Monday, December 9, 2013

അറുത്തുമാറ്റിയ കണ്ണികള്‍



മമ്മൂക്ക ഏറെ പ്രയാസപ്പെട്ടാണ് എന്‍റെ സ്കൂട്ടറിനു പിറകില്‍ ഇരുന്നത്. എണ്‍പത് വയസ്സ് കഴിഞ്ഞ  മമ്മൂക്ക ജുമുഅ കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍  ഓട്ടോ കിട്ടാതെ  അങ്ങാടിയിലെ കടത്തിണ്ണയില്‍ നില്‍ക്കുകയായിരുന്നു.  
വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും  സങ്കോചത്തോടെ  മമ്മൂക്ക പറഞ്ഞു കൊണ്ടിരുന്നു.
“മാണ്ടായിനും.....നെനക്കൊരു ബുദ്ധിമുട്ടായി...ഞാനൊരു ഓട്ടോര്‍ക്ഷേലങ്ങ്‌ പോവ്വായിനും..”

വീട്ടില്‍ നിന്നും ഒരു ഇടവഴി നടന്നു പോയാല്‍ എത്തുന്ന ദൂരത്ത്‌ ഉള്ള ജുമുഅത്ത് പള്ളിയില്‍ പോകാതെ എന്തേ അങ്ങാടിയിലെ പള്ളിയില്‍ എന്ന ചോദ്യത്തിന് മമ്മൂക്ക പറഞ്ഞു.
“ ......നടക്കാനാവ്ന്നില്ല....കാല് വേദന,  പിന്നെ ഷുഗറും പ്രഷറും....പിന്നേം എന്തൊക്കോ സൂക്കേടും ......വെള്ളിയായ്ച്ച  പള്ളീപ്പോകാന്‍ വേണ്ടി മാത്രേ ഇപ്പൊ പുറത്ത് ഇറങ്ങാറുള്ളൂ... .”

അകന്ന ബന്ധു ആയ മമ്മൂക്ക തേങ്ങാ കച്ചവടക്കാരനായിരുന്നു. ഇടക്ക്  വീട്ടില്‍ വരും.നല്ല ഉയരവും ആരോഗ്യവുമുള്ള ശരീരം.

ചെറുപ്പം മുതല്‍ അറിഞ്ഞ കഥകളിലൂടെ മമ്മൂക്കയോട് ഒരു അടുപ്പം തോന്നിയിരുന്നില്ല. തറവാട്ടില്‍ അനുജനുമായും, പെങ്ങളുമായും, അമ്മാവനുമായുമൊക്കെ മമ്മൂക്ക വഴക്കും പ്രശ്നങ്ങളും  ഉണ്ടാക്കുന്ന  കഥകള്‍ ബന്ധുക്കള്‍ക്കൊക്കെ അറിയുന്നതായിരുന്നു. ഉറ്റ ബന്ധുക്കള്‍ പലരുമായും ‘മൂക്കോട് മൂക്ക് മുട്ടിയാല്‍’ മിണ്ടാത്ത പിണക്കം. വാശിയും പകയും.

ആങ്ങള  അന്യായമായി പിടിച്ചെടുത്ത അവകാശത്തെ ചൊല്ലി വിധവയായ പെങ്ങള്‍ ഉമ്മയോടൊരിക്കല്‍ കരഞ്ഞു പറയുന്നത് കേട്ടിട്ടുണ്ട്. ആവശ്യത്തിന് സാമ്പത്തിക ശേഷി ഉണ്ടായിട്ടും നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഒരു വിട്ടു വീഴ്ചയും ചെയ്യാതെ മമ്മൂക്ക ബന്ധുക്കളോടും അയല്‍വാസികളോടുമൊക്കെ നിരന്തരമായി കലഹിച്ചു കൊണ്ടിരുന്നു. അതിരുകള്‍ കിളച്ച് സ്വന്തമാക്കിയും വിവാഹങ്ങളും മരണവീടുകള്‍ പോലും  ബഹിഷ്കരിച്ചും മമ്മൂക്ക ധാര്‍ഷ്ട്യത്തോടെ നടന്നു.

കാലത്തിന്‍റെ ഒഴുക്കില്‍ ഉറ്റവര്‍ പലരും മരണത്തിന്‍റെ തിരശീലക്കപ്പുറത്തേക്ക് കടന്നു പോയി. പിന്‍മുറക്കാര്‍ ബന്ധുത്വത്തിന്‍റെ കണ്ണികള്‍ വിളക്കിയെടുക്കാന്‍ ഉത്സാഹിച്ചതുമില്ല. കര പിടിക്കാതെ പോയ മകനും, പിണങ്ങി അകന്നുപോയ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരും  അനാഥമായിപ്പോയ മമ്മൂക്കയുടെ വാര്‍ദ്ധക്യജീവിതം.



വണ്ടി ഖബര്‍സ്ഥാനിലേക്ക് തിരിയുന്ന ഇടവഴി കടന്നു പോകുമ്പോള്‍ മമ്മൂക്ക ചോദിച്ചു.
“മോനേ ...ഉപ്പാന്‍റെ ഖബറിന്റടുത്തൊക്കെ പോകലുണ്ടോ......”
ഞാന്‍ മൂളി.

“പോണം ....എപ്പളും പോയി ഉപ്പാക്കും മാണ്ടി ദുആ ചെയ്യണം..... ചെറുപ്പത്തില്‍ കുടുംബം നോക്കാന്‍ ഉപ്പ ഒരുപാട് കഷ്ടപ്പെട്ടതാ ...മറന്നു പോകരുത് ഉപ്പാനെ......
മമ്മൂക്ക കൂട്ടിച്ചേര്‍ത്തു ......മരിക്കുന്നതിന് മുമ്പ് തന്നെ ആര്ക്കും മണ്ടാതായിപ്പോക്ന്ന കാലാ.........”
ഒറ്റപ്പെട്ടുപോയവന്‍റെ ആകുലതയും നിസ്സഹായതയും ആ വാക്കുകളില്‍ ഉണ്ടായിരുന്നു.  പഴയ വാശിയും വൈരാഗ്യവും എല്ലാം അടര്‍ന്നുപോയ  ദുര്‍ബലനും നിസ്സഹായനുമായ  മനുഷ്യന്‍.


മമ്മൂക്കയുടെ വീടിനു മുന്നില്‍ വണ്ടി നിര്‍ത്തി. ഇറങ്ങുമ്പോള്‍ ആ വൃദ്ധ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ആരെയും കൂസാതെ കൈ വീശി നടന്നുപോകുന്ന മമ്മൂക്കയുടെ പഴയ രൂപം ഞാനോര്‍ത്തു.

“ഇഞ്ഞ് കേറുന്നോ ചോറ് തിന്നിറ്റ് പോകാ...”
മമ്മൂക്കയുടെ ക്ഷണം  സ്നേഹപൂര്‍വ്വം നിരസിച്ചു.

“ഉമ്മാന്‍റെ ഹാലെന്താ....സുഖം തന്നെയല്ലേ...........ഒന്നങ്ങോട്ടു വന്ന് ഉമ്മാനെ കാണണംന്നൊക്കെ എപ്പളും വിചാരിക്കും....കുടുംബക്കാരേം സ്വന്തക്കാരേം ഒക്കെ പോയി കാണണം എന്ന് തോന്നും ഇടക്കൊക്കെ...........എങ്ങോട്ടും പോവാനാവ്ന്നില്ല.....ഇനി എത്ര നാളാന്ന് അറിയൂലാലോ.” ദുര്‍ബലമായ ശബ്ദത്തില്‍ ഇങ്ങനെ പറയുമ്പോള്‍ മമ്മൂക്കയുടെ നരച്ച കണ്ണുകള്‍ നനഞ്ഞുവോ?

ആള്‍പെരുമാറ്റം ഇല്ലാത്ത മുറ്റം കടന്ന്  ഒച്ചയും അനക്കവും ഇല്ലാത്ത ആ പഴയ വീട്ടിലേക്ക് മമ്മൂക്ക കയറിപ്പോയി.

തിരിച്ചു പോരുമ്പോള്‍ മനുഷ്യന്‍ എന്ന നിസ്സാരനും നിസ്സഹായനുമായ ജീവിയെ കുറിച്ച് ഞാന്‍ വെറുതെ ഓര്‍ത്തു. വാശിയും, വൈരാഗ്യവും,വെറുപ്പും, പകയും.......... അതി സമര്‍ത്ഥന്‍ എന്ന് നാം സ്വയം കരുതുമ്പോഴും  ഒരു ജന്മം കൊണ്ട് പോലും പഠിച്ചു തീരാത്ത ജീവിതം........ മനുഷ്യന്‍ എത്ര പാവമാണ്.

 


9 comments:

  1. ജീവിതം. പഠിച്ചുതീരാത്തൊരു പുസ്തകം. അല്ല, പല പുസ്തകം.
    ഏറെ ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്.

    ReplyDelete
  2. അതേ എത്ര നിസ്സാരമാണീ ജീവിതം......

    ReplyDelete
  3. മനുഷ്യന്‍ ദുര്‍ബ്ബലനാകുമ്പോള്‍....
    ചിന്തിപ്പിക്കുന്ന പോസ്റ്റ്
    ആശംസകള്‍

    ReplyDelete
  4. കാലത്തിന്‍റെ ഒഴുക്കില്‍ ഉറ്റവര്‍ പലരും മരണത്തിന്‍റെ തിരശീലക്കപ്പുറത്തേക്ക് കടന്നു പോയി. പിന്‍മുറക്കാര്‍ ബന്ധുത്വത്തിന്‍റെ കണ്ണികള്‍ വിളക്കിയെടുക്കാന്‍ ഉത്സാഹിച്ചതുമില്ല. കര പിടിക്കാതെ പോയ മകനും, പിണങ്ങി അകന്നുപോയ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരും അനാഥമായിപ്പോയ മമ്മൂക്കയുടെ വാര്‍ദ്ധക്യജീവിതം. “

    മമ്മൂക്ക എന്നിട്ടും ജീവിതം. പഠിച്ചുതീർന്നില്ല...!

    ReplyDelete
  5. പാഠം പഠിക്കുമ്പോഴേയ്ക്കും വളരെ ലേറ്റായിരിക്കും
    പൊതുവെ മനുഷ്യസ്വഭാവം അങ്ങനെയാണ്

    ReplyDelete
  6. പൂർണ വളർച്ചയെത്തുംമുമ്പ് മരിച്ചുപോവുന്ന ഒരേയൊരു ജീവി മനുഷ്യനാണെന്ന സത്യം അടിവരയിടുന്നു....

    ReplyDelete
  7. "മനുഷ്യന്‍ എത്ര പാവമാണ് " >> ഈ വാചകം സന്തോഷിപ്പിച്ചു -കാരണം ഇങ്ങനെ ഇപ്പൊ കേള്‍ക്കാറില്ല!

    ReplyDelete
  8. <<<< വാശിയും, വൈരാഗ്യവും,വെറുപ്പും, പകയും.......... അതി സമര്‍ത്ഥന്‍ എന്ന് നാം സ്വയം കരുതുമ്പോഴും ഒരു ജന്മം കൊണ്ട് പോലും പഠിച്ചു തീരാത്ത ജീവിതം........ മനുഷ്യന്‍ എത്ര പാവമാണ്.>>>>>

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ