Tuesday, June 25, 2013

മരുക്കാറ്റ്


ഉള്ളിലൊരു മരുക്കാറ്റ് ആഞ്ഞു വീശുന്നുണ്ട് ഉടലാകെ പൊള്ളിച്ചു കൊണ്ട്.പേടിയും,നടുക്കവും,തളര്‍ച്ചയും, ആകെ കുഴഞ്ഞു മറിഞ്ഞ്.സങ്കടം  കനക്കുകയാണ്.ഒരാശ്വാസത്തിന് ഒന്നുറക്കെ കരയണമെന്നു തോന്നി................

ചുവരിലടിച്ച ആണിയില്‍  തൂങ്ങുന്ന നാസറിന്റെ  മുഷിഞ്ഞ വസ്ത്രങ്ങള്‍.ഒരരുകിലായി മടക്കി വെച്ച പുതപ്പും ബെഡ്ഷീറ്റും...........നാസറിപ്പോള്‍...

ഖാദിം വിസ*ക്കാരായ ഞാനും നാസറും.കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഈ ഹോട്ടലില്‍,രാവും പകലും പൊറോട്ടക്കല്ലിനു മുന്നില്‍ ഞങ്ങള്‍  ജീവിതം കുഴച്ചും,വീശിയും,പരത്തിയും ചുട്ടെടുക്കുന്നു.

രാത്രി പന്ത്രണ്ടു മണിക്ക് അവന്‍ ഹോട്ടലിലെ പണി  കഴിഞ്ഞ് എത്തുമ്പോഴാണ് ഞാന്‍ ഉണരുന്നത്.ഒരു മണിക്ക് തുടങ്ങുന്ന ഡ്യൂട്ടിക്കായി ഒരുങ്ങാന്‍.ഒരു ഇരുമ്പു കട്ടിലിന്റെ പാതി ദിവസത്തെ അവകാശികളായിരുന്നു  ഞങ്ങള്‍.

ഇന്ന് രാത്രി അവന്‍ വരില്ല. ഇന്ന് മാത്രമല്ല ഇനി ഒരിക്കലും.നാസറിപ്പോള്‍ നൂറുകണക്കിന് ആളുകളെ കുത്തി നിറച്ച ഏതോ ജയിലില്‍.....

വൈകുന്നേരം  പണി കഴിഞ്ഞു കുളിച്ച് അസര്‍ നിസ്കരിച്ചു വന്ന് ഹോട്ടലില്‍ ചായ കുടിച്ചിരിക്കുമ്പോഴാണ്  പോലീസുകാര്‍ കയറിവന്നത്.എല്ലാവരുടെയും ബത്താക്ക* വാങ്ങി പരിശോധിക്കുമ്പോള്‍ നെഞ്ചിടിക്കുകയായിരുന്നു.

കഫീലി*ന്റെ പേരും അഡ്രസ്സും തറപ്പിച്ചു ചോദിച്ച ശേഷം ഖാദിം വിസക്കാരനായ താന്‍ എന്തിനാണിവിടെ എന്ന ചോദ്യത്തിന് എങ്ങനെയൊക്കെയോ വിക്കി വിക്കി പറഞ്ഞ കാരണങ്ങള്‍ ബോധ്യപ്പെട്ടത് കൊണ്ടാവില്ല ഒന്നമര്‍ത്തി മൂളിയ ശേഷം ബത്താക്ക തിരിച്ചു തന്നു.

കിച്ചനില്‍ നിന്ന് ഒരു കുറ്റവാളിയെ പോലെ നാസറിന്റെ കോളറില്‍ പിടിച്ചു പോലീസുകാരന്‍ പുറത്തേക്കു കൊണ്ടുവരുമ്പോള്‍ ഉള്ളു കത്തി.ഹോട്ടലിന്റെ അടുക്കളയിലെ മുഷിഞ്ഞ രൂപത്തിന് ന്യായീകരിക്കാന്‍ ഒന്നുമില്ല.വീട്ടില്‍ ജോലിചെയ്യേണ്ട ഖാദിം വിസക്കാരന്‍....

ഉള്ളില്‍ നിന്നുയര്‍ന്നൊരു നിലവിളി അടക്കിപ്പിടിച്ചു.നിറഞ്ഞ കണ്ണുകളിലും വെളിച്ചം കെട്ടുപോയ മുഖത്തും വിളറിയ ചിരിയോടെ നിശബ്ദമായി അവന്‍ യാത്ര പറയുമ്പോള്‍ എല്ലാ സ്വപ്നങ്ങളും ഒറ്റയടിക്ക് അവസാനിച്ചു പോയ അവന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ മുഖം താഴ്ത്തി......

ചങ്കിലൊരു കരച്ചില്‍ വന്നു മുട്ടി നില്‍ക്കുന്നു.മനസ്സും ശരീരവും പുകഞ്ഞ്.വലിയൊരു ശൂന്യത.ലോകത്ത് ഒറ്റക്കായതു പോലെ......ഇപ്പോള്‍ നാട്ടില്‍ രാത്രി പതിനൊന്നര കഴിഞ്ഞു കാണും.അവള്‍ ഉറങ്ങിയിട്ടുണ്ടാകുമോ?

ഈ നേരത്ത് വിളിച്ചാല്‍ എന്താണെന്ന് അമ്പരക്കും...എന്നാലും വിളിക്കാതെ വയ്യ.താങ്ങാനാവുന്നില്ല ഉള്ളിലെ വിങ്ങല്‍.അവളോടെന്തെങ്കിലും സംസാരിച്ച് മനസ്സിനെ.....

ഒരുപാട് നേരം മണിയടിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല.നല്ല ഉറക്കമായിരിക്കും.കട്ട് ചെയ്യാന്‍ നോക്കുമ്പോഴാണ് അപ്പുറത്ത് അവള്‍...

 “ഉറങ്ങിപ്പോയിരുന്നോ...ഞാന്‍.....”
 “ഇല്ല ഞാന്‍ കിടന്നിട്ടില്ലായിരുന്നു...പണിയൊക്കെ കഴിഞ്ഞ് നിസ്കരിച്ച് അവിടെത്തന്നെ അങ്ങനെ ഇരുന്നുപോയി.”
“എന്തേ”
“ഒന്നൂല്ല....മനസ്സില്‍ എന്തൊക്കെയോ”

അവളുടെ ശബ്ദം ഇടറുന്നുണ്ട്

“എന്തുപറ്റി ...കുട്ടികള്‍ക്കെന്തെങ്കിലും”
“ഇല്ല അവര്‍ക്കൊന്നുല്ല....മക്കള് .നേരത്തേ  ഉറങ്ങി...നല്ല മഴ ആയതോണ്ട് കറന്റും ഇല്ലായിരുന്നു..ഇപ്പഴും തോര്‍ന്നിട്ടില്ല.”
“പിന്നെന്തേ...ഉറങ്ങാഞ്ഞത്...... കാലു വേദന പിന്നെയും”
“അതൊന്ന്വല്ല.....ആകെ മനസ്സിന് ...എന്തൊക്കെയാ അവിടെ നടക്കുന്നത്.പേപ്പറിലും ടീവീലും ഓരോന്ന് പറയുമ്പോ പേട്യാവാ....ഒന്നൂല്ലാലോ നിങ്ങക്ക്.ഇപ്പൊ ഫോണടിഞ്ഞപ്പൊ ശരിക്കും എന്റെ ഉള്ള് കത്തിപ്പോയി ...ഇതുവരെ നിസ്കാരപ്പായില്‍ കരഞ്ഞ് ദുആ* ചെയ്ത് ഇരിക്ക്യായിരുന്നു   ... ”

അവളുടെ വാക്കുകളില്‍ വേവലാതിയും കണ്ണീരും നിറഞ്ഞിരുന്നു.

“ഏയ്‌....എനിക്കൊന്നൂല്ല.ടീവീലോക്കെ പറയുമ്പോലെ ഇവിടെ അങ്ങനെ പ്രശ്നോന്നൂല്ല.”

സമാധാനിപ്പിക്കുമ്പോള്‍ വാക്കുകള്‍ എത്ര ദുര്‍ബലമാണെന്ന് അറിഞ്ഞു.വിഷയം മാറ്റാനായി പറഞ്ഞു.

“നല്ല മഴയാല്ലേ....ആ ആശാരി വന്നില്ലല്ലോ ഇതുവരെ.. ഒരു  മുറിയ്ക്കെങ്കിലും ജാലകപ്പാളി  വെച്ച് തരാന്‍ എത്ര ദിവസായി ഞാന്‍ വിളിച്ചു പറയുന്നു...ഈ കാറ്റിലും  മഴയിലും...കറന്റും ഇല്ലാതെ നീയും മക്കളും ...അതാലോചിക്കുമ്പോ എനിക്കൊരു സമാധാനമില്ല.അതാ വിളിച്ചത്.”

“അതൊന്നും സാരല്ല.........അവിടന്ന്  പോന്നോരു ടീവീല് അവിടത്തെ കഷ്ടപ്പാട് പറേന്നത്‌ കേക്കുമ്പോ കരള് പൊട്ട്വാ.....”
“നീ ഇങ്ങനെ വെറുതെ ഓരോന്ന് ചിന്തിച്ചും പറഞ്ഞും  കുട്ട്യേളെക്കൂടി വെഷമിപ്പിക്കണ്ട....അതിനു മാത്രം എന്താവിടെ ...........ഉറങ്ങിക്കോ നേരം ഒരുപാടായില്ലേ...ഞാന്‍ നാളെ  വിളിക്കാം.”

“ഇപ്പൊ വിളിച്ചത് നന്നായി.....മനസ്സ് അത്രേം കലങ്ങി നിക്ക്വായിരുന്നു......അങ്ങോട്ട്‌ വിളിച്ചാലോന്നു വിചാരിച്ചതാ ഇപ്പൊ നിങ്ങള്‍ ഉറങ്ങുന്ന  സമയാണല്ലോന്നോര്‍ത്ത് മടിച്ചു.... ഒന്ന് ചോദിച്ചോട്ടെ
“ഉം”
ഇത്രേം പ്രശ്നങ്ങളാണെങ്കില് ..........ഇങ്ങോട്ട് പോന്നൂടെ ..ഇവിടെ എന്തെങ്കിലും പണിയെടുത്ത്........
“നീ ഇങ്ങനെ പേടിക്കണ്ട.........അങ്ങനെ ചിന്തിക്കാന്‍ മാത്രം ഇവിടെ ഒന്നൂല്ല ...വെറുതെ ഓരോന്നാലോചിച്ച് ......”

പൊള്ളയായ വാക്കുകളുടെ കനക്കുറവ്.

“എനിക്കറിയാം....എന്തുണ്ടെങ്കിലും എന്നോട് പോലും പറയാതെ ഉള്ളിലൊളിപ്പിച്ച്....ഒന്നും വരാതിരിക്കട്ടെ.....ദുആരക്കുകയല്ലാതെ എന്നെക്കൊണ്ട്....”

കണ്ണീരു വീണു ചുവന്ന അവളുടെ മുഖം ഉള്ളിലൊരു പൊള്ളലായി.

“നോക്ക് ..നീ ഇങ്ങനെ ഓരോന്ന് പറഞ്ഞും കരഞ്ഞും മക്കളുണരും.... .....അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാനങ്ങു വരും ..... പോരെ.പേടിക്കണ്ട ഇപ്പൊ എനിക്കിവിടെ ഈ കരച്ചില് കേട്ട സങ്കടം മാത്രേ ഉള്ളൂ.....ഒന്ന് ചിരിച്ച് സന്തോഷായിട്ട് രണ്ടു വര്‍ത്താനം പറ....എന്നാ ഇന്നത്തെ ദിവസം മുഴുവനും ഒരു വിഷമോം ഇല്ലാതെ എനിക്ക് ...”
“കളിയാക്കണ്ട....ഞാന്‍ പറഞ്ഞു വിഷമിപ്പിക്കുന്നില്ല...........ന്നാലും വല്ലാണ്ട് ബുദ്ധിമുട്ടാന്നു തോന്ന്യാല് അവിട നിക്കണ്ട.....അറിയാലോ ഞാനും മക്കളും  ഇവിടന്ന്‍ ഉരുകി ഉരുകി മരിച്ചുപോകും....നമ്മക്കൊന്നും വേണ്ട...ഈ  ഉള്ളതൊക്കെ കൊണ്ട് മോളുടെ  കല്യാണമൊക്കെ എങ്ങനെങ്കിലും നടത്താം.....കുറേ കാലായില്ലേ................ഞാന്‍ പറഞ്ഞാ കേക്ക്വോ..”
“ഊം....സമ്മതിച്ചു .....ഒന്നും ആലോചിച്ചു മനസ്സ് വിഷമിപ്പിക്കണ്ട. ഇനി ഉറങ്ങിക്കോ...നേരം ഒരുപാട് വൈകീല്ലേ.രാവിലെ ഞാന്‍ ഒന്നൂടെ ആശാരിയെ വിളിച്ചു പറയാം...ആ ജാലകം  അടച്ചുറപ്പാക്കുന്നത് വരെ ഒരു സമാധാനമില്ല....മഴയും കാറ്റും...... കുട്ടികള്‍...”

ഫോണ്‍ വെച്ച് കഴിഞ്ഞിട്ടും കരഞ്ഞു ചിലമ്പിയ ശബ്ദം ഉള്ളില്‍ പെയ്തു കൊണ്ടിരുന്നു.......തോരാമാഴപോലെ.

എല്ലാം ഒഴിവാക്കി നാട്ടിലേക്ക്......വെറുതെ ഒന്ന് ചിന്തിച്ചു നോക്കി. പണി തീരാത്ത വീട്ടില്‍ ഒന്നുമറിയാതെ എന്റെ മോളുറങ്ങുന്നുണ്ട് മൈലാഞ്ചിച്ചോപ്പുള്ള സ്വപ്‌നങ്ങള്‍ കണ്ട്..... അടിച്ചു വീശുന്ന തീക്കാറ്റ് ജാലകപ്പാളിക്ക് പകരമടിച്ച  കാര്‍ഡ്ബോര്‍ഡ് കഷണങ്ങളെ പിടിച്ചുലക്കുന്നുവോ?....എന്റെ മോളുടെ  സ്വപ്നങ്ങളെ  ഈ തീക്കാറ്റ് കരിയിച്ചു കളയുമോ?

ഇല്ല എനിക്ക് പിടിച്ചു നിന്നേ പറ്റൂ.നിസ്കാരപ്പായില്‍ വീണ  അവളുടെ ഉമ്മയുടെ കണ്ണീര്‍ ആകാശം തൊട്ട് കാറ്റിനെ തണുപ്പിക്കും.ശൌര്യമടങ്ങി ഇളം കാറ്റായി അത് മോളെ,ഉപ്പയുടെ സ്നേഹത്തണുപ്പ് പോലെ തഴുകും.

നാസര്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാവും.കട്ടിലിനടിയിലൊരു  പെട്ടിയില്‍  അവന്റെ മക്കള്‍ക്കായി വാങ്ങിവെച്ച ഉടുപ്പുകളും,കളിപ്പാട്ടങ്ങളുമുണ്ട്.ചില രാത്രികളില്‍ ജോലി കഴിഞ്ഞു വന്ന് അവന്‍ അതൊക്കെയും കട്ടിലില്‍ വാരിയിട്ട് വല്ലാത്തൊരു വാത്സല്യത്തോടെ നോക്കിയിരിക്കുന്നത് ഓര്‍ത്തപ്പോള്‍ ഉള്ളിലൊരു സങ്കടപ്പെരുമഴ പിന്നെയും ഇരച്ചു പെയ്യാന്‍ തുടങ്ങി.
-------------------------------------------------------------------------------------
ഖാദിം വിസ=അറബി വീട്ടില്‍ ജോലി ചെയ്യാനുള്ള വിസ
ബത്താക്ക= സിവില്‍ ഐ ഡി കാര്‍ഡ്
കഫീല്‍=സ്പോണ്‍സര്‍

ദുആ= പ്രാര്‍ഥന

ചിത്രത്തിന് കടപ്പാട് സക്രു  

29 comments:

  1. വായിച്ചു കൊണ്ടിരിക്കുമ്പോൾ കണ്ണ് നിറയുന്നുണ്ടായിരുന്നു... പക്ഷെ... പുറമേക്ക് തുളുമ്പാതെ നോക്കുകയല്ലാതെ വഴിയില്ല... ഓഫീസിൽ ഇരുന്നു കൊണ്ടാണ് വായിക്കുന്നത്... കൂടുതൽ ഒന്നും പറയാനില്ല... വരികൾക്കൊപ്പം സഞ്ചരിക്കുക തന്നെ ആയിരുന്നു... !

    ഇത് വായിക്കുന്ന ഏതൊരു പ്രവാസിക്കും നാട്ടിൽ തന്നെയുള്ള പ്രയാസികൾക്കും പ്രേയസിമാർക്കും ഒക്കെ ഇതെന്റെ തന്നെ അനുഭവമല്ലേ എന്ന തോന്നൽ ഉളവാക്കുന്ന പ്രതീതി ഉണ്ടാകും...

    എനിക്ക് എഴുതാൻ കഴിയുമായിരുന്നെങ്കിൽ ഇങ്ങനെ തന്നെ അല്ലെ ഞാനും എഴുതുക എന്ന് ഓരോ വായനക്കാരന്റെയും മനസ്സ് മന്ത്രിക്കുന്നത്ര തീവ്രമായ എഴുത്ത്...!

    രണ്ടു ദിവസം മുമ്പേ ഞാൻ പറഞ്ഞിരുന്നത് വീണ്ടും ആവർത്തിക്കുന്നു...
    അവതരണം ലളിതം... ഒപ്പം തീക്ഷ്ണവും...!

    തുടരുക...

    ReplyDelete
    Replies
    1. മനസ്സില്‍ തട്ടിയ വായനക്കും അഭിപ്രായത്തിനും,പ്രോത്സാഹനത്തിനും നന്ദി സക്രു

      Delete
  2. എത്ര മനോഹരമായ എഴുത്ത്!
    എത്ര തീവ്രമായ അനുഭവം പോലത്തെ തീം!

    ReplyDelete
    Replies
    1. എന്നും പ്രോത്സാഹനം നിറഞ്ഞ അഭിപ്രായവുമായി എത്തുന്ന അജിത്‌ മാഷിനു ഹൃദയം നിറഞ്ഞ നന്ദി

      Delete
  3. നന്നായി എഴുതി സ്നേഹിതാ
    എല്ലാ ആശംസകളും

    ReplyDelete
  4. good post. congratulations friend.

    ReplyDelete
  5. മനസ്സ്‌ പിടിച്ചുലക്കുന്ന എഴുത്ത്..

    ReplyDelete
    Replies
    1. ഉള്ളില്‍ തട്ടിയ വായനക്കും അഭിപ്രായത്തിനും ഹൃദയപൂര്‍വ്വം നന്ദി

      Delete
  6. അതി മനോഹരം... തീക്ഷ്ണം..
    ഒരക്ഷരം പോലും മാറ്റാനില്ല.

    ഇത് വായിക്കാന്‍ വൈകിയതിലുള്ള സങ്കടം മാത്രം...
    ഇനിയും എഴുതുക... എനിക്കൊരു മെയില്‍ അയക്കാമോ പോസ്റ്റിടുമ്പോള്‍... എന്‍റെ ഡാഷ് ബോര്‍ഡില്‍ ഒന്നും കാണുന്നില്ലാത്തതുകൊണ്ടാണ്...

    ReplyDelete
    Replies
    1. ജീവിത നിരീക്ഷണങ്ങള്‍ മനോഹരമായി ആവിഷ്കരിക്കുന്ന പ്രിയ എഴുത്തുകാരിയുടെ ഈ അഭിപ്രായം വലിയൊരു അംഗീകാരമാണ്

      Delete
  7. നന്ദി നല്ല വായനക്കും അഭിപ്രായങ്ങള്‍ക്കും

    ReplyDelete
  8. ........... ഒരുപാട്
    പക്ഷേ എഴുതാൻ കഴിയുന്നില്ല.

    ReplyDelete
    Replies
    1. ഹൃദയപൂര്‍വ്വം നന്ദി

      Delete
  9. നല്ല രചന - ആത്മനൊമ്പരങ്ങളും ഹൃദയവേദനകളും അക്ഷരങ്ങളിലൂടെ അനുഭവിപ്പിക്കുന്നു.....

    ReplyDelete
    Replies
    1. നന്ദി പ്രദീപ്‌ജി നല്ല വാക്കുകള്‍ക്ക്

      Delete
  10. ഭായ് ഹൃദയത്തിൽ തൊട്ട് എഴുതിയതുകൊണ്ടാണ്
    ഓരോ വായനക്കാരുടേയും മനസ്സിൽ തൊട്ട് ഇതിലെ വരികൾ പോകുന്നത്

    അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു കഥയാണിത് കേട്ടൊ ഭായ്

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്ക് നന്ദി മുരളി ജീ

      Delete
  11. മനോഹരം !!! മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു ..

    ReplyDelete
    Replies
    1. നന്ദി സുമ രാജീവ്.നല്ല വായനക്ക്

      Delete
  12. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  13. നല്ല വായനക്ക് നന്ദി

    ReplyDelete
  14. ningale ariyan vaikippoyennulla oru sangadam

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ