Sunday, September 2, 2012

ലോക നാളികേര ദിനത്തില്‍ ചില തേങ്ങാകാര്യങ്ങള്‍



രാവിലെ റേഡിയോ പറഞ്ഞപ്പോഴാണ് അറിയുന്നത് ഇന്ന് ലോക നാളികേര ദിനം ആണെന്ന്.ഓരോന്നിനും ഓരോ ദിനം വെച്ച് കൊടുത്താല്‍ ഒരു വര്‍ഷത്തിനു മുന്നൂറ്ററുപത്തഞ്ച് ദിവസം മതിയാകില്ല എങ്കിലും.തേങ്ങക്ക് ഒരു ദിനം ഉണ്ടായതില്‍ മലയാളി എന്ന നിലയില്‍ ഈയുള്ളവനും സന്തോഷിക്കുന്നു.കേരം എന്ന വാക്കില്‍ നിന്നാണ് കേരളം ഉണ്ടായതെന്നും അവിടെയാണ് നാം മലയാളീസ്‌ ഒക്കെ ഉരുവായതെന്നും കൊണ്ട് തന്നെ ഇത്ര ഖുശി.

സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും മലയാളിയുടെ ഏറ്റവും വലിയ പേടി സ്വപ്നമാണ് ഇന്ന് തേങ്ങ എന്ന് പറഞ്ഞാല്‍ അതിശയോക്തി ആണെന്ന് കരുതരുത്‌...

കര്‍ഷകന്റെ കാര്യമല്ല.മണ്ഡരി വന്നത് മുതല്‍ പിന്നെ ഇത് വരെ തേങ്ങ കൊണ്ട് വലിയ ലാഭമൊന്നും കര്‍ഷകന് കിട്ടിയിട്ടില്ല.വളം ചെയ്യാനുള്ള പണം പോലും കിട്ടുന്നില്ല എന്നത് ഒരു പരമ സത്യം മാത്രം.

മുമ്പൊക്കെ പറമ്പിനു വില പറഞ്ഞിരുന്നത് തെങ്ങിന്റെ എണ്ണവും എത്ര നാളികേരം കിട്ടും എന്നൊക്കെ നോക്കി ആയിരുന്നെങ്കില്‍ ഇന്ന് റിയല്‍എസ്റ്റേറ്റ് ഏര്‍പ്പാടില്‍ ഏറ്റവും മാര്‍ക്കറ്റ്‌ കുറഞ്ഞ വസ്തു തെങ്ങിന്‍ തോപ്പാണ്.മെനക്കെടാന്‍ വയ്യ എന്നത് മാത്രമല്ല,മെനക്കെട്ടിട്ടും കാര്യമില്ല എന്നത് കൊണ്ട് കൂടിയാണ് ഈ മനോഭാവം.
ശരിക്കും ഇത് കൊണ്ടല്ല ഇന്ന് തേങ്ങ മലയാളിയുടെ പേടി സ്വപ്നമായി മാറിയിരിക്കുന്നത്.

പറിക്കാന്‍ ആളെ കിട്ടാതെ ഏതു നിമിഷവും ആരുടേയും തലയില്‍ വീഴാന്‍ പാകത്തിന് വിളഞ്ഞു നില്‍ക്കുകയാണ് തേങ്ങാക്കുലകള്‍ നാട് നീളെ.കുട്ടികളെ മുറ്റത്തയക്കാന്‍ രക്ഷിതാക്കള്‍ക്ക് പേടിയാണ്.ഒരു ചെറിയ കാറ്റ് പോലും വേണ്ട ഗുരുത്വാകര്‍ഷണ സിദ്ധാന്തം എന്താണെന്ന്  തേങ്ങ പഠിപ്പിച്ചു തരും.

സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് കിട്ടുന്നതിലും പാടാണ് തേങ്ങ പറിക്കുന്നവരുടെ ഡേറ്റ് കിട്ടാന്‍.. എല്ലാ നാട്ടിലെയും അവസ്ഥ ഇത് തന്നെ.പഴയ ആള്‍ക്കാരല്ലാതെ പുതുതായി ആരും ഈ ഫീല്‍ഡിലേക്ക് വരുന്നില്ല.പഴയവര്‍ തന്നെ മറ്റു ജോലികള്‍ക്ക് പോകുകയാണ്.
ഇതിനൊരു പരിഹാരമായി സര്‍ക്കാര്‍ വലിയൊരു തുക സമ്മാനമായി പ്രഖ്യാപിച്ചു കുറ്റമറ്റ തെങ്ങ് കയറ്റ യന്ത്രം കണ്ടു പിടിക്കാന്‍.ഒരു രക്ഷയും ഉണ്ടായില്ല.ശങ്കരന്‍ പിന്നെയും തെങ്ങിന്റെ ചുവട്ടില്‍ തന്നെ!!!!!!!
കേരം തിങ്ങും കേരളനാട്ടിന് എന്താണ് ഈ പ്രശ്നത്തിന് ഒരു പരിഹാരം.ഉള്ള തെങ്ങ് ഒക്കെ വെട്ടിക്കളയാന്‍ മലയാളിയുടെ മനസ്സ്‌ അനുവദിക്കില്ല.കിട്ടുന്ന തേങ്ങയുടെ ഇരട്ടി കൂലികൊടുത്ത് അപകട ഭീഷണി ഒഴിവാക്കാം എന്ന് വിചാരിച്ചാലും ആളെ കിട്ടണ്ടേ.

ലോക നാളികേര ദിനത്തില്‍ എനിക്ക് പറയാനുള്ളത്.

.നമ്മുടെ നാട്ടിലെ യുവാക്കളൊക്കെ സിക്സ് പാക്ക് ഉണ്ടാക്കാനും സല്‍മാന്‍ഖാന്‍ ആവാനുമൊക്കെ വലിയ  ഒരു തുക മാസാമാസം  കൊടുത്ത് ജിമ്മില്‍ പോയി അധ്വാനിക്കുകയാണല്ലോ.ചെറുപ്പം വിട്ടവരൊക്കെ ഷുഗര്‍,കൊളസ്ട്രോള്‍,പ്രഷര്‍ തുടങ്ങിയ ഭീകര്‍ന്മാരില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തം,യോഗ തുടങ്ങിയ ഏര്‍പ്പാടുകളും.ചുരുക്കി പറഞ്ഞാല്‍ നട്ട പ്പുലര്‍ച്ചെ തന്നെ മിട്ടായിതെരുവിലെ തിരക്കാണ് നാട്ടും പുറത്തെ ഇടവഴികളില്‍ പോലും.

നമ്മുടെ കൃഷി വകുപ്പും,ആരോഗ്യ വകുപ്പും ഒന്ന് മുന്‍കയ്യെടുത്ത് തെങ്ങുകയറ്റം എന്ന ‘വ്യായാമ’ത്തിന്റെ ഗുണങ്ങളെ പറ്റി ടെലിവിഷനിലൂടെയൊക്കെ ഒന്ന് പ്രചാരണം നടത്തുകയും ശാസ്ത്രീയമായി ഇതിനു പരിശീലനം നല്‍കുകയും.പറ്റുമെങ്കില്‍ ഒരു മത്സര ഇനമായി  പഞ്ചായത്ത് തലങ്ങളിലൊക്കെ സംഘടിപ്പിക്കുകയും ചെയ്‌താല്‍ .തേങ്ങ പറിക്കാന്‍ ആളെ കിട്ടാനില്ല എന്ന വമ്പന്‍ പ്രശ്നത്തിന് പരിഹാരമാകും എന്ന് മാത്രമല്ല.കാശ് ചെലവില്ലാതെ നമ്മുടെ യുവാക്കള്‍ക്ക് സിക്സ് പാക്കുകള്‍ ആകുകയും പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍ തുടങ്ങിയ യമണ്ടന്‍ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം.

സൗകര്യം ഉണ്ടെങ്കില്‍ എടുത്താല്‍ മതി.വാഹന അപകടവും ആത്മഹത്യയും പോലെ മലയാളിയുടെ മരണ നിരക്ക് കൂട്ടുവാന്‍ കേരവും ഒരു കാരണം ആകുന്ന കാലം വിദൂരമല്ല.

സംശയം ഉണ്ടെങ്കില്‍ മുകളിലോട്ടൊന്നു നോക്ക്..എത്ര ദിവസമായി ‘കൊയ്യക്കാരന്‍’ വരാം വരാംന്നു പറയാന്‍ തുടങ്ങിയിട്ടെന്നോ.... 

7 comments:

  1. വൈറ്റ് കോളര്‍ ജോബ്‌ തലയ്ക്കു പിടിച്ചതാണ് കുലത്തൊഴില്‍ ചെയ്യാന്‍ ഇന്നു ആളെ കിട്ടാത്തത്.
    പിന്നെ തെങ്ങ് കയറ്റം അത്ര നിസ്സാര സങ്ങതിയുമല്ല. ഏത് മാതാപിതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറാകും സ്കൂളുകള്‍ വഴി ഈ പറഞ്ഞ വ്യായാമ പദ്ധതി നടപ്പിലാക്കിയാല്‍?
    നിലത്ത് നിന്ന് പറിക്കാവുന്ന അത്ര പൊക്കം മാത്രമുള്ള നല്ല കായ്‌ ഫലമുള്ള തെങ്ങിന്‍ തൈകള്‍ വികസിപ്പിച്ചെടുക്കുക എന്നതാണ് ഭാവിയിലേക്കുള്ള ഏക പോംവഴി.

    ReplyDelete
  2. വരുമാനം കുറഞ്ഞതു കാരണം പലരും തെങ്ങ് പിഴുതിമാറ്റി തോട്ടത്തില്‍ റബ്ബര്‍ വച്ചു. റബ്ബറിന്റെ വില കൂടിയതോടെ ഈ പ്രവണത കേരളമെങ്ങും കൂടി വരുകയാണ്. കേരള സര്‍ക്കാരിന്റെ കൃഷി വകുപ്പ് വിത്ത് തേങ്ങ സംഭരിച്ചിരുന്ന കോഴിക്കോട്ടെ കുറ്റിയാടി പ്രദേശത്ത് വ്യാപകമായ തോതില്‍ തെങ്ങ് കൃഷിക്കാര്‍ റബ്ബറിലേയ്ക്ക് ചേക്കേറുകയാണ്. ഇത് തുടര്‍ന്നാല്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന കുറ്റിയാടി ഇനം തേങ്ങ തന്നെ ഇല്ലാതായേയ്ക്കും.

    അതുകൊണ്ട് അതികകാലം ഇതിനെകുറിച്ചോര്‍ത്തു വ്യാകുലതപെടെണ്ട ഇങ്ങനെ പോയാല്‍ തെങ്ങ് എന്ന് പറയുന്നത് കണാകനിയാകും.....

    ReplyDelete
  3. തെങ്ങ് ഇല്ലാത്ത ഒരു കേരളം ചിന്തിക്കാന്‍ കൂടി വയ്യ ,മലയാളി സമൂഹമേ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഒറ്റത്തടിയായ് വളരുന്ന കേരളത്തിന്‍റെ കല്പവൃക്ഷം തെങ്ങ് .. വേരുമുതല്‍ കൂമ്പ് വരെ കേരളീയര്‍ക്ക് പ്രയോജനപ്രദം .. ദൈവത്തിന്‍റെ സൊന്തം നാടെന്നു വിളിക്കുന്ന കേരളത്തിന്നു പ്രക്രതിഭംഗി നല്‍കി പഴമക്കാരുടെ വാക്കുകള്‍ സത്യമാകാം എത്ര മരങ്ങള്‍ ചതിച്ചാലും തെങ്ങ് മനുഷ്യനെ ചതിക്കില്ലന്നു പറയുന്നു ഏതൊരു വീട്ടു മുറ്റത്തും തലയെടുപ്പോടെ നില്‍ക്കുന്ന തെങ്ങിന് പ്രത്യേകതകള്‍ ഏറെയാണ്‌ മനുഷ്യവാസം ഏറെയുള്ള സ്ഥലങ്ങളില്‍ തെങ്ങുകള്‍ കൂടുതല്‍ കായ്ക്കും .. തെങ്ങിന്‍ തൈകളെ എന്നും രാവിലെ കുട്ടികളെ തലോടും പോലെ ഒന്ന് തലോടിയാല്‍ പെട്ടന്ന് വളര്‍ച്ചയും ആരോഗ്യവും കൂടുകയും ചെയ്യും .. ഇതൊക്കെ നിങ്ങള്‍ക്കും പരീക്ഷിക്കാം ............ ഈ അംഗീകാരം കേരളത്തിന്‍റെ എണ്ണക്കുരുവിനു അര്‍ഹാതപെട്ടതാണ് .............

    ReplyDelete
  6. എന്നാൽ ഇന്നാണ് ആ തേങ്ങ കുല ആശംസകൾ അല്ലേ

    ReplyDelete
  7. തേങ്ങ അരച്ച ഒരു കറി കൂട്ടിയിട്ട് കാലങ്ങളായി; തെങ്ങില്‍ തേങ്ങ മൂത്ത് നില്‍ക്കുന്നത് കൊണ്ട്, തലയില്‍ വീഴുമോ എന്ന് പേടിച്ചു അതിനു കീഴെയുള്ള വഴി കൂടി അടച്ചു.
    കാലം പോയ പോക്കേ..!!

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ