Saturday, January 18, 2014

‘എന്‍റെ മക്കള്‍ക്ക്‌ ഇത്ര ബുദ്ധിയൊന്നും പടച്ചോന്‍ കൊടുക്കണ്ടായിനും’.


ഏറെ നാളുകള്‍ക്കു ശേഷമാണ് ഹമീദ്ക്കയെ ബസ്സില്‍ വെച്ച് കണ്ടത്. കോഴിക്കോട്ടെ പാണ്ടികശാലയില്‍ കൊപ്ര തിരയുന്ന പണി ചെയ്യുന്ന  കാലത്തേ  ഹമീദ്ക്കയെ എനിക്കറിയാം. പിന്നീട് അദ്ദേഹം ഗള്‍ഫില്‍ പോയി. ഇരുപത്തിയഞ്ച് കൊല്ലത്തോളമായി പ്രവാസ ജീവിതം. ചെറിയൊരു വീട്.  ഭാര്യയും മൂന്നു പെണ്മക്കളും  നാട്ടില്‍ തന്നെ.

മക്കള്‍ പഠനത്തില്‍ മിടുക്കികളായിരുന്നു. പഠിപ്പിന്‍റെ വിലയെന്തെന്ന്  ഗള്‍ഫ്ജീവിതം കൊണ്ട് ശരിക്കും  തിരിച്ചറിഞ്ഞ ആളാണ്‌ ഹമീദ്ക്ക. അത് കൊണ്ട് തന്നെ മക്കള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്ന കാര്യത്തില്‍ അദ്ദേഹം ഏറെ ഉത്സാഹിച്ചു..

ഡിസ്റ്റിംഗ്ഷനോട് കൂടിയാണ് മൂന്നു പേരും പത്താം തരാം പാസായത്. മൂത്ത മകള്‍ എം ബി ബി എസിന് പഠിക്കുന്ന വിവരം രണ്ടു വര്‍ഷം  മുമ്പ് കണ്ടപ്പോള്‍ ഹമീദ്ക്ക സന്തോഷത്തോടെ എന്നോട് പറഞ്ഞിരുന്നു.

‘ഓളെ പഠിത്തം കഴിഞ്ഞിട്ട് ഒരു ഡോക്ടറെ കൊണ്ട് തന്നെ ഓളെ കെട്ടിക്കണം.....വീടിന്‍റെ ഗെയ്റ്റിനു രണ്ടു ഭാഗത്തും രണ്ടാളുടെയും പേരെഴുതിയ ബോര്‍ഡും...’
തമാശ രൂപത്തിലാണ് അത് പറഞ്ഞതെങ്കിലും അത് ഒരു ഉപ്പയുടെ സ്വപ്നം കൂടിയാണെന്ന് ഹമീദ്ക്കയുടെ ഭാര്യയുടെ വാക്കുകള്‍ പൂരിപ്പിച്ചു.

‘ഇതെത്ര കാലായി പറയാന്‍ തൊടങ്ങീട്ട്ന്നോ.........പടച്ചോന്‍ എത്തിക്കട്ടെ’
ഞാനും ഉള്ളില്‍ പറഞ്ഞു
 ‘പടച്ചോന്‍ എത്തിക്കട്ടെ
നന്നായി പഠിക്കാന്‍ കഴിവുണ്ടായിട്ടും ഏഴാം ക്ലാസിനപ്പുറം  പഠിക്കാന്‍ കഴിയാഞ്ഞ അദ്ധേഹത്തിന്‍റെ ഭാര്യയുടെ ഉത്സാഹവും പരിശ്രമവും  കൂടി മക്കളുടെ ഉയര്‍ന്ന വിജയങ്ങള്‍ക്ക് പിന്നിലുണ്ട്. പഠിത്തത്തില്‍ മാത്രമല്ല സ്വഭാവത്തിലും, പെരുമാറ്റത്തിലും  ഹമീദ്ക്കയുടെ പെണ്‍കുട്ടികള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ തന്നെ ആയിരുന്നു. മതബോധത്തോടെ അടക്കത്തിലും ഒതുക്കത്തിലും വളര്‍ന്ന മക്കള്‍. ആ മക്കള്‍ മാത്രമായിരുന്നു ഹമീദ്ക്കയുടെ സമ്പാദ്യവും.



നീണ്ട ഒരു മണിക്കൂര്‍ യാത്രയില്‍ സഹയാത്രികനായി ഹമീദ്ക്കയെ കിട്ടിയതില്‍ സന്തോഷം തോന്നി.  മകള്‍ എം ബി ബി എസ് പാസായി ഡോക്ടറായതും രണ്ടാമത്തവളും മെഡിസിന് ചേര്‍ന്നതും പറയുമ്പോള്‍ ഹമീദ്ക്കാക്ക് പഴയ ഉത്സാഹം ഉണ്ടായിരുന്നില്ല. സംസാരത്തിനിടയില്‍ ഹമീദ്ക്ക ചോദിച്ചു.

‘നിന്‍റെ അറിവില്‍ മോള്‍ക്ക്‌ പറ്റിയ പുതിയാപ്പിളമാര്‍ ആരെങ്കിലും ഉണ്ടോ?’
‘അതിപ്പൊ ഹമീദ്ക്കാ.....അവള്‍ക്കൊരു ഡോക്ടറെ തന്നെ വേണ്ടേ’
ഹമീദ്ക്ക ഒരു തമാശ കേട്ടിട്ടെന്ന പോലെ ചെറിയൊരു ചിരി ചിരിച്ചു.
‘ഡോക്ടര്‍........അതൊന്നും നടക്കുന്ന കാര്യല്ല ചങ്ങായീ...... കുറച്ചൂടെ താഴോട്ട് അത്യാവശ്യം പഠിപ്പും വിവരവും ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ പറ...........ഡോക്ടറൊന്നും നമ്മക്ക് താങ്ങൂല’
ഇയാള്‍ക്ക് എന്താണ് പറ്റിയതെന്ന് ഞാന്‍ അതിശയപ്പെട്ടു. ഈ കുട്ടി ഇത്രയും പഠിച്ചിട്ട്............... ഭാര്യയെക്കാളും പഠിപ്പ് കുറഞ്ഞവന്‍ എന്ന അപകര്‍ഷത മൂലം ഉണ്ടാവുന്ന ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളും വിവാഹമോചനങ്ങളും പലതും കേട്ടിട്ടുണ്ട്. ഇത്തരം മേഖലയില്‍ ഒരേ പ്രൊഫഷനില്‍ ഉള്ളവര്‍ വിവാഹം ചെയ്താലുള്ള സൌകര്യങ്ങളെ കുറിച്ച് അറിവുള്ളവര്‍ പറഞ്ഞറിയാം. മാത്രമല്ല ജീവിതത്തില്‍ ഏറെ സമ്പാദ്യങ്ങള്‍ ഒന്നുമില്ലാത്ത ഈ സാധുവിന്‍റെ വലിയൊരു മോഹവുമാണല്ലോ.....

അതെന്താ ഹമീദ്ക്കാ .......അത് ഇങ്ങളെ പൂതിയല്ലേ....മാത്രല്ല അങ്ങനെയാവുമ്പോ അതല്ലേ അവളുടെ ഭാവിക്കും നന്നാവുക
‘മോനേ.....ഒരു ഡോക്ടറെ പുതിയാപ്പിള ആക്കിയെടുക്കുക എന്ന് വെച്ചാല്‍ എളുപ്പല്ല........എത്ര പണം വേണമെന്നറിയ്വോ’
‘സ്ത്രീധനോ......’
ഞാന്‍ അതിശയപ്പെട്ടു.
‘എന്ന് പറഞ്ഞൂട......’
ഹമീദ്ക്ക ചെറുതായി ചിരിച്ചു. എന്‍റെ മുഖത്തെ ചോദ്യം വായിച്ച് അദ്ദേഹം തുടര്‍ന്നു.
‘പൊന്നും പണവും ഒന്നുമല്ല..................ഒരു എം ബി ബി എസ്സ് കാരനെ  എം ഡി ആകാനുള്ള പഠിപ്പിന്‍റെ  ചെലവ് നമ്മള്‍ എടുത്താല്‍ മതി.....അത് എത്രയാന്ന് അറിയ്വോ?’
ഹമീദ്ക്ക തുടര്‍ന്നു.
‘ഒരു കോടിയുടെ പുറത്താകും....................നമ്മുടെ കൂട്ടത്തില് മുകളിലോട്ട് പഠിക്കുന്ന ആണ്‍കുട്ടികള് കുറവാ...പെണ്‍കുട്ടികളാണെങ്കില്‍ എമ്പാടും..... അതോണ്ട് തന്നെ നല്ല ഡിമാന്റാ’
ശരിയാണ്. എന്‍റെ ചുറ്റുപാടും ഞാന്‍ അറിയുന്ന സത്യം.
‘ആരെയും പറഞ്ഞിട്ട് കാര്യമില്ല..........വെറും എം ബി ബി എസ് ന് ഇപ്പൊ വിലയില്ലാലോ. മുകളിലോട്ട് പഠിപ്പിക്കാന്‍ പൈസ ഇല്ലെങ്കില്‍ എന്താക്കും........... എനിക്കൊരു ആണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോ ഞാനും ഇങ്ങനെയൊക്കെ ചെയ്തുപോകും’
ഹമീദ്ക്ക പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. വിവാഹ മാര്‍ക്കറ്റില്‍ ഡോക്ടര്‍ പുതിയാപ്പിളമാര്‍ക്കുള്ള ഡിമാന്റിനെ കുറിച്ച്. മകളുടെ ഭര്‍ത്താവ് ഡോക്ടര്‍ ആണ് എന്ന് അന്തസ്സ് പറയാന്‍ പണച്ചാക്കുമായി വില പറയുന്ന പുത്തന്‍പണക്കാര്‍ . ഉള്ളതൊക്കെ വിറ്റും മക്കളെ പഠിപ്പിച്ചവര്‍ തുടര്‍ പഠനത്തിന് വേറെ ഗതിയില്ലാതെ ആണ്‍കുട്ടികളെ ഭാര്യവീട്ടുകാര്‍ക്ക് വിട്ടുകൊടുത്ത ചില രക്ഷിതാക്കള്‍ ...........

‘നിനക്കറിയ്വോ വിചാരിച്ച പോലെ അതേ പഠിപ്പുള്ള പുതിയാപ്പിളനെ തന്നെ കിട്ടാന്‍ വേറെ ഒരു വഴിയുണ്ട്’
‘അതെന്താ’ ഞാന്‍ ജിജ്ഞാസിയായി.
‘കൂടെ പഠിക്കുന്നവരെയോ സീനിയറിനെയോ പ്രേമിക്കുക.......................’
‘.......ഞാന്‍ പറയുമ്പോ നീ തമാശയാണെന്ന് വിചാരിക്കണ്ട.......................ഗതികേട് കൊണ്ട് അത് അറിഞ്ഞിട്ടും അംഗീകരിക്കേണ്ടി വരുന്ന എത്രയോ രക്ഷിതാക്കളുണ്ട്’

അമ്പരപ്പ് മാറാതെ ഞാന്‍ കേട്ടുകൊണ്ടിരുന്നു.

‘ഇല്ലെടോ..............എന്‍റെ മോള് അതിനൊന്നും പോയിട്ടില്ല. പക്ഷെ കഥയില്ലാതെ എന്‍റെ മോഹം അവള് കേള്‍ക്കെ ഞാന്‍ പറഞ്ഞുപോയിട്ടുണ്ട് .......’

‘നിനക്കറിയാലോ മൂത്തവളെയും  രണ്ടാമത്തവളെയും പോലെ  ഇളയവള്‍ക്കും മെഡിസിന് തന്നെ പോകാനാ  പൂതി.........സത്യം പറയട്ടെ മുമ്പൊക്കെ മക്കളുടെ പഠിത്തത്തില്‍ അഭിമാനം മാത്രമല്ല ചെറിയൊരു അഹങ്കാരം പോലും തോന്നിയിരുന്നു എനിക്ക്..........പഠിപ്പില്ലാത്ത എനിക്കും ഓള്‍ക്കും കിട്ടിയ സന്തോഷം............പക്ഷെ ഇപ്പൊ തോന്ന്വാ..........എന്‍റെ മക്കള്‍ക്ക്‌ ഇത്ര ബുദ്ധിയൊന്നും പടച്ചോന്‍ കൊടുക്കണ്ടായിനും....’

നിസ്സഹായനായ ആ മനുഷ്യന്‍റെ ഉള്ളിലെ വേവ് മുഴുവന്‍ ആ വാക്കുകളില്‍ ഉണ്ടായിരുന്നു.

ഇതൊരു ഹമീദ്ക്കയുടെ മാത്രം ഉള്ളിലെ പിടച്ചിലല്ലെന്ന്‍ നമ്മുടെ പത്രങ്ങളില്‍  ഞായറാഴ്ചകളിലെ ‘മാറ്ററിമോണിയല്‍’ കോളങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
മുസ്ലിം യുവതി ഡോക്ടര്‍,.......മുസ്ലിം യുവതി BDS,......മുസ്ലിം യുവതി B tech..... സമാനയോഗ്യതയുള്ള വരന്മാരെ തേടുന്ന പരസ്യങ്ങള്‍.
ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ വിവാഹപ്രായം കഴിഞ്ഞ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ അവസാന ആശ്രയമാണത് എന്നാരും അറിയുന്നില്ല. തേടിത്തേടി തളര്‍ന്നവന്‍റെ പ്രതീക്ഷ.

അടക്കിപ്പിടിച്ച നിലവിളി പോലെ ഉള്ളിലൊരു നോവായി ഹമീദ്ക്കയുടെ വാക്കുകള്‍ പൊള്ളിച്ചു കൊണ്ടിരിക്കുന്നുണ്ട്‌.

മാറ്ററിമോണിയല്‍ കോളങ്ങളില്‍ അഭ്യസ്തവിദ്യയായ മുസ്ലിം യുവതികള്‍ക്ക്‌ വരനെ തേടുന്ന പരസ്യങ്ങള്‍ പിന്നെയും പിന്നെയും കൂടി വരുന്നത് കാണുമ്പോള്‍ നടുക്കത്തോടെ തിരിച്ചറിയുന്നു.
ഒരുപാട് ഹമീദ്ക്കമാര്‍ എവിടെയൊക്കെയോ ഇങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ടാകുമോ?
എന്‍റെ മക്കള്‍ക്ക്‌ ഇത്ര ബുദ്ധിയൊന്നും പടച്ചോന്‍ കൊടുക്കണ്ടായിനും’.


8 comments:

  1. ഹമീദ്ക്കയെ പോലെ ഒരാളുണ്ട് എന്‍റെ അയല്‍വക്കത്ത്‌....
    വിവരണം കൊള്ളാട്ടോ....

    ReplyDelete
  2. കൊള്ളാം ..നടക്കുന്ന അല്ലെങ്കില്‍ വരാനിരിക്കുന്ന വന്‍ തുരന്തം !

    ReplyDelete
  3. വല്ലാത്ത ദുരവസ്ഥകള്‍

    ReplyDelete
  4. ഇത് നടക്കുന്നത് തന്നെ നജീബ്... ഡോക്ടര്‍ക്ക്‌ ഡോക്ടര്‍ തന്നെ വേണം എന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളെയും അവര്‍ക്ക് കൊടുക്കേണ്ടി വന്ന വിലയും അറിയാം, സ്ത്രീധനമല്ലല്ലോ ചോദിക്കുന്നത് എം.ഡിക്കൊരു സീറ്റ്‌ അല്ലേ എന്നാണു ന്യായം!

    ReplyDelete
  5. പിന്നെയുമുണ്ട് കാരണങ്ങള്‍ പലതു...ഇന്നത്തെക്കാലത്ത് ഒരു ആണ്‍ക്കുട്ടി,,,പത്തിരുപത്തു മൂന്നു വയസ്സാകുമ്പോഴെക്ക്യും സെറ്റില്‍ ആകും...(പ്രൊഫഷണല്‍സ്)..അവര്‍ അന്വേഷിക്ക്യുന്നത് പതിനെട്ടോ....പത്തൊന്‍പതോ വയസ്സുള്ള പെണ്കുട്ടികളെയാണ്....അവര്‍ക്കിടയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടികള്‍ ..ജോലിയുള്ളവര്‍....മുടക്കാ ചരക്കുകള്‍ ആകും പലപ്പോഴും..പിന്നെ ല്ലാ പഠിത്തവും കഴിഞ്ഞു വരുന്ന പെണ്കുട്ടികള്‍ ,,അവരുടെ സ്വഭാവം മോള്‍ഡഡ് ആകുമെന്ന് വീട്ടുകാരും ഭയക്ക്യുന്നു...rr

    ReplyDelete
  6. എല്ലാവര്രുമൊന്നും ഹമീദിക്കയെ
    പോലെ ചിന്തിക്കുന്നില്ലല്ലോ അല്ലേ

    ReplyDelete
  7. ‘എന്‍റെ മക്കള്‍ക്ക്‌ ഇത്ര ബുദ്ധിയൊന്നും പടച്ചോന്‍ കൊടുക്കണ്ടായിനും’.
    വേവലാതിയാണിത്.അനുയോജ്യമായത് ഒത്തുവരുമ്പോള്‍ പടച്ചോനെ
    സ്തുതിക്കും.അത്രേയുള്ളൂ....
    ആശംസകള്‍

    ReplyDelete
  8. >>>>ഒരു എം ബി ബി എസ്സ് കാരനെ എം ഡി ആകാനുള്ള പഠിപ്പിന്‍റെ ചെലവ് നമ്മള്‍ എടുത്താല്‍ മതി...<<<

    സത്യം ... വളരെ വളരെ സത്യമായ കാര്യം

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ