Saturday, August 3, 2013

ഈ ഉമ്മയും മക്കളും പൊരുതുന്നത് നമുക്ക് വേണ്ടിയാണ്


അങ്ങനെ ഒടുവില്‍ ജസീറ തന്റെ കുഞ്ഞുങ്ങളെയും കൂട്ടി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറി. താന്‍ ജനിച്ചു വളര്‍ന്ന തീരം മണലെടുത്ത് ഇല്ലാതായിപ്പോവുന്നത് തടയാന്‍ ഇനി സെക്രട്ടേറിയറ്റ് പടിക്കല്‍ അവര്‍ തന്റെ ഒറ്റയാള്‍ സമരം തുടരും.കഴിഞ്ഞ ഒന്നര വര്‍ഷമായി അവര്‍ തുടരുന്ന പോരാട്ടം ഇനി നാട് ഭരിക്കുന്നവരുടെ കണ്‍മുന്നില്‍. തീരസംരക്ഷണത്തിന് ശാശ്വത പരിഹാരമില്ലെങ്കില്‍ ഇനി നാട്ടിലേക്കില്ലെന്നാണ് ജസീറയുടെ തീരുമാനം.


സരിതയും,ശാലുവും ചാനലുകളില്‍ ആഘോഷമായി നിറഞ്ഞു നില്‍ക്കുന്നതിനിടയില്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയും,ഒരു നാട് കടലെടുക്കാതിരിക്കാനും ഈ  വീട്ടമ്മ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഏറെ  ശ്രദ്ധയില്‍ പെടാതെ പോയി.പക്ഷെ മണ്ണിനെയും മനുഷ്യരെയും സ്നേഹിക്കുന്നവരെങ്കിലും ഇവരെ അറിയണം.മനസ്സ് കൊണ്ടെങ്കിലും ഈ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ നമുക്കാവണം.


കണ്ണൂര്‍ പുതിയങ്ങാടി കടപ്പുറത്തെ ജസീറ എന്ന  പാവം വീട്ടമ്മ.ഏറെ പഠിപ്പും,ലോകവിവരവും ഇല്ലാത്ത അന്നന്നത്തെ ജീവിതമാര്‍ഗ്ഗം ജോലി ചെയ്തു കണ്ടെത്തുന്ന പര്‍ദ്ദയിട്ടൊരു മുസ്ലിം പെണ്ണ്‍. ഈ കോരിച്ചൊരിയുന്ന മഴക്കാലത്ത് ആറു രാത്രിയും,ഏഴു പകലും അവര്‍ കണ്ണൂര്‍ പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നില്‍ സമരം ചെയ്യുകയായിരുന്നു.സമരപ്പന്തലും ബാനറും ഇല്ലാതെ പ്രസംഗവും,മുദ്രാവാക്യങ്ങളും ഇല്ലാതെ ചാനല്‍ കണ്ണുകള്‍ അറിയാതെ രാപ്പകല്‍ ഒരു കുടക്കീഴില്‍ കുത്തിയിരുന്നൊരു സമരം.പകല്‍ മുഴുവന്‍ കൈക്കുഞ്ഞും,വൈകീട്ട് സ്കൂള്‍ വിട്ടുവന്നാല്‍ ഏഴാം ക്ലാസ്സിലും,അഞ്ചാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു പെണ്‍മക്കളും മാത്രം അവര്‍ക്ക് കൂട്ട്.രാത്രിയില്‍ അടുത്തുള്ള കടത്തിണ്ണയില്‍ ഉറക്കം.


കണ്ണൂര്‍  പുതിയങ്ങാടി നീരൊഴുക്കും ചാല്‍ കടപ്പുറത്താണ് ജസീറയും കുഞ്ഞുങ്ങളും താമസിക്കുന്ന വീട്.വീട് എന്ന് പറയുമ്പോള്‍ മനസ്സില്‍ ഉയരുന്ന സങ്കല്‍പ്പം മറന്നു കളയുക.സിമന്റു തേക്കാത്ത ഒരു ഒറ്റമുറി.ദ്രവിച്ചു പൊളിഞ്ഞ വാതിലില്‍ പ്ലാസ്ടിക് ഷീറ്റിന്റെ സുരക്ഷ!!കടലിലേക്ക് അറുപത് മീറ്റര്‍ മാത്രം ദൂരം.


ഈ തീരം ഓരോദിവസവും നേര്‍ത്തു നേര്‍ത്തു വരികയാണ്.പകലും രാത്രിയും ഇവിടെ  നിന്ന് തലച്ചുമടായും,വാഹനങ്ങളിലും  മണല്‍ കടത്തുന്നാതാണ് കടല്‍ തീരം ഇല്ലാതായി കൊണ്ടിരിക്കുന്നതിന്റെ കാരണമെന്ന് എല്ലാവര്‍ക്കും അറിയാം.പക്ഷെ മണല്‍ കടത്തിലൂടെ വരുന്ന വരുമാനം...... സ്ത്രീകളും കുട്ടികളും അടക്കം ഈ ജോലി ചെയ്യുന്നു.മണല്‍ മാഫിയക്ക് രാഷ്ട്രീയക്കാരുടെ ഒത്താശയുണ്ട്.തീരം കടലെടുത്തു പോകുന്നതില്‍ ആര്‍ക്കും പ്രശ്നമില്ല.പണമാണ് മുഖ്യം പണവും,അധികാരവും എതിര്‍പ്പുകളെ നിശബ്ദരാക്കുന്നു.ഇവിടെ നശിച്ചു പോകുന്ന ഒരു തീരത്തെ ചൊല്ലി കടപ്പുറത്തെ ഒരു പെണ്ണിന്റെ  നിലവിളിക്ക് എന്ത് പ്രസക്തി.


പക്ഷെ അന്നന്ന്‍ ക്ഷയിച്ചു പോകുന്ന തീരത്തെ കുറിച്ചുള്ള വേവലാതി....ഈ ദ്രോഹം കണ്ട്  അടങ്ങിയിരിക്കാന്‍ ജസീറക്ക് കഴിഞ്ഞില്ല .കടല്‍ ഭിത്തി നശിച്ചു പോയതും,സ്ഥിരമായി മണല്‍ വാരുന്ന സ്ഥലം താഴ്ന്നു പോയതും ചൂണ്ടിക്കാട്ടി അവര്‍ ബന്ധുക്കളെയും,നാട്ടുകാരെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് കുറെയൊക്കെ വിജയിച്ചെങ്കിലും മറ്റ് പ്രദേശങ്ങളില്‍ നിന്നും വാഹനത്തിലും മറ്റും വന്നു മണല്‍ കൊണ്ട് പോകുന്നവരെ മുടക്കുക  എളുപ്പമായിരുന്നില്ല.വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടി വീണും തടഞ്ഞും എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പല തവണ മര്‍ദനം ഏല്‍ക്കേണ്ടി വന്നു.കേസ് കൊടുത്തിട്ടും ഫലമുണ്ടായില്ല.


പിന്നീട് പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം കളക്ടര്‍ക്കും,ജില്ലാ പോലീസ് സൂപ്രണ്ടിനും  പരാതി നല്‍കുകയും പല തവണ ആപ്പീസുകള്‍ കയറി ഇറങ്ങുകയും ചെയ്തപ്പോള്‍ നന്മ വറ്റാത്ത ചില പോലീസ് ഉദ്യോഗസ്ഥരെങ്കിലും അനുഭാവം കാട്ടിയെങ്കിലും മണലെടുപ്പിന് വലിയ കുറവൊന്നും ഉണ്ടായില്ല.


അങ്ങനെയാണ് കഴിഞ്ഞ മാസം പതിനാലാം തിയ്യതി അവര്‍ പഴയങ്ങാടി പോലീസ് സ്റ്റേഷനില്‍ വീണ്ടും പരാതിയുമായി എത്തിയത്.കയ്യില്‍  മണലെടുക്കുന്നതിന്റെ മൊബൈലില്‍ എടുത്ത ചിത്രങ്ങളുമുണ്ടായിരുന്നു.വേണമെങ്കില്‍ പെറ്റി കേസ് ചാര്‍ജു ചെയ്യാമെന്ന പോലീസിന്റെ തണുപ്പന്‍ പ്രതികരണമാണ് നടപടിയുണ്ടാകുന്നത് വരെ പോലീസ് സ്റ്റേഷന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്താനുള്ള തീരുമാനമെടുക്കാന്‍ കാരണം.ആരോരുമില്ലാതെ ഒരു ഒറ്റയാള്‍ സമരത്തിന്റെ തുടക്കം.


സമരത്തിന്റെ നാലാം ദിവസം കൈക്കുഞ്ഞിനെയും കൂട്ടി രാത്രിയില്‍ സമരം ചെയ്യുന്നുവെന്ന് ആരോപിച്ചു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി ജസീറയെ ബലമായി തലശ്ശേരി മഹിളാ മന്ദിരത്തിലേക്ക് കൊണ്ടുപോയി.(മൂത്ത രണ്ടു പെണ്‍മക്കളെ ഒറ്റയ്ക്കിട്ട് ഉമ്മയെ പിടിച്ചു കൊണ്ടുപോയ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്ത ബോധം എത്ര കെങ്കേമം!അദിതിയും,ഷഫീക്കുമടക്കം  വീട്ടകങ്ങളിലും,പേരറിയാത്ത എമ്പാടും കുഞ്ഞുങ്ങള്‍ തെരുവ് തിണ്ണകളിലും ദുരിതങ്ങള്‍ അനുഭവിക്കുന്നത് അറിയാന്‍ കണ്ണില്ലാത്ത അധികൃതരുടെ  ജാഗ്രത!)


കുഞ്ഞിന്റെ സംരക്ഷണം ഉറപ്പുവരുത്താം എന്ന് എഴുതി ഒപ്പിട്ടുകൊടുത്താല്‍ വിട്ടയക്കാമെന്ന അധികൃതരുടെ നിബന്ധനയെ  രാവും പകലും താന്‍ മാറോടു ചേര്‍ത്ത് മുലയൂട്ടി വളര്‍ത്തുന്ന കുഞ്ഞിന്റെ സംരക്ഷണം ആരെയും എഴുതി ബോധിപ്പിക്കാന്‍ തയ്യാറല്ലെന്ന്  ജസീറ എതിര്‍ത്തു.മൂന്നാം ദിവസം ഒരു നിബന്ധനയിലും  ഒപ്പിടാതെ ഇവരെ വിട്ടയച്ചപ്പോള്‍ തലശ്ശേരിയില്‍ നിന്നും അമ്പത് കിലോമീറ്റര്‍ അകലെ പഴയങ്ങാടിക്ക് ബസ്സുകൂലി ഇവര്‍ പലരോടും ഇരക്കേണ്ടി വന്നത് അധികൃതര്‍ക്ക് അറിയേണ്ടതുണ്ടായിരുന്നില്ല.


എന്നാല്‍ ഇതുകൊണ്ട് തളരാതെ അവര്‍ വീട്ടിലേക്കു പോലും പോകാതെ രാത്രി തന്നെ പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നില്‍ വീണ്ടും ചെന്നു.ഉമ്മ തിരിച്ചു വന്നതറിഞ്ഞ് മക്കളുമെത്തി കൂട്ടിന്.


ഒടുവില്‍ സമരത്തിന്റെ ഒമ്പതാം ദിവസം ജസീറയുടെ  നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അധികൃതര്‍ കണ്ണ് തുറന്നു.സ്ഥിരമായ പോലീസ് പാറാവടക്കം അധികൃതര്‍ നല്‍കിയ ഉറപ്പിന്മേല്‍ ജസീറ സമരം പിന്‍വലിച്ചു.


പക്ഷെ നല്‍കിയ ഉറപ്പുകളൊക്കെ വെറും വാക്കുകള്‍ ആവുകയും മണലെടുപ്പ് വീണ്ടും നിര്‍ബാധം തുടരുകയും ചെയ്തപ്പോള്‍ റംസാന്‍ നോമ്പെടുത്ത് കൊണ്ട് ജൂലായ്‌ പത്തു  മുതല്‍ ജസീറ വീണ്ടും സമരം തുടങ്ങി ഈ തവണ കണ്ണൂര്‍ കളക്ടറേറ്റിനു മുന്നിലേക്ക് മാറ്റി ഈ ഒറ്റയാള്‍ പോരാട്ടവേദി.


രാത്രി പത്തുമണിയോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ചു മുപ്പത് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തിച്ചുവെങ്കിലും ഉടന്‍ തന്നെ മറ്റൊരു വാഹനത്തില്‍  കളക്ടറേറ്റിനു മുന്നില്‍ തിരിച്ചെത്തി അവര്‍ സമരം തുടര്‍ന്നു.


ഒന്‍പതു ദിവസത്തെ  കളക്ടറേറ്റിനു മുന്നിലെ സമരത്തിന്‌ ശേഷം  നടന്ന ഒതുതീര്‍പ്പ് ചര്‍ച്ചയില്‍  കലക്ടര്‍ നല്‍കിയ ഉറപ്പുകളില്‍  വിശ്വസിച്ച് ജസീറ സമരം അവസാനിപ്പിച്ചുവെങ്കിലും പറഞ്ഞത്  പാലിക്കപ്പെടാത്തതിനാല്‍ അവര്‍ കളക്ടറേറ്റിനു മുന്നില്‍ ജൂലായ്‌ 24 ന് വീണ്ടും സമരം തുടങ്ങി.


ഇതിനിടെ   ജസീറ നടത്തുന്ന സമരം കാപാട്യമാണെന്ന് പറഞ്ഞ് മണലെടുപ്പിനെ ന്യായീകരിച്ചു കൊണ്ട് പുതിയങ്ങാടി തീരദേശ ജനക്ഷേമസമിതി പത്രസമ്മേളനം നടത്തി .അതില്‍ ഏറ്റവും തമാശയായി തോന്നിയത് ‘ജസീറയുടേതടക്കം പ്രദേശത്തുള്ള മിക്കവരുടെയും വീട് നിര്‍മിക്കാന്‍ ഈ കടല്‍മണ്ണാണ് ഉപയോഗിച്ചിരുന്നത്’ എന്ന പരാമര്‍ശമാണ്.ഈ ചിത്രത്തില്‍ കാണുന്ന ‘രമ്യഹര്‍മ്മം’ പണിയിക്കാന്‍ എമ്പാടും മണല്‍ വേണ്ടി വന്നിരിക്കാം!!


  ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ പൊള്ളുന്ന ജീവിതാനുഭവങ്ങളാണ് ജസീറയുടെ കരുത്ത്.പത്താം ക്ലാസ്സില്‍ പഠനമവസാനിപ്പിച്ച ജസീറയ്ക്ക് രണ്ടു പെണ്‍കുട്ടികള്‍ പിറന്ന ശേഷം ആദ്യ വിവാഹബന്ധം തകര്‍ന്നു.ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ PMRY സ്കീമില്‍ ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങി.മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പഴയങ്ങാടിയില്‍ മുഖമക്കന ധരിച്ച വനിതാ ഓട്ടോക്കാരിക്ക്  നല്ല ഓട്ടം കിട്ടാന്‍ തുടങ്ങിയപ്പോള്‍ ചില പുരുഷ ഡ്രൈവര്‍മാര്‍ക്ക് സഹിച്ചില്ല.ഭീഷണി മൂലം ആരോടും പരാതിപ്പെടാതെ അവര്‍ അടുത്ത പ്രദേശമായ മാട്ടൂലിലേക്ക് തൊഴിലിടം മാറ്റി.അന്നത്തെ എ എസ് ഐ യുടെ ഇടപെടല്‍ മൂലം വീണ്ടും അവര്‍ക്ക് പഴയങ്ങാടി ഓട്ടോ സ്റ്റാന്റില്‍ തിരിച്ചെത്താന്‍ ആയെങ്കിലും ഏറെനാള്‍ അത് തുടരാന്‍ കഴിഞ്ഞില്ല.


പിന്നീട് രണ്ടാം വിവാഹവും ശേഷം കോട്ടയത്തേക്ക് ഉള്ള തൊഴില്‍ മാറ്റവും.പ്രസവത്തിനായി വീട്ടിലേക്കു തിരിച്ചു വന്നപ്പോഴാണ് കുറഞ്ഞ കാലം കൊണ്ട് കടല്‍ തീരത്തിനുണ്ടായ മാറ്റം അവര്‍ തിരിച്ചറിഞ്ഞതും മണല്‍ വാരലിനെതിരെ ചിന്തിക്കാനും സമരം ചെയ്യാനും പ്രേരിപ്പിച്ചതും.


മലയോടു കല്ലെറിയുന്ന ഈ സമരം എവിടെയെത്തുമെന്നറിയില്ല.എത്ര നാള്‍ ഒരു പാവം പെണ്ണിന് പിടിച്ചു നില്‍ക്കാനാവുമെന്നും.


നാം വായിക്കുന്ന പോലെ എളുപ്പമല്ല  ഒന്നും.ഒറ്റയ്ക്ക് മണല്‍  മാഫിയക്കെതിരെ,അധികൃതര്‍ക്കെതിരെ  ഒരു പെണ്ണ് രാത്രിയും പകലും പൊരുതുക.കൂട്ടിനു പറക്കമുറ്റാത്ത മൂന്നു മക്കള്‍ മാത്രം.ബന്ധുക്കളുടെ,അയല്‍വാസികളുടെ,നാട്ടുകാരുടെ,സമുദായത്തിന്റെ  എതിര്‍പ്പും പരിഹാസവും എത്രത്തോളമായിരിക്കും?


ഉമ്മയോടൊപ്പം സമരത്തിന്‌ കൂട്ടുനില്‍ക്കുന്ന ആ മക്കളെ കുറിച്ച് ഓര്‍ത്തു നോക്കൂ. വിദ്യാലയങ്ങളില്‍ സഹപാഠികളാല്‍ അവര്‍  കളിയാക്കപ്പെടുന്നുണ്ടാകുമോ?സമരം ചെയ്യുന്ന ഉമ്മയുടെ മക്കളെ സമൂഹത്തിന്റെ പുച്ഛം നിറഞ്ഞ കണ്ണുകള്‍ കാണുന്നതെങ്ങനെ ആയിരിക്കും.


പ്രകൃതിയെ നശിപ്പിക്കുന്ന,പരിസ്ഥിതിയെ തകിടം മറിക്കുന്ന സമര ഇടങ്ങളിലെല്ലാം ഈ അടുത്ത കാലത്തായി മുന്‍നിരയില്‍ അടങ്ങാത്ത പോരാട്ട വീര്യവുമായി ഉറച്ചു നില്‍ക്കുന്നത് സ്ത്രീകളാണ് എന്നത് അതിശയപ്പെടുത്തുന്നു.അതും സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍.ഏറെ വിദ്യാഭ്യാസവും അറിവും ഇല്ലാത്തവര്‍.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഭൂമിയും വായുവും വെള്ളവും മാലിന്യക്കൂമ്പാരമാക്കുന്ന വികസനങ്ങള്‍ക്കെതിരെ അമ്മ മനസ്സുകളുടെ ജാഗ്രതയായിരിക്കാം എല്ലാ പീഡനങ്ങളും സഹിച്ചു സമരമുഖങ്ങളില്‍ അവരെ ഉറപ്പിച്ചു നിര്‍ത്തുന്നത്.

നര്‍മ്മദയിലും,പ്ലാച്ചിമടയിലും,ലാലൂരിലും,പെട്ടിപ്പാലത്തും,കൂടംകുളത്തും അങ്ങനെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലും അവര്‍ പൊരുതുകയാണ്.വരും തലമുറകള്‍ക്ക് വേണ്ടി.

കോടികള്‍ വെട്ടിപ്പ് നടത്തി ഭരണകൂടത്തെ പോലും തട്ടിക്കളിക്കുന്ന പെണ്ണുങ്ങള്‍ ആഘോഷിക്കപ്പെടുകയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍,വിപ്ലവ നായികയടക്കം അഴിഞ്ഞാട്ടത്തിന്റെ ചാനല്‍ കാഴ്ചകളില്‍ റിയാലിറ്റി ഷോ നടത്തുമ്പോള്‍  ദാരിദ്ര്യത്തിന്റെ തോരാമഴയില്‍ നനഞ്ഞ് ഈ ഉമ്മയും മക്കളും നടത്തുന്ന പോരാട്ടം കാണാന്‍ നമുക്ക് കണ്ണുണ്ടാകണം.വ്രതമാസത്തിന്റെ പകലും രാത്രിയും അവര്‍ നടത്തുന്നതൊരു വിശുദ്ധ യുദ്ധമാണ്.പ്രകൃതിക്കും മനുഷ്യനും വേണ്ടി.നമുക്ക് വേണ്ടി.ഇനിയും പിറക്കാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി 

 വിവരങ്ങള്‍ക്ക് കടപ്പാട് മാതൃഭൂമി ആഴ്ചപ്പതിപ്പ് (ലക്കം 20)കടല്‍ മണ്ണിന്റെ കാവലാള്‍ (സുല്‍ഫത്ത് എം)

26 comments:

  1. ഇറോം ശര്‍മിളയെ ആത്മഹത്യാക്കുറ്റത്തിന് അറസ്റ്റ് ചെയ്യുന്ന നാടാണിത്.

    ReplyDelete
    Replies
    1. അതെ അജിത്‌ ജീ നാടിനെ വിറ്റുമുടിക്കുന്നവര്‍ക്ക് പറ്റും വളയും കൊടുക്കാനാണ് നമുക്ക് തിടുക്കം

      Delete
  2. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഭൂമിയും വായുവും വെള്ളവും മാലിന്യക്കൂമ്പാരമാക്കുന്ന വികസനങ്ങള്‍ക്കെതിരെ അമ്മ മനസ്സുകളുടെ ജാഗ്രതയായിരിക്കാം എല്ലാ പീഡനങ്ങളും സഹിച്ചു സമരമുഖങ്ങളില്‍ അവരെ ഉറപ്പിച്ചു നിര്‍ത്തുന്നത്.....

    വാര്‍ത്തകള്‍ ചമക്കുന്നവര്‍ മനഃപ്പൂര്‍വ്വം തമസ്കരിക്കുകയാണ് ജസീറയെപ്പോലുള്ളവര്‍ പ്രകൃതിക്കും മനുഷ്യനും വേണ്ടി ചെയ്യുന്ന ഒറ്റയാള്‍ പോരാട്ടങ്ങളുടെ വാര്‍ത്തകള്‍. നമ്മുടെ കാലത്തെ ശക്തമായ ബദല്‍ മാധ്യമമായി ഉയര്‍ന്നുവരുന്ന ബ്ലോഗെഴുത്തും വായനയും അര്‍ത്ഥപൂര്‍ണമാവുന്നത് ഇത്തരം വാര്‍ത്തകള്‍ സമൂഹവുമായി പങ്കുവെക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുമ്പോഴാണ്. നജീബ് ഭംഗിയായി ആ കര്‍ത്തവ്യം നിറവേറ്റുന്നു.....

    ReplyDelete
    Replies
    1. നന്ദി പ്രദീപ്‌ ജി ഈ വായനക്കും വാക്കുകള്‍ക്കും

      Delete
  3. സരിതമാരും ശാലുമാരും മാത്രം ആഘോഷിക്കപ്പെടുമ്പോള്‍ , അവരെ പോലെയാണ് എല്ലാ പെണ്ണുങ്ങളും എന്ന് കരുതുന്ന ഒരു സമൂഹത്തില്‍ തികച്ചും ഒറ്റപ്പെടും ജസീറയും മക്കളും.. ഇന്ന് ഏതോ ചാനലില്‍ കണ്ടു, ജസീര സെക്രെട്ടറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ദൃശ്യങ്ങള്‍,.

    പ്രദീപ്‌ മാഷ് പറഞ്ഞപോലെ ബ്ലോഗെഴുത്തും വായനയും അര്‍ത്ഥപൂര്‍ണമാകുന്നത് ഇത്തരം വ്യക്തികളെ, പ്രവൃത്തികളെ പരിചയപ്പെടുത്തുമ്പോള്‍ കൂടിയാണ്..

    ജസീരക്ക് കൂടുതല്‍ കരുത്തും ആരോഗ്യവും ദൈവം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.. കൂടെ ഈയൊരു കുറിപ്പെഴുതിയ നജീബ് ഭായിയോടുള്ള ബഹുമാനവും അറിയിക്കട്ടെ...

    ReplyDelete
    Replies
    1. നന്ദി മനോജ്‌ സാര്‍ ഈ വരവിനും വായനക്കും പ്രോത്സാഹനത്തിനും

      Delete
  4. "ദാരിദ്ര്യത്തിന്റെ തോരാമഴയില്‍ നനഞ്ഞ് ഈ ഉമ്മയും മക്കളും നടത്തുന്ന പോരാട്ടം കാണാന്‍ നമുക്ക് കണ്ണുണ്ടാകണം.വ്രതമാസത്തിന്റെ പകലും രാത്രിയും അവര്‍ നടത്തുന്നതൊരു വിശുദ്ധ യുദ്ധമാണ്.പ്രകൃതിക്കും മനുഷ്യനും വേണ്ടി.നമുക്ക് വേണ്ടി.ഇനിയും പിറക്കാനിരിക്കുന്ന തലമുറകള്‍ക്ക് വേണ്ടി..."
    അധികാരികള്‍ കണ്ണുതുറക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
    Replies
    1. അതെ തങ്കപ്പന്‍ സാര്‍ നമുക്ക് പ്രാര്‍ഥിക്കാം

      Delete
  5. ഇങ്ങനെയൊരു ലേഖനത്തിന് ഒത്തിരി നന്ദി .... ആരുമാരും അറിയപ്പെടാതെ പോകുന്ന ജസീറമാര്‍ - ഫേസ്ബൂകിലും സോഷ്യല്‍ മീഡിയസിലും ആഘോഷിക്കപ്പെടാതെ പോകുന്നവര്‍. നന്ദി മാഷെ... പ്രാര്‍ഥനകള്‍... ആശംസകള്‍.

    ReplyDelete
    Replies
    1. അതെ ആര്‍ഷ ഇങ്ങനെ ചില ജസീറമാര്‍ ഉള്ളതുകൊണ്ടാണ് ഈ ഭൂമി ഇന്നും നില നില്‍ക്കുന്നത്.നമുക്കൊക്കെ വേണ്ടിയാണ് അവര്‍ പേരും മഴയില്‍ ഒറ്റയ്ക്ക് കടത്തിണ്ണയില്‍ ഉറങ്ങുന്നത്.മര്‍ദനങ്ങളും പരിഹാസങ്ങളും ഏറ്റു വാങ്ങുന്നത്.

      Delete
  6. 'സമരത്തിന്റെ നാലാം ദിവസം കൈക്കുഞ്ഞിനെയും കൂട്ടി രാത്രിയില്‍ സമരം ചെയ്യുന്നുവെന്ന് ആരോപിച്ചു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി ജസീറയെ ബലമായി തലശ്ശേരി മഹിളാ മന്ദിരത്തിലേക്ക് കൊണ്ടുപോയി.'

    പ്രദീപ് മാഷിന്റെ ഷെയർ വഴിയാണിങ്ങോട്ട് വരാനായത്. ഇത് വായിച്ച് കഴിഞ്ഞ് ഞാനല്പസമയം എന്റെ ശ്വാസഗതി നേരെയാക്കാനായി ഇരുന്ന ശേഷമാണ് കമന്റെഴുതുന്നത്. എനിക്കറിയാം ഇത്രയും വലിയ പോരാട്ടത്തെ ചവുട്ടി താഴ്ത്തുന്നവർക്ക് ഈ ഒരെഴുത്തിനെ എന്താണ് ചെയ്യാനാവാത്തത് ? പക്ഷെ കാലം ഇതിനെല്ലാം മറുപടി കൊടുക്കും.!
    പക്ഷെ എന്ന് ? അവർക്ക് ജീവിക്കാനും അന്തിയുറങ്ങാനും ഒരു സുരക്ഷിത താവളം ഒരുക്കാൻ നമ്മുടെ മുസ്ലീംലീഗ് രാഷ്ട്രീയ പ്രമാണിമ്മാർക്കും മറ്റുള്ള ഭരണകർത്താക്കൾക്കും കഴിയുന്നില്ലേ ?
    ഇത്ര കാലമായിട്ടും ?
    അവിശ്വസനീയം.!
    പ്രതികരണങ്ങൾ ഇനിയും വരട്ടെ, ബധിരകർണ്ണങ്ങളെ തുറപ്പിക്കട്ടെ.
    ഈ എഴുത്ത് ഫലപ്രാപ്തിയിലെത്താൻ ആശംസകൾ.

    ReplyDelete
    Replies
    1. ഈ ഒറ്റയാള്‍ പോരാട്ടം നമ്മുടെ രാഷ്ട്രീയ സംഘടനകളോ സാമുദായിക സംഘടനകളോ കാണില്ല.ഒരു പെണ്ണായത് കൊണ്ട് അതും ഒറ്റയ്ക്ക് കുറ്റപ്പെടുത്താന്‍ എന്തൊക്കെ പഴുതുകള്‍ ഉണ്ടെന്നു നോക്കും....നന്ദി മണ്ടൂസന്‍ ഈ വരവിനും അഭിപ്രായത്തിനും

      Delete
  7. വല്ലാത്തൊരു വേദനയോടെയല്ലാതെ ഇത് വായിച്ചു തീര്‍ക്കാന്‍ കഴിയുന്നില്ല .. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പൊരുതേണ്ടി വരുന്ന ..നിസ്സഹായയും നിരാലംബയുംആയ ഒരു പാവം സ്ത്രീയോട് ഇത്രയും ക്രൂരത കാണിക്കാന്‍ ഒരു ജനകീയ ഭരണകൂടം നിലവിലുള്ള നമ്മുടെ നാട്ടില്‍ എങ്ങിനെ കഴിയുന്നു..ഇതൊരു ചര്‍ച്ച പോലും ആയില്ലെന്നത് അതിശയിപ്പിക്കുന്നു ..

    സരിതയും ശാലുവുമാടക്കമുള്ള അഭിസാരികമാരുടെ അടിപ്പാവാട മണപ്പിച്ചു എക്സ്ക്ലൂസിവ്‌ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ആധുനിക മാധ്യമ പ്രവര്‍ത്തകരോ ..സിംഹവാലന്‍ വാലന്‍ കുരങ്ങിന്റെ വംശനാശത്തെ പറ്റി വേവലാതി പെടുന്ന പുരോഗമന ,പരിസ്ഥിതി പ്രവര്‍ത്തകരോ ഒന്നും ഈ ഒറ്റയാള്‍ പോരാട്ടം കാണില്ല ..ഇറോം ശര്‍മ്മിളയുടെ സമരം അറിഞ്ഞ ഭാവം നടിക്കാത്ത മാധ്യമങ്ങളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നായകന്മാരും അഴിഞ്ഞാട്ട കേസുകളില്‍ മാധ്യമങ്ങളില്‍ അരങ്ങു തകര്‍ക്കുന്ന അറപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത് .. പക്ഷെ അവരുടെ ബധിര കര്‍ണ്ണങ്ങളില്‍ ഈ ശബ്ദം മാറ്റൊലി കൊള്ളുക തന്നെ ചെയ്യും .. .. അഭിനന്ദനങ്ങള്‍ നജൂ ..ആരും അറിയാതെ പോകുമായിരുന്ന ഈ ധര്‍മ്മ സമരത്തിന്റെ വാര്‍ത്ത ഞങ്ങളിക്കെത്തിച്ചീതിനു .. നന്ദി .. ആ സാധു സ്ത്രീയോട് ഐക്യദാര്‍ഡിയം പ്രഖ്യാപിക്കുന്നു ..

    ReplyDelete
    Replies
    1. മാവൂര്‍ക്കാ ശരിയാണ് ഇതൊക്കെ കാണാതെ പോവുകയും.വഷളത്തങ്ങള്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്നതാണ് വര്‍ത്തമാനം....തീര്‍ച്ചയായും നമ്മുടെയൊക്കെ ഇങ്ങനെയുള്ള പിന്തുണയാണ് ഈ പോരാട്ടത്തില്‍ അവര്‍ക്കുള്ള ബലം

      Delete
  8. ന്യൂസ് പേപ്പറിൽ ഈ വാര്ത്ത കണ്ടിരുന്നു. അതിൽ കനത്ത ചിലത് ഇവിടെ വായിച്ചു. നാടിനു വേണ്ടി ഞാനെന്തു ചെയ്യുന്നു എന്ന് ചിന്തിപ്പിക്കുണ്ട് ഇവരുടെ ജീവിതം. സാമൂഹിക വിഷയങ്ങൾ ചുറ്റുപാടും നിറയെ ഉണ്ടായിട്ടുനും അതിലൊന്നും പകെടുക്കാത്ത്ത എന്നെ ക്കുറച്ചു തന്നെ ലജ്ജ തോന്നുന്നു

    ReplyDelete
    Replies
    1. അതെ Jefu Jailaf ഇവരുടെ മുന്നില്‍ നമ്മളൊക്കെ എത്രയോ ചെറുതാണ്.ചുറ്റുപാടും കാണുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ഒന്നും ചെയ്യുന്നില്ല നാം.ഇങ്ങനെ ചിലരെ കുറിച്ച് അറിയുന്നത് തന്നെ നമുക്ക് സ്വയം ഒരന്വേഷണം നടത്താന്‍ പ്രേരിപ്പിക്കും

      Delete
  9. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള ഈ സമരത്തെ മനസ്സു കൊണ്ടെങ്കിലും നമുക്ക് പിന്തുണക്കാം ......
    ഇങ്ങിനെ ഒരു കുറിപ്പ് എഴുതിയ നജീബ് ബായിയോടുള്ള സ്നേഹവും അറിയിക്കട്ടെ

    ReplyDelete
  10. നന്ദി അഷ്‌റഫ്‌ സല്‍വ ഈ വരവിനും വായനക്കും

    ReplyDelete
  11. ഈ സമരം വിജയിക്കട്ടെ..ഇത് മണലൂറ്റിനെതിരെയുള്ള മനുഷ്യവിപ്ലവത്തിന്റെ ഒരു തുടക്കമാവട്ടെ..

    ReplyDelete
    Replies
    1. അതെ വിപ്ലവം നയിക്കാന്‍ ആളും ആരവവും വേണമെന്നില്ല.ആത്മാര്‍ഥതയുള്ള തളരാത്ത ഒരു മനസ്സ് മതി ജസീറയെ പോലെ

      Delete
  12. അവര്‍ക്ക് സമരം തുടരാനുള്ള ബലം കൊടുക്കാന്‍ നമുക്ക് എന്തു ചെയ്യാനാകും? ഈ വാര്‍ത്ത വായിച്ചിരുന്നു.. ബ്ലോഗില്‍ ഇപ്പോഴേ എത്തിയുള്ളൂ എന്നതില്‍ വിഷമം ഉണ്ട്..

    ഇത്ത്രം സമരങ്ങളെ കാണാത്ത മട്ടിലിരിക്കാനും ഈ സമരം കൊണ്ടൊക്കെ എന്തു കാര്യമെന്ന് നിസ്സാരീകരിക്കാനും ഒരുപാടു പേരുണ്ട്.. അതുകൊണ്ടു തന്നെ ഈ പോസ്റ്റ് വളരെ പ്രാധാന്യമര്‍ഹിക്കുന്നു..

    ReplyDelete
    Replies
    1. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സാംസ്കാരിക നായകരും കണ്ടില്ല എന്ന് നടിക്കുമ്പോഴും സാധാരണക്കാരായ ഒരുപാട് പേര്‍ ഇവരുടെ സമരത്തിന്‌ പിന്തുണ നല്‍കുന്നുണ്ട്.വ്യക്തിപരമായ എന്തെങ്കിലും നേട്ടത്തിനല്ല ഇവരുടെ പോരാട്ടം എന്ന തിരിച്ചറിവ്,ഒരു സ്ത്രീയുടെ നിശ്ചയദാര്‍ഢ്യം ഇതൊക്കെ ആദരിക്കപ്പെടെണ്ടത് തന്നെ.വായിച്ചറിഞ്ഞെങ്കിലും കൂടുതല്‍ പേര്‍ ഈ സമരത്തോടെ ഐക്യപ്പെടട്ടെ

      Delete
  13. ചെറിയ ഒറ്റയാള്‍ സമരങ്ങള്‍ കൊണ്ട് വലിയ മാറ്റം പ്രതീഷിക്കുക വയ്യ. എന്നിരുന്നാലും ഈ സമരങ്ങള്‍ ഒരു പാട് പേര്‍ക്ക് ഒരു പ്രജോദനം ആകും എന്ന കാര്യത്തില്‍ സംശയമില്ല.

    ReplyDelete
  14. പ്രകൃതിയെ നശിപ്പിക്കുന്ന,പരിസ്ഥിതിയെ തകിടം മറിക്കുന്ന സമര ഇടങ്ങളിലെല്ലാം ഈ അടുത്ത കാലത്തായി മുന്‍നിരയില്‍ അടങ്ങാത്ത പോരാട്ട വീര്യവുമായി ഉറച്ചു നില്‍ക്കുന്നത് സ്ത്രീകളാണ് എന്നത് അതിശയപ്പെടുത്തുന്നു.അതും സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍.ഏറെ വിദ്യാഭ്യാസവും അറിവും ഇല്ലാത്തവര്‍.
    പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഭൂമിയും വായുവും വെള്ളവും മാലിന്യക്കൂമ്പാരമാക്കുന്ന വികസനങ്ങള്‍ക്കെതിരെ അമ്മ മനസ്സുകളുടെ ജാഗ്രതയായിരിക്കാം എല്ലാ പീഡനങ്ങളും സഹിച്ചു സമരമുഖങ്ങളില്‍ അവരെ ഉറപ്പിച്ചു നിര്‍ത്തുന്നത്.

    എങ്ങിനെയൊക്കെ ഈ ഉമ്മയേയും മക്കളേയും നമുക്കൊക്കെ സഹായിക്കാനാകും...?

    ReplyDelete
  15. കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന നിര്‍മ്മാണാവശ്യങ്ങള്‍ക്ക് പുഴമണലൂറ്റും എം-സാന്റുമാണ് ഇപ്പോഴുള്ളത്. മണലിനായി പാറകള്‍ പൊട്ടിച്ചും പുഴയുടെ തീരങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നതും ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതം നാം അനുഭവിച്ചു കൊണ്ടിരിക്കയാണ്. കേരളത്തിന്റെ ജീവന്റെ നിലനില്പ് നദികളും പശ്ചിമഘട്ട മലനിരകളും മഴക്കാടുകളുമാണ്. മണലിനു ഒരു പകരം കണ്ടുപിടിക്കപ്പെടാത്തിടത്തോളം, 480 കിലോമീറ്റര്‍ തീരമുള്ള കേരളം, കടല്‍ തീരത്ത് നിന്നും മണലെടുക്കുന്നതും ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നത് കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളേയും കാടുകളേയും നദികളേയും സംരക്ഷിക്കുമെങ്കില്‍ അതല്ലേ നല്ലത്. 

    തീരങ്ങളില്‍ കരവീഴുകയും കരയെടുക്കുകയും ചെയ്യുന്നതു പ്രകൃതിപ്രതിഭാസമാണ്. വര്‍ഷകാലത്ത് കടലിളകുമ്പോള്‍ തീരം ഇല്ലാതാവുകയും മഴകഴിയുമ്പോള്‍ വീണ്ടും തീരം രൂപപ്പെടുകയും ചെയ്യുന്നു. കടലിന്റെ അടിയൊഴിക്കിലും പുഴയില്‍ നിന്ന് ഒഴുകി കടലിലെത്തിച്ചേരുന്ന മണലും തന്നെയാണ് കടല്‍ തീരത്തടിയുന്നത്. പുഴമണല്‍ വാരാം. കരിമ്പാറകള്‍ പൊടിച്ചു മണലുണ്ടാക്കാം. വേണമെങ്കില്‍ പാറകള്‍ പൊട്ടിച്ച് കടലിനു ഭിത്തികെട്ടിയും പുലിമുട്ട് സ്ഥാപിച്ചും കടലിന്റെ ഒഴുക്കിനെ തടുത്ത് നിര്‍ത്താം എന്നൊക്കെ തലതിരിഞ്ഞ പരിസ്ഥിതി ബോധമാണെന്നേ പറയാനാവൂ. എത്ര വലിയ കടല്‍ ഭിത്തി കെട്ടികെട്ടിയാലും പത്തോ പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ താണുപോകും. പക്ഷേ ഒരു പാറക്കെട്ടുണ്ടാവണമെങ്കില്‍ ഒരു അഗ്നിപര്‍വ്വത സ്ഫോടനം ഉണ്ടാകേണ്ടി വരും. നമ്മുടെ പാറക്കെട്ടുകളും നദികളും ഇല്ലാതാക്കി നാടിനെ മരുഭൂമിയാക്കി വീണ്ടും ഒരു അഗ്നിപര്‍വ്വത സ്ഫോടനമുണ്ടാകുന്നത് വരെ കാത്തിരിക്കാം. പുഴവറ്റിയാലും കടലു വറ്റരുതെന്നല്ലേ നമ്മുടെ ന്യായം.

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ