Tuesday, January 28, 2014

'ദൃശ്യ'ത്തിന്‍റെ വന്‍വിജയം പേടിപ്പിക്കുന്നത്‌തിരക്കഥയുടെ കെട്ടുറപ്പ് , മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയുടെ ശക്തമായ തിരിച്ചു വരവ്, കലാഭവന്‍ ഷാജോണ്‍ അടക്കമുള്ള മറ്റു നടീനടന്മാരുടെ അഭിനയമികവ് , എല്ലാം കൊണ്ടും ഏറെക്കാലത്തിനു ശേഷം മലയാള സിനിമയ്ക്ക് ഒരു ഉണര്‍വ്വായി മാറിയിരിക്കുകയാണ് 'ദൃശ്യം'.

85 വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയത് ഈ സിനിമയാണെന്ന് പത്രങ്ങള്‍ എഴുതുന്നു. മലയാളികള്‍ ഉള്ള ഇടങ്ങളിലോക്കെയും ഗംഭീരമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു ഈ ചിത്രം. പത്രങ്ങളും ടീവിയും സോഷ്യല്‍ മീഡിയകളും ഈ സിനിമയെ വര്‍ണ്ണിച്ചു മതിയാകുന്നില്ല.

മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിക്കൊണ്ട് മുന്നേറുന്ന ഈ ചിത്രം അതുകൊണ്ടാണ് ഏറെ മോഹിച്ച് കണ്ടത്.

സത്യം പറഞ്ഞാല്‍ ഈ സിനിമ കണ്ടിറങ്ങിയപ്പോള്‍ ഉള്ളില്‍ തോന്നിയത് മലയാളി ഇത്ര ക്രൂരനായിപ്പോയല്ലോ എന്നാണ്. അത്രയേറെ അസ്വസ്ഥതയോടെയാണ്‌ ഈ സിനിമ കണ്ടത്. ഒരു കുടുംബത്തിന്‍റെ ദുരന്തം നിസ്സഹായത ഭീതി ഇതൊക്കെ പ്രേക്ഷകന്‍റെ നെഞ്ചിടിപ്പ് കൂട്ടും വിധം ചിത്രീകരിച്ചതാണ് ഈ സിനിമയുടെ വിജയം.

പത്തുമുപ്പതു വര്‍ഷം  മുമ്പ് ഏകദേശം സമാനമായ തീമായിരുന്നു നെടുമുടി വേണുവും മോഹന്‍ലാലും അഭിനയിച്ച ‘മനസ്സറിയാതെ’  എന്ന സിനിമ. അന്ന് ആ സിനിമ ഒരു വിജയമായില്ല. കാരണം ആ കാലഘട്ടത്തില്‍ അത്തരം ഒരു കഥ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകന്‍  മടിച്ചു.

എം ടി സിബി മലയില്‍ ടീമിന്‍റെ മോഹന്‍ലാല്‍ ചിത്രമായ ‘സദയം’ തിയേറ്ററില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം രണ്ടു കുട്ടികളെ ക്രൂരമായി കൊലചെയ്യുന്ന  രംഗം അതില്‍ ഉള്ളത് കൊണ്ട് കൂടിയായിരുന്നു.

ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത ‘ഭൂതക്കണ്ണാടി’ ബോക്സ് ഓഫീസ് പരാജയമാകാനുള്ള കാരണവും ഒരു കൌമാരക്കാരിയെ മാനഭംഗപ്പെടുത്തി കൊല്ലുന്നതും തുടര്‍ന്നുള്ള ആ രാത്രിയിലെ അന്വേഷണവും അമ്മയുടെ നിലവിളിയും ഒക്കെ പ്രേക്ഷകരില്‍ ഉണ്ടാക്കിയ അസ്വസ്ഥത തന്നെയായിരുന്നു.

സിനിമയില്‍ ആണെങ്കിലും ഇത്തരം ക്രൂരത താങ്ങാനാവാതെ  പ്രേക്ഷകന്‍ നിരാകരിച്ചത് കൊണ്ട് വിജയിക്കാതെ പോയ സിനിമകളാണ് ഇതൊക്കെ.

എന്നാല്‍ ഇന്ന് മലയാളി ഏറെ മാറിപ്പോയിരിക്കുന്നു എന്നാണു ദൃശ്യത്തിന്‍റെ  അപ്രതീക്ഷിത വിജയം വിളിച്ചു പറയുന്നത്. അപകടമായാലും ദുരന്തമായാലും നിസംഗനായി മൊബൈലില്‍ ഷൂട്ട്‌ ചെയ്യുന്ന പുതിയ കാലത്തെ മലയാളിയെ ഈ ചിത്രം ഏറെ തൃപ്തിപ്പെടുത്തിയെങ്കില്‍ അതിശയമില്ല.
സിനിമയുടെ കഥ അവസാനം നായകനെയും കുടുംബത്തെയും രക്ഷിക്കുമ്പോള്‍ തിയേറ്ററുകളില്‍ ആശ്വാസത്തിന്‍റെ നെടുവീര്‍പ്പ് ഉയരുന്നതുകൊണ്ട് ഈ ‘ദൃശ്യം' നന്മയുടെതാകുന്നില്ല.  

എം മുകുന്ദന്‍റെ ദല്‍ഹി 1981 എന്ന കഥയെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ നാം മാറിപ്പോയിരിക്കുന്നു എന്നതാണ്   ഈ ചിത്രം നമ്മോടു വിളിച്ചു പറയുന്നത്. സ്ത്രീകളും കുട്ടികളുമടക്കം കുടുബപ്രേക്ഷകരാണ് ഈ സിനിമ  വിജയിപ്പിച്ചത് എന്നതാണ്   ഏറെ നടുക്കം ഉണ്ടാക്കുന്നതും.
----------------------------------------------------------------------
വാല്‍ക്കഷണം: തിരുവനന്തപുരം ചലച്ചിത്രോത്സവത്തില്‍ കിം- കി ഡുക്കിന്‍റെ സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ കണ്ട് തലചുറ്റി വീണ സിനിമാപ്രേമി മലയാളി തന്നെയായിരുന്നോ സാര്‍?


12 comments:

 1. നന്മയുള്ള ഹൃദയങ്ങള്‍ അറിയാതെ ചോദിച്ചുപോകുന്ന ചോദ്യം!!!

  ReplyDelete
 2. വളരെ ശ്രദ്ധേയമായ വിലയിരുത്തല്‍ .മലയാളിയുടെ 'മനസ്സി'ന് കാഠിന്യം കൂടിവരുന്നു.തീര്‍ച്ചയായും 'ദൃശ്യം' എന്ന സിനിമയ്ക്ക്, സമൂഹത്തിന് നല്‍കാന്‍ കഴിഞ്ഞത് നല്ലൊരു സന്ദേശമല്ല.

  ReplyDelete
 3. ഡെല്‍ഹി 81 മുകുന്ദന്‍റെ കഥകളെ കൃത്യമായി വേര്‍തിരിക്കുന്ന സന്ധിയാണ്.രണ്ടു പകുതികളും തികച്ചും വ്യത്യസ്ഥം

  ReplyDelete
 4. കടുത്ത വിയോജിപ്പുകൾ രേഖപ്പെടുത്തുന്നു ..

  // സത്യം പറഞ്ഞാല്‍ ഈ സിനിമ കണ്ടിറങ്ങിയപ്പോള്‍ ഉള്ളില്‍ തോന്നിയത് മലയാളി
  ഇത്ര ക്രൂരനായിപ്പോയല്ലോ എന്നാണ്. അത്രയേറെ അസ്വസ്ഥതയോടെയാണ്‌ ഈ സിനിമ കണ്ടത്.
  //
  ..
  ..
  ഒരു കഥയോ സിനിമയോ എന്തുമായിക്കോട്ടെ അത് കേവലം ആനന്ദത്തിനോ ആഹ്ലാദത്തിനൊ
  രസിക്കാനോ വേണ്ടി മാത്രം കാണുന്ന ഒരു ചെറിയ കൂട്ടം പ്രേക്ഷകരിൽ ഒരാളാണ്
  നജീബ്ക്ക എന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് ചുറ്റും നല്ലതും ചീത്തയും,
  നന്മയും തിന്മയും ഒക്കെയുണ്ട്. അതിൽ നല്ലത് മാത്രമേ നമുക്ക് കാണാനും
  കേൾക്കാനും അനുഭവിക്കാനും അറിയാനും താൽപ്പര്യമുള്ളൂ എന്നതും സത്യമാണ്. അത്
  കരുതി നമ്മൾ ഇതിന്റെയൊക്കെ ഭാഗമാകാതെ ജീവിതത്തിൽ കടന്നു പോകുന്നില്ല.

  ആകാശദൂത് മലയാളികളെ ഒരുപാട് കരയിച്ചിട്ടുണ്ട്‌. അതൊരു ക്രൂരതയായി
  തോന്നിയിട്ടുണ്ടോ ? ഒരു സിനിമ കണ്ടു കൊണ്ട് ഒരാൾ അസ്വസ്ഥനാകുകയൊ കരയുകയോ
  ചെയ്യുന്നുവെങ്കിൽ അയാളിൽ നന്മയുടെ ഒരു മനസ്സുണ്ട് എന്ന് വേണം കരുതാൻ. ആ
  തലത്തിൽ നോക്കുമ്പോൾ ചില സിനിമകൾ പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചു
  കുലുക്കുന്നുണ്ട് . അത് നല്ലതല്ലേ ?
  _____________________________

  /// എം ടി സിബി മലയില്‍ ടീമിന്‍റെ മോഹന്‍ലാല്‍ ചിത്രമായ ‘സദയം’ തിയേറ്ററില്‍
  പരാജയപ്പെടാനുള്ള പ്രധാന കാരണം രണ്ടു കുട്ടികളെ ക്രൂരമായി കൊലചെയ്യുന്ന രംഗം
  അതില്‍ ഉള്ളത് കൊണ്ട് കൂടിയായിരുന്നു.

  ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത ‘ഭൂതക്കണ്ണാടി’ ബോക്സ് ഓഫീസ്
  പരാജയമാകാനുള്ള കാരണവും ഒരു കൌമാരക്കാരിയെ മാനഭംഗപ്പെടുത്തി കൊല്ലുന്നതും
  തുടര്‍ന്നുള്ള ആ രാത്രിയിലെ അന്വേഷണവും അമ്മയുടെ നിലവിളിയും ഒക്കെ
  പ്രേക്ഷകരില്‍ ഉണ്ടാക്കിയ അസ്വസ്ഥത തന്നെയായിരുന്നു.///
  ..
  ...
  യോജിക്കുന്നില്ല .. ഒട്ടും തന്നെ യോജിക്കുന്നില്ല .. ഒരു സിനിമ പ്രേക്ഷകൻ ഒരു
  കാലഘട്ടത്തിൽ സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും പ്രത്യക കാരണങ്ങൾ ഉണ്ട്
  എന്നത് സത്യം തന്നെ. അതേ സമയം ക്രൈം സീനുകൾ ഉള്ള സിനിമകൾ പ്രേക്ഷകൻ പണ്ട്
  കാണാൻ ഇഷ്ട്ടപ്പെട്ടിരുന്നില്ല എന്ന വാദം ശരി വക്കാൻ എനിക്കാകുന്നില്ല. നസീർ
  സത്യൻ മാഷ് കാലം തൊട്ടുള്ള സിനിമകൾ നോക്കിയാൽ തന്നെ എത്രയെത്ര ക്രൈം സീനുകൾ
  നമ്മൾ കണ്ടിട്ടുണ്ട്. പിന്നീട് വന്ന സിനിമകളിൽ അതിന്റെ തോത് കൂടുകയും
  കുറയുകയും ചെയ്തിട്ടുണ്ട് എന്ന് മാത്രം.

  സദയം സിനിമയുടെ തിരക്കഥക്കാണ് എം ടിക്ക് ആ വർഷത്തെ ദേശീയ പുരസ്ക്കാരം
  കിട്ടിയത്. ഭൂതക്കണ്ണാടിയും സംസ്ഥാന ദേശീയ തലത്തിൽ പുരസ്ക്കാരങ്ങൾക്ക്
  അർഹമായി. ഇതെല്ലാം ജനം അംഗീകരിച്ചച്ചതുമാണ്. ബോക്സ് ഓഫീസ് വിജയങ്ങൾ നോക്കി
  കൊണ്ട് ഒരു സിനിമയെ വിലയിരുത്തരുത് .. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ
  കിട്ടിയ സിനിമയായിരുന്നു മായാമോഹിനി . കണ്ടത് മുഴുവൻ കുടുംബ പ്രേക്ഷകരും,
  ഇതെല്ലാം കണക്കിലെടുത്ത് കൊണ്ട് ആ സിനിമ നല്ലൊരു കുടുംബ സിനിമയാനെന്നൊ മികച്ച
  സിനിമയെന്നോ ആരും അവകാശപ്പെടില്ല. അത്രയേ ഈ വിഷയത്തിലും ഉള്ളൂ .. സദയവും
  ഭൂതക്കണ്ണാടിയും
  കണ്ട ഈ ഗ്രൂപ്പിലെ തന്നെ ആളുകളോട് നജീബ്ക്ക ചോദിക്കണം രണ്ടു ചോദ്യങ്ങൾ . ഒന്ന്
  നിങ്ങൾ എന്ത് കൊണ്ട് ആ സിനിമ തിയേറ്ററിൽ നിന്ന് കണ്ടില്ല .? രണ്ട് - പിന്നീട്‌
  നിങ്ങൾ ആ സിനിമ കണ്ടപ്പോൾ എന്ത് തോന്നി ? ബാക്കിയുള്ള ഉത്തരങ്ങൾ അവരിലൂടെ
  തന്നെ അറിയാൻ ശ്രമിക്കുക ..
  ___________________________________

  // സിനിമയില്‍ ആണെങ്കിലും ഇത്തരം ക്രൂരത താങ്ങാനാവാതെ പ്രേക്ഷകന്‍
  നിരാകരിച്ചത് കൊണ്ട് വിജയിക്കാതെ പോയ സിനിമകളാണ് ഇതൊക്കെ.//
  ..
  ..
  ഇവിടെയാണ്‌ കടുത്ത വിയോജിപ്പുകൾ .. നജീബ്ക്കാ .. സിനിമയിലെ ക്രൂരത എന്നത്
  കൊണ്ട് എന്തൊക്കെ സീനുകൾ ആണ് ഉദ്ദേശിക്കുന്നത് എന്ന് ഒന്ന് പറഞ്ഞു തരുമോ ?
  എന്നാൽ അതിനു അനുസരിച്ചുള്ള മറുപടികൾ പറയാൻ ശ്രമിക്കാം ..
  _______________________________
  /// സിനിമയുടെ കഥ അവസാനം നായകനെയും കുടുംബത്തെയും രക്ഷിക്കുമ്പോള്‍
  തിയേറ്ററുകളില്‍ ആശ്വാസത്തിന്‍റെ നെടുവീര്‍പ്പ് ഉയരുന്നതുകൊണ്ട് ഈ ‘ദൃശ്യം;
  നന്മയുടെതാകുന്നില്ല. ///
  ..
  ..
  ദൃശ്യത്തിൽ നജീബ്ക്കാ കണ്ടു പിടിച്ച ക്രൂരതകൾ എന്തൊക്കെയാണ് ? ആ പയ്യനെ കൊന്നു
  എന്നതോ ? കൊലപാതകം മനപൂർവം ആയാലും അല്ലാതെയും തെറ്റാണ് . ഒരാളെ
  കൊല്ലുന്നത് ശരിയാണ് എന്ന് ഈ സിനിമ എവിടെയും പറയുന്നില്ല. നിയമത്തിന്റെ
  കാഴ്ചപ്പാടുകളിൽ ആണ് സമൂഹത്തിലെ ശരിയും തെറ്റും കിടക്കുന്നത്. ഒരു വ്യക്തിയുടെ
  കണ്ണിൽ അത് അത് പോലെയാകണം എന്നില്ല. അതാണ്‌ ഈ സിനിമ പറയുന്നത്. സത്യം ഒരു
  കാലത്തും പുറത്തു വരില്ല എന്നും ജോർജ്ജു കുട്ടി കരുതിന്നില്ല ..അങ്ങിനെ ആരെയും
  വെല്ലു വിളിക്കുന്നില്ല. മകൻ നഷ്ട്ടപ്പെട്ട അച്ഛനമ്മമാരോട് ജോർജ്ജ് കുട്ടി
  കൊടുക്കുന്ന വിശദീകരണം ആണ് നജീബ്ക്ക ഏറെ ശ്രദ്ധിക്കേണ്ടിയിരുന്നത്. പക്ഷേ ചില
  മുൻവിധികൾ നജീബ്ക്കയെ അവിടെ മറ്റൊരു തരത്തിൽ ചിന്തിക്കാനാണ് നിർബന്ധിച്ചത്
  എന്ന് തോന്നുന്നു. ഈ സിനിമ കണ്ട ശേഷം പോലീസുകാരിൽ നിന്നാണ് ഏറെ വിമർശനം
  ഉണ്ടായത് .. സിനിമയിൽ സത്യത്തിന്റെ ഭാഗത്തു നില നിന്ന പോലീസുകാർ തോറ്റു
  പോകുന്നുണ്ട്. അത് കൊണ്ട് തോന്നിയേക്കാവുന്ന സ്വാഭാവിക വികാര പ്രകടനം
  മാത്രമാണ് അത്.

  ReplyDelete
 5. ദൃശ്യം കാണാൻ ആഗ്രഹിച്ചു നില്ക്കുന്നൊരു സിനിമയാണ്.കണ്ടു കഴിഞ്ഞു അഭിപ്രായം പറയാം.ഏതായാലും കഥ ഇതിൽ എഴുതാത്തത് നന്നായി.

  ReplyDelete
 6. സിനിമ കണ്ടില്ല, നജീബ്.. അതുകൊണ്ട് ഒന്നും പറയാതെ പോകുന്നു..

  ReplyDelete
 7. സത്യത്തില്‍ ‘ദൃശ്യം’ എന്ന സിനിമ കണ്ടപ്പോഴുണ്ടായ അസ്വസ്ഥതയും മലയാളത്തിലെ ഏറ്റവും കൂടുതല്‍ സാമ്പത്തിക വിജയം നേടിയ സിനിമയായി ഇതിനെ മാറ്റിയത് കേരളത്തിലെ കുടുംബപ്രേക്ഷകര്‍ ആണല്ലോ എന്ന അമ്പരപ്പുമാണ് ഈ പോസ്റ്റ്‌ ഇടാന്‍ പ്രേരിപ്പിച്ചത്. എതിര്‍ത്തും അനുകൂലിച്ചും വളരെ ഗഹനമായ ഒരു ചര്‍ച്ച ഈ പോസ്റ്റില്‍ നടന്നതില്‍ സന്തോഷിക്കുന്നു.

  നമ്മുടെ ചുറ്റും സംഭവിക്കുന്നത്‌ എന്ന് തോന്നിച്ചുകൊണ്ട് പ്രേക്ഷകനെ തന്‍റെ ഭാഗത്ത് നിര്‍ത്തി വിജയിപ്പിച്ചെടുക്കാന്‍ ഈ സിനിമയുടെ സംവിധായകന് സാധിച്ചിരിക്കുന്നു എന്നതാണ് സത്യം. ഈ പോസ്റ്റിനു പലയിടങ്ങളിലായി ഞാന്‍ വായിച്ച കമന്റുകളില്‍ പലരും ഈ സിനിമ നല്‍കുന്ന സന്ദേശമായി പറയുന്നത് പണവും മൊബൈലും മറ്റെല്ലാ സൌകര്യങ്ങളും നല്‍കി മക്കളെ വഷളാക്കുന്ന മാതാപിതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ ചിത്രം എന്നതാണ്. അതുകൊണ്ട് തന്നെ കൌമാരക്കാരന്‍റെ കൊലപാതകം ന്യായീകരിക്കപ്പെടെണ്ടത് തന്നെയെന്നും.


  ഒന്ന് ചോദിച്ചോട്ടെ നമ്മുടെ കേരളത്തില്‍ മൊബൈല്‍ ഫോണ്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുകയും അതുവെച്ച് പീഡനങ്ങളും ബ്ലാക്ക് മെയിലും വിറ്റ് കാശുണ്ടാക്കളും ഒക്കെ നടത്തുന്നത് കൂടുതലും ഇവിടത്തെ കൌമാരക്കാരാണോ?

  നിത്യവും പത്രം വായിക്കുന്നവര്‍ക്ക് അറിയാം. ഹോട്ടല്‍ തൊഴിലാളിയും ജൌളിക്കടയിലെ ജോലിക്കാരനും, ഇലക്ട്രിഷ്യനും ഒക്കെ ഇത്തരം കുറ്റകൃത്യങ്ങള്‍ സമര്‍ത്ഥമായി ചെയ്യുന്നുണ്ട്. വിവാഹിതരായി കുടുംബമായി ജീവിക്കുന്നവരാണ് ചിലപ്പോള്‍ കൌമാരക്കാരെക്കാളും കൂടുതലായി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. (ഫേസ്ബുക്കില്‍ പോലും സ്ത്രീകളെ കൂടുതലായും ശല്യം ചെയ്യുന്നതും ചുറ്റിക്കളി നടത്തുന്നതും കൌമാരക്കാരെക്കാളും കുട്ടികളും കുടുംബവുമായികഴിയുന്ന ഗൃഹസ്ഥരാണ് എന്നത് ഒരു പരമാര്‍ത്ഥം മാത്രം) ഇതിന് ഉന്നതന്‍റെ മകനോ സമ്പന്നനോ ആകണം എന്നില്ല.

  പക്ഷെ ഇങ്ങനെ ഒരു കഥാപാത്രത്തെ വില്ലന്‍ സ്ഥാനത്ത് കൊണ്ടുവന്നാല്‍ അവിടെ അയാള്‍ക്കും നായകനെ പോലെ ഒരു കുടുംബം ഇല്ലേ അവരും അനാഥരാകുകയല്ലേ എന്നിങ്ങനെ കുറെ ചോദ്യങ്ങള്‍ വരും അതിനാല്‍ അത്തരം ബാധ്യതകള്‍ ഒന്നുമില്ലാത്ത കൌമാരക്കാരനെ സൌകര്യപൂര്‍വ്വം വില്ലനാക്കുന്നു.

  ഇവിടെയാണ്‌ സംവിധായകന്‍റെ കൌശലം തിരിച്ചറിയേണ്ടത്. രൂപം കൊണ്ടും ഭാവം കൊണ്ടും ചെയ്തികള്‍ കൊണ്ടും ആദ്യമേ പ്രേക്ഷകന്‍റെ വെറുപ്പ് സമ്പാദിച്ച ‘ന്യൂ ജനറേഷന്‍ പയ്യന്‍’ സമ്പന്ന കുടുംബത്തിലെ അംഗവും മകനെ കൊഞ്ചിച്ചു വഷളാക്കിയ ഐ ജി യുടെ മകനും കൂടി ആവുമ്പോള്‍ അവന്‍ ഒട്ടും ദയ അര്‍ഹിക്കുന്നില്ല. സിനിമ കണ്ടു കഴിഞ്ഞ പ്രേക്ഷകനും അത് ന്യായീകരിക്കുന്നു.

  ഇവിടെ നായകകഥാപാത്രം ചെയ്യുന്ന കാര്യങ്ങള്‍ നിയമവിരുദ്ധമാണെങ്കിലും നാം ശരിവെക്കുന്നതും അയാള്‍ക്കൊപ്പം നില്‍ക്കുന്നതും, ഭാര്യയോടും മക്കളോടും അഗാധ സ്നേഹമുള്ളതുകൊണ്ടാണ് അയാള്‍ ഇതൊക്കെ ചെയ്യുന്നത് എന്നത് കൊണ്ടാണ്. ഒരു മൊബൈല്‍ പോലും ഉപയോഗിക്കാത്ത ഈ പാവത്തിന് വന്നുപെട്ട ദുരന്തത്തില്‍ നിന്ന് ഒരു പോറലുപോലും ഏല്‍ക്കാതെ അയാള്‍ രക്ഷപ്പെടുമ്പോള്‍ നാം ആശ്വസിക്കുകയും ഈ കാലത്ത് ഒരു അച്ഛന്‍ അല്ലാതെന്തു ചെയ്യുമെന്ന് ന്യായം കണ്ടെത്തുകയും ചെയ്യുന്നു.

  ഈ ഈ നായക കഥാപാത്രത്തെ ശരിക്കൊന്നു പഠിച്ചുനോക്കൂ. പാതിരാക്ക്‌ ‘A’ പടം ഇടുന്നുണ്ടോ എന്ന് വിളിച്ചു നോക്കുന്ന പാതി തളര്‍ന്നു കിടക്കുന്ന കിളവന്‍ അടക്കം ‘ചോരയും നീരുമുള്ള’ ആണുങ്ങള്‍ ഉള്ള നാട്ടിലെ കേബിള്‍ ടി വി ഒപരേറ്റര്‍ ആണ് ഇദ്ദേഹം. ത്രില്ലര്‍ സിനിമകളുടെ ആരാധകനായ നായകന്‍ പാതിരക്കുള്ള കേബിള്‍ ടി വി സംപ്രേഷണം മുടങ്ങാതിരിക്കാന്‍ ഓഫീസില്‍ തന്നെയാണ് കിടപ്പും.
  .............

  ReplyDelete
 8. .............സിനിമ കണ്ട് പഠിച്ചെടുത്ത കാര്യങ്ങളിലൂടെയാണ് കൊലപാതകത്തിലെ രഹസ്യങ്ങള്‍ നായകന്‍ തന്ത്രപൂര്‍വ്വം മറച്ചുവെക്കുന്നത് എന്നത് അഭിമാനകരമായി കാണിക്കുന്ന സംവിധായകനും അത് കണ്ടു കയ്യടിക്കുന്ന പ്രേക്ഷകനും ഒരു കാര്യം ചിന്തിച്ചിട്ടുണ്ടോ, ഇത്തരം പാതിരാ സിനിമകള്‍ യുവതലമുറയെ അടക്കം ലൈംഗിക ആരാജകത്വത്തിലും ഇത്തരം വൃത്തികെട്ട ചെയ്തികളിലെക്കും നയിക്കുന്നതില്‍ എത്രത്തോളം പങ്കുവഹിക്കുന്നു എന്ന്. അപ്പോള്‍ അതില്‍ ഒരു കണ്ണി തന്നെയല്ലേ ഈ നായകനും?

  മറ്റൊന്ന് ഇവിടെ നായകനും കുടുംബത്തിനും രക്ഷകരായി എത്തുന്നത്‌ ചാനലുകളാണ് എന്നതാണ്. അതില്‍ പലവട്ടം പേരെടുത്തു പറഞ്ഞ ചാനലടക്കം മലയാളിയുടെ ലൈംഗിക താല്പര്യത്തെ വിദഗ്ദമായി ചൂഷണം ചെയ്യുന്ന എത്രയോ പരിപാടികള്‍ നിരന്തരമായി സംപ്രേഷണം ചെയ്യുന്നതില്‍ യാതൊരു മന;സാക്ഷി കുത്തുമില്ലാത്ത കച്ചവടക്കണ്ണുള്ളവരാണ്. അവിഹിത ബന്ധങ്ങളെ ന്യായീകരിക്കുന്ന സീരിയല്‍ കഥകളും കൌമാരക്കാരികളുടെ മേനിമിനുപ്പ്‌ പരമാവധി കാണിക്കാന്‍ പറ്റുന്ന റിയാലിറ്റി കോപ്രായങ്ങളും കാണിച്ചു പണമുണ്ടാക്കുന്ന ചാനലുകാരെ തന്നെ സംവിധായകന്‍ അവസാനത്തെ അഭയകേന്ദ്രമായി കണ്ടെത്തിയിരിക്കുന്നു.

  അതിലും വലിയ തമാശ പണം വാങ്ങി ക്വാറി തുടങ്ങാന്‍ സഹായിച്ച് ഒടുവില്‍ ഉടമയുമായി ഉടക്കിയപ്പോള്‍ പരിസ്ഥിതി പ്രശ്നം പറഞ്ഞു പൂട്ടിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരനാണ് പെങ്ങള്‍ക്കും അളിയനും വേണ്ടി ചാനലുകാരെ വിളിക്കാനും ജനങ്ങളുടെ മുന്നില്‍ നില്‍ക്കാനുമുള്ളത് എന്നതും കൂടിയാണ്. സമൂഹത്തെ ചൂഷണം ചെയ്താലും രാഷ്ട്രീയസ്വാധീനം സ്വന്തം കുടുംബത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നതിനു മതി എന്ന സന്ദേശവും ഈ സിനിമ നല്‍കുന്നു എന്ന് ചിന്തിച്ചുപോയാല്‍ കുറ്റം പറയാനാവുമോ?

  സിനിമ കണ്ട് ഒരുപാട് ‘അറിവുള്ള’ നായകന്‍ മകളുടെയടക്കം ചിത്രങ്ങള്‍ ഒരു പയ്യന്‍ ക്യാമ്പില്‍ വെച്ച് മൊബൈലില്‍ എടുത്തിരുന്നു എന്നതില്‍ ഒട്ടും അസ്വസ്തനാകുന്നില്ല. മറിച്ച് വിഡ്ഢിയായ ഭാര്യയെ പരിഹസിക്കുകയാണ് ചെയ്യുന്നത്.

  ക്യാമ്പില്‍ വെച്ച് ഒരു വക്കീലിന്‍റെ മകള്‍ പരാതി പറഞ്ഞതിനാല്‍ അദ്ധ്യാപകന്‍ ഇടപെട്ട് ഐ ജി യുടെ മകന്‍റെ മൊബൈല്‍ പരിപാടി നിര്‍ത്തിച്ചു എന്ന് കുട്ടി പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ അദ്ധ്യാപകന്‍ മൊബൈലില്‍ എന്താണ് ഷൂട്ട്‌ ചെയ്തത് എന്ന് നോക്കിയതെ ഇല്ല എന്നാണോ പിഴവില്ലാത്ത തിരക്കഥയിലൂടെ മനസ്സിലാക്കേണ്ടത്.

  ഈ സിനിമയുടെ വിശ്വവിജയം ആഘോഷിക്കുകയും വാനോളം പുകഴ്ത്തുകയും ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടിയൊന്ന് വിശകലനം ചെയ്യുക.

  ഞാനൊരു സിനിമാ നിരൂപകന്‍ അല്ല. ഈ പോസ്റ്റിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത് നിസ്സഹായരായ ഒരു കുടുംബത്തെ ചോദ്യം ചെയ്യുകയും ഭേദ്യം ചെയ്യുകയും ചെയ്യുന്ന രംഗങ്ങള്‍ കരളുറപ്പോടെ കണ്ടിരിക്കുന്ന മലയാളിയെ കുറിച്ചാണ്. സിനിമക്ക് വേണ്ടിയാണെങ്കിലും ഇവിടെ ആ പെണ്‍കുട്ടിയുടെ കുളിമുറി രംഗങ്ങള്‍ ഷൂട്ട്‌ ചെയ്യുകയും കാണിക്കുകയും ചെയ്യുമ്പോള്‍ ആ കൌമാരക്കാരിയായ നടി കഥാപാത്രമാവാന്‍ ചെയ്ത ത്യാഗത്തെയും നമുക്ക് പുകഴ്ത്താം. കാരണം അവള്‍ നമ്മുടെ ആരുമല്ല. വെറുമൊരു സിനിമാനടി മാത്രം. സമൂഹത്തിന് നല്ല സന്ദേശം നല്‍കുന്നതില്‍ വിജയിച്ച ഒരു സിനിമയിലെ പ്രധാന കഥാപാത്രം.

  ReplyDelete
 9. ഒരു സിനിമാ ആസ്വാദകന്‍ എന്നാ നിലയില്‍ ദൃശ്യം എനിക്കിഷ്ടപ്പെട്ട ചിത്രമാണ്. കുറ്റാന്വേഷണ കഥകളുടെ രീതിയില്‍ പിന്തിരിഞ്ഞു സഞ്ചരിച്ച ഒന്നാണത്. ഇപ്പോഴും സത്യം ജയിക്കണമെന്നും കുറ്റവാളി പിടിക്കപ്പെടണം എന്നുമുണ്ടോ? 'മെമ്മറീസ് ഓഫ് മര്‍ഡര്‍ എന്ന ചിത്രം തെളിവില്ലാതെ ഇനി മുന്നോട്ട് എന്ത് എന്നറിയാതെ നിരാശനായി തീരുന്ന ഡിക്ടക്ടീവിലൂടെയാണ് അവസാനിക്കുന്നത്. ക്ലൈമാക്സ് ഇല്ലാത്ത ചിത്രം.

  സിനിമ ഒരു കല എന്നതിപ്പുറം ഉയര്‍ന്നുവരുന്ന സദാചാര ബോധവും വിശുദ്ധ ചിന്തയും ഭൂഷണമല്ല. ആവിഷ്കാര സ്വാതന്ത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍ എന്നാ പദ്മരാജന്‍ ചിത്രം ഇന്ന് ഇറങ്ങിയാല്‍ എന്തൊക്കെ പുകില്‍ ഉണ്ടാവുമോ ആവോ? നമുക്ക് ചുറ്റും ഇന്ന് നടക്കുന്നത് എന്താണ്? അത് പത്രത്തില്‍ വായിക്കാം, ചാനലില്‍ കാണാം. എന്നിട്ടും സിനിമ ക്ലീന്‍ ആയിരിക്കണം എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥം ?,

  ReplyDelete
 10. ഒരു സിനിമ ഒരിക്കലും ഒരു സാമൂഹിക മാറ്റം ഉണ്ടാക്കിയതായി അറിവില്ല ,മറിച്ചു അപൂര്‍വ്വം ചിലര്‍ അത് ദുരുപയോഗം ചെയ്തിരിക്കാം . സിനിമകള്‍ എന്നും നന്മയാകണം ഉദേശിക്കുന്നത് എന്നത് കച്ചവട താല്പര്യം ഹനിക്കും !
  കാണാത്ത ഒന്നിനെ കുറിച്ച് കൂടുതല്‍ പറയാനാവില്ല .
  നിരൂപണം കൊള്ളാം
  നല്ല ആശംസകള്‍
  @srus..

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ