Tuesday, June 4, 2013

മുത്തുബീവി എന്ന ബീത്താത്ത- കാലം മറന്നുപോയൊരു അക്ഷരവിപ്ലവത്തിന്റെ അമരക്കാരി.


താന്‍ ജനിച്ചു വളര്‍ന്ന സമുദായത്തിലെ പെണ്‍കുട്ടിള്‍ അക്ഷരം പഠിച്ചു വിദ്യാഭ്യാസത്തിലൂടെ ഉയരങ്ങളിലെത്താന്‍ ഏറെ ത്യാഗങ്ങളും, വേദനകളും,അപമാനങ്ങളും സഹിച്ച സ്വന്തം ജീവിതം തന്നെ അതിനായി ഉഴിഞ്ഞു വെച്ച ത്യാഗിയായ ഒരു മുസ്ലിം വനിതയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?


ഇന്ന് മലബാറിലെ മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ആണ്‍കുട്ടികളെക്കാളും ഏറെ മുന്‍പന്തിയിലാണ് എന്ന്‍ ഏറെ അഭിമാനത്തോടെ പറയാനാവും. സിവില്‍ സര്‍വീസിലും, ഡോക്ടറായും, എഞ്ചിനീയറായും, അധ്യാപന രംഗത്തും,ബിസിനസ് മാധ്യമ  മേഖലകളിലും ഒപ്പം കലാ-സാഹിത്യ രംഗങ്ങളിലും മുസ്ലിം പെണ്‍കുട്ടികള്‍ തിളങ്ങി നില്‍ക്കുകയും ഏറെ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നു.


കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ക്കിടയിലാണ് മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ഇങ്ങനെയൊരു കുതിച്ചു ചാട്ടം നടത്തിയത്.കേരളത്തിലുള്ള ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ  കേരളത്തിന്‌ പുറത്തും, വിദേശത്തും പോയി വിദ്യാഭ്യാസം നേടുന്ന പുതു തലമുറയിലെ മുസ്ലിം പെണ്‍കുട്ടികള്‍  ഇന്നൊരു അതിശയവാര്‍ത്തയല്ല.

എന്നാല്‍ എട്ടു പതിറ്റാണ്ട് മുമ്പ് 1930 കളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഭൌതിക വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കമായിരുന്ന കാലഘട്ടത്തില്‍ മുസ്ലിം പെണ്‍കുട്ടികളെ അക്ഷരം പഠിപ്പിക്കാനും, സ്കൂള്‍ വിദ്യാഭ്യാസം നല്‍കി അവരെ ഉയര്‍ത്തിക്കൊണ്ടു വരുവാനും ഏറെ ത്യാഗം സഹിച്ച ഒരു മഹതിയുണ്ടായിരുന്നു. വിദ്യാലയങ്ങള്‍ തുറന്ന് അക്ഷര വെളിച്ചത്തിലേക്ക് നമ്മുടെ കുഞ്ഞുങ്ങള്‍ നടന്നു പോകുന്ന  ജൂണ്‍ മാസത്തില്‍ തന്നെയാണ് അവരീ ലോകത്തോട്‌ വിടപറഞ്ഞതും.(1988 ജൂണ്‍  8ന്).


മലപ്പുറം പുളിക്കല്‍ നരിക്കുത്ത് കളത്തില്‍ തറവാട്ടില്‍  യൂസഫ്‌ തങ്ങളുടെയും,ഖദീജക്കുട്ടിയുടെയും പുത്രിയായ മുത്തുബീവി എന്ന ബീവിതാത്ത.പുളിക്കല്‍ ‘മദ്രസത്തുല്‍ മുനവ്വറ സ്കൂളി’ല്‍ അഞ്ചാം തരം വരെ പഠിച്ചു. 1928 ല്‍ കോഴിക്കോട് സ്ഥിര താമസമാക്കി. അധ്യാപക പരിശീലനത്തിന് അപേക്ഷ നല്‍കിയെങ്കിലും അതിന് എട്ടാം തരം വിദ്യാഭ്യാസം ആവശ്യമായതിനാല്‍ ലഭിച്ചില്ല. ഒരു മുസ്ലിം വിദ്യാര്‍ഥിനി എന്ന പ്രത്യേക പരിഗണനയിലും മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയും അന്നത്തെ വിദ്യാഭ്യാസ സൂപ്രണ്ട് ഗഫൂര്‍ഷാ ട്രെയിനിങ്ങിനു വേണ്ട പൊതു യോഗ്യത നേടാന്‍ സഹായിച്ചു. എലത്തൂര്‍ കേയിന്റെ സ്കൂളില്‍ രണ്ടു വര്‍ഷത്തെ ട്രെയിനിംഗ് നേടിയ ശേഷം അധ്യാപികയായി.


മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരാന്‍ ഉദ്ദേശിച്ച് കുണ്ടുങ്ങലില്‍ സ്ഥാപിച്ച ‘നഗരം മാപ്പിള  ഗേള്‍സ്‌ സ്കൂളി’ല്‍ പ്രധാനാധ്യാപികയായി മുത്തുബീവി ചുമതലയേറ്റു. മാപ്പിള  പെണ്‍കുട്ടികള്‍ക്ക് ഭൌതിക വിദ്യാഭ്യാസത്തിനു സ്കൂള്‍ തുടങ്ങുന്നതിന് ശക്തമായ എതിര്‍പ്പ് സമുദായത്തില്‍ നിന്ന് തന്നെ ഉണ്ടായപ്പോള്‍ സ്കൂളിനായി  സ്ഥലം വിട്ടുകൊടുക്കാന്‍ പോലും പലരും മടിച്ച കാലം. ബീത്താത്ത  ഏറ്റെടുത്ത ദൌത്യം എത്ര ശ്രമകരമായിരുന്നു എന്ന് ഊഹിക്കുക. ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങളാണ് തന്റെ കുതിരപ്പന്തി നില്‍ക്കുന്ന സ്ഥലം സ്കൂളിനായി വിട്ടു കൊടുത്തത്.


പര്‍ദ്ദയണിഞ്ഞ ഈ വീട്ടമ്മ പുലര്‍ച്ചെ മുതല്‍ മുസ്ലിം തറവാടുകളിലും ഇടത്തരം വീടുകളിലും കുട്ടികളെ തേടിയിറങ്ങി. ആദ്യ ദിവസം നാല് വീടുകളില്‍ നിന്ന് എട്ടു കുട്ടികള്‍ ചേര്‍ന്നു. പതിനഞ്ചു കുട്ടികളെ തികക്കാന്‍ മൂന്നുമാസം കഠിനാധ്വാനം ചെയ്യേണ്ടി വന്നു!


അന്ന് പല വീടുകളും ഉണരുന്നത് ബീത്താത്തയെ കണി കണ്ടുകൊണ്ടായിരുന്നു. കുട്ടികളെ കുളിപ്പിച്ച് സ്കൂളില്‍ അയക്കാന്‍ ഓര്‍മ്മപ്പെടുത്തിയാണ് അവര്‍ പോകുക. പ്രഭാതം മുതല്‍ സന്ധ്യ വരെ അവര്‍ ഇതിനായി ഉഴിഞ്ഞു വെച്ചു. മുത്തുബീവിയുടെ നിരന്തരമായ പരിശ്രമം മൂലം 1938 ല്‍ നാലും,അഞ്ചും ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍  സ്ഥലം മതിയാകാതെ വന്നതിനാല്‍ സ്കൂള്‍ ഇടിയങ്ങരയിലെ വാടക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.


ആ കാലഘട്ടത്തില്‍ വിദ്യാഭ്യാസ തല്പരയായ ഒരു മുസ്ലിം വനിതയുടെ ഏറെ സാഹസികമായ ഒരു ശ്രമമായിരുന്നു ഇത്. സമുദായത്തിലെ പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബീത്താത്ത  നടത്തിയ പരിശ്രമത്തിനു എതിര്‍പ്പുകള്‍ ചില്ലറയായിരുന്നില്ലപെണ്‍കുട്ടികളെ ‘നരകഭാഷ’ പഠിപ്പിക്കുന്നവള്‍ എന്ന അപകീര്‍ത്തിക്ക് പുറമേ അവരുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ അവര്‍ക്ക് വിലക്ക് കല്‍പ്പിക്കുകയും, പള്ളി ഇമാമായിരുന്ന ആദ്യ ഭര്‍ത്താവ് അവരെ വിവാഹമോചനം നടത്തുകയും ചെയ്തു!


പിന്നീട് കൊടിഞ്ഞി ഹൈദ്രോസ് കോയ തങ്ങള്‍ ഇവരെ വിവാഹം കഴിച്ചുവെങ്കിലും രണ്ടു ബന്ധത്തിലും മക്കള്‍ ഉണ്ടായിരുന്നില്ല.


ബീത്താത്ത എന്ന മുത്തുബീവി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് അക്ഷരങ്ങളുടെ വിളക്ക് കൊളുത്തിയത് സമ്പന്നരും, സമൂഹത്തിലെ പ്രമാണിമാരും, വിദ്യാസമ്പന്നരും  ഏറെയുള്ള കോഴിക്കോട് നഗര പ്രദേശത്താണ്. എന്നിട്ട് പോലും ഏറെ എതിര്‍പ്പുകളും അപമാനങ്ങളും,ഭീഷണികളും അവര്‍ സഹിക്കേണ്ടി വന്നു. തോറ്റു മടങ്ങാതെ, തളരാതെ അവര്‍ മുന്നോട്ടു പോയപ്പോള്‍ അതിന്റെ നേട്ടം ആ പ്രദേശത്തെ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നില്ല. അയല്‍ ദേശങ്ങളിലും മുസ്ലിം സമൂഹം പെണ്‍കുട്ടികളെ സ്കൂളുകളില്‍ അയക്കാന്‍ താല്പര്യം കാണിക്കുന്നതിന് സ്വാഭാവികമായും ബീത്താത്ത തുടങ്ങി വെച്ച വിദ്യാഭ്യാസ വിപ്ലവം  പ്രചോദനമായിട്ടുണ്ടാവണം.


തിരിയില്‍ നിന്ന് കൊളുത്തിയ പന്തം പോലെ വിദ്യാഭ്യാസത്തിന്റെ വെളിച്ചം മുസ്ലിം സ്ത്രീ സമൂഹത്തില്‍ വ്യാപിക്കുകയും  ഇന്ന് മലബാറിലെ മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറുകയും ചെയ്ത ഈ അവസരത്തില്‍ കാലം മറന്നു പോയ ഈ വനിതാരത്നത്തെ പുതു തലമുറ അറിയണം.


ഇവര്‍ സ്ഥാപിച്ച സ്കൂള്‍  പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. ‘പരപ്പില്‍ ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍’ എന്നാണ് സ്കൂളിന്റെ പേരെങ്കിലും  ബീവിന്റെ സ്കൂള്‍എന്നാണ് ഇന്നും ഈ  സ്കൂള്‍ അറിയപ്പെടുന്നത്. ആ പേരിലൂടെ വിദ്യാഭ്യാസ തല്‍പരയും  സാഹസികയുമായ മുത്തുബീവി എന്ന  ഉമ്മാമയുടെ ഉജ്വലമായ സ്മരണ തലമുറകള്‍ കൈമാറുന്നു.


ഇപ്പോള്‍ നമുക്ക്  നിസ്സാരമെന്നു തോന്നാമെങ്കിലും എട്ടു പതിറ്റാണ്ട് മുമ്പ് ഒരു മുസ്ലിം വനിത നടത്തിയ ഈ സാമൂഹ്യവിപ്ലവം യഥാര്‍ത്ഥത്തില്‍ ഒരു വലിയ പോരാട്ടം തന്നെയായിരുന്നു. ദീര്‍ഘ വീക്ഷണവും വ്യക്തമായ ലക്ഷ്യബോധവും ഉള്ള ബീത്താത്തയെ,തനിക്കു ചുറ്റുമുള്ള സ്ത്രീ സമൂഹം അനുഭവിക്കുന്ന ദുരിതങ്ങളും വേദനകളുമായിരിക്കണം സ്വന്തം ജീവിതത്തിന്റെ സന്തോഷങ്ങള്‍ പോലും വേണ്ടെന്നു വെച്ച് സാഹസികമായ ഈ ദൌത്യത്തിന് മുന്നില്‍ നില്‍ക്കാന്‍  പ്രേരിപ്പിച്ചത്.


ചില ജീവിതങ്ങള്‍ ഇങ്ങനെയാണ് ചുറ്റുമുള്ളവരുടെ ജീവിതം അവരെ വല്ലാതെ പൊള്ളിക്കും. സ്വന്തം സുഖങ്ങള്‍ മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുക എന്നത് ജന്മ നിയോഗമായി ഏറ്റെടുക്കും. സ്വയം ഉരുകി ചുറ്റുപാടിന് വെളിച്ചമായി തീര്‍ന്നവര്‍..... അവര്‍ നേടിത്തന്ന എല്ലാ സൌകര്യങ്ങളും അനുഭവിച്ചു കൊണ്ട് തന്നെ കാലം ചെല്ലുമ്പോള്‍ നാമവരെ സൌകര്യപൂര്‍വ്വം മറക്കും. അത് കൊണ്ട് തന്നെ ഇടക്കെങ്കിലും ഇങ്ങനെയൊരു ഓര്‍മ്മപ്പെടുത്തല്‍ അനിവാര്യമാകുന്നു.
----------------------------------------------------------------------------------------------------
പി.പി.മമ്മദ്കോയ പരപ്പില്‍ എഴുതിയ ‘കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം’ എന്ന പുസ്തകത്തില്‍ നിന്നാണ് മുത്തുബീവി എന്ന ബീത്താത്തയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.ഇവരെ കുറിച്ച് കൂടുതല്‍ അറിവുള്ളവര്‍ പങ്കുവെച്ചാല്‍ സന്തോഷം..    


7 comments:

 1. ബീത്താത്ത വിപ്ലവമാണല്ലോ സൃഷ്ടിച്ചത്

  ReplyDelete
 2. സാമൂഹിക വിപ്ലവങ്ങളില്‍ ഞങ്ങളറിയാതെ പോയഒന്ന് പരിചയപ്പെടുത്തലിനു നന്ദി നജീബ്ക്ക

  ReplyDelete
 3. അറിവിന്റെ വെളിച്ചം...നന്ദി

  ReplyDelete
 4. പുതിയ അറിവ് , നന്ദി അവരെ ഇവിടെ പരിചയപ്പെടുത്തിയതിന്

  ReplyDelete
 5. ബീത്താത്തയെ കുറിച്ച് ആദ്യമായറിയുകയാണ്...

  ReplyDelete
 6. ഇതില്‍ ഖാന്‍ ബഹദൂര്‍ ആറ്റക്കോയ എന്ന് പരാമര്‍ശിക്കുന്നത് എന്റെ തറവാട്ടു കാരണവര്‍ ആണ് . കൊയിലാണ്ടി പുതിയ മാളിയക്കല്‍

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ