എളുപ്പമുണ്ട്. പക്ഷെ കാലങ്ങളായി നാം പിന്തുടരുന്ന ഭക്ഷ്യശീലങ്ങള്‍ രുചിയും ആരോഗ്യവും മാത്രമല്ല,  കാലങ്ങള്‍ കൊണ്ട് വിവിധ ദേശക്കാരുമായുള്ള ഇടപഴകലുകളിലൂടെ ലഭിച്ചത് കൂടിയാണ്.

നമ്മുടെ തീന്മേശയിലെ വിഭവങ്ങള്‍ പറഞ്ഞു തരുന്നത് വിവിധ നാടുകളിലെ ആളുകളുടെ സ്വഭാവ രീതികളും കാലാവസ്ഥയും സമ്പദ്സ്ഥിതിയും ആഹാരരീതിയും ഒക്കെയാണ്. ഭക്ഷണം വിശപ്പടക്കാന്‍ മാത്രമല്ല മനുഷ്യസമൂഹത്തിന്റെ വിവിധസംസ്കാരങ്ങളെ കുറിച്ച് പഠിക്കുവാന്‍ കൂടി ഉള്ളതാണ് എന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു.

മനുഷ്യര്‍ ഭിന്നിച്ചും തമ്മിലടിച്ചും പരസ്പര വിദ്വേഷത്തോടെ  അകലാന്‍ ഉത്സാഹിക്കുന്ന  ഈ കാലത്ത്, കൊണ്ടും കൊടുത്തും പരസ്പരം പങ്കുവെച്ചും വളര്‍ന്നു വന്ന മഹത്തായ മനുഷ്യസംസ്കാരത്തെ നാം അറിയാന്‍ ശ്രമിക്കണം. നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ അടിസ്ഥാനരുചി സഹവര്‍ത്തിത്വത്തിന്‍റെതാണ്. അതില്‍ മനുഷ്യനന്മ ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നു.


8 comments:

 1. ആധികാരികമല്ല എന്ന് ജാമ്യം എടുത്തതോണ്ട് വിട്ട്. ;) ഈ പത്തിരീന്ന് പറേണ സംഭവം ജീവിതത്തിലൊരിക്കൽ മാത്രെ കഴിച്ചിട്ടുള്ളു. അന്നാണ് ആദ്യായി നേരിൽ കാണണതും. നുമ്മ തൃശ്ശൂരാർക്ക് പത്തിരിയത്ര പരിചയം പോര. എണ്ണപത്തിരിയാ കണ്ടിട്ടുള്ളത്.

  ReplyDelete
 2. പാലായില്‍ പത്തിരിയില്ല.
  ഇവിടെയൊക്കെയാണെങ്കില്‍ പത്തിരീന്ന് പറഞ്ഞ് കിട്ടുന്നത് കഫ്റ്റേരിയകളില്‍ വറുത്ത് കോരി വച്ചിരിക്കുന്ന ഒരു സാധനമാണ്.

  ReplyDelete
 3. ആ സാധനാണ് അജിയേട്ടാ എണ്ണപത്തിരീന്ന് പറേണ സാധനം. അരികൊണ്ടും റവകൊണ്ടും ഒക്കെ ഉണ്ടാക്കണത് കാണാം.

  ReplyDelete
 4. ഇപ്പോ തൃശ്ശൂരും കല്ല്യാണപാര്‍ട്ടി ഐറ്റങ്ങളില്‍ പത്തിരിയും കാണാറുണ്ട്.
  ആശംസകള്‍

  ReplyDelete
 5. പത്തിരി പുരാണം ഉഷാറായി..

  ReplyDelete
 6. ഈ പത്തിരി ചരിത്രം കൊള്ളാം..
  പിന്നെ ഞങ്ങൾ തൃശ്ശൂർക്കാരും പത്തിരി പ്രിയർ തന്നെ..

  ReplyDelete
 7. Mexican Tortilla കണ്ടിട്ടുണ്ടോ? അതും നമ്മടെ പത്തിരി പോലെയിരിക്കും. ഇവിടെ ആദ്യം വന്നപ്പോള്‍ നോമ്പിന് ഞങ്ങള്‍ വാങ്ങിച്ചിരുന്നു... എന്നാലും മ്മടെ പത്തിരി...

  ReplyDelete
 8. പത്തിരി പുരാണം നന്നായി .തൃശൂർക്കാരുടെ പത്തിരിയാണ് പത്തിരി..

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ