Monday, May 27, 2013

ഹരിലാല്‍


ഹരിലാലിന്റെ മുഖം കാണുന്നത് തന്നെ എനിക്ക് ചതുര്‍ഥിയാണ്.കാരണം അയാള്‍  എന്റെ കടയിലെ ഏറ്റവും പിശുക്കനായ കസ്റ്റമറില്‍ ഒരാളാണ്.വെറുതെ വിലപേശിക്കൊണ്ടിരിക്കുക,വാങ്ങുന്ന സാധനങ്ങളില്‍ ഒട്ടും തൃപ്തി ഇല്ലാത്ത രീതിയില്‍ സംസാരിക്കുക,കച്ചവടക്കാരനെ പരമാവധി വെറുപ്പിക്കുക ഈ കാര്യങ്ങളില്‍  ബിരുദാനന്തരബിരുദം നേടിയ ആളാണ്‌ ഹരിലാല്‍ എന്ന രാജസ്ഥാനി. കഴിഞ്ഞ മൂന്നാല് വര്‍ഷമായി ഇയാളെ എനിക്കറിയാം. 

ഒരു ഫില്‍‌സ് പോലും ലാഭം ഇല്ലാതെ വില്‍ക്കുന്ന കുബ്ബൂസിനോടൊപ്പം രണ്ടു പച്ചമുളക് ഫ്രീ ആയി എടുത്തില്ലെങ്കില്‍ ഹരിലാലിനു സമാധാനമുണ്ടാകുകയില്ല. അതൃപ്തി നിറഞ്ഞ മുഖഭാവത്തോടെയാണ് ഇയാള്‍ എന്തെങ്കിലും സാധനം വാങ്ങിക്കുക. ഏറ്റവും വില കുറഞ്ഞ സോപ്പും,സോപ്പുപൊടിയും മാത്രമാണ് സാധാരണ  വാങ്ങുകയെങ്കിലും അതില്‍ പരമാവധി വിലപേശാന്‍ ഹരിലാല്‍ മറക്കാറില്ല.ഇത് കൊണ്ടൊക്കെ തന്നെ  ഇയാള്‍ ഇങ്ങോട്ട് വരാതിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകും.ഒരു പിശുക്കനുമായി ഇടപാട് നടത്തുക എന്നത് അത്രയ്ക്ക്  മടുപ്പുണ്ടാക്കുന്ന കാര്യമാണ്.

രാജസ്ഥാനിലെ ഉദയ്പൂരിനടുത്ത ഒരു ഗ്രാമവാസിയാണ് ഹരിലാല്‍. കുവൈത്തില്‍ ഇരുപതു വര്‍ഷം കഴിഞ്ഞു.മൊസൈക്ക് പണിക്കാരനാണ് .രണ്ടു വര്‍ഷം മുമ്പ്  ഇവിടെ  എത്തിയ ഹരിലാലിന്റെ മൂത്തമകന്‍ ‘ഭഗ് വാനി’ല്‍  നിന്നാണ് ഈ വിവരങ്ങളൊക്കെ എനിക്ക് കിട്ടിയത്.അവനും അച്ഛനോടൊപ്പം മൊസൈക്ക് പണിക്കു പോവുകയാണ്.ഇപ്പോള്‍ പഴയ പോലെയല്ല ദിവസവും  പത്തു ദിനാര്‍(രണ്ടായിരം രൂപയ്ക്കടുത്ത്)കൂലികിട്ടും.നിത്യവും പണിയുമുണ്ട്.എന്നിട്ടും ഇയാളെന്തിനാണ് ഇത്രയ്ക്ക് കഞ്ഞിയാവുന്നത്.

“നിന്റെ അച്ഛന്‍ ഒന്നും വാങ്ങി കഴിക്കാതെ പിശുക്കി പിശുക്കി മരിക്കും” ഞാന്‍ ‘ഭഗ് വാനോ’ട് തമാശ പറഞ്ഞു.
“പൈസേ കാ ബഹുത് സരൂരി ഹെ ഭായ്.......
.ഇനി അനുജനെ കൂടി വിസയെടുത്ത് കൊണ്ട് വരണം.അവന്‍ പത്താം ക്ലാസ് കഴിഞ്ഞു, ഇപ്പോള്‍ പഠിക്കുന്നില്ല.പതിനെട്ട് വയസ്സായി.പാസ്പോര്‍ട്ട് എടുത്തു. വിസയ്ക്ക് കൊടുത്തിട്ടുണ്ട്‌.അടുത്ത് കിട്ടും” 

കഴിഞ്ഞ ആഴ്ചയിലാണ് ഹരിലാലിന്റെ ഇളയ പുത്രന്‍ നാട്ടില്‍ നിന്നും വന്നത്. മകനെയും കൂട്ടി ഹരിലാല്‍ കടയില്‍ വന്ന ആ രാത്രിയിലാണ് ഞാന്‍ അതിശയപ്പെട്ടത്‌.
വിലപേശാതെ  ആദ്യമായി ഹരിലാല്‍ കുറച്ചു സാധനങ്ങള്‍ വാങ്ങി.മകനിഷ്ടമുള്ള സോപ്പും,പേസ്റ്റും,ബ്രഷും പോരാതെ അവന്‍ ചൂണ്ടിക്കാട്ടിയ ഷാമ്പൂവും ക്രീമും ഞാന്‍ എടുത്തു കൊടുത്തപ്പോള്‍ ഒന്നും  മിണ്ടാതെ  ഹരിലാല്‍ പറഞ്ഞ പണം മുഴുവന്‍ എടുത്തു തന്നു!!!ഞാന്‍ സ്ഥിരമായി കാണുന്ന പിശുക്കന്റെ ഭാവമായിരുന്നില്ല അപ്പോള്‍ അയാളുടെ മുഖത്ത്.

കഴിഞ്ഞ മൂന്നു ദിവസമായി ജോലികഴിഞ്ഞ് വൈകുന്നേരം ഹരിലാല്‍ മകനെയും കൂട്ടി നേരെ കടയിലേക്ക് വരും.വൈറ്റ്സിമന്റും,മണലും,വിയര്‍പ്പും കുഴഞ്ഞ രൂപങ്ങള്‍.
എന്നും വൈകീട്ട് കുബ്ബൂസ് മാത്രം വാങ്ങി പോയിരുന്ന ഹരിലാല്‍ മകന് ഫ്രഷ്‌ മില്‍ക്കും,ആപ്പിളും വാങ്ങി കൊടുത്ത് കടയില്‍ നിന്ന് തന്നെ കഴിപ്പിക്കുന്നു .അവനത് കഴിക്കുമ്പോള്‍ മുടിയിലും ദേഹത്തുമൊക്കെയുള്ള  സിമന്റും പൊടിയും വാത്സല്യത്തോടെ തട്ടിക്കൊടുക്കും.കുബ്ബൂസിനു പുറമേ പച്ചക്കറിയോ കോഴിയോ വാങ്ങും.പോകുമ്പോള്‍ ഒരു ‘കിറ്റ്‌കാറ്റ്’ വാങ്ങി പോക്കറ്റിലിട്ടു കൊടുത്ത്  മകന്‍റെ തോളില്‍ കയ്യിട്ട് നടന്നു പോകുന്നു ഹരിലാല്‍ എന്ന പിതാവ്.........

രണ്ടു പതിറ്റാണ്ട് കവിഞ്ഞ പ്രവാസ ജീവിതത്തിനിടയില്‍ പിറന്ന,കൊതിതീരെ ഓമനിക്കാന്‍ കഴിയാഞ്ഞ ഇളയ മകനോടുള്ള സ്നേഹവും വാത്സല്യവും.പിശുക്കനായ ഹരിലാലിന്റെ ഈ മുഖം എന്നെ അത്ഭുതപ്പെടുത്തി.എണ്ണിച്ചുട്ട ഓരോ അവധികളിലും നാട്ടില്‍ പോയപ്പോള്‍ ഊട്ടിതീരാഞ്ഞ വാത്സല്യം മകനോടുള്ള ഓരോ വാക്കുകളിലും,ചലനങ്ങളിലും അയാളില്‍ നിന്ന് തുളുമ്പുന്നുണ്ടായിരുന്നു.

വൈകുന്നേരങ്ങളില്‍  ഹരിലാലിനെയും മകനെയും കാത്തിരിക്കുമ്പോള്‍ എന്റെയുള്ളിലും  എവിടെയോ പിതൃ വാത്സല്യത്തിന്റെ  ഉറവ പൊട്ടുന്നത് ഞാനറിയുന്നു.ഒപ്പം മുടിയിഴകളിലൊരു  സ്നേഹസ്പര്‍ശത്തിന്റെ സാന്നിധ്യവും..........
ഞാനും ഒരു പ്രവാസിയായ പിതാവാണല്ലോ.പ്രവാസം കൊണ്ട് കുടുംബം  പോറ്റിയ ഉപ്പയുടെ മകനും.
4 pm news സസ്നേഹം ആഴ്ചപ്പതിപ്പ് 6.03.14 

12 comments:

  1. എത്രമനോഹരചിത്രം
    വാങ്മയചിത്രം

    ReplyDelete
  2. എല്ലാവരോടും വാത്സല്യം മനസ്സിൽ കൊണ്ട് നടക്കുന്നവൻ പ്രവാസി. അവനവന്റെ കാര്യം നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവൻ പ്രവാസി...

    നനവാർന്ന ചിത്രം.., നേരിന്റെ നേർപാതി..

    ReplyDelete
  3. പ്രവാസത്തിലെ സത്യത്തിന് പല മുഖമൂടികളാണ്, എപ്പോഴാണ് അഴിഞ്ഞുവീണു കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുക എന്ന് പറയാന്‍ പറ്റില്ല....

    ReplyDelete
  4. ഒരച്ചന്റെ രോധനം! അല്ലെ..

    ReplyDelete
  5. അങ്ങനെ ഒരു അച്ഛന്‍...

    നന്നായി എഴുതി, ആശംസകള്‍.

    ReplyDelete
  6. എല്ലാ അച്ഛനമ്മമാര്‍ക്കും ഇളയവരോടു വാല്‍സല്യം കൂടുതലായിരിക്കും.

    എഴുത്ത് ശൈലി വളരെ നല്ലത്
    ആശംസകള്‍

    ReplyDelete
  7. പ്രവാസി അച്ചന്മാരുടെ വേദന, രസകരമായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു,,

    ReplyDelete
  8. ബന്ധങ്ങളുടെ മൂല്യവും തീവ്രതയും ഏറെ തിരിച്ചറിയുന്നത് അകന്നു കഴിയുന്നവരാണ്. അത് ഭംഗിയായി പറയണമെങ്കില്‍ പോലും അത്തരം അനുഭവങ്ങൾ ഉണ്ടാവണം...
    നേരനുഭവങ്ങളുടെ മൂശയിൽ ജ്വലിപ്പിച്ചെടുത്ത വരികള്‍..!
    നന്നായിട്ടുണ്ട്....

    ReplyDelete
  9. ബന്ധങ്ങളുടെ മൂല്യവും തീവ്രതയും ഏറെ തിരിച്ചറിയുന്നത് അകന്നു കഴിയുന്നവരാണ്. അത് ഭംഗിയായി പറയണമെങ്കില്‍ പോലും അത്തരം അനുഭവങ്ങൾ ഉണ്ടാവണം...
    നേരനുഭവങ്ങളുടെ മൂശയിൽ ജ്വലിപ്പിച്ചെടുത്ത വരികള്‍..!
    നന്നായിട്ടുണ്ട്....

    ReplyDelete
  10. പല പിശുക്കിന് പിന്നിലും പറഞ്ഞറിയിക്കാൻ പറ്റാത്ത ഇത്തരം ചില സംഭവങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ടാകും..!!

    ReplyDelete
  11. രണ്ടു പതിറ്റാണ്ട് കവിഞ്ഞ പ്രവാസ ജീവിതത്തിനിടയില്‍ പിറന്ന,കൊതിതീരെ ഓമനിക്കാന്‍ കഴിയാഞ്ഞ ഇളയ മകനോടുള്ള സ്നേഹവും വാത്സല്യവും.പിശുക്കനായ ഹരിലാലിന്റെ ഈ മുഖം എന്നെ അത്ഭുതപ്പെടുത്തി.എണ്ണിച്ചുട്ട ഓരോ അവധികളിലും നാട്ടില്‍ പോയപ്പോള്‍ ഊട്ടിതീരാഞ്ഞ വാത്സല്യം മകനോടുള്ള ഓരോ വാക്കുകളിലും,ചലനങ്ങളിലും അയാളില്‍ നിന്ന് തുളുമ്പുന്നുണ്ടായിരുന്നു.

    ReplyDelete
  12. പ്രവാസം....നേട്ടങ്ങള്‍ക്കപ്പുറം....കുറെ നഷ്ടപ്പെടലുകളാണ്....ഇഷ്ടം .

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ