Friday, June 15, 2012

നഗരത്തിരക്കിലെ വയല്‍



വേനല്‍ കത്തി നിന്ന ഒരു മധ്യാഹ്നത്തില്‍ ആണ് നീ എന്റെ ഹൃദയത്തിലേക്ക് ഇറങ്ങിവന്നത്.നഗരത്തിരക്കില്‍ നാം വിരലുകള്‍ കോര്‍ത്തു നടന്നപ്പോള്‍ ചുറ്റുമുള്ള ലോകത്തിന്റെ ബഹളം അറിയുന്നേ ഉണ്ടായിരുന്നില്ല.
നഗരവീഥി എപ്പോഴാണ് ഒരു നാട്ടുപാതയായി മാറിയത്.പേരറിയാപ്പഴങ്ങള്‍ കായ്ച്ചു നില്‍ക്കുന്ന മരത്തണലിലൂടെ ചേര്‍ത്ത് പിടിച്ചു നടക്കുമ്പോഴും ഭംഗിയുള്ള കണ്ണുകള്‍ ഇടയ്ക്കിടെ എന്റെ മുഖത്ത് തറഞ്ഞു നില്‍ക്കുന്നത് അറിയുന്നുണ്ടായിരുന്നു.പൂക്കളുതിര്‍ന്നു വീണ വഴി എപ്പോഴാണ് നീണ്ടു കിടക്കുന്ന വിജനമായ വയലിന് നടുവിലൂടെയുള്ള ഒറ്റയടിപ്പാതയായി മാറിയത്...കത്തുന്ന വെയിലിനു പകരം നിലാവിന്റെ തണുപ്പ് വീണത്‌.വയലിന് നടുവിലെ കൈതച്ചെടിക്കൂട്ടങ്ങള്‍ ഒരുക്കിയ മറയില്‍ ചൂടുള്ള പ്രണയ സമ്മാനത്തിന്റെ മധുരം നുണഞ്ഞത്......
പെയ്യാന്‍ കൊതിച്ചു നില്‍ക്കുന്ന മഴമേഘങ്ങള്‍ക്ക് ചുവട്ടില്‍ ദാഹാര്‍ത്തയായി ഒഴുകുന്ന പുഴക്കരയില്‍ ഇരുളാവുവോളം നാം കണ്ണില്‍ കണ്ണില്‍ നോക്കി തനിച്ചിരുന്നത്.....കഥകള്‍ പറഞ്ഞത്........................

ഇല്ല ബഹളം നിറഞ്ഞ നഗരത്തിരക്കില്‍ കത്തിനില്‍ക്കുന്ന വേനല്‍ സൂര്യന് കീഴില്‍ ഞാന്‍ ഇപ്പോഴും തനിച്ചേ ഉള്ളൂ.ഈ നഗരത്തിനു നടുവില്‍ വയലും കൈതക്കൂട്ടവും പുഴയുമെല്ലാം എന്റെ ഭ്രമാത്മക ചിന്തകള്‍ മാത്രം .
പക്ഷെ എന്റെ കൈവിരലുകളില്‍ ഇപ്പോഴും നിന്റെ വിരലുകളുടെ തണുപ്പും സുഗന്ധവും ബാക്കി നില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമല്ലെന്ന് ഞാനെങ്ങനെ സമ്മതിക്കും .....എത്ര ശ്രമിച്ചിട്ടും മായ്ക്കാന്‍ കഴിയാത്ത നിന്റെ ഓര്‍മ്മകള്‍ പോലെ ...

8 comments:

  1. ഗൃഹാതുരത്വമുണര്‍ത്തിയ വരികള്‍ ..ആശംസകള്‍

    ReplyDelete
  2. നിര്‍മലമായ വരികള്‍. കഥ ആണെന്ന് പറയാന്‍ കഴിയില്ല ..മൂടാടി മാഷിന്റെ ലേഖനങ്ങള്‍ വളരെ മികച്ചവ ആണ് .ട്ടോ ..

    ReplyDelete
  3. നല്ല വരികള്‍ ..ആശംസകള്‍

    ReplyDelete
  4. മനോഹരമായിരിക്കുന്നു.

    ReplyDelete
  5. അല്പ്പം കൂടി എഴുതാമായിരുന്നു. എങ്കില്‍ ഒരു കഥയുടെ പൂര്‍ണ്ണതയിലേക്ക് എത്തിയേനെ...നല്ല വരികള്‍...

    ReplyDelete
  6. നന്നായിട്ടുണ്ട്.........ആശംസകള്‍

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ