Tuesday, October 31, 2017

സങ്കടത്തിന്‌ കൂട്ടിരിക്കുന്ന ചില വെളിച്ചങ്ങൾ

2016 ജൂലായ് 25 ന് fb യിൽ ഇട്ടത്

ആളൊഴിഞ്ഞ് അനക്കമറ്റ തെരുവുകളും ഇരുട്ടിലേക്ക് വീണുപോയ എടുപ്പുകളുമായി  ഉറക്കത്തിലാണ്ടുപോയ നഗരങ്ങളിലൂടെ പാതിരാത്രികളിൽ  നിങ്ങൾ സഞ്ചരിച്ചിട്ടുണ്ടോ?

 നഗരവഴിക്കരകളിൽ ആകാശത്തിലേക്ക് എകർന്നു പോകുന്ന ആശുപത്രിക്കെട്ടിടങ്ങളിലെ ചില മുറികളിൽ മാത്രം നിറഞ്ഞ വെളിച്ചം കത്തി നിൽക്കുന്നുണ്ടാകും. ആ വെളിച്ചങ്ങളിൽ ഏറെയും സങ്കടങ്ങളുടെ കൂട്ടിരിപ്പുകാരണല്ലോ എന്നത് പുറത്തെ ഇരുട്ടുപോലെ നമ്മെ തൊടും.

ICU വിനു പുറത്തെ കസേരകളിൽ നിശ്ശബ്ദരായിരിക്കുന്നവർ. ചില്ലു വാതിലിനുള്ളിലെ ഏറ്റവും പ്രിയപ്പെട്ടൊരു ജീവനെ തിരിച്ചു കിട്ടാനുള്ള പ്രാർത്ഥനകൾ മാത്രമായിരിക്കും അവരുടെ ഉള്ളിൽ. കൂടെയുള്ളവർ വാക്കുകളില്ലാതെ കൈകൾ ചേർത്തു പിടിച്ച് ആശ്വാസമായി അരികിലിരിക്കും. അപ്പോൾ കഴിഞ്ഞുപോയ കാലത്തെ ഒപ്പമുണ്ടായിരുന്ന നല്ലയോർമ്മകളൊക്കെ ഉള്ളിലേക്ക് കുതിച്ചെത്തി കരയിക്കും...

അപ്പുറത്തൊരു മുറിയിൽ പങ്കയുടെ മൂളിച്ചക്ക് ചോട്ടിലൊരു ഇരുമ്പുകട്ടിലിൽ വേദനകൊണ്ട് പുളയുന്നൊരു  പ്രിയത്തെ ചേർത്തു പിടിച്ച് ആശ്വാസവാക്കുകൾ കൊണ്ട് പുതപ്പിക്കുന്നുണ്ടാവും ഒരാൾ. വേദനയുടെ പിടച്ചിലിലും ഇടക്ക് നമ്മുടെ മക്കളെന്നൊരു തേങ്ങലുയരും. അപ്പോൾ നിലയില്ലാക്കയത്തിലേക്ക് വീണുപോവുന്ന സങ്കടത്തോടെ  അയാൾ......

 ഇടനാഴിക്കപ്പുറത്ത് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി ഒരു ചെറുപ്പക്കാരൻ ശിലപോലെ നിൽക്കുന്നുണ്ടാകും. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ  വീട്ടിത്തീർക്കാൻ ആവാതെ പോയ ചില സന്തോഷങ്ങളെ ചൊല്ലിയുള്ള ഖേദം ഉള്ളിലിങ്ങനെ കുത്തി നോവിച്ചു കൊണ്ടിരിക്കും. പിച്ച വെക്കുമ്പോൾ മുറുകെ പിടിച്ച വിരലുകളിലൂടെ അപ്പോഴൊരു സ്നേഹത്തണുപ്പ് കരയിക്കും.  ഒരിക്കൽ കൂടിയെന്ന് ഉള്ളം പിന്നെയും പിന്നെയും കെഞ്ചും.........

ഇതൊക്കെ എത്ര കണ്ടതെന്ന ഭാവത്തോടെ ഒരു അങ്ങാടിപ്രാവ് കെട്ടിടത്തിന്റെ ഇരുട്ടു മൂലയിലെ കൂട്ടിൽ ഉറക്കം പിടിച്ചിട്ടുണ്ടാകും. പകൽതിരക്കിൽ തീറ്റ തേടിപ്പറക്കാനുള്ള സ്വപ്നങ്ങളിലേക്കാവും അതിന്റെ ചിറകുകൾ വിടരുന്നത്.

ഉറക്കത്തിലാണ്ടുപോയ നഗരങ്ങളിലെ  ആശുപത്രി ജാലകങ്ങളിലൂടെ ചിതറുന്ന വെളിച്ചങ്ങൾ  സങ്കടങ്ങളായി കൂടെപ്പോരാറുണ്ട് പലപ്പോഴും.

1 comment:

  1. സങ്കടത്തിന്‌ കൂട്ടിരിക്കുന്ന ചില വെളിച്ചങ്ങൾ ..

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ