Saturday, December 14, 2013

ഉസ്മാനിക്കയുടെ ‘കേരള ആര്‍ട്ട് കലണ്ടേര്‍സ്’


ഓര്‍മ്മയുടെ കലണ്ടര്‍ താളുകള്‍ പിറകോട്ടു മറിയുമ്പോള്‍ കടലാസിലെഴുതിയ നറുക്കുകള്‍ തകരട്ടിന്നിലിട്ട് കുലുക്കിക്കൊണ്ട്‌ കൈ നിറയെ നമ്പറുകള്‍ എഴുതിയ കാര്‍ഡുകളുമായി  ഉസ്മാനിക്കയുണ്ട്. ഉസ്മാനിക്കയുടെ മുന്നില്‍ നിരത്തിവെച്ച കലണ്ടറുകള്‍. കലണ്ടറുകളില്‍ ചിത്രങ്ങള്‍ക്ക് ചുവടെ  നീണ്ട കെട്ടിടം പോലെ ഡിസൈന്‍ ചെയ്ത  നീലയും വെള്ളയും അക്ഷരങ്ങളില്‍ കേരള ആര്‍ട്ട് കലണ്ടേര്‍സ് എന്നെഴുതിയിരുന്നു.

 അങ്ങാടിയില്‍ മീന്‍ചാപ്പക്കടുത്ത്  പൊട്ടക്കിണറ്റിന് മുന്നില്‍ നിരത്തരുകിലായാണ്  ഉസ്മാനിക്ക കലണ്ടറുകള്‍ നിരത്തി വെക്കുക. മീന്‍ വാങ്ങാനും,റേഷന്‍ വാങ്ങാനുമൊക്കെയായി അങ്ങാടിയില്‍ എത്തുന്നവര്‍ കലണ്ടറുകള്‍ക്ക് ചുറ്റും വലയം തീര്‍ക്കും.

കലണ്ടറുകള്‍ വില്‍പനക്കായിരുന്നില്ല. പത്തു പൈസ കൊടുത്ത് ടോക്കണ്‍ എടുത്താല്‍ നറുക്കെടുപ്പില്‍ നമ്പര്‍ വീഴുന്ന ഭാഗ്യവാന്മാര്‍ക്ക് കലണ്ടറുകള്‍ ലഭിക്കും.

കലണ്ടറുകളില്‍ നിന്ന്  നേതാക്കള്‍ ഞങ്ങളെ നോക്കി ചിരിച്ചു. ദേവീദേവന്മാരുടെ വര്‍ണ്ണ ചിത്രങ്ങള്‍ കൈ ഉയര്‍ത്തി അനുഗ്രഹം ചൊരിഞ്ഞു. സുന്ദരിയുടെ മുഖവും വെള്ളക്കുതിരയുടെ ഉടലുമുള്ള ‘ബുറാഖി’ന്‍റെ ചിത്രം ഞങ്ങള്‍ ആദരവോടെ കണ്ടു. കാടും മലയും പുഴയുമുള്ള ചിത്രങ്ങള്‍ ചൂണ്ടി അറിവുള്ളവര്‍ ‘സീനറി’ എന്ന് വിവരിച്ചു തന്നു. നരകശിക്ഷയുടെ ചിത്രങ്ങള്‍ വരച്ചു വെച്ച കലണ്ടറുകള്‍ ഞങ്ങളെ ഭയപ്പെടുത്തി. 

ആള്‍ക്കൂട്ടം ടോക്കനുകള്‍ വാങ്ങുകയും ഉസ്മാനിക്ക ഇടക്കിടെ നറുക്കിട്ട് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുകയും ചെയ്തു. കണ്ണടച്ച് നറുക്കെടുക്കാനുള്ള മഹാഭാഗ്യം  മുന്നില്‍ നില്‍ക്കുന്ന ഞങ്ങളില്‍ ഏതെങ്കിലും കുട്ടിക്ക് ലഭിച്ചു. നറുക്ക് കിട്ടിയവര്‍ സന്തോഷപൂര്‍വ്വം ഇഷ്ടപ്പെട്ട കലണ്ടറുകള്‍ തെരഞ്ഞെടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി.

കൊല്ലാവസനങ്ങളില്‍ ആയിരിക്കാം മിക്കവാറും വൈകുന്നേരങ്ങളില്‍ ഉസ്മാനിക്കയുടെ കലണ്ടറുകളും നറുക്കെടുപ്പും അങ്ങാടിയില്‍ ഉണ്ടായിരുന്നു. ആ കലണ്ടറുകള്‍ ഞങ്ങളുടെ നാട്ടിന്‍പുറത്തെ മിക്ക വീടുകളിലും വെള്ളതേച്ച ചുവരുകളില്‍ നീളത്തില്‍ വരിവരിയായി  തൂങ്ങിക്കിടന്നു. മക്കയും, മദീനയും, ഗുരുവായൂരപ്പനും പിന്നെ രാഷ്ട്രീയനേതാക്കളും, സിനിമാ താരങ്ങളും  ഞങ്ങളുടെ കോലായച്ചുവരുകളെ അലങ്കരിച്ചു.

കലണ്ടറുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ ‘കഅബ’ വലം വെക്കുന്നതായി ഞങ്ങള്‍ അനുഭവിച്ചു. മദീനയിലെ പച്ചക്കുബ്ബക്ക് മുകളില്‍ വട്ടമിട്ടു പറക്കുന്ന പ്രാവുകളുടെ ചിറകടിയൊച്ച കേട്ടു.  ഗുരുവായൂരപ്പനെ കണ്‍ നിറയെ കണ്ടു. ഗാന്ധിജിയും, ശ്രീനാരായണ ഗുരുവും, സുഭാഷ് ചന്ദ്രബോസും ഞങ്ങളെ നോക്കിച്ചിരിച്ചു. പ്രേം നസീറും, ഷീലയും, ജയനും ഞങ്ങളോട് മന്ദഹസിച്ചു കൊണ്ടിരുന്നു. എ.കെ.ജി യും, ഇന്ദിരാഗാന്ധിയും, ഇ.എം.എസും, കൃഷ്ണപ്പിള്ളയും, ബാഫഖി തങ്ങളും,സീ എച്ചും  ഞങ്ങള്‍ക്ക് ആവേശം തന്ന നേതാക്കള്‍ മാത്രമായിരുന്നില്ല, അനുഗ്രഹവും ധൈര്യവും  സമാധാനവുമായി   കൂടെനിന്ന വീട്ടു കാരണവന്മാര്‍ കൂടി  ആയിരുന്നു.

ഉസ്മാനിക്കയുടെ കലണ്ടറിനു  പുറമെ മൂടാടി അങ്ങാടിയിലെ ‘യുവരാജ് ഡ്രസ്സസും’ , റേഡിയോ മെക്കാനിക്കും പാട്ടുകാരനുമായ പുഷ്പരാജും ഒന്നോ രണ്ടോ വര്‍ഷം കലണ്ടറുകള്‍ ഇറക്കിയിരുന്നു. കൊയിലാണ്ടിയിലെ ‘രൂപകല ടെക്സ്റ്റയില്‍സിന്റെയും ’ , ‘ടൌണ്‍ മെഡിക്കല്‍ ഹാളിന്റെയും’ ‘വീ എം സ്റ്റോര്‍സി’ന്‍റെയും കലണ്ടറുകളും ഞങ്ങളുടെ വീട്ടുചുവരുകളെ അലങ്കരിച്ചതില്‍ പെടും. അതാതുവര്‍ഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന സിനിമാനടികളുടെ ഫോട്ടോ വെച്ച് ‘ബോംബ ഡൈയിംഗ്’ ഇറക്കുന്ന നീളവും വലിപ്പവുമുള്ള കലണ്ടറുകള്‍ ആയിരുന്നു ഗംഭീരം. അങ്ങാടിയിലെ ഭാസ്കരേട്ടന്റെ ‘സുഗത’ ടൈലേര്‍സിലും ,കോരക്കുറുപ്പിന്റെ ബാര്‍ബര്‍ ഷാപ്പിലും ആ കലണ്ടറുകള്‍ പ്രശോഭിച്ചു.

പിന്നീടെപ്പോഴോ കലണ്ടറുകള്‍ ചുവരില്‍ നിന്നും പതിയെപ്പതിയെ ഇല്ലാതാവാന്‍ തുടങ്ങി.  വീട്ടുചുവരുകളില്‍ ആണിയടിച്ച് കലണ്ടര്‍ തൂക്കുന്നത്‌  അഭംഗിയായി മാറി. വീടകങ്ങളിലേക്ക് ടെലിവിഷന്‍ കയറിവന്നു തുടങ്ങിയ കാലത്തു തന്നെയാണ് കലണ്ടറുകള്‍ പിന്മാറിതുടങ്ങിയതെന്ന് തോന്നുന്നു. ദേവീദേവന്മാരും പുണ്യസ്ഥലങ്ങളും പ്രകൃതി ഭംഗിയും ടെലിവിഷന്‍ ദൃശ്യങ്ങളായി മുന്നില്‍ വരികയും, താരങ്ങളും സിനിമയും വീട്ടിനുള്ളിലേക്ക് എത്തുകയും ചെയ്തു.

ഇന്ദിരാഗാന്ധിയോട് തോന്നിയ ആദരവും, ഇ എം എസി ന്‍റെ നിഷ്കളങ്കതയും, കൃഷ്ണപിള്ളയുടെ മുഖത്തെ നേരിയ ചിരിയില്‍ കണ്ട അടുപ്പവും, ബാഫഖി തങ്ങളുടെ ഗാംഭീര്യവും, സീ എച്ചിന്‍റെ മുഖത്തെ വാത്സല്യവും പിന്നീടൊരു നേതാക്കളിലും അനുഭവിക്കാന്‍ കഴിഞ്ഞതുമില്ല. ടെലിവിഷന്‍ കാണിച്ചു തന്ന പുതിയ കാലത്തെ നേതാക്കള്‍ ഉള്ളു പൊള്ളയായ തമാശകാഴ്ചകള്‍ മാത്രമായി.

ഉസ്മാനിക്ക കുറച്ചു കാലം പ്രവാസിയായും പിന്നെയും നാട്ടില്‍ തന്നെ പല ജോലികളായും കഴിഞ്ഞു. എവിടെയും കര പിടിക്കാതെ ഒടുവില്‍ ഭാര്യവീട്ടിന് അടുത്തെവിടെയോ വീടെടുത്ത് താമസിച്ച് അകാലത്തില്‍ മരണപ്പെട്ടു പോയി. അതിനു മുമ്പേ തന്നെ എന്‍റെ നാട്ടിലെ വീട്ടുച്ചുവരുകളില്‍ നിന്ന് വര്‍ണ്ണക്കലണ്ടറുകള്‍  പൂര്‍ണ്ണമായും അപ്രത്യക്ഷമായിരുന്നു.  

ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത്  എത്രയോ  കടകള്‍ക്ക് മുന്നില്‍ ഒരു കലണ്ടര്‍ കിട്ടാനായി പോയി നിന്നിട്ടുണ്ട്. അപൂര്‍വ്വം ചില കടക്കാര്‍ മാത്രമേ ഞങ്ങള്‍ സ്കൂള്‍ കുട്ടികള്‍ക്ക് കലണ്ടര്‍ തരാറുള്ളൂ എങ്കിലും ,അത് കിട്ടുമ്പോഴുള്ള സന്തോഷം.  ഉള്ളിലെ ചിത്രം എന്താണ് എന്നറിയാനുള്ള ജിജ്ഞാസ, കലണ്ടറിന്‍റെ മണം, മിനുമിനുപ്പ് .........

കലണ്ടറുകള്‍ ഇപ്പോഴും മോഹിപ്പിക്കാറുണ്ട്. ഇന്നും  ചില കടകളിലെങ്കിലും  സാധനങ്ങള്‍ വാങ്ങിച്ചു കഴിഞ്ഞാല്‍  കവറുകളില്‍ കലണ്ടര്‍ തിരുകി വെക്കുന്ന പതിവുണ്ട്. ആ കലണ്ടറുകള്‍ കാണുമ്പോള്‍ പഴയ  കാലം ഓര്‍മ്മ വരും. പഴയ കൌതുകത്തോടെ കലണ്ടര്‍ നിവര്‍ത്തുന്നു. പഴയ ജിജ്ഞാസയോടെ ചിത്രം നോക്കിയും, മണം ആസ്വദിച്ചും........

ഓരോ കൊല്ലാവസാനങ്ങളിലും കലണ്ടറുകള്‍ മാറ്റുമ്പോള്‍ ആ ആള്‍ക്കൂട്ടവും അങ്ങാടിയും, മനസിന്‍റെ   ചുവരുകളില്‍  നിറം മങ്ങാത്ത ചിത്രങ്ങളായി ഓര്‍മ്മകളെ പിറകോട്ടു വലിക്കുന്നു.


ഉസ്മാനിക്ക തകരട്ടിന്നില്‍ നറുക്കിട്ട് കിലുക്കുന്ന ശബ്ദം ഇനി ഉണ്ടാവില്ലയെന്നും   മീന്‍ചാപ്പക്കടുത്ത് നിരത്തിവെച്ച  കേരള ആര്‍ട്ട് കലണ്ടേര്‍സിലെ ചിത്രങ്ങള്‍ ഇനി ഞങ്ങളെ മോഹിപ്പിക്കുകയും വിസ്മയിപ്പിക്കുകയുമില്ല എന്നറിയാമെങ്കിലും ......... കാലത്തിന്‍റെ കൊഴിഞ്ഞു വീണ ഇതളുകള്‍ തേടിയൊരു തിരിച്ചുപോക്ക്..

12 comments:

 1. ഇന്ദിരാഗാന്ധിയോട് തോന്നിയ ആദരവും, ഇ എം എസി ന്‍റെ നിഷ്കളങ്കതയും, കൃഷ്ണപിള്ളയുടെ മുഖത്തെ നേരിയ ചിരിയില്‍ കണ്ട അടുപ്പവും, ബാഫഖി തങ്ങളുടെ ഗാംഭീര്യവും, സീ എച്ചിന്‍റെ മുഖത്തെ വാത്സല്യവും പിന്നീടൊരു നേതാക്കളിലും അനുഭവിക്കാന്‍ കഴിഞ്ഞതുമില്ല. ടെലിവിഷന്‍ കാണിച്ചു തന്ന പുതിയ കാലത്തെ നേതാക്കള്‍ ഉള്ളു പൊള്ളയായ തമാശകാഴ്ചകള്‍ മാത്രമായി.

  വളരെ ശരിയാണ് ആ കാലത്ത് കലണ്ടറുകള്‍ മനുഷ്യമനസ്സുകളുടെ ബാഹ്യ സ്ഫുരണം കൂടിയായിരുന്നു ..അന്നത്തെ നേതാക്കളാകട്ടെ മനുഷ്യ മനസ്സില്‍ ഇടംപിടിച്ചവരും .ഒരു വീട്ടിലേക്കു കയറി ചെല്ലുമ്പോള്‍ ചുവരില്‍ തൂക്കിയിട്ടിരുന്ന കലണ്ടറുകളില്‍ കൂടി ആ വീട്ടുകാരുടെ മനോഗതം പോലും മനസ്സിലാക്കാമായിരുന്നു.അന്ന് പുതിയാപ്പിള അറകളെ പോലും മൊഞ്ചണിയിച്ചിരുന്നത് ചുമരില്‍ പ്രത്യേക രീതിയില്‍ പതിപ്പിച്ചിരുന്ന വിവിധ വര്‍ണ്ണ ചിത്ര കലണ്ടറുകള്‍ ആയിരുന്നു .
  പഴയ കാല സ്മരണകള്‍ നന്നായി പറഞ്ഞു നജൂ .

  ReplyDelete
 2. ഫേസ് ബുക്കിലും വായിച്ചു.. നല്ല കുറിപ്പ്..

  ReplyDelete
 3. കലണ്ടറുകൾക്കും നമ്മുടെ ജീവിതത്തിൽ വലിയൊരു സ്ഥാനം ഉണ്ടായിരുന്നു .ഞാനും അന്നു കൂടെ പഠിച്ചിരുന്നവരും ഒക്കെ ന ല്ല ഭംഗി യുള്ള കലണ്ടറുകൾ കൊണ്ടും നമ്മുടെ സാധാരണ ചിത്രങ്ങൾ ഇല്ലാത്ത കലണ്ടർ കൊണ്ടുമൊക്കെ പുസ്തകം പൊതിഞ്ഞിരുന്നത് ഓര്മ്മ വന്നു .സുന്ദരിമാരുടെ വലിയ ചിത്രങ്ങളെ പലപ്പോഴും ആസ്വദിച്ചു നോക്കി നിൽക്കാറുണ്ട് , ഇന്നലെകളിൽ പല കടകളിലെയും അവിഭാജ്യ ഘടകം ആയിരുന്നല്ലോ അത് . നമ്മുടെ അടുക്കള ചുമരുകളിലും ഒന്നിന് താഴെ ഒന്നായി ഈ കലണ്ടറുകൾ സ്ഥാനം പിടിക്കാറുണ്ട് .. കുറെ ഓര്മ്മകളിലെയ്ക്ക് കൊണ്ടുപോയി ഈ എഴുത്ത് ........

  ReplyDelete
 4. സുന്ദരന്‍ കലണ്ടറുകളും സുന്ദരിക്കലണ്ടറുകളും ചുവരില്‍ ഇരുന്ന് കണ്ണിറുക്കി കഥ പറഞ്ഞൊരു കാലം!!

  ReplyDelete
 5. കലണ്ടറുകള്‍ ഗൃഹം അലങ്കരിച്ചിരുന്ന കാലം ,,നാം ഒരു പാട് വളര്‍ന്നു !

  ReplyDelete
 6. നന്നായി ഈ കുറിപ്പ് പഴയ കലണ്ടര്‍ കാലത്തേക്ക് സഞ്ചരിച്ചു.
  ബോംബ ഡൈയിംഗിന്റെ കലണ്ടറുകള്‍ ഓര്‍മ്മ വരുന്നു!!!!!

  ReplyDelete
 7. നാടിന്റെ പഴയ സ്പന്ദനമാണല്ലോ ഈയ്യിടെ ഇറങ്ങുന്ന കുറിപ്പുകളിൽ

  ReplyDelete
 8. ഹാ! കൊതിപ്പിക്കുന്ന വര്‍ണ്ണ കലണ്ടറുകള്‍!!
  ആശംസകള്‍

  ReplyDelete
 9. സ്കൂളില്‍ പഠിക്കുമ്പോള്‍ എനിക്കും ഉണ്ടായിരുന്നു ചെറിയൊരു കലണ്ടര്‍ കളക്ഷന്‍...ഒരു ദിവസം വീടു വൃത്തിയാക്കുമ്പോള്‍ എല്ലാം എടുത്തു കളഞ്ഞു...
  നന്നായി എഴുതി ... :-)

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. ഫേസ് ബുക്കില്‍ ലിങ്ക് കണ്ടു വന്നതാണ് . നല്ല കുറിപ്പ് @PRAVAAHINY

  ReplyDelete
 12. നൊസ്റ്റാൾജിക്..
  അന്നൊന്നും ഒരു കലണ്ടറില്ലാത്ത വീടില്ലായിരുന്നൂ..

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ