Wednesday, June 10, 2015

സഹ്റ‘ശൂഫ്........ഇന്ത അറഫ് .... ഫീ മുബാഹിസ്*’
മുഖത്ത് ഒരു മുതിര്‍ന്നയാളുടെ ഗൌരവം വരുത്തിക്കൊണ്ട് സഹ്റ  എന്നോട് ശബ്ദം താഴ്ത്തി സ്വകാര്യം പോലെ പറഞ്ഞു. 
‘ഇന്ത കോഫ്**’ അവളുടെ ഗൌരവം കണ്ട് എനിക്ക് തമാശ തോന്നി.
‘ലാ.......അന മാഫി കോഫ്........അന മാമ കോഫ്***

വെയില്‍ ചാഞ്ഞു തുടങ്ങിയിരുന്നെങ്കിലും ജൂണിലെ സൂര്യന്‍റെ കത്തുന്ന ചൂട് വല്ലാതെ കുറഞ്ഞിരുന്നില്ല. മസ്ജിദിനു മുന്നിലെ കെട്ടിടത്തിനു ചുവട്ടില്‍ കൂളറിനടുത്ത് പതിവുപോലെ സഹ്റയുടെ ഉമ്മയെയും  അനുജനെയും  കണ്ടില്ല. അവള്‍ പറഞ്ഞപോലെ രഹസ്യപ്പോലീസിനെ പേടിച്ചിട്ടാവും.

സഹ്റ എന്ന എട്ടുവയസ്സുകാരിയും  കുഞ്ഞനുജന്‍ അലിയും അവളുടെ ഉമ്മയോടൊപ്പം സിറിയയില്‍ നിന്ന് കുവൈത്തിലേക്ക് ഓടിപ്പോന്നതാണ്.    ആഴ്ചയിലൊരിക്കല്‍ വൈകീട്ട് എന്‍റെ കടയുടെ അടുത്തുള്ള  മസ്ജിദിനു  മുന്നില്‍ ഭിക്ഷ യാചിക്കാനാണ് അവളുടെ ഉമ്മ വരുന്നത്. ആ സമയത്തൊക്കെ അവളും അനുജനും പള്ളിമുറ്റത്തിരുന്നു കളിക്കുന്നത് കാണാം. 

സഹ്റ കടയില്‍ വന്നാല്‍  വലിയ അടുപ്പത്തോടെ കുറെ കാര്യങ്ങള്‍ പറയും. ‘അന സൂരിയ്യ’ എന്ന് അവള്‍ വളരെ അഭിമാനത്തോടെ പറയുന്നത് കേള്‍ക്കാന്‍ ഒരു രസമുണ്ട്. .... മുഷിഞ്ഞ വസ്ത്രവും പാറിപ്പറന്ന മുടിയും.... ....ആകെ കോലം കെട്ട രൂപത്തില്‍ ആണ് അവള്‍ എപ്പോഴുമെങ്കിലും കുസൃതി നിറഞ്ഞ കണ്ണും ചിരിയും വാതോരാതെ വര്‍ത്തമാനവും കൊണ്ട് അവള്‍ അതേപ്രായത്തിലുള്ള എന്‍റെ ഖദീജമോളെ ഓര്‍മ്മിപ്പിക്കും. 

ഖദീജമോള്‍ സ്കൂള്‍ തുറന്നതിന്‍റെ ഹരത്തില്‍ ആണ്. പുതിയ ക്ലാസ്സും പുതിയ ടീച്ചറും പുതിയ പുസ്തകങ്ങളും...... നിത്യവും  വിളിക്കുമ്പോള്‍ അവള്‍ക്ക് എമ്പാടും പറയുവാനുണ്ട്. കഴിഞ്ഞ ആഴ്ച വരെ സ്കൂള്‍ പൂട്ടിയതിനാല്‍ പറയാന്‍  വിശേഷങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു. കാക്കയോടും അണ്ണാറക്കണ്ണനോടും പൂച്ചയോടും ചെമ്പരത്തിച്ചെടിയില്‍ വന്നിരിക്കുന്ന കുഞ്ഞിക്കിളികളോടും കഥപറഞ്ഞതും  അടുക്കളയില്‍ ഉമ്മയുടെ സഹായിച്ചതും .... വീട്ടിനടുത്തുള്ള കടയിലേക്ക് ഓടിപ്പോയി  മിട്ടായി  വാങ്ങി വന്നതും....... അങ്ങനെ ഒരുപാട് വിശേഷങ്ങള്‍. വീടാണ് അവളുടെ ആഹ്ലാദ ലോകം. 

സഹ്റയുടെ ബാബ ഇപ്പോഴും സിറിയയില്‍ ആണ്. അയാളുടെ കാലിന് വെടിയേറ്റിട്ടുണ്ട് എന്നാണ് അവള്‍ പറഞ്ഞത്. അയാള്‍ പട്ടാളക്കാരനോ തീവ്രവാദിയോ വിപ്ലവകാരിയോ..... അറിഞ്ഞുകൂടാ. കലാപവും അഭ്യന്തര യുദ്ധവും കാരണം പിറന്ന നാട്ടില്‍  നിന്ന് ഓടിപ്പോന്ന ആ കുഞ്ഞിനോട്  ഒന്നും ചോദിച്ചറിയാന്‍ തോന്നാറില്ല. 

ഏതോ ചിലരുടെ  അധികാര മോഹം മൂലം, സ്വാര്‍ഥത കാരണം മതത്തിന്‍റെ പേരില്‍ നിറത്തിന്‍റെ പേരില്‍ ഭാഷയുടെ പേരില്‍  ആരോ വരച്ചു വെച്ച അതിര്‍ത്തിയുടെ പേരില്‍ വീടും നാടും വിട്ട് ഓടിപ്പോകേണ്ടി വരുന്ന നിരപരാധികളായ മനുഷ്യര്‍. ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും തകര്‍ത്തുകളയുന്ന ജീവിതങ്ങള്‍. പിറന്ന നാട്ടില്‍ സ്വന്തം വീട്ടില്‍ ബന്ധുക്കളും അയല്‍ക്കാരും കൂട്ടുകാരുമായി ആഹ്ലാദത്തോടെ ജീവിച്ച മനുഷ്യരാണ് ഒരു സുപ്രഭാതത്തില്‍ ചിതറിത്തെറിച്ച് എല്ലാം വിട്ടെറിഞ്ഞ്‌ എങ്ങോട്ടെന്നില്ലാതെ ഓടിപ്പോകേണ്ടി വരുന്നത്. ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരുന്ന സ്ത്രീകളും കുട്ടികളും...  ജീവിക്കാന്‍ ഗതിയില്ലാതെ  പിച്ചയെടുക്കേണ്ടി വരുന്നതും, ചിലപ്പോള്‍ ശരീരം വില്‍ക്കേണ്ടി വരുന്നതും .......... യുവാക്കളുടെ ചോരയിലും വിധവകളുടെയും അനാഥമക്കളുടെയും കണ്ണീരിലും അധികാരക്കസേര ഉറപ്പിക്കുന്ന പരിഷ്കൃത മനുഷ്യന്‍റെ കാലം!.....

സഹ്റയും സിറിയയിലെ ഏതോ ഗ്രാമത്തിലെ കൊച്ചുവീട്ടില്‍  കിളികളോടും പൂമ്പാറ്റകളോടും കഥകള്‍ പറഞ്ഞും സ്കൂള്‍ ബസ്സില്‍ കൂട്ടുകാരികളോടൊത്ത് കയ്യടിച്ച് പാട്ടുപാടിയും ഉപ്പയോടും ഉമ്മയോടും അനുജനോടും ഒപ്പം ആഹ്ലാദത്തോടെ കഴിഞ്ഞിട്ടുണ്ടാകും. എല്ലാം ഇട്ടെറിഞ്ഞ്‌ ഓടിപ്പോരുമ്പോള്‍ അവള്‍ തന്‍റെ കൂട്ടുകാരികളെയും പ്രിയപ്പെട്ട കളിപ്പാട്ടങ്ങളെയും ഓര്‍ത്ത് വേദനിച്ച് വിതുമ്പിയിട്ടുണ്ടാകും .....
  
കടയില്‍ വരുമ്പോള്‍ കയ്യിലെ വിയര്‍പ്പു നനഞ്ഞ നൂറു ഫില്‍സില്‍ ഒതുങ്ങാത്ത  സഹ്റയുടെ ഇഷ്ടങ്ങളെ തടയാറില്ല........ ചിപ്സും മിട്ടായിയും ജ്യൂസുമൊക്കെ കീസില്‍ എടുത്തു വെക്കുമ്പോള്‍ സഹ്റ  പറയുന്ന ചിതറിയ വര്‍ത്തമാനങ്ങളില്‍ .നിന്ന് ഊഹിച്ചെടുത്ത ചിത്രം മാത്രമാണ് അവളെ  കുറിച്ചുള്ള അറിവ്......

കുവൈത്തില്‍ ഭിക്ഷാടനം കര്‍ശനമായി നിരോധിച്ചതാണ്. പിടികൂടിയാല്‍ നാടുകടത്തും എന്നുറപ്പ്. അതുകൊണ്ടാവണം മഗ്രിബ് നമസ്കാരത്തിന് മസ്ജിദിലേക്ക് കയറുമ്പോള്‍ സഹ്റയുടെ ഉമ്മയെ പള്ളിപ്പടിയില്‍ കണ്ടില്ല. 

നമസ്കരിച്ച് ഇറങ്ങുമ്പോള്‍  പുറത്തേക്കുള്ള വാതിലിനരികില്‍ നിവര്‍ത്തിപ്പിടിച്ച പ്ലാസ്റ്റിക് സഞ്ചിയുമായി സഹ്റ! അവള്‍ ഉമ്മ ഭിക്ഷയെടുക്കുമ്പോള്‍ പറയുന്നത് കേട്ട് കാണാതെ പഠിച്ചത് ഉച്ചത്തില്‍ ഉരുവിട്ടു കൊണ്ട് ഒരു കളിയില്‍ എന്ന  പോലെ സഞ്ചി  നീട്ടിപ്പിടിച്ചു നിന്നു. പുറത്തേക്ക് ഇറങ്ങുന്ന പലരും കാല്‍ ദിനാറും അര ദിനാറുമായി അവളുടെ  മെലിഞ്ഞ കയ്യിലെ സഞ്ചിയിലേക്ക് ഇട്ടു കൊടുത്തുകൊണ്ടിരുന്നു. മുബാഹിസിനെ പേടിച്ച്  അവളുടെ ഉമ്മ മാറി നിന്നതാവണം. കുഞ്ഞുങ്ങളെ പോലീസുകാര്‍ ഒന്നും ചെയ്യില്ലല്ലോ. 

തിരക്കിലൂടെ പുറത്തേക്ക് ഇറങ്ങുമ്പോള്‍ സഹ്റയുടെ  കണ്ണുകള്‍ എന്‍റെ മുഖത്ത്  തറഞ്ഞു...  ഒരു മാത്ര അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത് പെട്ടെന്ന് നിലച്ചുപോയി . നീട്ടിപ്പിടിച്ച കയ്യുമായി അവള്‍ എന്നെ നോക്കി ചിരിച്ചു.  കരളിലേക്ക് ഒരു തീക്കമ്പി കുത്തിയിറക്കിയ പോലെ  ..........

ഞാന്‍ പള്ളിയില്‍  നിന്ന് പുറത്തേക്ക് ഇറങ്ങി, പുറത്ത് അപ്പോഴും ഉഷ്ണക്കാറ്റ്‌ വീശുന്നുണ്ടായിരുന്നു.  ഇപ്പോള്‍ ദൂരെ ദൂരെ ഇരുട്ട് വീണ എന്‍റെ  നാട്ടിന്‍പുറത്തെ വയല്‍ക്കരയിലെ എന്‍റെ വീട്ടില്‍ കോലായയില്‍  ഖദീജമോള്‍  അവളുടെ ഉമ്മയുടെ അടുത്തിരുന്ന് പാഠം ചൊല്ലിപ്പഠിക്കുന്നുണ്ടാകും. എനിക്കപ്പോള്‍ മോളെ കാണണമെന്ന് തോന്നി. മസ്ജിദില്‍  നിന്ന് അപ്പോഴും സഹ്റയുടെ നേര്‍ത്ത ശബ്ദം ഉയര്‍ന്നുകേട്ടുകൊണ്ടിരുന്നു. 
----------------------------------------------------------------------- 
*നോക്ക്...നിനക്കറിയുമോ...രഹസ്യപ്പോലീസുകാര്‍ ഉണ്ടത്രേ
**നിനക്ക് പേടിയുണ്ടോ 
***എനിക്ക് പേടിയില്ല...... എന്‍റെ ഉമ്മക്ക്  പേടിയുണ്ട്.   


      

10 comments:

 1. എവിടെയാണെങ്കിലും നിനക്ക് തിരിച്ച് പോകാന്‍ ഒരു നാടും അവിടെയൊരു വീടുമുണ്ടല്ലോ.. ഞങ്ങള്‍ക്ക് അങ്ങിനെയൊന്നില്ല.. ഇങ്ങിനെ അലയുന്നതിന്റെ വിഷമം പറഞ്ഞാല്‍ പോലും ആര്‍ക്കും അറിയാന്‍ കഴിയില്ലാന്നു പറഞ്ഞ് കണ്ണ് ചുവപ്പിച്ച സിറിയന്‍ സുഹൃത്തിനെയാണ് സഹ്റയും ഉമ്മയും ഓര്‍മ്മിപ്പിച്ചത് നജീബ്...

  ReplyDelete
 2. ഇങ്ങനെ ഒരുപാട് ജീവിതങ്ങള്‍. നന്ദി മുബി നല്ല വായനക്ക്

  ReplyDelete
 3. സഹ്റ മനസ്സിലൊരു നൊമ്പരമായി മാറുന്നു.
  നാടും,കൂടും ഇല്ലതെ അലയുന്ന അശരണരുടെ അവസ്ഥ ദയനീയം തന്നെ!
  അവരുടെ ചിത്രം ഉള്ളില്‍ കൊള്ളുംപടി എഴുതിയിരിക്കുന്നു......

  ReplyDelete
 4. സഹ്‌റയെ കാണാനും കേള്‍ക്കാനും കഴിയുന്നു. ഉള്ളിലൊരു നോവും.

  ReplyDelete
 5. നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ

  ReplyDelete
 6. ഫേസ് ബുക്കില്‍ ഖദീജമോളുടെ ഫോട്ടോ കണ്ടിട്ട് ഈ കുറിപ്പ് വായിച്ചപ്പോള്‍ എന്തൊക്കെയോ നോവുകള്‍.

  ReplyDelete
 7. ഏതോ ചിലരുടെ അധികാര മോഹം മൂലം, സ്വാര്‍ഥത കാരണം മതത്തിന്‍റെ പേരില്‍ നിറത്തിന്‍റെ പേരില്‍ ഭാഷയുടെ പേരില്‍ ആരോ വരച്ചു വെച്ച അതിര്‍ത്തിയുടെ പേരില്‍ വീടും നാടും വിട്ട് ഓടിപ്പോകേണ്ടി വരുന്ന നിരപരാധികളായ മനുഷ്യര്‍. ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും തകര്‍ത്തുകളയുന്ന ജീവിതങ്ങള്‍. പിറന്ന നാട്ടില്‍ സ്വന്തം വീട്ടില്‍ ബന്ധുക്കളും അയല്‍ക്കാരും കൂട്ടുകാരുമായി ആഹ്ലാദത്തോടെ ജീവിച്ച മനുഷ്യരാണ് ഒരു സുപ്രഭാതത്തില്‍ ചിതറിത്തെറിച്ച് എല്ലാം വിട്ടെറിഞ്ഞ്‌ എങ്ങോട്ടെന്നില്ലാതെ ഓടിപ്പോകേണ്ടി വരുന്നത്. ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരുന്ന സ്ത്രീകളും കുട്ടികളും... ജീവിക്കാന്‍ ഗതിയില്ലാതെ പിച്ചയെടുക്കേണ്ടി വരുന്നതും, ചിലപ്പോള്‍ ശരീരം വില്‍ക്കേണ്ടി വരുന്നതും .......... യുവാക്കളുടെ ചോരയിലും വിധവകളുടെയും അനാഥമക്കളുടെയും കണ്ണീരിലും അധികാരക്കസേര ഉറപ്പിക്കുന്ന പരിഷ്കൃത മനുഷ്യന്‍റെ കാലം!.....‘

  ReplyDelete
 8. സുഹറ മനസ്സിൽ ഒരു നോവായിമറി,

  ReplyDelete
 9. നജീബ് ഭായ്..... വേദനയോടെ വായിച്ചു..... ഭിക്ഷക്കായ് ചെറിയ കുട്ടികള്‍ കൈ നീട്ടുമ്പോള്‍ ......കണ്ണു നിറയാറുണ്ട്.......നല്ല എഴുത്തിന് ആശംസകൾ.......

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ