Saturday, February 8, 2014

പെണ്‍മക്കളെ ‘ബായിക്കുക’(വാഴിക്കുക)



ഒരുപാടു നാളായി എന്നെ ഈ   'മാപ്പിള നാടന്‍പ്രയോഗം'  വല്ലാതെ  അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നു. ‘വാഴിക്കുക’ എന്ന  വാക്ക്; പറഞ്ഞു പറഞ്ഞു മിനുസം വെച്ച് ‘ബായിക്കുക’ എന്നും ‘ബായിച്ചു’ എന്നും ആയി തീര്‍ന്നത്.

മലബാറിലെ  മുസ്ലിം സമൂഹം ഭൌതിക വിദ്യാഭ്യാസ രംഗത്ത്‌ കഴിഞ്ഞ കാലം ഏറെ പിറകില്‍ ആയിരുന്നത് കൊണ്ട് കൂടിയാവാം മാപ്പിളമാരുടെ സംസാരഭാഷയില്‍ നാടന്‍ പദങ്ങളും മലയാളീകരിക്കപ്പെട്ട അറബി വാക്കുകളുമാണ്  കൂടുതല്‍.

എന്നാല്‍ എന്നെ അമ്പരപ്പിച്ചത് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ മാപ്പിളമാരിലെ പഴമക്കാര്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയക്കുന്നതിന് സര്‍വ്വ സാധാരണമായി  ഉപയോഗിക്കുന്ന  പെണ്ണിനെ വാഴിക്കുക (വായിക്കുക, ബായിക്കുക) എന്ന പദമാണ്
“മോളെ ബായിച്ചു കൊടുക്കുക” , “ഓള് ഏടയാ വാണത്” , “ഒരു പെങ്കുട്ടിനെ വായിക്കുവാനുള്ള പാട്”.... എന്നിങ്ങനെയാണ് ഇവിടങ്ങളില്‍ സാധാരണയായി പറയുന്നത്.

ഭരണകര്‍ത്താവാക്കുക, രാജാവായി അഭിഷേകം ചെയ്യിക്കുക തുടങ്ങിയ  അര്‍ത്ഥത്തില്‍ ആണ് സാധാരണ ‘വാഴിക്കുക’ എന്ന പദം മലയാളത്തില്‍ ഉപയോഗിക്കുന്നത്. ആദരണീയമായ ഒരു സ്ഥാനം നല്‍കപ്പെടുക എന്ന് സാരം.

ഈ അര്‍ത്ഥം ഉദ്ദേശിച്ചാണ് പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയക്കുന്നതിന് ‘വാഴിച്ചു’ എന്ന് പറയുന്നത് എങ്കില്‍ മുസ്ലിം സമുദായത്തില്‍ സ്ത്രീകളോടുള്ള മനോഭാവത്തെ കുറിച്ച് എഴുതിയും പറഞ്ഞും സ്ഥാപിക്കപ്പെട്ട ചില ധാരണകള്‍ തിരുത്തേണ്ടി വരും.

‘കണ്ണീരിന്‍ കടല്‍ നീന്തും മുസ്ലിംപെണ്‍കുട്ടി’ എന്നതാണല്ലോ നമ്മുടെ കവികളും കലാകാരന്മാരും പറഞ്ഞു വെച്ചത്. അങ്ങനെയല്ല എന്ന് പൂര്‍ണ്ണമായും നിഷേധിക്കാനാവാത്ത ജീവിതാനുഭവങ്ങള്‍ കണ്ടും കേട്ടും അറിഞ്ഞതുമാണല്ലോ.
അപ്പോള്‍ ഇങ്ങനെ ഒരു വാക്കുകൊണ്ട് ആദരിക്കപ്പെടുന്ന  രീതിയില്‍ ഏതു കാലഘട്ടത്തില്‍ ആയിരിക്കും ഈ പ്രദേശങ്ങളിലെ മുസ്ലിം പെണ്‍കുട്ടികള്‍ ജീവിച്ചിട്ടുണ്ടാവുക?
പുതിയാപ്പിളമാര്‍ വിവാഹ ശേഷം ഭാര്യവീട്ടില്‍ കഴിയുന്ന സമ്പ്രദായമുള്ള ചില പ്രദേശങ്ങള്‍ ഈ പറഞ്ഞ ജില്ലകളില്‍ ഉണ്ട്. അവിടങ്ങളില്‍ വധുവിന് മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പരിഗണന ലഭിക്കുന്നുമുണ്ട്. എന്നാല്‍ ‘വാഴിക്കുക’ എന്ന പ്രയോഗം അവിടങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. (അത്തരം ഇടങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന മാപ്പിള ശൈലികളും, വാക്കുകളും, പ്രയോഗങ്ങളും ധാരാളം ഉണ്ട് താനും). 



ഈ പറഞ്ഞ മൂന്നു ജില്ലകളിലെയും മാപ്പിളമാരുടെ രീതി അനുസരിച്ച് പുതിയാപ്പിളയെ അഥവാ പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ  ഏറെ ആദരവോടെയും ബഹുമാനത്തോടെയും കാണുന്ന സമ്പ്രദായം ആണുള്ളത്. (മരണം വരെ വീട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും,നാട്ടുകാര്‍ക്കും അയാള്‍ പുതിയാപ്പിള ആണ്). മേല്‍പറഞ്ഞ അര്‍ത്ഥത്തില്‍ ശരിക്കും വാഴിക്കപ്പെടുന്നത് ആണ്‍കുട്ടിയാണ്. അപ്പോള്‍ എന്തുകൊണ്ടാവും പെണ്‍കുട്ടികളെ കല്യാണം കഴിച്ചു കൊടുക്കുന്നതിന് ഈ പദം ഉപയോഗിച്ചിട്ടുണ്ടാവുക? .(മുസ്ലിംകള്‍ ഏറെയുള്ള മാപ്പിള ശൈലിയും വാക്കുകളും ധാരാളം പ്രയോഗിക്കുന്ന മലപ്പുറം ജില്ലയില്‍ ഈ വാക്ക് ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്)


ശ്രീകണ്ഠന്‍നായരുടെ  ശബ്ദതാരാവലിയില്‍  ‘വാഴിക്കുക’ എന്ന വാക്കിന്  ‘കുടുംബം ഉണ്ടാക്കിക്കൊടുക്കുക’ എന്ന ഒരു അര്‍ഥം കൂടി നല്‍കിയിട്ടുണ്ട്.

ഈ ഒരു അര്‍ത്ഥത്തിലാണ് ‘വാഴിക്കുക’ എന്ന് പ്രയോഗിക്കപ്പെടുന്നത് എങ്കില്‍ അതിന് കുറേക്കൂടി ചേര്‍ച്ച തോന്നുന്നുണ്ട്. അപ്പോഴും  അമ്പരപ്പ് ഒന്നുകൂടി കൂടുകയാണ്. കാരണം  ഇത്തരം കട്ടിയുള്ള വാക്കുകളൊന്നും സംസാരഭാഷയില്‍ കടന്നുവരാത്ത നാടന്‍ മാപ്പിളമാര്‍ എന്തുകൊണ്ടാവും പെണ്‍കുട്ടികളെ കല്യാണം കഴിച്ചുകൊടുക്കുന്നത് സൂചിപ്പിക്കാന്‍ ഈ വാക്ക് ഇത്ര വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടാവുക. തങ്ങള്‍ ഇടപഴകുന്ന; കൂടുതല്‍ നല്ല മലയാളം പറയുന്ന മറ്റു സമുദായങ്ങള്‍ ഈ വാക്ക് ഈ അര്‍ത്ഥത്തില്‍ ഉപയോഗിക്കുകയും ചെയ്യാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും

പഴയ അറബി മലയാളം പാട്ടുകളില്‍ ‘വാഴിക്കുക’ എന്ന് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുന്നതിന് ഉപയോഗിച്ചിരുന്നു.(ഉമ്മ പറഞ്ഞ അറിവ് ‘ഖദീജ ബീവി വഫാത്ത്’ എന്ന കൃതിയില്‍ ഇങ്ങനെ ഒരു വാക്ക് ഉണ്ടായിരുന്നുവത്രെ).

ഇങ്ങനെ ഒരു  ഭാഷയിലൂടെ നൂറ്റാണ്ടുകള്‍ക്കു  മുമ്പ് തന്നെ  സമ്പൂര്‍ണ്ണ   സാക്ഷരത നേടിയ ഒരു സമുദായത്തിന്‍റെ ഭാഷാ പ്രയോഗങ്ങളും സംസാരശൈലിയും പലപ്പോഴും പുച്ഛത്തോടെയും  പരിഹാസത്തോടെയും വീക്ഷിക്കപ്പെടുമ്പോള്‍ ഇങ്ങനെ ചില അമ്പരപ്പുകള്‍ ബാക്കിയാവുന്നു.

നമ്മള്‍ ശ്രദ്ധിക്കാതെ പോവുന്ന ചില വാക്കുകളും പ്രയോഗങ്ങളും  ഒരു സമൂഹത്തിന്‍റെ ഇന്നലകളിലേക്ക് ചികഞ്ഞു പോകാനുള്ള താക്കോലായി മാറും. അറിവും കഴിവും ഉള്ളവര്‍ മുന്നിട്ടിറങ്ങിയാല്‍ ചരിത്രത്തിന്‍റെ ഇരുട്ടുമുറികള്‍ തുറന്ന് അമൂല്യമായ പലതും കണ്ടെത്താനാവും. വരാനിരിക്കുന്ന തലമുറകള്‍ക്ക് അത് മുതല്‍ക്കൂട്ടാവുകയും ചെയ്യും.

  

6 comments:

  1. എന്റെ ഒരു നിരീക്ഷണമാണ് , അങ്ങനെ ആയിക്കൂടായ്കയില്ല, ആകണമെന്നുമില്ല

    തന്നെക്കാളും ഉന്നതമായവര്‍ എന്ന ബോധം വന്നാല്‍ വന്നു കയറുന്നവരോട് ബഹുമാനം സ്വാഭാവികം . അങ്ങനെ ആരധനാമാനോഭാവത്തോടെ കുടുംബത്തിന്റെ ചുമതല ഏല്പിക്കുന്നു- വാഴിച്ചിരിക്കണം.
    ഇനി പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യവും അതിന്റെ മുന്പുമുള്ള മലബാറിലെ സാമൂഹിക ചരിത്ര പശ്ചാത്തലം നോക്കണം . തൊടലിലും തീണ്ടാലിലും തുടങ്ങി പല കാരണങ്ങളാല്‍ പടിയടക്കപ്പെട്ട നമ്പൂതിരി സ്ത്രീകള്‍ , സമ്പന്നരായ നായര്‍ സ്തീകള്‍ . നിരാലംബരും അശരണരും ആയ ഇവരേ സന്തോഷപൂര്വ മായിരുന്നു മുസ്ലിങ്ങള്‍ തുടങ്ങി ഇതര സമുദായങ്ങള്‍ സ്വീകരിച്ചിരുന്നത്. മലബാറില്‍ ഉണ്ടായിരുന്ന ഹിന്ദു മുസ്ലിം ലഹളകള്ക്കു് സാമൂതിരിയാല്‍ പുറംതള്ളപെട്ട കുഞ്ഞാലി മരക്കാരോളം പഴക്കമുണ്ട്, തുടര്ന്ന് ‍ വന്ന ടിപ്പുവിന്റെി പടയോട്ടം. മലബാര്‍ ലഹളകള്‍. ഏതിന്റെ പേരിലായാലും ജന്മിമാരായ ഒത്തിരിയേറെ ഹിന്ദു കുടുബങ്ങള്‍ അക്രമിക്കപെട്ടിട്ടുണ്ട് . ലഹളകളില്‍ ഇരകളായ പല സ്ത്രീകള്ക്കും പിന്നെ മ്സ്ലിങ്ങള്‍ തന്നെയാണു ജീവിതം കൊടുത്തത്. ഇവരെ വീട്ടിലേക്കു കൊണ്ടുപോയി സന്തോഷിപ്പിക്കാന്‍ വാഴുന്നോര്‍ തന്നെയാക്കിയിരിക്കണം. വാഴിക്കുക പിന്നെ ഒരു ശൈലിയാകുകകയും എല്ലാ കല്യാണങ്ങളും വാഴിക്കുക ആയിട്ടുണ്ടാകും .. മലബാരിന്റെ പശ്ചാത്തലം അല്ലായിരുന്നു തിരുവിതാംകൂറില്‍ അവിടെ “വാഴിക്കുന്നില്ല” , മുസ്ലിങ്ങള്‍ നിക്കാഹു അല്ലെങ്കില്‍ കല്യാണം എന്നൊക്കെ മാത്രമണ്‌ പറഞ്ഞിരുന്നത് എന്നതും കൂടെ ചേര്ത്ത് വായിക്കണം

    ReplyDelete
  2. വാഴണം വാഴണം നിത്യം
    വാഴണം വാഴണം സുഖം

    ReplyDelete
  3. ഈ പോസ്റ്റ് എന്നെ സന്തോഷിപ്പിച്ചു എന്നറിയിക്കട്ടെ.. ഫേസ് ബുക്കിലും ഞാനിത് വായിച്ചിരുന്നു. നജീബ് ഭംഗിയായി എഴുതീട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    ReplyDelete
  4. വാഴ്=ജീവിതം
    ചില ഭാര്യാഭര്‍ത്താക്കന്മാരുടെ നിത്യേനയുള്ള കുടുംബകലഹം കാണുമ്പോള്‍
    പലരും സഹികെട്ട് സ്വയം പറഞ്ഞുപോകാറുണ്ട് "ഇതധികകാലം വാഴുന്നൂന്ന് തോന്നണീല്ല്യ" (ഒരുമിച്ചുള്ള ജീവിതം തുടരുക)
    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  5. നന്നായി ബായട്ടെ !

    ReplyDelete
  6. നന്നായി പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ്

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ