Tuesday, August 28, 2012

ചാലിയത്തെരുവിലെ ഓണപ്പൂക്കളങ്ങള്‍ഒന്നാം ക്ലാസ്സിന്റെ പകുതി മുതല്‍ മൂന്നാം ക്ലാസ്സിന്റെ പകുതി വരെ കുന്നുമ്മലെ ‘ഓത്തുപുര’യില്‍ ആയിരുന്നു എന്റെ മദ്രസാ പഠനം.ഇക്കാക്കയും ഞാനും ആയിരുന്നു ആദ്യമൊക്കെ ഒന്നിച്ചു പോയിരുന്നതെങ്കിലും അടുത്തുള്ളൊരു വീട്ടിലെ എന്നെക്കാളും രണ്ടു വയസ്സ് മൂത്ത ഒരു പെണ്‍കുട്ടികൂടി വരാന്‍ തുടങ്ങിയതോടെ അധിക ദിവസങ്ങളിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു പോക്കും വരവും.

അവള്‍ക്ക് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ  പ്രണയിനിയുടെ പേരായിരുന്നു എന്നൊക്കെ ഞാന്‍ മനസ്സിലാക്കുന്നത് പിന്നീട് ഒരുപാട് കാലം കഴിഞ്ഞാണ്.രാവിലെ ഏഴു മണിക്ക് മുമ്പ് തന്നെ അവള്‍ എന്റെ വീട്ടില്‍ എത്തുമെങ്കിലും എന്റെ ചായകുടിയൊക്കെ കഴിയുന്നത് വരെ അവള്‍ ഉമ്മയുമായി അടുക്കളയില്‍   ‘കാനൂല്’’ പറഞ്ഞിരിക്കും.

വീട്ടില്‍ നിന്ന് ഓത്തുപുരയിലേക്ക്‌ അര മണിക്കൂറോളം നടക്കാനുണ്ട് പൂളക്കലെ എടയ്ക്ക്*പോകുന്നതിലും കുറച്ചു കൂടി എളുപ്പം തെരുവത്ത്കൂടെ പോകുന്നതാണ്.
വീട്ടിനു അടുത്താണ് തെരുവത്ത്എന്ന് പറയുന്ന  നെയ്ത്തുകാരായ ചാലിയരുടെ തെരുവ്‌ .ബ്ലീച്ചിംഗ് പൌഡറിന്റെ മണവും, വിവിധ നിറങ്ങളിലുള്ള നൂലുകള്‍ തോരാനിട്ട കാഴ്ചയും, തറിയില്‍ ഓടംചാടുന്നതിന്റെ സംഗീതവും  ആണ് തെരുവില്‍ എപ്പോഴും.

ചെരിപ്പിടാത്ത കാലുമായി  തെരുവത്തെ നേരിയ വെളുത്ത മണലിലൂടെ നടക്കാന്‍ നല്ല സുഖമാണ്.മാത്രമല്ല തെരുവും കഴിഞ്ഞു റെയിലിന് അരികിലൂടെ നടക്കുമ്പോള്‍ ഭൂമി കുലുക്കി കരിമ്പുക തുപ്പി തീവണ്ടി കടന്നു പോകുന്നത് നോക്കി ആ കുലുക്കത്തിലും കിടുങ്ങുന്ന ശബ്ദത്തിലും  ഉറക്കെ ഒച്ചയിടുകയോ കൂക്കി വിളിക്കുകയോ ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ട്...ഞങ്ങളല്ലാതെ വേറെ ആരും കേള്‍ക്കുകയില്ല എത്ര ഒച്ചയിട്ടാലും.തീവണ്ടിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്നവര്‍ക്ക് റ്റാറ്റ കാണിക്കുമ്പോള്‍ അവര്‍ തിരിച്ചും കാണിക്കുന്നതിന്റെ സന്തോഷവും. 

വാതോരാതെ വര്‍ത്തമാനം പറയുന്ന അവളിലൂടെയാണ് ഞാന്‍ ലോക കാര്യങ്ങള്‍ ഒക്കെ അറിയുന്നത്. എന്നെക്കാളും രണ്ടു ക്ലാസ്സ്‌ മുകളില്‍ ആണ് എന്നത് മാത്രമല്ല,അവള്‍ വീമംഗലം യൂ പി സ്കൂളില്‍ ആണ് പഠിക്കുന്നത്. അവളുടെ വല്യുപ്പയുടെ പീടികയില്‍ നിന്ന് എടുത്തു കൊണ്ട് വന്ന ബുളുബുള് മുട്ടായിയും ഉപ്പിലിട്ട നെല്ലിക്കയും തിന്നു കൊണ്ട്  ഓത്തുപുരയില്‍ എത്തുന്നത്‌ വരെ ഞങ്ങള്‍ വര്‍ത്താനം പറഞ്ഞു കൊണ്ട് നടന്നു.

ഞാന്‍ പഠിക്കുന്ന മൂടാടി മാപ്പിള എല്‍ പി സ്കൂളില്‍ അന്ന് മുസ്ലിം കുട്ടികള്‍ മാത്രമേ പഠിക്കുന്നുണ്ടായിരുന്നുള്ളൂ.അത് കൊണ്ട് തന്നെ ഓണത്തെ കുറിച്ച് വലിയ അറിവ്  ഉണ്ടായിരുന്നില്ല. അബ്ദുള്ളക്കുട്ടിക്ക ചെറിയ പെരുന്നാളിനും വിഷുവിനും മാത്രം പടക്കം വില്‍ക്കുന്നത് കൊണ്ട് ചെറിയ പെരുന്നാളിനു പകരം  വിഷുവും വലിയ പെരുന്നാളിന് പകരം ഓണവും എന്ന ഒരു ധാരണയും എനിക്ക്  ഉണ്ടായിരുന്നു.

മെയിന്‍ റോഡു മുതല്‍ റെയിലുവരെ  നിരനിരയായി വീടുകള്‍ ഉള്ള തെരുവത്ത് ഇപ്പോഴത്തെ പോലെ വീടുകള്‍ മതില് കെട്ടി തിരിച്ചിരുന്നില്ല.എല്ലാ വീടുകള്‍ക്കും നീളത്തിലുള്ള ഒരു മുറ്റം പോലെ തോന്നിച്ചു.

ഒരു ദിവസം  തെരുവത്ത് കൂടെ ഓത്തുപുരയിലേക്ക്‌ പോകുമ്പോഴാണ് എല്ലാ വീട്ടുമുറ്റങ്ങളിലും പൂക്കളം ഒരുക്കിയിരിക്കുന്നത് കണ്ടത്.
“ഇതെന്താ”
“ഓലെ ഓണല്ലേ അയിന് പുഗ്ഗിട്ടതാ”
“അതെന്തിനാ”
അവള്‍ മാവേലിയുടെ കഥ പറഞ്ഞു.ദേവന്മാര്‍ക്ക് പോലും അസൂയ തോന്നിയ രാജാവിനെ ചതിയിലൂടെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിക്കളഞ്ഞ കഥ അവള്‍ക്ക് അറിയുന്നത് പോലെ അവള്‍ പറഞ്ഞു തന്നു. വലിയ സങ്കടം തോന്നി.നല്ലത് ചെയ്തത് കൊണ്ട് ഇങ്ങനെ ശിക്ഷിക്കപ്പെട്ടതിന്റെ നീതി എന്ത്? മനസ്സില്‍ ഈ ചോദ്യമങ്ങനെ.....
.
“അതിനെന്തിനാ ഇങ്ങനെ പൂവിടുന്നത്”
“അത് .....എല്ലാ കൊല്ലവും ഓണത്തിന്റന്ന് മഹാബലി വരും...വല്യ രാജാവല്ലേ ...രാജാവിന് ചവിട്ടി കയറാന്‍ ..”
“ഇഞ്ഞ് കണ്ട്ക്കോ ....”
എന്റെ അതിശയത്തോടെ ഉള്ള ചോദ്യം അവള്‍ നിസ്സാരമായി തള്ളി.
അവളോട്‌ ചിരിക്കുക പോലും ചെയ്തിട്ടുണ്ടത്രെ അവളുടെ അടുത്തുള്ള ചിരുതയുടെ വീട്ടില്‍ വന്നപ്പോള്‍.വെളുത്ത് തടിച്ചു നല്ല ഉയരമുള്ള കിരീടമൊക്കെ വെച്ച രാജാവ്......

പരസ്യങ്ങളിലും ടീവിയിലും നിറഞ്ഞു നില്‍ക്കുന്ന കുടവയറും കൊമ്പന്‍ മീശയും ഉള്ള ഇപ്പോഴത്തെ മാവേലിയുടെ ചിത്രങ്ങള്‍ ഒന്നും കാണാത്ത കാലമായത് കൊണ്ട് രാജാവായ മാവേലിയെ എങ്ങനെ ആയിരുന്നു സങ്കല്‍പ്പിച്ചത് എന്ന് ഓര്‍മ്മയില്ല.. പിന്നെ ചിന്തിച്ചത് പാതാളത്തെ കുറിച്ചാണ്.മണ്ണിനടിയില്‍ ഇതേ പോലെ ഒരു ലോകം!അവിടെയും ചെടിയും,മരവും,റോഡും,സ്കൂളും ഒക്കെ ഉണ്ടാകുമായിരിക്കും. ഭൂമിയുടെ താഴെ ആയത് കൊണ്ട് വെയില്‍ ഉണ്ടാവില്ല.അപ്പോള്‍ കളിക്കാനൊക്കെ നല്ല സുഖമാണ്

തെരുവത്തെ ഓരോ വീടിനു മുന്നിലെയും പൂക്കളങ്ങള്‍ നോക്കി നിന്ന്  ഓത്തുപുരയില്‍ എത്തുമ്പോള്‍ നേരം വൈകിയിരുന്നു.
അന്ന്  ഓത്തുപുര വിട്ട് സ്കൂളില്‍ എത്തിയപ്പോള്‍ കൂട്ടുകാരോട് ഈ പൂക്കളങ്ങളുടെ കഥ പറഞ്ഞു.അടുത്തുള്ള ഹിന്ദു വീടുകളിലൊക്കെ പലരും ഇത് കണ്ടിട്ടുണ്ട്.എന്നാല്‍ മഹാബലിയുടെ കഥയൊന്നും ആര്‍ക്കും വലിയ പിടുത്തം ഉണ്ടായിരുന്നില്ല.എന്നെ കൊണ്ട് കഴിയുന്ന പോലെ പൊടിപ്പും തൊങ്ങലും വെച്ച് ഞാന്‍ അത് വിളമ്പി.

പിറ്റേന്നു ഞങ്ങള്‍ നേരത്തെ തന്നെ ഓത്തുപുരയിലേക്ക് പുറപ്പെട്ടു.ഓരോ പൂക്കളങ്ങള്‍ക്ക് മുന്നിലും കൌതുകത്തോടെ നോക്കി നിന്നു.പല നിറങ്ങളിലും ഉള്ള പൂക്കള്‍ ഭംഗിയായി .....നടുവില്‍ ഈര്‍ക്കിലില്‍ കുത്തിയ ചെമ്പരത്തി.

വെളുത്ത മല്ല് തുണികൊണ്ട് ലക്കോട്ടുപോലെ തയ്ച്ച  നീണ്ട വാലുള്ള  ഉറയില്‍ പൊതിഞ്ഞ ‘മുസ്‌ഹഫും*’ പിന്നെ ‘ദീനിയാത്തും*’ ‘അമലിയാത്തും*’ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ച് ചെറിയ മുണ്ടും  കുപ്പായവും ഇട്ട ഞാനും,നീണ്ട ഉടുപ്പും ഹെയര്‍പിന്‍ കുത്തിയ തട്ടവും  ഇട്ട അവളും  പൂക്കളങ്ങള്‍ അരികില്‍ ചെന്ന് നോക്കി. ഞങ്ങള്‍ കൌതുകത്തോടെ പൂക്കളങ്ങള്‍ നോക്കി കാണുന്നത് കണ്ടു തെരുവത്തെ അമ്മമാര്‍ ചിരിച്ചു. ഓരോ പൂക്കളങ്ങളുടെയും മൊഞ്ചിനെ കുറിച്ച് ഞങ്ങള്‍ ഉറക്കെ ചര്‍ച്ച ചെയ്തു.എനിക്ക് പേരറിയാത്ത പൂക്കളുടെ പേരുകള്‍ അവള്‍ പറഞ്ഞു തന്നു..ഏറ്റവും ഭംഗിയുള്ള പൂക്കളം ഒരുക്കിയ വീട്ടുകാരോട് മഹാബലിക്ക് നല്ല ഇഷ്ടം തോന്നുമായിരിക്കും.അവരോടു മഹാബലി ചിരിച്ചു വര്‍ത്തമാനം പറയുന്നതും ആ വീട്ടിലെ കുട്ടികളെ തലോടുന്നതും ഒക്കെ സങ്കല്‍പ്പിച്ചു നോക്കി.

തെരുവത്ത് മൂന്ന് അമ്പലങ്ങള്‍ ഉണ്ട്.അമ്പലങ്ങള്‍ക്ക് അടുത്തെത്തുമ്പോള്‍ ഞങ്ങള്‍ പേടിയോടെ മിണ്ടാതെ വേഗം നടന്നു.
“അമ്പലത്തിന്റടുത്ത്ന്ന് വര്‍ത്താനം പറയാന്‍ പാടില്ല.അമ്പലത്തിന് നേരെ വെരല് ചൂണ്ടി കാണിക്കാനും കൂടി പാടില്ല”
അവള്‍ മുമ്പ് പറഞ്ഞു തന്നതാണ്.

കഴുത്തില്‍ തൂക്കിയിട്ട ചെറിയ പൂക്കുട്ടകളുമായി തെരുവത്തെ കുട്ടികള്‍ ഞങ്ങളുടെ വീട്ടുപറമ്പിലും പൂപറിക്കാന്‍ വന്നു.
 തിരുവോണം അടുത്ത് വരികയാണ് അവള്‍ ഉറപ്പായും പറഞ്ഞിട്ടുണ്ട് മഹാബലി അന്ന് ജനങ്ങളെ കാണാന്‍ വരുമെന്ന്.അതിനാണല്ലോ പൂക്കളം ഒരുക്കി കാത്തിരിക്കുന്നത്.
മഹാബലിയെ ഞങ്ങള്‍ക്ക് കാണാന്‍ പറ്റുമോ?...ഓണം അടുക്കുന്തോറും എന്റെ ഉള്ളിലെ ചിന്ത അതായിരുന്നു.
തിരുവോണ ദിവസം സ്കൂള്‍ ഇല്ലാത്തത് കൊണ്ട് ഓത്തുപുര വിട്ട് തെരുവത്ത് കൂടെ തന്നെ പോകാം എന്ന് പറഞ്ഞത് ഞാനാണ്.മഹാബലിയെ കാണാലോ .സാധാരണ സ്കൂള്‍ ഇല്ലാത്ത ദിവസം പുതിയ പുതിയ വഴികള്‍ കണ്ടെത്തി ചുറ്റി വളഞ്ഞ് വരുന്നതില്‍ ആയിരുന്നു ഞങ്ങള്‍ക്ക് ഹരം.
“മഹാബലി മന്ന്ക്കുണ്ടാക്വോ”
 തെരുവത്ത്‌ എത്തിയപ്പോള്‍ ഞാന്‍ അവളോട്‌ സംശയം ചോദിച്ചു
“ചോറ് തിന്ന്വാന്‍ നേരത്താ വര്വാ ഉച്ചക്ക് ”
എനിക്ക് നിരാശ തോന്നി.ഇനിയും രണ്ടു മൂന്ന് മണിക്കൂര്‍ ഉണ്ട്. തെരുവത്തെ കുട്ടികളൊക്കെ സന്തോഷത്തില്‍ ആണ് പുതിയ ഉടുപ്പൊക്കെ ഇട്ട് ....രാജാവ് വരുന്നതല്ലേ.

വീട്ടില്‍ എത്തിയിട്ടും വലിയ ഉത്സാഹമൊന്നും തോന്നിയില്ല.’ഓത്ത്’ വിട്ട് വരുമ്പോള്‍ തെരുവത്ത്‌ മഹാബലി ഉണ്ടാകും എന്ന് ഉറപ്പിച്ചതാണ്.നട്ടുച്ചക്ക് തെരുവത്ത്‌ പോകാന്‍ ഉമ്മനോട് സമ്മതം കിട്ടില്ല എന്ന് മാത്രമല്ല നല്ല ‘കൂട്ടംകേള്‍ക്കുകയും ചെയ്യും.പീടികയില്‍ പോയി എന്തെങ്കിലും സാധനം വാങ്ങണോ എന്ന് അന്വേഷിച്ചു.... പീടികയില്‍ പോകാന്‍ നൂറു വട്ടം പറഞ്ഞാലും പോകാന്‍ മടിക്കുന്നവന്റെ ചോദ്യം കേട്ട് ഉമ്മ അതിശയിച്ചു . ഒന്നും വാങ്ങാനില്ല.

ഉച്ചയായി.ഞാന്‍ ചെവിവട്ടം പിടിച്ചു നോക്കി തെരുവത്ത് നിന്ന് എന്തെങ്കിലും ആരവം കേള്‍ക്കുന്നുണ്ടോ.രാജാവ് വന്നതിന്‍റെ ഒച്ചപ്പാട് എന്തെങ്കിലും.......ഇല്ല ഒന്നും കേള്‍ക്കാനില്ല...വന്നിട്ടുണ്ടാവില്ലേ പൂക്കളങ്ങള്‍ ചവിട്ടി കയറി ഓരോ വീട്ടുകാരോടും കുശലം ചോദിച്ച് മഹാബലി രാജാവ് തെരുവത്ത് കൂടെ നടക്കുന്നുണ്ടാവുമോ ...പുറകെ തെരുവത്തെ കുട്ടികളുടെ വലിയൊരു പടയും .വലിയ സങ്കടമായിപ്പോയി എത്ര ദിവസമായി കൊതിക്കുന്നതാണ്...ഇനി അടുത്ത കൊല്ലമല്ലേ വരൂ...

അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും മഹാബലി ആയിരുന്നു മനസ്സില്‍ ..........നാളെയാവട്ടെ അവളോട്‌ ചോദിക്കാം ..അവള്‍ കണ്ടിട്ടുണ്ടാകും....ഈ പ്രാവശ്യവും അവളോട്‌ ചിരിച്ചിട്ടുണ്ടാകുമോ.....ഞാന്‍ നേരം പുലരാന്‍ വേണ്ടി കാത്തു കിടന്നു....
---------------------------------------------------------------------------------- 
എടയ്ക്ക്=ഇടവഴിക്ക്
മുസ്‌ഹഫ്=ഖുര്‍ആന്റെ ഗ്രന്ഥ രൂപം 
‘ദീനിയാത്തും’ ‘അമലിയാത്തും’=രണ്ട് മദ്രസാ പാഠപുസ്തകങ്ങള്‍ 
   

8 comments:

 1. നജീബ്കാ വളരെ സന്തോഷം ഇത് വായിച്ചപ്പോള്‍ കുട്ടിക്കാലത്തെ പല ഓര്‍മ്മകളും മനസ്സില്‍ നിറയുന്നു .ലളിതം മനോഹരം ....

  ReplyDelete
 2. മുഹമ്മദ്‌ കുട്ടി മാവൂര്‍ ......Tuesday, August 28, 2012 2:14:00 PM

  ഒരു നിമിഷം മനസ്സ് ആ കുഞ്ഞു കാലത്തിലേക്ക് ഊളിയിട്ടു ...ചെറുപ്പത്തില്‍ അയല്‍പക്കത്ത കുട്ടികളോടൊപ്പം പൂ പറിക്കാന്‍ പോകുന്നതും പൂക്കളം ഒരുക്കുന്നതും ...എല്ലാമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മയില്‍ ഓടിയെത്തി ...കുടുംബത്തോടെ തിരുവോണ ദിവസം അയല്‍പക്കത് സദ്യ ഉന്നുമെങ്കിലും എനിക്ക് അത്തം മുതല്‍ ചോറ് അവിടെയായിരുന്നു ...ഒരിക്കലും മറക്കാത്ത മനോഹര ഓര്‍മ്മകള്‍ ..നന്മയുടെയും സ്നേഹത്തിന്റെയും ഓര്‍മ്മകള്‍ ..ഇന്നത്തെ ചാനല്‍ ഓണത്തിന്റെയും പ്ലാസ്റിക് പൂക്കളത്തിന്റെയും ഇടയില്‍ ആ പഴയ കാലം വല്ലാതെ വേറിട്ട്‌ നില്കുന്നു ..സ്നേഹം സമൃദ്ധമായുണ്ടായിരുന്ന വിഭവങ്ങള്‍ ഇന്നത്തെ അപേക്ഷിച്ച് കുറവായിരുന്ന ആ കാലം വെച്ച് ഓണത്തിനു വെച്ച് വിളമ്പിയിരുന്നത് പരസ്പര സാഹോദര്യത്തിന്റെ, മതമൈത്രിയുടെ,കലര്‍പ്പില്ലാത്ത സ്നേഹത്തിന്റെ മായം കലരാത്ത സദ്യ വട്ടങ്ങളായിരുന്നു... അന്നൊന്നും അയല്പക്കത്ത് ആരും പട്ടിണി കിടന്നിരുന്നില്ല ..ഇന്ന് നമ്മളും നമ്മുടെ അയല്പക്കവും എത്ര മാറിപ്പോയെന്നു ആലോചിച്ചു നോക്കുക ,,,നന്മയുടെ എല്ലാ അംശങ്ങളും നമ്മില്‍ നിന്നും ചോര്‍ന്നു പോവുകയാണോ .... പഴയ സ്നേഹവും സഹകരണവും തിരിച്ചു കൊണ്ടുവരാന്‍ ഈ ആഘോഷവേളയില്‍ ആത്മാര്‍ഥമായി നമുക്ക് പരിശ്രമിക്കാം .... അഭിനന്ദനം നജൂ ..വളരെ ലളിതമായി ഒരു കാലഘട്ടം പകര്‍ത്തിവെച്ചു ..അസൂയ ഉളവാകുന്ന ആ നന്മയുടെ കാലഘട്ടം ...

  ReplyDelete
 3. പഴയകാല ഓര്‍മകളിലേക്ക് ഒന്ന് സഞ്ചരിച്ചു....
  കൊയിലാണ്ടി ദേവി വിലാസം ഹോട്ടലിന്റെ പിന്നിലും ഉണ്ട് ഇതുപോലെയുള്ള ഒരു തെരുവ്
  കുട്ടിക്കാലത്ത് ഒരുപാട് പ്രാവിശ്യം അതിലൂടെ പോയതോര്‍ക്കുന്നു...
  ഇപൂഴത്തെ കുട്ടികള്‍ക്ക് ഇതൊക്കെ അറിയുമോ...??

  ReplyDelete
 4. വായിച്ചു വായിച്ചു തീര്‍ന്നത് അറിഞെ യില്ല ,അത്രയ്ക്ക് രസകരമായ ഒരു കഥപോലെ യുള്ള ഓര്‍മ്മക്കുറിപ്പ്‌ ,ഇഷ്ടമായി വീണ്ടും വരാം ട്ടോ ,,

  ReplyDelete
 5. സുഖമുള്ള വായനക്കുള്ള വകുപ്പുണ്ടായിരുന്നു ഈ പോസ്റ്റില്‍.. ഇഷ്ടപ്പെട്ടു ആശംസകള്‍..

  ReplyDelete
 6. നജീബ് ജീ, ഓത്തു പള്ളിയുടെ തനിമയും വിശുദ്ധിയുമായി ,തെരുവുകളുടെ നൈര്‍മല്യവും പേറി ,ഗ്രാമ സൌന്ദര്യത്തിന്റെ ഇടവഴികളിലൂടെ ദീനിയ്യാത്തും അമലിയ്യാത്തും നെഞ്ചോടു ചേര്‍ത്തു പിടിച്ചുകൊണ്ട് ,മുണ്ടും ,കുപ്പായവുമിട്ട താങ്കള്‍ പരിചിതമായ തന്റെ യാത്രാ വഴികളിലൂടെ വിടര്‍ത്തിയെടുത്ത ഓണത്തിന്റെയും ,മാവെലിയുടെയും നിറവുള്ള സ്വപ്‌നങ്ങള്‍ ഇപ്പോള്‍ ഞങ്ങളും കണ്ടു തുടങ്ങിയിരിക്കുന്നു.ഇന്നത്തെ പോലെ ഹോട്ടെല്‍ സദ്യയല്ലാത്ത, മത്സരപൂക്കളമില്ലാത്ത തനിമയുള്ള താങ്കള്‍ വരച്ചിട്ട ആ പഴയ ഓണം .ഓരോ മലയാളിയുടെയും മനസ്സിലുമുണ്ട് ആ മാറ്റമില്ലാത്ത ഓണം.അതിനെ വീണ്ടും ഞങ്ങളുടെ ഓര്‍മയുടെ അകത്തളങ്ങളിലേക്ക് ആനയിച്ച താങ്കളുടെ രചനാ വൈതക്ത്യം അഭിനന്ദനീയം. പ്രജാക്ഷേമമുള്ള ഒരു ഭരണാധികാരിയുടെ തിരിച്ചു വരവിനായി സ്വപ്നം കാണുന്നവര്‍ തന്നെയാണ് നമ്മളില്‍ ഭൂരിഭാഗവും ...അത്തരം സ്വപ്നങ്ങളെ യാഥാര്‍ത്യത്തിലേക്ക് കൊണ്ടുവാരാന്‍ നമുക്ക് ശ്രമിക്കാം ...

  ReplyDelete
 7. ഐശ്വര്യത്തിന്റെയും,നന്മയുടെയും,ഓണാശംസകള്‍....

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ