Saturday, September 7, 2013

പൊള്ളിക്കുന്ന ചില നിരീക്ഷണങ്ങള്‍


“.........മലയാളിയുടെ വലിയ പ്രതിസന്ധി ഇന്ന് വിശപ്പല്ല.ലൈംഗീകതയാണ്.ഈ നിരീക്ഷണങ്ങളില്‍ അക്കാര്യത്തിന് പ്രത്യേകം ഊന്നല്‍ കൊടുത്തിട്ടുണ്ട്‌.അങ്ങനെ നോക്കുമ്പോള്‍ ഊഷ്മളമായ രതി കേരളത്തില്‍ വിവാഹേതര ബന്ധങ്ങളില്‍ മാത്രം.ഭാര്യ/ഭര്‍ത്താവ് എന്നത് അന്യരുടെയും ഉപദേഷ്ടാക്കളുടെയും തൃപ്തികള്‍ക്കായി വീട്ടിലോ നാട്ടിലോ അനുവദിച്ചു നിര്‍ത്തിയിരിക്കുന്നതോ വളര്‍ത്തിയെടുക്കുന്നതോ ആയിട്ടുള്ള ഉടമ്പടിബന്ധം മാത്രമാണ്.വിവാഹേതര ബന്ധങ്ങളെ പരസ്യമായി എതിര്‍ക്കുകയും നിഷേധിക്കുകയും രഹസ്യമായി പിന്തുണക്കുകയും പിന്തുടരുകയും ചെയ്യുന്നതാണ് കാലങ്ങളായി പൊതുവെ മലയാളികളായ മനുഷ്യരുടെ ലക്ഷണം.........
സുസ്മേഷ് ചന്ത്രോത്ത് എഴുതിയ അപസര്‍പക സാമൂഹിക നിരീക്ഷകന്‍ എന്ന കഥയില്‍ നിന്ന് (മാതൃഭൂമി ആഴ്ചപ്പതിപ്പ്)

പേര് സൂചിപ്പിക്കുന്ന പോലെ ചില നിരീക്ഷണങ്ങളാണ് ഈ കഥ എന്ന് വേണമെങ്കില്‍ പറയാം.വായനക്ക് ശേഷവും നമ്മെ അസ്വസ്ഥമാക്കുന്ന പൊള്ളിക്കുന്ന ചില നിരീക്ഷണങ്ങള്‍.നാം സൌകര്യപൂര്‍വ്വം കാണാതെ പോയ്ക്കളയുന്ന ചില വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ നമ്മുടെ മുന്നിലേക്ക് പിടിച്ചു നിര്‍ത്തി ഊറിച്ചിരിക്കുകയാണ് ഈ കഥാകാരന്‍.

ഒരു കഥയുടെ ചിട്ടവട്ടങ്ങളില്‍ ഈ കഥ ഒതുങ്ങുന്നുണ്ടോ എന്ന് ശങ്കിക്കുമ്പോഴും ഇങ്ങനെ ചില ചിട്ടവട്ടങ്ങളുടെ സുഖാലസ്യത്തില്‍ വായിച്ചു രസിക്കുക മാത്രമല്ലല്ലോ കഥയുടെ/കലയുടെ ലക്‌ഷ്യം എന്നൊരു ചോദ്യം ഉള്ളില്‍ ഉയരുന്നുണ്ട്.ഒന്നോ രണ്ടോ പതിറ്റാണ്ടിനു ശേഷം ഇക്കഥ വായിക്കുന്ന തലമുറയുടെ കണ്ണുകളില്‍ വിടരുന്ന അത്ഭുതവും അമ്പരപ്പും കാണാനാവുന്നുമുണ്ട്. 
.
രഘുവും,വാസന്തിയും,അമിതും,ഭാമയും ചിരുതയും ഒക്കെ നാം തന്നെയാണല്ലോ എന്നൊരു വിചാരം പിന്നെയും പിന്നെയും ഉള്ളില്‍ നിന്ന് തികട്ടിവന്ന് അലോസരപ്പെടുത്തുന്നത് കഥാകാരന്റെ മിടുക്ക് തന്നെയാണല്ലോ.

ഈ കഥയിലൂടെ നടത്തുന്ന നിരീക്ഷണങ്ങള്‍ ഒട്ടും അതിശയോക്തിപരമല്ലെന്ന് ഏതൊരു  മലയാളിയും തലകുലുക്കി സമ്മതിക്കും.

"...പൂച്ച പാലുകുടിക്കുന്നതുപോലെ,മിണ്ടാപ്പൂച്ച കലമുടയ്ക്കും ഇതൊക്കെ കഴിഞ്ഞ ദശാബ്ദത്തിനു മുമ്പ് വരെ കേരളത്തില്‍ സ്ത്രീ പുരുഷ സംസര്‍ഗത്തെ സൂചിപ്പിക്കാന്‍ വ്യംഗ്യമായി ഉപയോഗിച്ചിരുന്ന പഴഞ്ചൊല്ലുകളാണ്.ഇപ്പോള്‍ സംസാരത്തില്‍ ചെറുപ്പക്കാരാരും പഴഞ്ചൊല്ലുകള്‍ കൂട്ടിക്കെട്ടാറില്ല..."

"....തുണി,സ്വര്‍ണ്ണം,പുറത്തെ ഭക്ഷണം എന്നിവകളോടുള്ള രോഗാതുരമായ താല്‍പര്യത്തെ പൊതുവികാരമാക്കി വളര്‍ത്തുന്നതില്‍ ജാതിമതഭേദമന്യേ സ്ത്രീകളാണ് ഉത്സാഹം പ്രകടിപ്പിച്ചു വരുന്നത്...." 

"....ഏറ്റവും നിഷ്കളങ്കത അഭിനയിക്കാന്‍ നിത്യവും ആള്‍ക്കണ്ണാടിക്ക് മുന്നിലുള്ള ഏകാംഗ പരിശീലനം.സെല്‍ഫോണിനെ ലൈംഗീകോപകരണമാക്കിയിട്ടുള്ള ഏകാന്ത രതിവിനോദസഞ്ചാരങ്ങള്‍........." 
ഇങ്ങനെ മൂര്‍ച്ചയുള്ള ചില നിരീക്ഷണങ്ങള്‍ കൊണ്ട് മലയാളിയുടെ പൊള്ളയായ ചില കെട്ടുകാഴ്ച്ചകളെ കുത്തി നോവിക്കുന്നുണ്ട് ഈ കഥാകാരന്‍.   

സ്ത്രീ പീഡനങ്ങള്‍ക്കും ലൈംഗീക ആരാജകത്വങ്ങള്‍ക്കും എതിരെ ഏറ്റവുമധികം ഒച്ചവെക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയാണ് ഓണ്‍ ലൈന്‍ സൌഹൃദങ്ങള്‍ എന്ന ഭംഗിയുള്ള പെരിട്ടുകൊണ്ട് വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ രാവും പകലും സൈബര്‍ ഒളിസേവനടത്തിക്കൊണ്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ നിത്യക്കാഴ്ചയാണല്ലോ.പ്രണയം എന്ന വാക്കുപോലും അശ്ലീലമായി തോന്നിപ്പോകുന്നൊരു അധ:പതനം.

ഇങ്ങനെയൊരു കാലത്ത്  അപസര്‍പക സാമൂഹിക നിരീക്ഷകന്‍ മലയാളിയുടെ ഉള്ളിലെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കൂടിയാവുന്നു.

“............വിവാഹമോചിതരായ ശേഷവും ഇരുവരും കണ്ടുമുട്ടുകയും അശ്ലീലമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള മര്യാദവചനങ്ങള്‍ ഉരുവിടുകയും പരസ്പരം ചേര്‍ക്കാതെ ആശ്ലേഷിക്കുകയും ചെയ്യുന്നു.......
രഞ്ജിത്തിന്‍റെ സ്പിരിറ്റ്‌സിനിമയില്‍ കണ്ട ഇത്തരം ചെടിപ്പിക്കുന്ന രംഗങ്ങള്‍ ഓര്‍ത്തുപോകുന്നു ഇത് വായിക്കുമ്പോള്‍.ദാമ്പത്യജീവിതം ഭംഗിയായി അഭിനയിച്ചു തീര്‍ക്കുന്ന മലയാളിയുടെ പൊള്ളത്തരങ്ങളും ഗതികേടുകളും എത്ര സത്യസന്ധമായാണ് സുസ്മേഷ് തുറന്നു കാണിക്കുന്നത്.

 “..........ഇപ്പോള്‍ രഘുവിനും വാസന്തിക്കും ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും സ്ഥാനം നല്‍കി തൃപ്തിപ്പെടുത്തുന്നത് യന്ത്രങ്ങളാണ്.ശരിക്കും പറഞ്ഞാല്‍ മടിത്തടക്കൂട്ടങ്ങളായ കമ്പ്യൂട്ടറും ചലന ചിത്രങ്ങള്‍ കാണാന്‍ കഴിയുന്ന കൈഫോണുകളും ...........”.ഈ വരികള്‍ ശരിക്കും ഉള്‍ക്കിടിലമുണ്ടാക്കുന്നു.. ഇതൊരു വര്‍ത്തമാന കാല യാഥാര്‍ത്ഥ്യമാണല്ലോ എന്ന തിരിച്ചറിവില്‍.
നിത്യവും വശീകരണ യന്ത്രത്തിന്റെയും,ലൈംഗീക ഉത്തേജക മരുന്നുകളുടെയും പരസ്യങ്ങള്‍ കൊണ്ട് സമ്പന്നമായ പത്രങ്ങളും, റിയാലിറ്റി ഷോകളുടെയും  സീരിയലുകളിലൂടെയും മറവില്‍  എല്ലാ വൃത്തികേടുകള്‍ക്കും കളമൊരുക്കുന്ന ചാനലുകളും സ്ത്രീപീഡനങ്ങള്‍ക്കും മലയാളിയുടെ ലൈംഗീക അപചയങ്ങള്‍ക്കും എതിരെ രോഷം കൊള്ളുകയും മുതലക്കണ്ണീര്‍ ഒഴുക്കുകയും ചെയ്യുന്ന ഈ കെട്ട കാലത്ത് ഇങ്ങനെ ചില പൊള്ളുന്ന സത്യങ്ങള്‍ വിളിച്ചു പറയുവാന്‍ മുന്നോട്ടു വരേണ്ടത് കഥാകാരന്‍റെ ധര്‍മ്മമാണല്ലോ.അങ്ങനെയുള്ള എഴുത്തുകാരായത് കൊണ്ടല്ലേ പൊന്‍കുന്നം വര്‍ക്കിയും ബഷീറും ഒക്കെ ഇന്നും നമ്മുടെ മനസ്സില്‍ ആദരവോടെ നില്‍ക്കുന്നതും.എഴുത്ത് ഒരു ആയുധമാണ് എന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ട്.

 ഈ അടുത്തകാലത്ത് വായിച്ച കഥകളില്‍ പ്രമേയത്തിന്റെ ശക്തികൊണ്ടും ശൈലിയുടെ വ്യത്യസ്തത കൊണ്ടും വേറിട്ട്‌ നില്‍ക്കുന്നു സുസ്മേഷ് ചന്ത്രോത്ത് എഴുതിയ  അപസര്‍പക സാമൂഹിക നിരീക്ഷകന്‍’.
ചിലപ്പോള്‍ ഈ കഥ കൂടുതല്‍ ആഴത്തില്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നത് വരും കാലങ്ങളില്‍ ആവും.അത്രമേല്‍ ശക്തമാണ് ഈ നിരീക്ഷണങ്ങള്‍.

10 comments:

 1. ചിലപ്പോള്‍ ഈ കഥ കൂടുതല്‍ ആഴത്തില്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നത് വരും കാലങ്ങളില്‍ ആവും. നല്ല നിരീക്ഷണം.

  ReplyDelete
 2. കഥ വായിക്കാന്‍ കഴിഞ്ഞിട്ടില്ല.വായിച്ചുനോക്കട്ടെ!
  ആശംസകള്‍

  ReplyDelete
 3. സമകാലികസത്യങ്ങള്‍

  ReplyDelete
 4. രഘുവിനും വാസന്തിക്കും ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും സ്ഥാനം നല്‍കി തൃപ്തിപ്പെടുത്തുന്നത് യന്ത്രങ്ങളാണ്...

  വളരെ ശ്രധിക്കെണ്ടൊരു കാര്യമാണ് ആ വാചകം .
  ലോകം ഓടുന്നത് യന്ത്രം കൊണ്ടുള്ള സംഭോഗ പ്രക്രിയയിലെക്കാവും
  ആവും ..

  വായിക്കുന്നതാണ് ...ശ്രധ്പെടുതിയതിനു നന്ദി

  ReplyDelete
 5. പരിചയപ്പെടുത്തലിനു നന്ദി.

  ReplyDelete
 6. സുസ്മേഷിന്റെ കഥ താല്‍പ്പര്യപൂര്‍വ്വമാണ് വായിച്ചത്. നിരീക്ഷണങ്ങളിലെ വ്യത്യസ്ഥതകൊണ്ട് ഈ കഥയുടെ പ്രമേയം ശ്രദ്ധേയമാണ്. ഓരോ നിരീക്ഷണവും ചാട്ടുളിപോലെ വായനക്കരന്റെ നേരെ കുതിച്ചെത്തുന്നു. അയ്യോ ഇത് എന്നെപ്പറ്റിയാണല്ലോ എന്ന് ഓരോ വായനക്കാരനും ഒരു നടുക്കത്തോടെ അറിയുന്നു....

  കഥയുടെ ട്രീറ്റ്മെന്റും ഏറെ പുതുമ പുലര്‍ത്തി. കഥകളുടെ വ്യവസ്ഥാപിതമായ ഘടനകളെ സുസ്മേഷ് പൊളിച്ചെഴുതുന്നു. പ്രമേയം കൊണ്ടും ഘടനകൊണ്ടും ശ്രദ്ധേയമായി സസ്മേഷിന്റെ കഥ...

  ഇത്തരമൊരു വിലയിരുത്തല്‍ എന്തുകൊണ്ടും നല്ലത്. സുസ്മേഷ് കൂടി അംഗമായ ഫേസ് ബുക്കിലെ കഥ ഗ്രൂപ്പില്‍ ഞാനിത് ചര്‍ച്ചക്ക് വെക്കുന്നു....

  ReplyDelete
 7. കഥ വായിച്ചിട്ടില്ല... ഈ കുറിപ്പ് ഭംഗിയായി.

  ReplyDelete
 8. കഥ ഞാനും വായിച്ചിട്ടില്ല..

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ