Thursday, February 27, 2014

ഏച്ചുകൂട്ടിയും വെട്ടിമാറ്റിയും നശിപ്പിച്ചൊരു ‘ബാല്യകാലസഖി’



ബഷീറിന്‍റെ  ‘ബാല്യകാല സഖി’ പറയുന്നത് നഷ്ടപ്രണയത്തിന്‍റെ നോവാണ്. മജീദിന്‍റെ നാടുവിടലും വര്‍ഷങ്ങളായുള്ള അലച്ചിലും പണമുണ്ടാക്കാനായിരുന്നില്ല. മനുഷ്യജീവിതങ്ങളെ അടുത്തറിയാനായിരുന്നു. സ്വാതന്ത്ര്യസമരവും വര്‍ഗ്ഗീയകലാപവും എല്ലാം ബഷീറിന്‍റെ മറ്റു പല കൃതികളിലും കടന്നു വരുന്നുവെങ്കിലും ‘ബാല്യകാലസഖി’യില്‍ ഒട്ടുമേ പറഞ്ഞിട്ടില്ല.

നാടുവിട്ടുള്ള വര്‍ഷങ്ങളായുള്ള അലച്ചിലില്‍ കഷ്ടപ്പാടും ദുരിതങ്ങളുമായിരുന്നു മജീദിന് കൂട്ട്. ചെന്നിറങ്ങിയയിടത്ത് ആദരവോടെയുള്ള സ്വീകരണവും ജോലിയും സൌഹൃദവും ആയിരുന്നില്ല.

പട്ടിണി കൊണ്ട് ശോഷിച്ച, ഭര്‍ത്താവിന്‍റെ തല്ലുകൊണ്ട് പല്ല് പൊട്ടിയ, കാതില്‍ കറുത്ത നൂലിട്ട ‘സുഹറ’യെയാണ് തിരിച്ചു വന്ന മജീദ്‌ വീണ്ടും രാജകുമാരിയായി സ്നേഹിച്ചത്. അവര്‍ ചന്തയില്‍ പാട്ടുപാടി പ്രണയിച്ചു നടക്കുകയായിരുന്നില്ല.

സംസാരിക്കുമ്പോള്‍ വെറ്റിലതുപ്പല്‍ തെറിച്ച കുപ്പായം മാറ്റി വരാന്‍ പറഞ്ഞപ്പോള്‍ പുതിയത് മാറ്റി വന്ന ഉമ്മ തന്നെയാണ് കാലം മാറിയപ്പോള്‍ ഉപ്പ പറഞ്ഞിട്ട്  അയല്‍പക്കത്ത് പോയി ഇത്തിരി പുകയില വാങ്ങാന്‍  മുഷിഞ്ഞ തുണിയും തലയിലിട്ട് ഇറങ്ങിയത്‌. കുറഞ്ഞ വരികളില്‍  കൃത്യമായി വരച്ചിട്ട ജീവിതാവസ്ഥകള്‍.

ഇതൊക്കെ കൊണ്ടാണ് ‘ജീവിതത്തില്‍ നിന്ന് പറിച്ചെടുത്ത, വക്കില്‍ ചോര പൊടിഞ്ഞു നില്‍ക്കുന്ന’ ഒരേട്‌ എന്ന് എം പി പോള്‍ ‘ബാല്യകാലസഖി’യെ വിശേഷിപ്പിച്ചതും. 

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായി വന്നപ്പോള്‍ ചോര്‍ന്നുപോയത് ഇതൊക്കെയാണ്. ആര്‍ക്കോ വേണ്ടി കുത്തിത്തിരുകി വെച്ച സ്വാതന്ത്ര്യസമരവും കല്‍ക്കത്തയും പിന്നെ കുറെ ഫ്ലാഷ്ബാക്കുകളും. സുഹ്റയുടെ മരണ വാര്‍ത്ത വായിച്ച മജീദിന്‍റെ അവസ്ഥപോലും ഈ ബഹളത്തിനിടയില്‍ മുങ്ങിപ്പോയി. ഇന്നും വായനക്കാരന്‍റെ മനസ്സിനെ മഥിക്കുന്ന ആ ചോദ്യം. ‘എന്തായിരുന്നു അന്ന് അവസാനമായി  സുഹ്റ  പറയാന്‍ തുടങ്ങിയത്’. അതുപോലും അപഹാസ്യമാക്കി ചിത്രീകരിച്ച് സംവിധായകന്‍ കൃതാര്‍ത്ഥനാകുമ്പോള്‍ വായനക്കാരന്‍ മടുപ്പോടെ നിരാശയോടെ വേദനയോടെ എഴുന്നേല്‍ക്കുന്നു. അതിലേറെ ക്ഷോഭത്തോടെയും.

പഴയകാലവും മജീദ്‌-സുഹ്റാമാരുടെ ബാല്യവും സൂക്ഷ്മമായി ചിത്രീകരിച്ച സംവിധായകന്‍ മോശക്കാരനല്ല. മജീദിന്‍റെ ബാപ്പയുടെ വേഷം  മമ്മൂട്ടിയും ഉജ്വലമാക്കി.

പക്ഷെ ‘ബാല്യകാലസഖി’ വെച്ചൊരു പരീക്ഷണം വേണ്ടായിരുന്നു.  കാരണം അത് വെറുമൊരു നോവലല്ല . മലയാളിയുടെ പ്രിയങ്കരനായ എഴുത്തുകാരന്‍റെ ജീവിതം കൊണ്ടെഴുതിയത് കൂടിയാണ്. തോന്നിയപോലെ കൂട്ടിച്ചേര്‍ത്തും മുറിച്ചു മാറ്റിയും തട്ടിക്കൂട്ടി നശിപ്പിച്ചത് മലയാളികള്‍ എക്കാലവും കണ്ണീരിന്‍റെ നനവോടെ ചേര്‍ത്തുപിടിച്ച അനശ്വര പ്രണയകഥയാണ്.



8 comments:

  1. നല്ല പുസ്തകങ്ങള്‍ സിനിമയാക്കുമ്പോള്‍ ഒരുപാട് വൈദഗ്ധ്യം ആവശ്യമുണ്ട്.. അതില്ലാത്തവര്‍ ചെയ്യുമ്പോള്‍ ഇമ്മാതിരി അബദ്ധങ്ങള്‍ ഉണ്ടാവും.. നമുക്ക് സങ്കടവും..

    ReplyDelete
    Replies
    1. ശരിയാണ് എച്ച്മു. ഇങ്ങനെ ആയിരുന്നെങ്കില്‍ സ്വന്തം ഭാവനയില്‍ ഒരു പഴയകാല പ്രണയകഥ പറഞ്ഞാല്‍ മതിയായിരുന്നു.

      Delete
  2. മമ്മൂട്ടി ഉള്‍പ്പെട്ട പോസ്റ്റര്‍ കണ്ടതെ ഞാന്‍ സിനിമ കാണേണ്ട എന്നു തീരുമാനിച്ചു. ഇത്തരം ഒരു കൃതി സിനിമയാക്കുമ്പോള്‍ അത് മൂല രചനയെ നശിപ്പിക്കാത്ത വിധം ആകണം.അതിനുള്ള ബാദ്ധ്യത എല്ലാവര്‍ക്കുമുണ്ട്

    ReplyDelete
  3. ഹൃദയസ്പര്‍ശിയായ വായനാനുഭവം തന്ന പുസ്തകങ്ങള്‍ സിനിമയാക്കാന്‍ അസാമാന്യ പ്രതിഭ തന്നെ വേണം. അതിന് ആത്മവിശ്വാസം മാത്രം പോര. ഇതൊരുമാതിരി വീരപുത്രന്‍ മോഡലായിപ്പോയി...ചില പരമ്പരാഗത ഗ്രാമീണ കോമഡി ചിത്രങ്ങളിലേത് മാതിരി പാട്ടുസീനും ...കോമാളിക്കളിയും....ആ പാട്ടെല്ലാം വെട്ടിക്കളഞ്ഞാല്‍ തന്നെ അല്പം ആശ്വാസം ലഭിക്കും....
    ഖസാക്കിന്‍റെ ഇതിഹാസം സിനിമയാക്കത്തത് നന്നായി എന്ന് തോന്നുന്നു..>അതുപോലെ ആടുജീവിതവും.....
    ഏതെങ്കിലും പ്രമുഖ പുസ്തകം സിനിമയാക്കാന്‍ തുടങ്ങുമ്പോളേ കേള്‍ക്കാം നായകന്‍ മമ്മൂട്ടി അല്ലെങ്കില്‍ മോഹന്‍ലാല്‍ എന്ന്.....അത് തന്നെ സംവിധായകന്‍റെ ആത്മാര്‍ത്ഥതയില്ലായ്മയാണ് കാണിക്കുന്നത്.

    ReplyDelete
  4. എന്നാല്‍ കാണുന്നില്ല

    ReplyDelete
  5. കാണുന്നില്ല എന്ന് തന്നെയാണ് തീരുമാനം...

    ReplyDelete
  6. ‘ബാല്യകാലസഖി’ വെച്ചൊരു പരീക്ഷണം വേണ്ടായിരുന്നു. ...!

    കാരണം അത് വെറുമൊരു നോവലല്ല .
    മലയാളിയുടെ പ്രിയങ്കരനായ എഴുത്തുകാരന്‍റെ ജീവിതം
    കൊണ്ടെഴുതിയത് കൂടിയാണ്. തോന്നിയപോലെ കൂട്ടിച്ചേര്‍ത്തും
    മുറിച്ചു മാറ്റിയും തട്ടിക്കൂട്ടി നശിപ്പിച്ചത് മലയാളികള്‍ എക്കാലവും കണ്ണീരിന്‍റെ
    നനവോടെ ചേര്‍ത്തുപിടിച്ച അനശ്വര പ്രണയകഥയാണ്.

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ