Wednesday, December 4, 2013

നസീറിന്‍റെ ജീവിതം പ്രവാസികളോട് പറയുന്നത്.മീശ കറുക്കുമ്പോഴേക്കും പാസ്പോര്‍ട്ട് എടുത്ത് എങ്ങനെയെങ്കിലും ഗള്‍ഫിലേക്ക് കടന്നവരാണ് മലബാറിലെ മാപ്പിളമാരായ ആണ്‍കുട്ടികളില്‍ ഭൂരിപക്ഷവും എഴുപതുകളുടെ അവസാനം മുതല്‍ ‘പേര്‍ഷ്യ’യിലേക്കുള്ള ‘എന്നോസി’ ക്ക് പരക്കം പാഞ്ഞവര്‍. പല കാരണങ്ങള്‍ കൊണ്ട് പഠിത്തം നിര്‍ത്തിയവരും, പഠിക്കാന്‍ താല്പര്യം ഇല്ലാഞ്ഞവരും മാത്രമല്ല അത്യാവശ്യം നന്നായി പഠിക്കുന്നവരും ഗള്‍ഫിലേക്ക് ഒഴുകിയ കാലം.

ഊറ്റുവലയില്‍ കുടുങ്ങിയ മീനുകളെ പോലെ ഒരുപാട് ചെറുപ്പക്കാര്‍ പൂവും കായും തിരിയുന്നതിന് മുമ്പ് മരുഭൂമിയിലേക്ക് കയറ്റി അയക്കപ്പെട്ടിട്ടുണ്ട്. അക്കരെ പോകാന്‍ മടിച്ച് തെക്കും വടക്കും നടന്ന ചെറുപ്പക്കാരെ ബന്ധുക്കളും നാട്ടുകാരുമൊക്കെ എങ്ങനെയെങ്കിലും ഉത്സാഹിച്ച് പറഞ്ഞയച്ചു നെടുവീര്‍പ്പിട്ടിട്ടുമുണ്ട്.(എം എ റഹ്മാന്റെ പഴയ കഥയിലെ ജനാബ് പള്ളിക്കുഞ്ഞിയെ പോലെ).

മുന്‍ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ് ഗള്‍ഫിലേക്ക് പറക്കുന്നത്. എന്നാല്‍ നിതാഖാത് അടക്കമുള്ള തിരിച്ചുപോക്കിനുള്ള മണി മുഴങ്ങുമ്പോള്‍ പതിറ്റാണ്ടുകള്‍ ഗള്‍ഫ് പ്രവാസിയായി കഴിഞ്ഞ തലമുറയാണ് ഏറെ  വേവലാതിപ്പെടുന്നത്. ജനിച്ചു വളര്‍ന്ന നാട്ടിലേക്കുള്ള തിരിച്ചുപോക്കിനെ ചൊല്ലി! ഇതില്‍ ആവശ്യത്തിനു സമ്പാദിച്ചവരും, ഒന്നും നീക്കിയിരിപ്പില്ലാത്തവരും, കടക്കാരും എല്ലാം പെടും. നാട് വിട്ടുള്ള ജീവിതത്തിന്‍റെ മടുപ്പും വേദനയും പറഞ്ഞവര്‍ തന്നെ തിരിച്ചു വരവിനേയും പേടിക്കുന്നു. ഇത്രയും കാലം വീട്ടിലും നാട്ടിലും  ലഭിച്ച അംഗീകാരത്തിനു പകരം അവഗണിക്കപ്പെടുമോ എന്ന വേവലാതിയും ഗള്‍ഫ് പ്രവാസി തിരിച്ചുപോക്കിനെ ഭയപ്പെടുന്നതിനു ഒരു പ്രധാന കാരണമല്ലേ.  

നാട്ടിലേക്കുള്ള തിരിച്ചു പോക്കിനെ പേടിയോടെ കാണുന്ന പ്രവാസികള്‍ക്ക് ഗള്‍ഫ് ഇല്ലാതെയും വീട്ടിനും നാട്ടിനും പ്രിയപ്പെട്ടവനായി എങ്ങനെ ജീവിക്കാം എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച എന്‍റെ ഒരു സുഹൃത്തിനെ  പരിചയപ്പെടുത്താം.
ഗള്‍ഫില്‍ പോകാനുള്ള എല്ലാ ന്യായവും, പ്രലോഭനവും, സമ്മര്‍ദ്ദവും അവസരവും ഉണ്ടായിട്ടും അതില്‍ താല്‍പര്യം കാട്ടാതെ നാട്ടില്‍ തന്നെ പിടിച്ചു നില്‍ക്കുകയും, ഇന്ന്  ബന്ധുക്കള്‍ക്കും  നാട്ടുകാര്‍ക്കും ഏറെ വേണ്ടപ്പെട്ടവന്‍  മാത്രമല്ല  പ്രദേശത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരാളായി മാറുകയും ചെയ്ത  എന്‍റെ ബന്ധുവും, സഹപാഠിയും, സമപ്രായക്കാരനുമായ നസീറിനെ.

നസീറിനെ  ചെറുപ്പം മുതല്‍ എനിക്ക് അടുത്തറിയാം. മദ്രസയില്‍ ഞങ്ങള്‍ ഒന്നിച്ചു പഠിച്ചതാണ്. സ്കൂള്‍ വിദ്യാഭ്യാസം നസീര്‍ ആറാം ക്ലാസ്സില്‍ അവസാനിപ്പിച്ചു. പിന്നീട് ബാപ്പയുടെ ചെറിയൊരു കടയില്‍ സഹായിയായി അഞ്ചാറ്  വര്‍ഷം. ഞാനടക്കം എന്‍റെ നാട്ടിലും ചുറ്റുവട്ടത്തും ഉള്ള  സമപ്രായക്കാരൊക്കെ ഞങ്ങളുടെ മുന്‍ഗാമികളെ പോലെ ഗള്‍ഫിലേക്ക് ജീവിതം തേടിപ്പോയിട്ടും നസീര്‍ മാത്രം ഗള്‍ഫില്‍ പോകാന്‍ താല്‍പര്യം കാട്ടിയില്ല.

 ഉപ്പയുടെ പീടിക ഒഴിവായ ശേഷം ഇലക്ട്രോണിക്സില്‍ കമ്പം കയറി. റേഡിയോ,ടേപ്പ് റിക്കാര്‍ഡര്‍, ടോര്‍ച്ച്, മിക്സി  തുടങ്ങിയ സാധനങ്ങള്‍ വീട്ടിലിരുന്ന് റിപ്പയര്‍ ചെയ്യാന്‍ തുടങ്ങി. സ്വന്തം യുക്തി ഉപയോഗിച്ചും, മലയാളത്തിലുള്ള പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിച്ചും ഈ രംഗത്ത്‌ മുന്നേറി. ആര്‍ക്കും പിടുത്തം കിട്ടാത്ത ചില ഫോറിന്‍ ഇലക്ട്രോണിക് സാധനങ്ങള്‍ പോലും തകരാറ് വന്നാല്‍ നസീറിനെ കാണിച്ചാല്‍ ശരിയാകും എന്ന അവസ്ഥയായി. ഇതോടൊപ്പം സൈക്കിള്‍ റിപ്പയര്‍ തുടങ്ങിയ ചില ഏര്‍പ്പാടുകളും.

അടുത്ത പടിയായി ഇലക്ട്രിക് ജോലികള്‍ പ്ലംബിംഗ് തുടങ്ങി ആശാരിപ്പണിയും , സിമന്‍റ് തേപ്പുമടക്കം സ്വായത്തമാക്കി. പ്രത്യേകിച്ച് ഒരു ഗുരുവില്ലാതെ സ്വന്തം ഉത്സാഹത്തില്‍ ചെയ്തു പഠിച്ച ഇത്തരം ജോലികള്‍ വളരെ യുക്തിയോടെയും വെടിപ്പായും  വൈഭവത്തോടെ ചെയ്തു. അതുകൊണ്ട് തന്നെ തിരക്കൊഴിഞ്ഞ നേരമില്ലാതായി  എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി പെയിന്‍റിംഗ് ആണ് സ്ഥിരം ജോലി.ഒപ്പം ജിപ്സം ഡിക്കോര്‍ ജോലി മുതല്‍ ഒരു വീടിനു വേണ്ട ഒരുമാതിരി അറ്റകുറ്റപ്പണികള്‍ ഒക്കെ ചെയ്യും. നസീറിനു കീഴില്‍ ബന്ധുക്കളും നാട്ടുകാരുമായ  എട്ടു പേരുണ്ട് കൂടെ..

ഏതു സാമ്പത്തിക മാന്ദ്യത്തിലും നസീറിനും കൂട്ടുകാര്‍ക്കും ജോലിയുണ്ട്. മാത്രമല്ല ഒന്നും രണ്ടും മാസം മുമ്പ് ബുക്ക് ചെയ്ത വര്‍ക്കുകള്‍ പോലും ഉദ്ദേശിച്ച സമയത്ത്  തീര്‍ത്തു കൊടുക്കാന്‍ പറ്റുന്നില്ല  എന്ന ഖേദമേ ഉള്ളൂ. ഇത് ജോലിയിലുള്ള മികവു കൊണ്ട് മാത്രമല്ല. ഉത്തരവാദിത്തവും, വിശ്വസ്തതയും ഈ വളര്‍ച്ചയുടെ പിന്നിലെ പ്രധാന ഘടകമാണ്.


രാവിലെ ഏഴു മണി മുതല്‍ മൂന്നുമണി വരെയാണ്  ജോലി സമയം. വെള്ളിയാഴ്ച ഒഴിവ്. എന്നാല്‍ ഒഴിവു ദിവസവും ജോലി കഴിഞ്ഞശേഷവും ഒക്കെ നസീറിനു തിരക്കാണ്. ഏതെങ്കിലും വീട്ടില്‍ കറന്റില്ലാത്തതു നോക്കാന്‍,  പൊട്ടിയ പൈപ്പ് ശരിയാക്കാന്‍, ടൈല്‍സ് ഒട്ടിക്കാന്‍.....അങ്ങനെയങ്ങനെ എല്ലായിടത്തും ഓടിയെത്തണം.  ഇതിനു പുറമേ മഹല്ല് കമ്മറ്റി ജോയിന്‍റ് സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍. വിവാഹം,മരണം...... ഇങ്ങനെ തിരക്കോട് തിരക്ക്. ഇതിനു പുറമേ വീട്ടില്‍ വെച്ച് വിന്‍ഡോ കര്‍ട്ടന്‍ തയ്ക്കുന്ന ജോലിയുമായി പൂര്‍ണ്ണ പിന്തുണയോടെ പ്രിയതമയും ഉണ്ട്.

ബന്ധുക്കള്‍ പലരും നിര്‍ബന്ധിച്ചിട്ടും ഗള്‍ഫ് ജീവിതം വേണ്ടെന്നു  വെക്കുകയും തന്‍റെ ഉള്ളിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടു നീങ്ങുകയും ചെയ്യുക എന്നത് അന്നത്തെ സാഹചര്യത്തില്‍ അത്ര എളുപ്പമായിരുന്നില്ല. ഗള്‍ഫില്‍ പോയി പത്തു പൈസ ഉണ്ടാക്കുന്നതിനു പകരം റേഡിയോവും, ടോര്‍ച്ചും, സൈക്കിളും  നന്നാക്കി ജീവിതം പാഴാക്കിക്കളയുന്ന പോഴത്തക്കാരനെ  എങ്ങനെയാണ് അംഗീകരിക്കാന്‍  കഴിയുക.

കൂട്ടുകാരും കുടുംബക്കാരുമൊക്കെ വലിയ വലിയ പെട്ടികളുമായി വന്നിറങ്ങുകയും ബ്രൂട്ട് സ്പ്രേയും അടിച്ച് ‘കൈഫ ഹാലക്ക്’ എന്ന് പരസ്പരം ലോഗ്യം പറഞ്ഞു ചിരിക്കുകയും ചെയ്യുമ്പോള്‍ ഒരുത്തന്‍ മാത്രം ‘ഫുട്ട് വാള്‍വിന്‍റെ ലീക്ക് ശരിയാക്കിയും പുയ്യാപ്ലയുടെ അറയില്‍ ഹീറ്റര്‍  വെക്കാന്‍ ലൈന്‍ വലിച്ചും നാട്ടില്‍ തന്നെ കഴിയുക.

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാനടക്കമുള്ള ആ കൂട്ടുകാരൊക്കെയും ഇപ്പോഴും പിരിവിനുള്ള റസീറ്റ് ബുക്കുകളിലെ പേരുകള്‍ മാത്രമാവുമ്പോഴും നാട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കുമെല്ലാം വേണ്ടപ്പെട്ടവനായി നസീര്‍ നാട്ടിലുണ്ട്. ഉപ്പയെയും,ഉമ്മയും നിത്യവും കണ്ട് ഭാര്യോടും മക്കളോടും ഇപ്പോള്‍ പേരക്കുട്ടിയോടുമൊപ്പം സസുഖം. നിതാഖാതിന്റെ വേവലാതിയോ, ഇഖാമ,എയര്‍ ടിക്കറ്റ്, ചെക്കിംഗ് തുടങ്ങിയ തൊന്തരവുകളോ  ചിന്തിച്ച് ടെന്‍ഷന്‍ അടിക്കേണ്ടതില്ലാതെ. 

ഒരുപാട് പറമ്പുകളും,മുന്തിയ കാറും ,കാറിന്‍റെ ഡാഷ് ബോര്‍ഡ് നിറയെ പ്രഷറിന്‍റെ  ഗുളികകകളും ഒന്നുമില്ലെങ്കിലും നസീര്‍ സംതൃപ്തനാണ്. ജോലി ഒരു സേവനം കൂടിയായി മാറുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി.
തൊഴില്‍ രംഗത്തും കച്ചവട മേഖലയിലും ഗള്‍ഫില്‍ കഠിനാധ്വാനം ചെയ്ത  മലയാളികളെ സംബന്ധിച്ചെടുത്തോളം അവിടെ ലഭിച്ച അനുഭവജ്ഞാനവും സാങ്കേതികമായ അറിവുകളും ഉപയോഗിച്ചാല്‍, ഒരുപാട് സാധ്യതകള്‍ നാട്ടില്‍ കാത്തിരിക്കുന്നുണ്ട്. ഒറ്റക്കോ സംയുക്തമായോ ചെയ്യാനാവുന്നത്. ഊതിവീര്‍പ്പിച്ച പൊങ്ങച്ചക്കാഴ്ചകള്‍ക്ക് പകരം. ആരെയും ബോധ്യപ്പെടുത്താനല്ലാത്ത ആഹ്ലാദവും സംതൃപ്തിയും നിറഞ്ഞൊരു ജീവിതം.

ഇങ്ങനെ ഒരുപാട് നസീറുമാര്‍ നമ്മുടെ ചുറ്റും ഉണ്ട്. ജനിച്ചു വളര്‍ന്ന ചുറ്റുപാടില്‍ തന്നെ അന്നത്തിനുള്ള വക കണ്ടെത്തുകയും. അതിലൂടെ വീട്ടിനും നാട്ടിനും വേണ്ടപ്പെട്ടവരായി മാറുകയും ചെയ്തവര്‍. പലപ്പോഴും നാം കാണാതെ പോകുന്ന സാര്‍ത്ഥകമായ ചില ജീവിതങ്ങള്‍.

നാട്ടിലേക്ക് തിരിച്ചു പോയാല്‍ എങ്ങനെ പിടിച്ചു നില്‍ക്കും എന്ന് ആശങ്കപ്പെടുന്ന പ്രവാസികള്‍ക്ക് അനുഭവ പാഠമായി ഇങ്ങനെ ചില ചീവിതങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

ബഹറിനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 4pm news പത്രത്തിന്‍റെ ആഴ്ചപ്പതിപ്പായ 'സസ്നേഹം' 16.01.2014 ല്‍ പ്രസിദ്ധീകരിച്ചത്.

12 comments:

 1. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാനടക്കമുള്ള ആ കൂട്ടുകാരൊക്കെയും ഇപ്പോഴും പിരിവിനുള്ള റസീറ്റ് ബുക്കുകളിലെ പേരുകള്‍ മാത്രമാവുമ്പോഴും നാട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കുമെല്ലാം വേണ്ടപ്പെട്ടവനായി നസീര്‍ നാട്ടിലുണ്ട്. ഉപ്പയെയും,ഉമ്മയും നിത്യവും കണ്ട് ഭാര്യോടും മക്കളോടും ഇപ്പോള്‍ പേരക്കുട്ടിയോടുമൊപ്പം സസുഖം. നിതാഖാതിന്റെ വേവലാതിയോ, ഇഖാമ,എയര്‍ ടിക്കറ്റ്, ചെക്കിംഗ് തുടങ്ങിയ തൊന്തരവുകളോ ചിന്തിച്ച് ടെന്‍ഷന്‍ അടിക്കേണ്ടതില്ലാതെ. .......

  മലയാളി ഗള്‍ഫില്‍ ചെയ്യുന്ന ജോലിയുടെ പകുതി ആ ആത്മാര്‍ഥതയുടെ കാല്‍ ശതമാനം നാട്ടില്‍ ചെയ്യാന്‍ തയാരാവുകയാനെനെന്കില്‍ ആരെക്കാളും നന്നായി ജീവിക്കാനുള്ള വരുമാനം നാട്ടില്‍ തന്നെ ഉണ്ടാക്കാം .. അതെങ്ങിനെ അറബിയുടെ കക്കൂസ് കഴുകുന്ന നമുക്ക് സ്വന്തം മുറ്റത്തെ പുല്ലു പറിക്കാന്‍ ബംഗാളിയോ തമിഴനോ വേണം ..ഈ മനോഭാവം കാരണമാണ് പല പ്രവാസികളും ദുരിതക്കടലാനെന്നറിഞ്ഞിട്ടും ഇവിടെ തന്നെ മുങ്ങിത്താഴാന്‍ ഇഷ്ടപ്പെടുന്നത് ..ഒരര്‍ത്ഥത്തില്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് നാം ഓരോരുത്തരും നടത്തുന്നത്.നാല് കാശ് അയച്ചു കൊടുത്താല്‍ ഒന്നും അറിയാതെ ഒന്നും ഓര്‍ക്കാതെ പ്രശ്ങ്ങളില്‍ നിന്നും ഒളിച്ചോടി ജീവിക്കാം എന്നുള്ളത് തന്നെയാണ് പലരെയും ഇവിടെ തന്നെ നില്കാനും അല്ലെങ്കില്‍ നിറുത്തി പോയവരെ പോലും തിരിച്ചു വരാനും പ്രേരിപ്പിക്കുന്നതു എന്നുള്ളതാണ് വാസ്തവം .. നസീറിന് ആശംസകള്‍

  ReplyDelete
 2. കുറിപ്പ് വളരെ നന്നായി. നസീറിനെപ്പോലുള്ളവര്‍ സന്തോഷത്തോടെ ജീവിക്കുന്നു,നമുക്കൊക്കെ ഒരു പാഠമായി.

  ReplyDelete
 3. തൊഴിൽ അറിയുന്ന ആളുകൾക്ക് ഇന്ന് നമ്മുടെ നാട്ടിൽ നല്ല ഡിമാന്റ് ഉണ്ട്. നസീറിനെപ്പോലുള്ളവർ നല്ല മാതൃകകളാണ്....

  ReplyDelete
 4. ഹാര്‍ഡ് ലേബര്‍ ചെയ്യാന്‍ തയ്യാറുണ്ടെങ്കില്‍ നാട് അവസരങ്ങളുടെ കലവറയാണ്. അത് സത്യം

  ReplyDelete
 5. നാട് ഇപ്പോള്‍ അവസരങ്ങള്‍ക്ക് പറ്റിയ അന്തരീക്ഷമാണ് , എന്നാലും ഗള്‍ഫില്‍ വന്നു പെട്ടാല്‍ നാട്ടിലേക്ക് പലരും തിരിച്ചു പോവാന്‍ മാനസികമായി തയ്യാറാകുന്നില്ല എന്നതാണ് സത്യം

  ReplyDelete
 6. ഹൃദ്യമായ കുറിപ്പ്. കൂടുതൽ ചിന്തിക്കുന്നില്ല. ഉത്തരം കിട്ടില്ല :(

  ReplyDelete
 7. നസീറിന്റെ ജീവിതം എല്ലാവർക്കും മാതൃകയാകട്ടെ ,
  നല്ല രീതിയിൽ പറഞ്ഞു ,
  ഒത്തിരി ഇഷ്ടം ,ആശംസകൾ നജീബിക്കാ .

  ReplyDelete
 8. ഒരുപാട് പറമ്പുകളും,മുന്തിയ കാറും ,കാറിന്‍റെ ഡാഷ് ബോര്‍ഡ് നിറയെ പ്രഷറിന്‍റെ ഗുളികകകളും ഒന്നുമില്ലെങ്കിലും നസീര്‍ സംതൃപ്തനാണ്. ജോലി ഒരു സേവനം കൂടിയായി മാറുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി.

  നസീറിനെ ഏവരും മാതൃകയാകട്ടെ ....

  ReplyDelete
 9. നാട് സുന്ദരം തന്നെ പക്ഷെ ഗള്‍ഫില്‍ പോയി വന്നയാളെ പോലെ പണം നാട്ടിലുല്ലയാളുടെ കയ്യില്‍ ഉണ്ടാവില്ലല്ലോ. പണവും വേണമല്ലോ സുഖമായി ജീവിക്കാന്‍,?

  ReplyDelete
 10. ജോലിയാണ് വേണ്ടതെങ്കിൽ, ചെയ്യാൻ തെയ്യാറുണ്ടെങ്കിൽ ധാരാളം സാദ്ധ്യതകൾ ഇന്നും നാട്ടിലുണ്ട്. താഴേക്കിടയിലുള്ള ജോലികൾ കഠിനമായ സാഹചര്യങ്ങളിൽ ചെയ്ത് കുറഞ്ഞ വേതനം പറ്റുന്നവർ ഗൾഫിൽ എവിടേയും കാണാം. അവർ അവിടെ നിന്നും തിരിച്ചുവന്ന് സ്വന്തം നാട്ടിൽ ചെയ്യാൻ തെയ്യാറായാൽ അതിനേക്കാൾ കൂടിയ പ്രതിഫലവും കുടുംബമൊത്തുള്ള ജീവിതവും തരപ്പെടും. നളിനകുമാരിച്ചേച്ചി പറഞ്ഞതു പോലെയല്ല ഇന്നത്തെ ഗൾഫുകാർ. പണം ഉണ്ടെന്നുള്ള ജാട മാത്രമേ ഉള്ളു. പോക്കറ്റ് മിക്കവരുടേയും കാലിയായിരിക്കും.

  ReplyDelete
 11. നസീറിനെ പോലെയുള്ളവര്‍ നാടിന് മാതൃകയാണ്.
  നാട്ടിലെ സ്ഥിതി ആലോചിക്കുമ്പോള്‍ പറയാനേറയുണ്ട്....
  ചിന്താര്‍ഹമായ പോസ്റ്റ്.
  ആശംസകള്‍

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ