Wednesday, September 18, 2013

ഞാറ്റുവേലച്ചനും തെങ്ങൂരാനും രണ്ടു മലയാളീസിന്‍റെ കഥ


ഞാറ്റുവേലച്ചന്‍  പശുവിനെയും കൊണ്ട് വാണിയംകുളം ചന്തയില്‍ എത്തുമ്പോള്‍ നേരം പുലരുന്നേ ഉണ്ടായിരുന്നുള്ളൂ. കറവ വറ്റി വയസ്സായ പശുവിനെ എങ്ങനെയെങ്കിലും  വിറ്റൊഴിവാക്കി നല്ലൊരു പശുവിനെ വാങ്ങിക്കണം.


മകരത്തിലെ തണുപ്പ് കൊണ്ട് വിറച്ച് പല്ല് കൂട്ടിയിടിച്ച് നടക്കുമ്പോഴാണ് നിരത്തരികില്‍ ഒരിടത്തിരുന്ന് തീ കായുന്ന നെടുതായ ഒരു മനുഷ്യന്‍റെ വിളി.

വരീന്‍  വരീന്‍ ....കുറച്ചിരുന്നു കുളിര്  മാറ്റി പൊയ്ക്കോ”
കേള്‍ക്കേണ്ട താമസം ഞാറ്റുവേലച്ചനും  ചെന്നിരുന്ന് തീകായാന്‍ തുടങ്ങി.
“എവിടുന്നാ”
“വണ്ടുംതറ”
“പേരെന്താ”
ഞാറ്റുവേലന്‍.... നാട്ടുകാര് ഞാറ്റുവേലച്ചാന്ന് വിളിക്കും”
“ഞാന്‍ തെങ്ങൂരാന്‍  ..നാട്ടുകാര് തെങ്ങൂരാനേന്ന് വിളിക്കും”

രണ്ടാളും പരിചയപ്പെട്ടു.തെങ്ങൂരാന്‍ കൊടുത്ത കത്തിരി മാര്‍ക്ക് സിഗര്‍ട്ട് ഞാറ്റുവേലച്ചന്‍ ആസ്വദിച്ചു വലിച്ച് മൂക്കിലൂടെ പുക വിട്ടു.ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
തെങ്ങൂരാന്‍ ചോദിച്ചു.

“അല്ല വേലച്ചാ ഈ പശൂനെ കണ്ടിട്ട് ചന്തയിലെ വെയില് താങ്ങാനുള്ള ശേഷി തന്നെ ഉണ്ടെന്ന് തോന്നുന്നില്ലാലോ”
“കിട്ടുന്ന വെലക്ക് കൊടുത്ത് ഒഴിവാക്കണം...അതാ നേരത്തെ വന്നേ” വേലച്ചന്‍ ഉള്ള സത്യം പറഞ്ഞു.
“ഇതിന്‍റെ കോലം കണ്ടിട്ട് വെറുതെ കൊടുത്താല്‍ പോലും ആരും വാങ്ങുന്ന കോളില്ലാലോ വേലച്ചോ......”
ഞാറ്റുവേലച്ചന്‍ വിഷണ്ണനായി.നല്ല ആരോഗ്യമുള്ള ഉരുക്കളുമായി ആളുകള്‍ ചന്തയിലേക്ക് വന്നു കൊണ്ടിരിക്കുന്നത് പുലര്‍വെട്ടത്തില്‍ വേലച്ചന്‍ കാണുന്നുണ്ടായിരുന്നു.ഇതിനിടയില്‍ തന്‍റെ ചാവാലിപ്പശുവിനെ ആര് തിരിഞ്ഞു നോക്കാനാണ് എന്ന് അയാള്‍ക്കും  തൊന്നീ.
വേലച്ചന്‍  തെങ്ങൂരാനെ ദയനീയമായി നോക്കി.
തെങ്ങൂരാന്‍ എണീറ്റ് പശുവിനെ ഒന്ന് തൊട്ടും തലോടിയും പരിശോധിച്ചു.

“വേലച്ചോ ഞാനൊരു വെല പറയട്ടെ....”
നിങ്ങള് പറ തെങ്ങൂരാനേ
ഒരു ഇരുനൂറ്റയ്മ്പത് ഉറുപ്പ്യ തരാ..........അതുതന്നെ എനിക്ക് ആവശ്യോണ്ടായിട്ടല്ല.പിന്നെ ഞാനീ ചന്തയില്‍ തന്നെ ആയതോണ്ട് എങ്ങനെങ്കിലും മറിച്ചു വിറ്റോളാം.നമ്മള് തമ്മില്‍ പരിചയപ്പെട്ട സ്ഥിതിക്ക് ഒരു ഉപകാരം ചെയ്യ്വാന്ന് കൂട്ട്യാ മതി”
ഇരുനൂറ്റയ്മ്പത് ഉറുപ്പ്യക്ക് ഒരു പശുവിനെ വില്‍ക്കുക. ഞാറ്റുവേലച്ചന്‍ വല്ലാതെ വിഷമിച്ചു പോയി.
തെങ്ങൂരാന്‍ പിന്നെയും ഇരുന്നു തീകായാന്‍ തുടങ്ങി.

“തെങ്ങൂരാനെ അത് വല്ലാതെ കൊറഞ്ഞു പോയില്ലേ ....ഒന്നൂല്ലേലും ഇതൊരു പശുവല്ലേ”
“എന്നാ വിട് വേലച്ചോ എനിക്കും നേരല്ല....ചന്തേല്‍ക്ക് നടക്കട്ടെ”
തെങ്ങൂരാന്‍ എണീറ്റ് നടന്നു.

ഒരു നിമിഷം ആലോചിച്ചു നിന്ന ഞാറ്റുവേലച്ചന്‍ തെങ്ങൂരാന്‍റെ പിറകെ ചെന്നു.
“നിക്ക് നിക്ക് ഇരുനൂറ്റയ്മ്പതെങ്കില്‍ ഇരുനൂറ്റയ്മ്പത് ...നിങ്ങളെടുത്തോ...കാശ് താ”
“കാശ് ഇപ്പൊ എന്‍റെ കയ്യില്‍ ഇല്ല വേലച്ചാ.നിങ്ങള് പശൂനെ വാങ്ങിക്കുമ്പോഴേക്കും ഞാന്‍ തരാം എന്താ വിശ്വാസാണോ”
ഞാറ്റുവേലച്ചന്‍ സമ്മതിച്ചു.പശുവിനെ തെങ്ങൂരാന് കൈമാറി.രണ്ടാളും ചന്തയില്‍ രണ്ടു വഴിക്കായി പിരിഞ്ഞു.

സൂര്യന്‍ നന്നായി ഉദിച്ച് ചന്തയിലെ തിരക്ക് കൂടിയപ്പോ ചായകുടിയൊക്കെ കഴിഞ്ഞ് വേലച്ചന്‍ ചന്തയിലേക്കിറങ്ങി.ഇത്തിരി നടന്നപ്പോള്‍ ചന്തയുടെ വടക്കുവശത്തെ പുളിമരത്തിനു ചുവട്ടില്‍ ഒരാള്‍ക്കൂട്ടം.നടുവില്‍ നില്‍ക്കുന്ന ഉയരമുള്ള ഒരാള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അത് തെങ്ങൂരാനാണല്ലോ എന്ന് വേലച്ചന്‍  അതിശയപ്പെട്ടു.കൌതുകത്തോടെ അങ്ങോട്ട്‌ ചെന്നു.അപ്പോള്‍ തെങ്ങൂരാന്‍ ഉച്ചത്തില്‍ വിളിച്ചു പറയുകയാണ്‌.

“പ്രിയപ്പെട്ടവരേ ഇത് വെറും ഒരു പശുവല്ല.ഈ പശുവിനെ വളര്‍ത്തുന്ന വീട്ടില്‍ ഐശ്വര്യവും സമ്പത്തും ദിനംപ്രദി വര്‍ദ്ധിക്കും. ഈ പശു വീട്ടിലേക്കു നോക്കി അയവിറക്കി കിടക്കുമ്പോള്‍ ഐശ്വര്യം ആ വീട്ടില്‍ നിറയും എന്നാണ്.....”
ആള്‍തിരക്കിലൂടെ വേലച്ചന്‍  ഞെങ്ങി ഞെരുങ്ങി പശുവിനെ കാണാനായി മുന്നിലെത്തി.തെങ്ങൂരാന്‍റെ മുന്നില്‍ നില്‍ക്കുന്ന പശുവിനെ കണ്ട് ഞാറ്റുവേലച്ചന്‍ ഞെട്ടിപ്പോയി.തന്‍റെ പശു.ഒന്ന് കുളിപ്പിച്ച് വൃത്തിയാക്കി കൊമ്പുകളില്‍ ചായം തേച്ചിട്ടുണ്ട്.പുറത്ത് വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള ഒരു തുണിയും.വേലച്ചന്  തമാശ തോന്നി.തെങ്ങൂരാന്‍ പിന്നെയും തുടരുകയാണ്.

“നിങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ ഈ പശുവിന്‍റെ കണ്ണിലെ ഇളം നീല വര്‍ണ്ണം,കുളമ്പിലെ രേഖകള്‍,കഴുത്തിലെ പുള്ളി.ഇതൊക്കെ അപൂര്‍വ്വമായി മാത്രം ചേര്‍ന്നുവരുന്നതാണ്........”
ചിലരൊക്കെ ഇത് സൂക്ഷ്മം പരിശോധിക്കുകയും ശരിയെന്നു തലയാട്ടുകയും ചെയ്തപ്പോള്‍ വേലച്ചന്‍റെ  ഉള്ളിലൊരു ആന്തലുണ്ടായി. ഇയാള് പറയുന്നത് ഉള്ളതായിരിക്യോ.

പശുവിനെ കുറിച്ച് പിന്നെയും കുറെ വര്‍ണ്ണിച്ച ശേഷം തെങ്ങൂരാന്‍ ലേലം വിളിക്കാന്‍ തുടങ്ങി.ആയിരത്തിലാണ് തുടങ്ങിയതെങ്കിലും അഞ്ചു മിനിറ്റ് കഴിയുന്നതിനു മുമ്പ് തന്നെ വിളി അയ്യായിരവും കടന്നു പതിനായിരത്തില്‍ എത്തി.കേട്ടറിഞ്ഞ് പിന്നെയും ആളുകള്‍ കൂടി.
പശുവിനെ തൊട്ടും പിടിച്ചും പരിശോധിച്ചവര്‍ പരസ്പരം ഗൌരവപൂര്‍വ്വം പിറുപിറുക്കാനും ലേലത്തുക കൂട്ടി ഉത്സാഹത്തില്‍ വിളിക്കാനും തുടങ്ങിയപ്പോള്‍ വേലച്ചന്‍ ധര്‍മ്മസങ്കടത്തിലായി.

എന്ത് ചെയ്യണം എന്നൊരു പിടിയും കിട്ടിയില്ല.ഈ പശുവിനെ വാങ്ങിയ ശേഷം ഉണ്ടായ കുറെ ഐശ്വര്യങ്ങളൊക്കെ  അപ്പോള്‍ ഞാറ്റുവേലച്ചന്‍ ഓര്‍ത്തെടുത്തു.താനിതുവരെ ഇതൊന്നും തിരിച്ചറിഞ്ഞില്ലല്ലോ എന്ന് ഖേദിച്ചു.പശുവിനെ വില്‍ക്കാന്‍ തോന്നിയ ദുര്‍ബുദ്ധിയെ ശപിച്ചു.എങ്ങനെ ആയാലും പശുവിനെ വാങ്ങുക തന്നെയെന്ന് ഉറപ്പിച്ചു.

“പന്ത്രണ്ടായിരം ഒരുവട്ടം..............”
“പന്ത്രണ്ടായിരത്തി അഞ്ഞൂറ്..............”വേലച്ചന്‍ കൂട്ടി വിളിച്ചു.
“പതിമൂവായിരം....”
ലേലം മുറുകുകയാണ്. ഞാറ്റുവേലച്ചന്‍ പശുവിനെ വാങ്ങാന്‍ കൊണ്ട് വന്ന പതിനയ്യായിരം രൂപ കീശയില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തി.
“പതിനാലായിരം............” വേലച്ചന്‍
“പതിനാലായിരത്തി അഞ്ഞൂറ്.........”
വേലച്ചന്‍ ഞെട്ടി.ഇത് തന്‍റെ കയ്യില്‍ നിന്നും പോയത് തന്നെ. ഞാറ്റുവേലച്ചന് കരച്ചില്‍ വന്നു.തെങ്ങൂരാനാണെങ്കില്‍ തന്നെ ശ്രദ്ധിക്കുന്നുപോലും ഇല്ല.

വേലച്ചന്‍ തെങ്ങൂരാന്‍റെ അടുത്ത് ചെന്ന് കൈ പിടിച്ചു വലിച്ചു.ദയനീയമായി ആംഗ്യം കാണിച്ചു.എനിക്ക് തന്നെ തരണം.

“പതിനയ്യായിരം....”
വേലച്ചന്‍  വിളിച്ചു.അല്‍പ നേരത്തെ നിശബ്ദത.
“പതിനയ്യായിരം ............പതിനയ്യായിരം ഒരുവട്ടം..... പതിനയ്യായിരം ഒരുവട്ടം....പതിനയ്യായിരം രണ്ടു വട്ടം... പതിനയ്യായിരം രണ്ടു വട്ടം.....................................പതിനയ്യായിരം മൂന്നു വട്ടം”

ഒടുവില്‍ ലേലം ഉറപ്പിച്ചു. ഞാറ്റുവേലച്ചന് സന്തോഷമായി കീശയില്‍ നിന്ന് രൂപ  പതിനയ്യായിരം എടുത്ത് തെങ്ങൂരാന് കൊടുത്തു പശുവിനെ ഏറ്റുവാങ്ങി.അതില്‍ നിന്ന് ഇരുനൂറ്റമ്പത് തിരിച്ചു കൊടുത്ത് തെങ്ങൂരാന്‍ കടം വീട്ടി.പശുവിനെയും കൊണ്ട് അഭിമാനപൂര്‍വ്വം തലയുയര്‍ത്തി പിടിച്ച് വേലച്ചന്‍ ചന്തയില്‍ നിന്നും വീട്ടിലേക്കു തിരിച്ചു.ഭാഗ്യം നല്‍കുന്ന പശുവിനെയും കൊണ്ട് പോകുന്ന ഞാറ്റുവേലച്ചനെ ആളുകള്‍ അസൂയയോടെ നോക്കി.

പക്ഷെ ഞാറ്റുവേലച്ചന്‍റെ സമയദോഷം എന്നല്ലാതെ എന്ത് പറയാന്‍ വഴിയില്‍ വെച്ച് പശു ചത്തു.
---------------------------------------------
പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ തെങ്ങൂരാന്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ എം ഡി യാണ്.ലോകത്തെങ്ങും ജനങ്ങളുടെ ദുഖങ്ങളും പ്രയാസങ്ങളും ഇല്ലാതാക്കാനും സൌഭാഗ്യം കൊണ്ടുവരാനും ആവശ്യമായ ഒരുപാട് സംഗതികള്‍ ഈ കമ്പനി വിതരണം ചെയ്യുന്നു.ഓണ്‍ലൈനില്‍ ബുക്ക് ചെയ്‌താല്‍ ദിവസങ്ങള്‍ക്കകം സാധനം വീട്ടിലെത്തും.

വര്‍ഷങ്ങളായി ഞാറ്റുവേലച്ചന്‍ ഈ കമ്പനിയില്‍ നിന്ന് സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്നു.പലയിനം ഭാഗ്യക്കല്ലുകള്‍ മോതിരങ്ങള്‍ കൂടാതെ സര്‍വ്വരോഗങ്ങളും മാറ്റാനുള്ള മാന്ത്രികക്കിടക്ക.ബോഡി ഫിറ്റാവാനുള്ള അടിവസ്ത്രങ്ങള്‍,മുടി വളരാനുള്ള മന്ത്രികചീപ്പ്....അങ്ങനെയങ്ങനെ എന്തെല്ലാം. ഞാറ്റുവേലച്ചന്‍ ഒരു സ്ഥിരം കസ്റ്റമര്‍ ആയതുകൊണ്ട് എല്ലാ വര്‍ഷവും ഈ കമ്പനിയുടെ വകയായി നടത്തുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള സമൂഹവിവാഹം.അനാഥാലയങ്ങളില്‍ നടത്തുന്ന അന്നദാനം എന്നീ പരിപാടികള്‍ക്ക് പ്രത്യേകം ക്ഷണിക്കാറുണ്ട്‌.


ഇപ്പോള്‍ പുറത്തിറക്കിയ ചെറുപ്പം നില നിര്‍ത്താനുള്ള പുതിയ മരുന്ന് പഴവര്‍ഗ്ഗങ്ങളുടെ ഒരു പ്രത്യേകതരം ജ്യൂസാണ്.ഒരു ബോട്ടിലിന് അന്‍പതിനായിരം രൂപയാണ് വിലയെങ്കിലും ഞാറ്റുവേലച്ചന് മുപ്പതു ശതമാനം ഇളവുണ്ട്. അതിനായി പെട്ടെന്ന് പണം കയ്യിലില്ലാത്തത് കൊണ്ട് വീട്ടു വളപ്പിലെ വേരിലും ചക്കയുണ്ടാകുന്ന രണ്ടു പ്ലാവും രുചികരമായ മാങ്ങ ഇഷ്ടംപോലെ കിട്ടുന്നൊരു മാവും വില്‍ക്കേണ്ടി വന്നുവെങ്കിലും നഷ്ടമില്ല.

ഓണം പ്രമാണിച്ച് ഇതിനോടൊപ്പം കണ്ണില്‍ തേച്ചാല്‍ ഏത് പെണ്ണിനെയും വശീകരിക്കാന്‍ കഴിയുന്ന വശീകരണ മരുന്ന്‍ ഇരുപതിനായിരം രൂപ വിലയുള്ളത്  പകുതി വിലക്ക് കിട്ടും എന്ന കിടിലന്‍ ഓഫര്‍ കൂടി ഉള്ളത് കൊണ്ടാണല്ലോ ഞാറ്റുവേലച്ചനൊപ്പം നമ്മളും   കടം വാങ്ങിയിട്ടാണെങ്കിലും ഈ മരുന്നിന് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.
നമ്മള്‍ മലയാളീസിനെ സമ്മതിക്കണം അല്ലെ.
--------------------------------
ആശയത്തിന് മുല്ലാ  നസിറുദ്ധീന്‍ കഥയോട് കടപ്പാട്.   


6 comments:

  1. വെറുതെയല്ല നാട്ടില്‍ തട്ടിപ്പുക്കാര്‍ക്ക് നല്ല കൊയ്ത്തു കിട്ടുന്നത്!
    നര്‍മ്മം നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  2. ഞാറ്റുവേലച്ചന്മാരായ പാവം മനുഷ്യര്‍
    തെങ്ങൂരാന്മാര്‍ ഒരുക്കുന്ന കെണിയില്‍ ഈയ്യാംപാറ്റകളെപ്പോലെ ഉരുകിവീഴാനാണ് അവരുടെ വിധി....

    ലളിതമായി പറഞ്ഞ ജീവിതസത്യം.....

    ReplyDelete
  3. പ്രബുദ്ധര്‍!
    നമ്മളെ സമ്മതിക്കണൂട്ടാ.......!!

    ReplyDelete
  4. ഓഫറിൽ വീഴാത്ത ഏത് മലയാളിയാ ഉള്ളേ അല്ലേ..
    അതും വശീകരണ മരുന്നാകുമ്പോ പറയാനുണ്ടോ..!

    ReplyDelete
  5. നമ്മക്കെന്തൊരു മിടുക്കാ ല്ലേ?

    ബോധിച്ചു ...

    ReplyDelete
  6. കൊള്ളാം നല്ല്ല സംഭവം തന്നേട്ടോ!

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ