Friday, May 1, 2015

മാക്സിം ഗോര്‍ക്കിയുടെ 'അമ്മ'


ഓരോ മെയ്ദിനവും ആവേശമുണര്‍ത്തുന്ന  ഓര്‍മ്മകളായി ലോകം നെഞ്ചേറ്റിയ പുസ്തകം 
‘അമ്മ’ വീണ്ടും വായിക്കുമ്പോള്‍

 1906 ല്‍ ആണ് മാക്സിം ഗോര്‍ക്കിയുടെ ‘അമ്മ’ എന്ന  നോവല്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആദ്യം ഇംഗ്ലീഷിലും പിന്നീട് റഷ്യന്‍ ഭാഷയിലുമായി പ്രസിദ്ധീകരിച്ച ഈ കൃതി കാലദേശഭാഷകള്‍ അതിവര്‍ത്തിച്ച് ഇന്നും ലോകമെങ്ങും ആസ്വദിക്കപ്പെടുന്നു. 

ജീവിക്കുന്നത് എന്തിന് എന്നുപോലും അറിയാത്ത, അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളികളുടെ  ദുരിത ജീവിതവും, ഭരണകൂടത്തിന്‍റെയും മുതലാളിത്വത്തിന്‍റെയും ക്രൂരതയും,  ഇതിനെതിരെയുള്ള പ്രതിഷേധവും ചെറുത്തുനില്‍പ്പും ഒക്കെയാണ് ഈ നോവലിലെ പ്രമേയം. ഒരു കാലത്തെ റഷ്യയുടെ നേര്‍ചിത്രം.

എന്നാല്‍ ഇതിനും അപ്പുറം ഇതൊരു അമ്മയുടെ കഥ കൂടിയാണ്. മാതൃവാത്സല്യത്തിന്‍റെ കഥ. അതുകൊണ്ടാവണം ഒളിവുജീവിതവും വിപ്ലവവും പോരട്ടവും എല്ലാം അവസാനിച്ചിട്ടും അന്നത്തെ റഷ്യ ആകെ മാറി മറിഞ്ഞിട്ടും ‘അമ്മ’ ഒരിക്കലും വായിച്ചു മടുക്കാത്തത്.

ഭര്‍ത്താവിന്‍റെ അടിയും തൊഴിയും മാത്രം ശീലിച്ച, പുറം ലോകം കാണാത്ത ‘പിലഗേയ നീലൊവ്ന’ എന്ന പാവം സ്ത്രീ, പിന്നീട്  രഹസ്യമായി ഏറെ സാഹസികമായി  വിപ്ലവകാരികള്‍ക്കൊപ്പം വാര്‍ധക്യത്തിലും ഏറ്റവും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട ആളായി മാറുന്നത് തൊഴിലാളികളുടെ ഗതികേടും ഭരണകൂടത്തിന്‍റെ അനീതിയും തിരിച്ചറിഞ്ഞത് കൊണ്ട് മാത്രമല്ല. അതിനുമപ്പുറം തന്‍റെ മകനോടുള്ള (പാവെല്‍ വ്ലാസൊവ്) അടങ്ങാത്ത സ്നേഹവും വാത്സല്യവും മൂലമാണ്. 

മകന്‍റെ വഴി അപകടം പിടിച്ചതാണ് എന്നറിയാമായിരുന്നിട്ടും അവര്‍ മകന്‍റെയും കൂട്ടുകാരുടെയും ഒപ്പം നില്‍ക്കുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങളിലെ നന്മ തിരിച്ചറിഞ്ഞു കൊണ്ട്. മകന്‍ തടവറയില്‍ അടക്കപ്പെട്ടപ്പോള്‍ സാഹസികമായി അവര്‍ സംഘടനക്ക് വേണ്ടി ഏറ്റെടുക്കുന്ന ദൌത്യങ്ങള്‍. ജയിലില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ അത് മകനെ അറിയുക്കുന്നതും,   മകന്‍ അമ്മയെ കുറിച്ച് അഭിമാനിക്കുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ആഹ്ലാദവും......

ഏതു ദേശത്തായാലും മാതൃവാത്സല്യം എത്ര മനോഹരമാണ്  എന്നുകൂടി ഈ കൃതി കാട്ടിത്തരുന്നു. ഒപ്പം പെണ്‍മനസ്സിന്‍റെ നോവും സഹനവും ത്യാഗമാനോഭാവവും. തനിക്ക് എന്ത് സംഭവിക്കും എന്ന യാതൊരു ഉത്കണ്ഠയും ഇല്ലാതെ മകന്‍റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഈ അമ്മയുടെ ത്യാഗം മനസ്സില്‍ നിന്ന് മായില്ല. മകനെ ഇഷ്ടപെടുന്ന പെണ്‍കുട്ടിയോടുള്ള വാത്സല്യം, നിയമപാലകരുടെ കൊടും ക്രൂരതകളെ ഭയക്കാതെ സംഘടനക്ക് വേണ്ടി രഹസ്യമായി സാഹസികമായി ഓരോ കാര്യങ്ങളും ചെയ്യുന്ന അമ്മ തന്നെയാണ് മകനെ ഓര്‍ത്തു വല്ലാതെ തളര്‍ന്നും ഉരുകിയും...... പെണ്‍ മനസ്സിന്‍റെ ഈ ഭാവങ്ങള്‍ നമ്മെ ഏറെ ചിന്തിപ്പിക്കും.

ആദ്യം ഇംഗ്ലീഷിലും പിന്നീട് റഷ്യന്‍ ഭാഷയിലും പ്രസിദ്ധീകരിച്ച ഈ കൃതിയുടെ മലയാള പരിഭാഷ തയ്യാറാക്കിയത് റഷ്യന്‍ കൃതികളുടെ പരിഭാഷകളിലൂടെ മലയാളിക്ക് സുപരിചിതനായ ഗോപാലകൃഷ്ണന്‍ ആണ്.

 ഈ പരിഭാഷ വായിക്കുമ്പോള്‍ മറ്റൊരു കാര്യം കൂടി നാം ഓര്‍ക്കും. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഇത്തരം ഗ്രന്ഥങ്ങള്‍ വഹിച്ച പങ്കിനെ കുറിച്ച്. ഇന്റര്‍നെറ്റും ടീവിയും ഇല്ലാതിരുന്ന കാലത്ത് ഗ്രാമീണ വായനശാലകളില്‍ നിന്ന് ഇത്തരം പുസ്തകങ്ങള്‍ വായിച്ച് ആസ്വദിച്ച ഒരു തലമുറയെ കുറിച്ചും. അന്നത്തെ രാഷ്ട്രീയത്തിന് വായനയുടെ സംസ്കാരമുണ്ടായിരുന്നു. ലോകത്തെ കുറിച്ച് ആഴമുള്ള അറിവും. ‘അമ്മ’ വീണ്ടും വായിക്കുമ്പോള്‍ ആ സുവര്‍ണ്ണകാലവും ഓര്‍മ്മയിലേക്ക് എത്തുന്നു.

10 comments:

  1. നൂറ്റാണ്ടായിട്ടും മാക്സിംഗോര്‍ക്കിയുടെ "അമ്മ"അനുവാചകന്‍റെ മനസ്സില്‍ പ്രകാശഗോപുരമായി നില്‍ക്കുന്നു.
    ആശംസകള്‍

    ReplyDelete
  2. 'Mothers are hardly ever pitied.....' (Maxim Gorky)

    ReplyDelete
  3. ഇനിയും വായിക്കണം.

    ReplyDelete
  4. മറക്കില്ല.. വായനയെ മറ്റൊരു തലത്തിലേയ്ക്കുയര്‍ത്തിയ പുസ്തകമായിരുന്നു അമ്മ.

    ReplyDelete
  5. ജീവിക്കുന്നത് എന്തിന് എന്നുപോലും അറിയാത്ത, അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളികളുടെ  ദുരിത ജീവിതവും, ഭരണകൂടത്തിന്‍റെയും മുതലാളിത്വത്തിന്‍റെയും ക്രൂരതയും,  ഇതിനെതിരെയുള്ള പ്രതിഷേധവും ചെറുത്തുനില്‍പ്പും ഒക്കെയാണ് ഈ നോവലിലെ പ്രമേയം. ഒരു കാലത്തെ റഷ്യയുടെ നേര്‍ചിത്രം.........
    പണ്ടൊരു കഥയല്ലിത് ,...,...ചില സത്യമാണിത്..,

    ReplyDelete
  6. ഏതു ദേശത്തായാലും മാതൃവാത്സല്യം എത്ര മനോഹരമാണ് എന്നുകൂടി ഈ കൃതി കാട്ടിത്തരുന്നു. ഒപ്പം പെണ്‍മനസ്സിന്‍റെ നോവും സഹനവും ത്യാഗമാനോഭാവവും. തനിക്ക് എന്ത് സംഭവിക്കും എന്ന യാതൊരു ഉത്കണ്ഠയും ഇല്ലാതെ മകന്‍റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഈ അമ്മയുടെ ത്യാഗം മനസ്സില്‍ നിന്ന് മായില്ല. മകനെ ഇഷ്ടപെടുന്ന പെണ്‍കുട്ടിയോടുള്ള വാത്സല്യം, നിയമപാലകരുടെ കൊടും ക്രൂരതകളെ ഭയക്കാതെ സംഘടനക്ക് വേണ്ടി രഹസ്യമായി സാഹസികമായി ഓരോ കാര്യങ്ങളും ചെയ്യുന്ന അമ്മ തന്നെയാണ് മകനെ ഓര്‍ത്തു വല്ലാതെ തളര്‍ന്നും ഉരുകിയും...... പെണ്‍ മനസ്സിന്‍റെ ഈ ഭാവങ്ങള്‍ നമ്മെ ഏറെ ചിന്തിപ്പിക്കും.“

    ഒരു ക്ലാസ്സിക്കായ കഥയെ അസ്സലായി വിലയിരുത്തി പരിചയപ്പെടുത്തിയിരിക്കുന്നു

    ReplyDelete
  7. പണ്ട് വായിച്ചതാണ്. അന്ന് വലിയ അനുഭവമായിരുന്നു. ഈ അടുത്തും പുസ്തകം വാങ്ങി, പക്ഷേ അത് പേജുകള്‍ കുറച്ചുള്ള എഡിഷന്‍ ആണെന്ന് തോന്നുന്നു. പഴയ പേര് ഉപയോഗിച്ചുള്ള മാര്‍ക്കെറ്റിംഗ്. അന്തസത്ത ചോര്‍ന്നുപോകുന്ന അത്തരം പുസ്തകങ്ങള്‍ യഥാര്‍ത്ഥ രചനയുടെ ആത്മാവ് നഷടപ്പെടുത്തിക്കളും.

    ReplyDelete
  8. മാക്സിം ഗോര്‍ക്കിയുടെ അമ്മ കുറെ കൊല്ലങ്ങള്‍ക് മുമ്പ്‌ വായിച്ചതാണ്. ഒരു തവണയല്ല,പല തവണ . വേറെ യാതൊരു മലയാളം പുസ്തകങ്ങളും കിട്ടാന്‍ സാധ്യതയില്ലാത്ത ഒരിടത്ത് കുറച്ച് കാലം താമസിക്കേണ്ടി വന്നപ്പോള്‍ ഈ ഒരു പുസ്തകം എന്റെ കൈയ്യില്‍ വന്നു പെട്ടു . മനോഹരമായിരുന്നു അതിന്റെ തര്‍ജിമ,നമ്മുടെ ഭാഷയില്‍ എഴുതിയ ഒരു പുസ്തകം പോലെ വായിച്ചു പോയി,മകന്‍ 'സാറി'നെതിരെ വിപ്ലവം നയിക്കുന്നവരുടെ കൂടെ ചേര്‍ന്നപ്പോള്‍ ഭയചകിതയായി നിന്ന അമ്മ പിന്നീട് അതിന്റെ പ്രവര്‍ത്തകയാകുന്നത് അത്ഭുതത്തോടെയാണ് നമ്മള്‍ വായിച്ചു പോകുന്നത്. ഈയിടെ ഡി സി യുടെ ലോക ക്ലാസ്സിക്കുകള്‍ വാങ്ങിയപ്പോള്‍ അതിലും ഉണ്ടായിരുന്നു ഈ അമ്മ, പക്ഷെ ഏതാനും പേജുകളിലെഴുതി ആ പുസ്തകത്തെ നശിപ്പിച്ചു വെച്ചിരിക്കുന്നു. ജോസ് പറഞ്ഞത് പോലെ ഒരു മാര്‍ക്കെറ്റിംഗ് തന്ത്രം മാത്രമാണ് അത് .പേര് കണ്ടു വിഡ്ഢികള്‍ വാങ്ങുകയും ചെയ്യും. എന്തിനാണ് ഇങ്ങനെ നല്ല പുസ്തകങ്ങളോടു ഈ ക്രൂരത ചെയ്യുന്നത്

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ