Tuesday, October 31, 2017

വിശപ്പിന്റെ രുചിയുള്ള 'ബിരിയാണി'


'നമ്മൾ ഒരാളോട് നമ്മുടെ വേവലാതികൾ പറയുമ്പോ കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും അങ്ങനെ ചില വേദനകളിലൂടെ ചെറുതായിട്ടിയൊന്ന്‌ കടന്നുപോയിരിക്കുകയെങ്കിലും വേണം. അല്ലാത്തവരോട് നമ്മളത് പറയരുത്. പറഞ്ഞാൽ നമ്മൾ സ്വയം കുറ്റവാളിയോ കോമാളിയോ ആയിത്തീരും'
(ബിരിയാണി-കഥ-സന്തോഷ് ഏച്ചിക്കാനം-മാതൃഭൂമി ആഴ്ചപ്പതിപ്പ്)

വെപ്പും തീനുമൊക്കെ പൊങ്ങച്ചവും ആഘോഷവുമായി മാറിയൊരു കാലത്ത്, എണ്ണമില്ലാത്തത്രയും തീറ്റപ്പണ്ടങ്ങൾ ഏറ്റവും രുചിയോടെ വിളമ്പി പത്രാസും പെരുമയും നേടാൻ മത്സരിക്കുന്ന കാലത്ത്, വിശപ്പില്ലാത്തവന്റെ മുന്നിൽ വിളമ്പിയതിൽ പാതിയും തീന്മേശയിലും പിന്നെ 'ദമ്മ്‌ പൊട്ടിക്കാതെ' ചെമ്പിലും ബാക്കിയാവുന്നത് കുഴിച്ചു മൂടിയും അന്നം കൊണ്ട് ആറാട്ട് നടത്തുന്ന,  തിന്ന് തിന്ന് 'കഥയില്ലാതായിപ്പോയ' ഒരു സമൂഹത്തിനു മുന്നിലാണ്  സന്തോഷ് ഏച്ചിക്കാനത്തിന്റെ  'ബിരിയാണി' എന്ന  കഥ പ്രസക്തമാവുന്നത്.

കഥയെഴുത്തിന്റെ സൗന്ദര്യം കൊണ്ട് മാത്രമല്ല കുറഞ്ഞ നാളുകൾ കൊണ്ട് ഈ കഥ മലയാളികളിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ടത്, മറിച്ച് വലിയൊരു  സാമൂഹിക പ്രശ്നം   ലളിതവും ശക്തവുമായി അവതരിപ്പിക്കുന്നത് കൊണ്ട് കൂടിയാണ്.

ഹസൈനാർച്ചയോടൊപ്പം കലന്തൻ ഹാജിയുടെ വീട്ടിലേക്ക് പണിക്കായി എത്തിയ ഗോപാൽ യാദവിനെ എതിരേറ്റത് പഞ്ചാബിൽ നിന്ന് നേരിട്ട് കൊണ്ടുവന്ന ബസ്മതി അരി വേവുന്ന കൊതിപ്പിക്കുന്ന സുഗന്ധമാണ്. ആ ഗന്ധം അയാളെ ഭാര്യ മാതംഗിയുടെ ഗർഭകാലം ഓർമ്മിപ്പിച്ചു. ഷുക്കൂർ മിയയുടെ കടയിൽ വെച്ച് ആ വിലപിടിച്ച അരി അയാൾക്ക് കാണിച്ചു കൊടുക്കുമ്പോൾ  തങ്ങളെപ്പോലുള്ള പാവങ്ങൾക്ക്  അതൊരിക്കലും വിലകൊടുത്തു വാങ്ങി ഉണ്ണാൻ കഴിയില്ല എന്നറിയാമെങ്കിലും  ആ വാസനയേറ്റ് അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു. ഗർഭിണിയായ അവളുടെ മോഹത്തെ തന്റെ പരിധിയിൽ നിന്ന് കൊണ്ട് അയാൾ സാധിപ്പിച്ചു കൊടുത്തത് അമ്പത് ഗ്രാം അരി അവൾക്ക് കൊറിക്കാൻ വാങ്ങി കൊടുത്തുകൊണ്ടാണ്.

 ഒരു പശുക്കുട്ടിയെപ്പോലെ  വീട്ടിലെത്തും വരെ ചവച്ചരച്ച അരിമാവ് പാലുപോലെ കടവായിലൂടെ ഒഴുകിയ അവളെ  അത് തുടക്കാൻ സമ്മതിക്കാതെ കൗതുകത്തോടെ നോക്കി നിന്ന ഓർമ്മയിലേക്ക് ആ ഗന്ധം അയാളെ കൂട്ടിക്കൊണ്ടുപോയി.

നാലായിരം പേർക്ക് ഗംഭീര വിരുന്നൊരുക്കുന്ന കലന്തൻ ഹാജിയുടെ വീട്ടു വളപ്പിലേക്ക് ഗോപാൽ യാദവിനെ വിളിച്ചു കൊണ്ടുപോയി വലിയൊരു കുഴികുത്താൻ ഏല്പിച്ച സിനാൻ എന്ന ഫ്രീക്കൻ  ചെറുപ്പക്കാരൻ  മൊബൈലിൽ നോക്കി പറഞ്ഞപ്പോഴാണ് 'ലാൽ മാത്തിയ'  എന്ന തന്റെ നാടുപോലും ഇപ്പോൾ ബീഹാറിൽ അല്ല ജാർഖണ്ഡിൽ ആണ് എന്ന് അയാൾ അറിയുന്നത്. തന്നെപ്പോലെ തന്റെ നാടും നാട് വിട്ടിരിക്കുന്നു!

ലാൽ മാത്തിയയിലെ ഖനനം നിന്ന കൽക്കരിപ്പാടങ്ങളിൽ നിന്ന്  സൈക്കിളിൽ ഇരുനൂറ്റമ്പത് കിലോ കൽക്കരി കയറ്റി നാൽപതു കിലോമീറ്ററും അതിലധികവും ദൂരം തള്ളിയാൽ, പൊലീസുകാരുടെയും ഗുണ്ടകളുടെയും എല്ലാം പിരിവു കഴിച്ചു ബാക്കി വരുന്ന പത്തുരൂപ കൊണ്ട് ജീവിച്ച കാലം, ഹസൈനാർച്ച പേശിയുറപ്പിച്ച ഇരുനൂറ്റിയമ്പത് രൂപക്ക് കുഴിയെടുക്കുമ്പോൾ  അയാൾ ഓർത്തു. ആ ഓർമ്മകളിൽ,  രാവിലെ പുഴുങ്ങിയ പച്ചക്കറിയോടൊപ്പം കഴിച്ച ഇത്തിരി ചോറിന്റെ ബലത്തിൽ   കുഴിയെടുത്തു കഴിയുമ്പോൾ രാത്രി പതിനൊന്നായിരുന്നു.

വിരുന്നു കഴിഞ്ഞ്  അതിഥികൾ പിരിഞ്ഞ വീട്ടിൽ നിന്നും വീപ്പകളിൽ കൊണ്ട് വന്നു തള്ളിയ ബാക്കി വന്ന ഇറച്ചിയും ചോറും കണ്ട് അയാൾ സ്തംഭിച്ചു നിന്നു. ദമ്മ്‌ പൊട്ടിക്കാത്ത ഒരു ചെമ്പ് ബിരിയാണി കൂടി കുഴിയിലേക്കിട്ടു കഴിഞ്ഞു കുഴി വെട്ടിമൂടാൻ പറഞ്ഞപ്പോഴും അയാൾ മരവിച്ചു നിൽക്കുകയായിരുന്നു.

ഗൊദ്ദയിൽ നിന്ന് പാതിരാത്രി സൈക്കിൾ ചവിട്ടി വീട്ടിലെത്തുമ്പോൾ തന്നെയും കാത്ത് വിശന്നുപൊരിഞ്ഞ്‌ അവസാനം മണ്ണു വാരിത്തിന്ന് ഉറങ്ങുന്ന പയർവള്ളിയേക്കാൾ മെലിഞ്ഞ കഴുത്തും ഉന്തിയ വയറും ഉള്ള മകളായിരുന്നു അയാളുടെ മനസ്സിൽ.

എച്ചില് മുഴുവൻ ചവിട്ടിയൊതുക്കി കുഴി മണ്ണിട്ട് മൂടുമ്പോൾ സിനാൻ ചോദിച്ചു
"ഭായീ ഭായിക്കെത്ര മക്കളാ?"
"ഒരു മോള്"
"എന്താ പേര്"
"ബസ്മതി"
..........
"പഠിക്യാണോ?"
"അല്ല"
"പിന്നെ?"
"മരിച്ചു"
.....
"എങ്ങനെ?"
"വിശന്നിട്ട്‌"
ഗോപാൽ യാദവ് ഒരു കൈക്കോട്ട് മണ്ണ് കൂടി ബസ്‌മതിക്കുമേൽ കൊത്തിയിട്ടു. പിന്നെ കുറെ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു.

ഒരു നടുക്കം ഉള്ളിൽ ഉണർത്തിക്കൊണ്ട് കഥ ഇങ്ങനെ അവസാനിക്കുമ്പോൾ,
ആഢ്യത്വം തെളിയിക്കാൻ വേണ്ടി ധൂർത്തും പൊങ്ങച്ചവും നിറഞ്ഞ  വിരുന്നൊരുക്കി മത്സരിക്കുന്ന, വിഭവങ്ങളുടെ എണ്ണവും രുചിയും പുതുമയും അന്തസ്സായി കരുതുന്ന  ഞാനും നിങ്ങളുമടക്കമുള്ള മലയാളി സമൂഹം ഒരുപാട് ചോദ്യത്തിന് ഉത്തരം പറയേണ്ടതുണ്ട്.

എത്രയോ പേർ കഴിക്കേണ്ട ഭക്ഷ്യ വിഭവങ്ങളിങ്ങനെ  ധൂർത്തടിച്ചു കളയുമ്പോൾ പട്ടിണി കൊണ്ട് മരിച്ചു തീരുന്ന ഒരുപാട് ബസ്മതിമാർ നമുക്ക് ചുറ്റുമുണ്ട് എന്നതൊരു നേര് മാത്രമാണ്. ദൗർഭാഗ്യവശാൽ ഇതൊക്കെ തിരുത്താൻ മുന്നിട്ടിറങ്ങേണ്ടവർ തന്നെ ഇത്തരം ആർഭാട വിരുന്നുകളിൽ മുഖ്യാതിഥികൾ ആവുന്നത്  നിത്യക്കാഴ്ചയാണ്. ആഹാരം വിശപ്പടക്കാൻ എന്നതിൽ നിന്ന് രുചിമോഹങ്ങളെ തൃപ്തിപ്പെടുത്താനും അതിൽ നിന്നും മാറി പൊങ്ങച്ചവും പത്രാസും കാണിക്കാൻ ഉള്ള ഉരുപ്പടിയും ആയി മാറിയത് നാടിന്റെയും മനുഷ്യരുടെയും സാംസ്കാരികമായ ഉന്നതിയല്ല അധഃപതനമാണ്  വിളിച്ചു പറയുന്നത്.

 ഇത്തരം സാമൂഹ്യാവസ്ഥകളിൽ മാറ്റത്തിന് കാരണമാകാൻ കലയ്ക്കും സാഹിത്യത്തിനും കഴിയണം. അതുകൊണ്ടു തന്നെ സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' കഥ എന്നതിലുപരി ഒരു സാമൂഹിക പ്രശ്നം എന്ന രീതിയിൽ ഉറക്കെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

1 comment:

  1. എത്രയോ പേർ കഴിക്കേണ്ട ഭക്ഷ്യ
    വിഭവങ്ങളിങ്ങനെ ധൂർത്തടിച്ചു കളയുമ്പോൾ
    പട്ടിണി കൊണ്ട് മരിച്ചു തീരുന്ന ഒരുപാട് ബസ്മതിമാർ
    നമുക്ക് ചുറ്റുമുണ്ട് എന്നതൊരു നേര് മാത്രമാണ്. ദൗർഭാഗ്യവശാൽ
    ഇതൊക്കെ തിരുത്താൻ മുന്നിട്ടിറങ്ങേണ്ടവർ തന്നെ ഇത്തരം ആർഭാട
    വിരുന്നുകളിൽ മുഖ്യാതിഥികൾ ആവുന്നത് നിത്യക്കാഴ്ചയാണ്. ആഹാരം
    വിശപ്പടക്കാൻ എന്നതിൽ നിന്ന് രുചിമോഹങ്ങളെ തൃപ്തിപ്പെടുത്താനും അതിൽ
    നിന്നും മാറി പൊങ്ങച്ചവും പത്രാസും കാണിക്കാൻ ഉള്ള ഉരുപ്പടിയും ആയി മാറിയത് നാടിന്റെയും മനുഷ്യരുടെയും സാംസ്കാരികമായ ഉന്നതിയല്ല അധഃപതനമാണ് വിളിച്ചു പറയുന്നത്.

    ഇത്തരം സാമൂഹ്യാവസ്ഥകളിൽ മാറ്റത്തിന് കാരണമാകാൻ
    കലയ്ക്കും സാഹിത്യത്തിനും കഴിയണം. അതുകൊണ്ടു തന്നെ സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' കഥ എന്നതിലുപരി ഒരു സാമൂഹിക
    പ്രശ്നം എന്ന രീതിയിൽ ഉറക്കെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ