Saturday, June 13, 2015

ഓരോ ധാന്യമണികള്‍ക്കും അവകാശികളുണ്ട്






നമ്മുടെ നാട്ടിന്‍പുറത്തെ സാദാ പലചരക്കുകട മുതല്‍ ഗള്‍ഫിലെ ഹൈപ്പര്‍ സൂപ്പര്‍ മാര്‍കറ്റുകളില്‍ വരെ ഏറ്റവുമധികം ഭക്ഷ്യ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുകയും വിറ്റഴിക്കുകയും ചെയ്യുന്നത് മുസ്ലിംകള്‍ പകല്‍ മുഴുവനും അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്ന റമദാന്‍ മാസത്തിലാണ് എന്നതും നോമ്പ് മാസം റാഹത്തായികഴിക്കുവാന്‍ വേണ്ടി മുസ്ലിംകള്‍ തന്നെയാണ് ഇത് വാങ്ങിക്കൂട്ടുന്നത് എന്നതും ഒരു പരമാര്‍ത്ഥം മാത്രമാണ്.

ആഹാരകാര്യങ്ങളില്‍ മിതത്വം പാലിക്കാന്‍ കല്‍പ്പിക്കപ്പെട്ട സമുദായം, ദിവസത്തിലെ സാധാരണ ആഹാരം കഴിക്കുന്ന വലിയൊരു സമയം അന്ന പാനീയങ്ങള്‍ വെടിഞ്ഞു ജീവിക്കുന്ന ഒരുമാസമാണ് ഏറ്റവുമധികം ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടുകയും പലതരം വിഭവങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു എന്നത് വിരോധാഭാസമല്ലേ?

കൊച്ചുകുഞ്ഞുങ്ങള്‍ പോലും നോമ്പ് നോല്‍ക്കാന്‍ ശുഷ്കാന്തി കാണിക്കുന്ന ഈ കാലത്ത്,  രോഗികളോ അവശരോ ആയ അപൂര്‍വ്വം ആളുകളൊഴിച്ച് ഭൂരിപക്ഷം മുസ്ലിംകളും നോമ്പെടുക്കുന്ന ഈ മാസത്തില്‍ ഭക്ഷ്യ സാധനങ്ങളുടെ (എണ്ണ, ധാന്യങ്ങള്‍, പച്ചക്കറി, ഫ്രൂട്ട്സ്, ഇറച്ചി, മീന്‍ ..) ചിലവ് ശരിക്കും പകുതിയെങ്കിലും കുറയുകയല്ലേ വേണ്ടത്!

വിശപ്പിനെ അറിയാനും അതിലൂടെ പട്ടിണിക്കാരനോട് അനുഭാവം വര്‍ദ്ധിപ്പിക്കാനും ഭക്ഷണത്തിന്‍റെ വില മനസ്സിലാക്കാനും നോമ്പ് കൊണ്ട് നമുക്ക് സാധിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ?  പാഠവും പരിശീലനവും ആകേണ്ട നോമ്പുകാലം നേരെ വിപരീതമായ ഒരു തലത്തില്‍ ആക്കിത്തീര്‍ത്തത്‌ എങ്ങനെ?

വയറിന്‍റെ മൂന്നിലൊരുഭാഗം മാത്രം  ഭക്ഷണത്തിനും   ഒരു ഭാഗം വെള്ളത്തിനും  ബാക്കിഭാഗം  ശൂന്യമായി ഇടാനും ഉപദേശിച്ച, ആഹാരകാര്യങ്ങളില്‍ വളരെയധികം സൂക്ഷ്മത കൈക്കൊള്ളാന്‍ പഠിപ്പിച്ച പുണ്യപ്രവാചകന്‍ മുഹമ്മദ്‌ നബി മുസ്തഫ(സ:അ) യുടെ അനുയായികള്‍ ഇമ്മട്ടിലായിപ്പോയതെന്തേ?

പ്രലോഭനങ്ങളില്‍ നിന്ന് മനസ്സിനെയും പഞ്ചേന്ദ്രിയങ്ങളെയും നിയന്ത്രിക്കാനുള്ള പരിശീലനത്തിന്‍റെ മാസം കൂടിയായ റമദാനില്‍ നാക്കിന്‍റെ രുചിക്കപ്പുറം മറ്റു പ്രയോജനമൊന്നും ഇല്ലാത്തതും ശരീരത്തിന് ഏറെ ദോഷകരവുമായ ഈ വെക്കലും ഒരുക്കലുംനിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നോമ്പിന്‍റെ സാമൂഹികമായ ഒരു ധര്‍മ്മം ഈ സമുദായം അവഗണിക്കുകയല്ലേ?

നമ്മുടെ ചാനലുകളും വനിതാ പ്രസിദ്ധീകരണങ്ങളും ഒക്കെ നോമ്പ് കാലം എന്നാല്‍ പുതിയപുതിയ വിഭവങ്ങള്‍ ഉണ്ടാക്കുകയും പരീക്ഷിക്കുകയും ചെയ്യാനുള്ള മാസമാണ് എന്ന രീതിയില്‍ പ്രോഗ്രാമുകള്‍ ഒരുക്കുന്നുവെങ്കില്‍ ശരിക്കും അങ്ങനെ ഒരു ധാരണ മറ്റുള്ളവരില്‍ ഉണ്ടാക്കിയത് ആരാണ്? മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ പോലും പലര്‍ക്കും നോമ്പിനെ കുറിച്ചുള്ള ചെറുപ്പകാലത്തെ ഓര്‍മ്മകള്‍ എന്നാല്‍ നോമ്പ് തുറ വിഭവങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളാണ്.

ഓരോ നോമ്പുതുറസല്‍ക്കാരവും മിനി ഭക്ഷ്യ മേളകള്‍ ആണ്. വിഭവങ്ങള്‍ ഒരുക്കാനുള്ള തിരക്കില്‍ വീട്ടമ്മമാര്‍ക്ക് പലപ്പോഴും നമസ്കരിക്കാന്‍ പോലും നേരം കിട്ടാറില്ല. മുന്നില്‍ നിരത്തി വെക്കുന്ന വിഭവങ്ങളില്‍ മുക്കാലും ആര്‍ക്കും ആവശ്യമില്ലാതെ ബാക്കിയാവുകയും, നോമ്പായതിനാല്‍ പിറ്റേന്ന് പകല്‍ ഉപയോഗിക്കാന്‍ കഴിയാത്തത് കൊണ്ട് അത്  കുപ്പത്തൊട്ടിയില്‍ വലിച്ചെറിയപ്പെടുകയും ചെയ്യുന്നു!

ഇന്ന് പണമുള്ളവന് അങ്ങാടിയില്‍ യഥേഷ്ടം വാങ്ങിക്കുവാനും ദരിദ്രന് റംസാന്‍ കിറ്റായി ഉദാര മനസ്കര്‍ വീട്ടിലെത്തിച്ചു കൊടുക്കാനും ഉള്ളത് കൊണ്ട് സത്യത്തില്‍ ഈ ആഹാരം എങ്ങനെ ഉണ്ടാവുന്നു എന്നതും ഇത് കിട്ടാതായിപ്പോയാലുള്ള അവസ്ഥ എന്താണ് എന്നതും നാം ആലോചിക്കാറില്ല.

എന്നാല്‍ കൈയില്‍ എത്ര പണമുണ്ടെങ്കിലും ഭക്ഷ്യവസ്തുക്കള്‍ കിട്ടാതായിപ്പോകുന്ന ഒരവസ്ഥയെ കുറിച്ച് ചിന്തിച്ചിനോക്കിയിട്ടുണ്ടോ?  രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് അരിഭക്ഷണം കിട്ടാനില്ലാതെ റേഷനായി വിതരണം ചെയ്ത ചോളമടക്കം കഴിച്ചു വിശപ്പടക്കേണ്ടി വന്ന നമ്മുടെ മുന്‍തലമുറക്ക് അങ്ങനെ ഒരനുഭവമുണ്ട്. താളും തകരയും കഴിച്ചു ജീവന്‍ നിലനിര്‍ത്തിയ കാലം.

എത്ര പണമുണ്ടെങ്കിലും ശാസ്ത്രസാങ്കേതിക വിദ്യ എത്രയൊക്കെ വളര്‍ന്നാലും മറ്റെന്തെങ്കിലും ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് പോലെ ആവശ്യത്തിനനുസരിച്ച് ധാന്യങ്ങളോ പഴവര്‍ഗ്ഗങ്ങളോ ഇറച്ചിയോ മീനോ ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല. നിശ്ചിതമായ സമയവും അനുകൂലമായ പ്രകൃതി സാഹചര്യങ്ങളും അതിന് ആവശ്യമാണ്‌. അതുകൊണ്ട് തന്നെ നമ്മുടെ പണം കൊടുത്തു വാങ്ങിയതാണെങ്കിലും നാം ആവശ്യമില്ലാതെ വലിച്ചുവാരി കഴിക്കുന്നതും, ചവറ്റുതൊട്ടിയില്‍ വലിച്ചെറിയുന്നതും ആയ എല്ലാ ഭക്ഷ്യവസ്തുക്കളും മറ്റാരുടെയോക്കെയോ അവകാശമാണ് എന്നോര്‍ക്കുക. ഒരു ധാന്യമണി വളര്‍ത്തിക്കൊണ്ടുവരാനുള്ള കര്‍ഷകന്‍റെ പ്രയത്നത്തെയും അതിനുപിന്നിലുള്ള പ്രകൃതിയുടെ പ്രവര്‍ത്തനത്തെയും നമുക്ക് വിലയിടാനാവുകയില്ല.

എന്തുകൊണ്ടായിരിക്കും റമദാന്‍ നോമ്പവസാനിച്ച് പെരുന്നാള്‍ പിറ കാണുന്നതോടെ ഓരോ മുസ്ലിമിനും ഫിത്വര്‍ സകാത്ത്നിര്‍ബന്ധിതമായത് എന്ന് ചിന്തിച്ചാല്‍ അതില്‍ നിന്ന് വലിയൊരു പാഠം നമുക്ക് ലഭിക്കും.

അതാത് പ്രദേശങ്ങളിലെ ജനങ്ങള്‍ ഭക്ഷിക്കുന്ന,  ഏകദേശം രണ്ടരക്കിലോ ഭക്ഷ്യധാന്യമാണ് ഇതിനായി നല്‍കേണ്ടത് (പകരം പണം നല്‍കിയാല്‍ ഈ സകാത്തിന്‍റെ കടമ വീടുകയില്ല എന്ന് പണ്ഡിതര്‍ പറയുന്നു). നോമ്പുകാലത്ത് വന്നുപോയ പിഴവുകള്‍ ശുദ്ധീകരിക്കുന്നതോടൊപ്പം പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി ആവാതിരിക്കാനും കൂടിയാണ് ഈ നിര്‍ബന്ധിത ദാനം.

ധനം ഇഷ്ടംപോലെ കയ്യിലുണ്ടെങ്കിലും വിശപ്പടക്കാന്‍ ഭക്ഷണം കിട്ടാത്ത ഒരവസ്ഥയിലാണ് ഫിത്വര്‍ സക്കാത്തിന്‍റെ സൂക്ഷ്മതയും മഹത്വവും നാം മനസ്സിലാക്കുക. ധനിക ദരിദ്ര ഭേദമില്ലാതെ അന്ന് പിറന്നുവീണ കുട്ടിക്കുപോലും ഫിത്വര്‍ സക്കാത്ത് നല്‍കാന്‍ ബാധ്യസ്ഥമാണ്.

പ്രകൃതിക്ഷോഭമോ യുദ്ധമോ കലാപമോ കാരണം അഭയാര്‍ഥിക്യാമ്പുകളില്‍ കഴിയുന്ന മനുഷ്യര്‍- സമ്പന്നനും ദരിദ്രനും- ഒരു കഷണം റൊട്ടിക്ക് വേണ്ടി ദുരിതാശ്വാസ പ്രവര്‍ത്തകരുടെ വാഹനത്തിനു പിറകെ ഓടുന്ന ചിത്രം നാം ടീവിയിലൂടെയും പത്രങ്ങളിലൂടെയും കാണുന്നതാണ്. ഈ ഒരവസ്ഥ നമുക്ക് ഉണ്ടാവില്ല എന്നുറപ്പുണ്ടോ?

ദുരന്തങ്ങള്‍ ഒന്നുമില്ലെങ്കിലും ഇങ്ങനെയൊരു ഗതികേടിലെക്കാണ് ലോകം നീങ്ങുന്നത്. കൃഷിയിടങ്ങള്‍ ചുരുങ്ങിവരികയും കാലാവസ്ഥാ മാറ്റവും മറ്റും മൂലം കൃഷിനാശം സംഭവിക്കുകയും കാര്‍ഷികവൃത്തി ലാഭകരമല്ലാത്തതിനാല്‍ കര്‍ഷകര്‍ മറ്റു തൊഴിലുകള്‍ തേടുകയും ചെയ്യുമ്പോള്‍ ലോകമെങ്ങും ഭക്ഷ്യോത്പാദനം കുറഞ്ഞു കുറഞ്ഞു വരികയാണ്.

എന്തുകൊണ്ട് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാവുന്നു എന്നും അതാത് പ്രദേശങ്ങളിലെ ഭക്ഷ്യവസ്തുക്കള്‍ തന്നെ അതിനായി ഉപയോഗപ്പെടുത്തണമെന്നും കല്‍പിക്കപ്പെട്ടു എന്നും ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നൊരു കാലം നമുക്ക് മനസ്സിലാവും. നോമ്പുകാലം മുഴുവന്‍ ഭക്ഷ്യമേളയാക്കി നോമ്പുതുറ ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടിയവര്‍ നോമ്പ് തുറക്കാന്‍ ഒരു കാരക്ക ചീന്തിന് കൊതിക്കുന്ന കാലം വരാതിരിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം.

മണ്ണിന്‍റെ ഫലം മുഴുവന്‍ രാസവളം കൊണ്ട് ചോര്‍ത്തിയെടുത്തും കീടനാശിനി കൊണ്ട് ഭൂമിയുടെ അവകാശികളായ മറ്റു സകല ജീവികളെയും കൊന്നൊടുക്കിയും നാളെയെ മറന്ന് ഇന്നിന്‍റെ ആഘോഷത്തിന് വിത്തെടുത്തു കുത്തി തിന്നുന്ന കാലത്തിനൊപ്പം കണ്ണടച്ച് ഒഴുകുന്ന ഒരു സമൂഹമാണോ ഖുര്‍ആന്‍റെ അനുയായികളും....... ലോകത്തിന് വെളിച്ചമായ പ്രവാചകന്‍റെ ഉമ്മത്തികള്‍ ചിന്തിക്കുക. ആഹാര സാധനങ്ങള്‍ മിതമായി ചെലവാക്കുവാനുള്ള പരിശീലനകാലം കൂടിയാവട്ടെ പരിശുദ്ധ റമദാന്‍.


5 comments:

  1. ‘ഓരോ നോമ്പുതുറസല്‍ക്കാരവും മിനി ഭക്ഷ്യ മേളകള്‍ ആണ്. വിഭവങ്ങള്‍ ഒരുക്കാനുള്ള തിരക്കില്‍ വീട്ടമ്മമാര്‍ക്ക് പലപ്പോഴും നമസ്കരിക്കാന്‍ പോലും നേരം കിട്ടാറില്ല. മുന്നില്‍ നിരത്തി വെക്കുന്ന വിഭവങ്ങളില്‍ മുക്കാലും ആര്‍ക്കും ആവശ്യമില്ലാതെ ബാക്കിയാവുകയും, നോമ്പായതിനാല്‍ പിറ്റേന്ന് പകല്‍ ഉപയോഗിക്കാന്‍ കഴിയാത്തത് കൊണ്ട് അത് കുപ്പത്തൊട്ടിയില്‍ വലിച്ചെറിയപ്പെടുകയും ചെയ്യുന്നു!

    ഇന്ന് പണമുള്ളവന് അങ്ങാടിയില്‍ യഥേഷ്ടം വാങ്ങിക്കുവാനും ദരിദ്രന് റംസാന്‍ കിറ്റായി ഉദാര മനസ്കര്‍ വീട്ടിലെത്തിച്ചു കൊടുക്കാനും ഉള്ളത് കൊണ്ട് സത്യത്തില്‍ ഈ ആഹാരം എങ്ങനെ ഉണ്ടാവുന്നു എന്നതും ഇത് കിട്ടാതായിപ്പോയാലുള്ള അവസ്ഥ എന്താണ് എന്നതും നാം ആലോചിക്കാറില്ല.‘

    നോമ്പിനെ കുറിച്ച് ശരിക്കും ഒരു ബോധവൽക്കരണ പോസ്റ്റ്
    അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

    ReplyDelete
  2. വളരെ നന്നായി എഴുതിയിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  3. ഏട്ടിലപ്പടി
    പയറ്റിലിപ്പടി

    ReplyDelete
  4. വളരെ കാലികപ്രസക്തമായ പോസ്റ്റ്‌. ഇതിലെ ഓരോ വരിയും സമൂഹത്തിനോടുള്ള ചോദ്യവും ഓർമപ്പെടുത്തലും മുന്നറിയിപ്പുമാണ്. ആശംസകൾ.

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ