Monday, August 20, 2012

ഓര്‍മ്മകളില്‍ ഒരു പെരുന്നാള്‍




ഇരുപതു കൊല്ലങ്ങള്‍ക്ക് മുമ്പാണ്. ബാംഗ്ലൂര്‍ 'ബെങ്കളൂരുആവുന്നതിനും കുറെ  മുമ്പ്..
ബാംഗ്ലൂരിലെ പലചരക്ക് കടക്കാരില്‍ ഭൂരിപക്ഷവും മാപ്പിളമാരാണ്.അത് തന്നെ പാനൂര്‍,ചൊക്ലി,നാദാപുരം ഭാഗത്ത്‌ നിന്നുള്ളവര്‍ ആണ് കൂടുതല്‍. .കൊയിലാണ്ടി പരിസര പ്രദേശത്തുകാരും അപൂര്‍വ്വമായി ഉണ്ട്.'പ്രൊവിഷ്യന്‍ സ്റ്റോര്‍എന്നാണ് ഈ കടകളെ വിളിക്കുന്നത്‌ .അന്നൊക്കെ  ഈ പ്രദേശത്ത് നിന്നും ബാംഗ്ലൂരില്‍ പണിക്ക് പോകുക എന്ന് പറഞ്ഞാല്‍ കടകളില്‍ ജോലിക്ക് പോകുക എന്നാണര്‍ത്ഥം.അന്ന് ബാംഗ്ലൂര്‍ ഐ ടി നഗരം ആയിട്ടില്ല.പത്തിന് അപ്പുറത്തേക്ക് പഠിക്കുന്ന ഏര്‍പ്പാട് മാപ്പിളക്കുട്ടികള്‍ക്കും കുറവ്‌ .ബാംഗ്ലൂരിലെ പലചരക്ക് കടകളില്‍ പണിക്ക് നിന്നാലുള്ള ഏറ്റവും വലിയ ഗുണം മൂന്നാല് ഭാഷകളെങ്കിലും നന്നായി സംസാരിച്ചു പഠിക്കാം എന്നതാണ്.കന്നഡ,തമിഴ്‌,ഹിന്ദി,തെലുങ്ക് എന്നിവയ്ക്ക് പുറമേ സകല വേര്‍ഷനിലുംഉള്ള മലയാളവും കേട്ടും പറഞ്ഞും പഠിക്കാം.ഗള്‍ഫില്‍ പോകാന്‍ ഒരുങ്ങുന്നവര്‍ക്കൊക്കെ ഇതൊരു വലിയ മുതല്‍ക്കൂട്ടാണ്.

രാവിലെ ആറുമണി മുതല്‍ രാത്രി പത്തുമണി വരെയാണ് ഏകദേശം കടകളുടെയും പ്രവര്‍ത്തന സമയം.ഇതിനിടയില്‍ ഊഴം വെച്ച് മൂന്നോ നാലോ മണിക്കൂര്‍ വിശ്രമം ഉണ്ടാകും.ഒരു ലുങ്കിയും കുപ്പായവും ആണ് കടകളിലെ യൂണിഫോം’.മാര്‍കറ്റില്‍ പോകുമ്പോഴോക്കെയാണ് പൊതുവേ പാന്‍റ്സ് ധരിക്കുക.പത്രക്കടലാസ് കീറി കുമ്പിള്പോലെ ആക്കി പൊട്ടളംകുത്തി അതില്‍ ആണ് അരിയും പലചരക്ക് സാധനങ്ങളും പൊതിഞ്ഞു കൊടുക്കുക.അത് കൊണ്ട് കുപ്പായത്തിന്റെ വയറുഭാഗം എപ്പോഴും ഇരുണ്ടിരിക്കും.

കടയുടെ പരിസര പ്രദേശത്ത് തന്നെയാണ് താമസസ്ഥലം ഉണ്ടാകുക.ആസ്ബസ്ടോസ് ഷീറ്റ് മേഞ്ഞ ലൈന്‍ മുറികളില്‍ ഒന്ന്.മുന്നില്‍ ഒരു മുറി,നടുക്ക്  ഒരു ഹാള്‍,പിന്നെ ചെറിയൊരു അടുക്കളയും,കുളിമുറിയും.ചിലപ്പോള്‍ ഈ ഹാള്‍ ഉണ്ടാവണം എന്നില്ല.മുതലാളി തൊഴിലാളി ഭേദമോന്നും മുറിയില്‍ ഇല്ല.ചിലപ്പോള്‍ മുതലാളിക്ക് ഒരു കട്ടിലും കിടക്കയും ഉണ്ടാകും.പൊതുവേ എല്ലാവരും ഹാളില്‍ കിടക്കുകയാണ് പതിവ്.സാധനങ്ങള്‍ പാക്ക്‌ ചെയ്തു വരുന്ന കാര്‍ഡ്ബോര്‍ഡ് പെട്ടി പൊളിച്ചു അടിയില്‍ വിരിച്ചു അതിനു മുകളില്‍ ഒരു പായയും,പഞ്ചസാര ചാക്ക് മടക്കി വെച്ച് ഉണ്ടാക്കിയ തലയിണയും ഇതിലാണ് കിടത്തം..

മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ സ്വാഗതം ചെയ്യുന്നത് കൊതുകുതിരിയുടെയും അലക്കാനുള്ള വസ്ത്രങ്ങളുടെയും മണ്ണെണ്ണ സ്ടൌവിന്റെ  പുകയുടെയും സമ്മിശ്രമായ ഒരു ഗന്ധമാണ്.കൂട്ടത്തില്‍ ജൂനിയര്‍ ആയി എത്തിയ ആളാണ്‌ പാചകം.അത് കൊണ്ട് രുചി ഒരു പ്രശ്നമല്ല.ഏതു ഭക്ഷണത്തിനും മണ്ണെണ്ണയുടെ നേരിയ ചുവ ഉണ്ടാകും.ഗ്യാസ്‌ അന്ന് അപൂര്‍വ്വ വീടുകളില്‍ മാത്രം.

അന്നൊക്കെ ബാംഗ്ലൂരിലെ ഏറ്റവും ക്ഷാമമുള്ള വസ്തു വെള്ളമാണ്. ആഴ്ചയില്‍ രണ്ടു ദിവസം റൂമിനു മുമ്പിലെ പൈപ്പില്‍  വരുന്ന വെള്ളം പുലര്‍ച്ചെ എഴുനേറ്റ് പിടിച്ച് റൂമില്‍ കെട്ടിയുണ്ടാക്കിയ സിമന്റ് ടാങ്കില്‍ ഒഴിച്ച് വെക്കണം.ഈ വെള്ളത്തില്‍ ആണ് അലക്കും,കുളിയും,പാത്രം കഴുകലും എല്ലാം. ഭക്ഷണം പാകം ചെയ്യാനും,കുടിക്കാനും വേറെ ഒരു ബക്കറ്റില്‍ വെള്ളം പിടിച്ചു വെക്കുംഎല്ലായ്പോഴും ടാങ്ക് നിറയാന്‍ മാത്രം വെള്ളം  കിട്ടണം എന്നില്ല.ഭാഗ്യമുള്ള ചില ദിവസങ്ങളില്‍ ടാങ്ക് നിറഞ്ഞു റൂമിലുള്ള പ്ലാസ്ടിക് കുടങ്ങളിലും ബക്കറ്റുകളിലും കൂടി പിടിച്ച് വെക്കാന്‍ മാത്രം വെള്ളം കിട്ടും..'ബോര്‍ വെല്‍' ഓപറേറ്റര്‍ മുരുകന്‍ നല്ല 'വെള്ളത്തില്‍' ആണെങ്കില്‍ പൈപ്പില്‍ വെള്ളം വരുന്നത് നട്ടപ്പാതിരക്ക് ആവും.ഉണര്‍ന്ന റൂമുകാര്‍ അടുത്ത റൂമിലുള്ളവരെ വിളിച്ചു ഉറക്കത്തില്‍ ശല്യം ചെയ്യില്ല.ഉറങ്ങുന്നവരുടെ റൂമിനു മുന്നിലുള്ള പൈപ്പിനു ചുവട്ടില്‍ കൂടി അവരുടെ പാത്രം വെച്ച് വെള്ളം പിടിച്ച് അവര്‍ കൊണ്ട് പോയ്ക്കോളും. 
കുളി എന്നാല്‍ ആഴ്ചയില്‍ രണ്ടു ദിവസമാണ്. ഇതിലൊന്നും ആര്‍ക്കും ഒരു പരാതിയും ഇല്ലായിരുന്നു.ഭൂരിപക്ഷവും  ചെറുപ്പക്കാര്‍ അതില്‍ കൂടുതലും ബാച്ചികള്‍ .കടയില്‍ ആയാലും റൂമില്‍ ആയാലും അതിന്റെ ഒരു ഹരമുണ്ട്.പത്രം വായന,രാഷ്ട്രീയ തര്‍ക്കം,കാരംസ് കളി,പാട്ട്പാടല്‍ അങ്ങനെ റൂമിലെ ജീവിതം ആഘോഷമാണ്.

H.A.L എയര്‍പോര്‍ട്ടിന്   അടുത്താണ് മുരുഗേഷ്‌ പാളയം.ISRO  ഒക്കെ നില്‍ക്കുന്ന പ്രദേശം.അവിടെയാണ് ഞങ്ങളുടെ പലചരക്കുകട’.
നാട്ടിലെ നോമ്പിന്റെ ഹരമൊന്നും ബാംഗ്ലൂരിലെ നോമ്പിന് ഉണ്ടായിരുന്നില്ല. മുരുഗേഷ്‌ പാളയത്ത് ഒരു പള്ളി പോലും ഇല്ല. കുറച്ചു മലയാളി പലചരക്കു കച്ചവടക്കാരും പിന്നെ ഇറച്ചി വില്പനക്കാരും,സൈക്കിള്‍ മെക്കാനിക്കുകളും ഒക്കെയായ കുറച്ചു പട്ടാണികളും ആയിരുന്നു ആ പ്രദേശത്ത്‌ ആകെ ഉണ്ടായിരുന്ന മുസ്ലിംകള്‍... .. വെള്ളിയാഴ്ച ജുമുഅക്ക് പോകുന്നത്.മൂന്നാല് കിലോമീറ്റര്‍ അപ്പുറം കോനാനഅഗ്രഹാരഎന്ന സ്ഥലത്താണ്(മലയാളികള്‍   പറഞ്ഞ് പറഞ്ഞ് അത്  കോനാരത്ത്എന്നാക്കി).

നാട്ടിലെ അത്താഴവും നോമ്പിന്റെ പകലും പള്ളിയിലെ ഉറുദിയും,നോമ്പ് തുറയുടെ ഒരുക്കങ്ങളും,ജീരകക്കഞ്ഞിയും,തറാവീഹും ഒക്കെ ഓര്‍മ്മകള്‍ മാത്രം.ചിലരൊക്കെ നോമ്പ് എടുക്കുകയും കൃത്യമായി നിസ്കരിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ പലരും നോമ്പ് കാലമാണെന്ന് അറിയുക പോലും ഇല്ല.

നാട്ടിലെ പെരുന്നാള്‍ കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞിട്ട് ഒക്കെയായിരിക്കും ബാംഗ്ലൂരിലെ പെരുന്നാള്‍...പട്ടാണികള്‍ക്ക്‌ അറുക്കാന്‍ ആടിനെ കിട്ടിയാലേ ഇവിടെ മാസം കണ്ടതായി ഉറപ്പിക്കൂ എന്ന് തമാശയായി പറയാറുണ്ട്‌ .നോമ്പിന് ഉഷാര്‍ കുറവാണെങ്കിലും പെരുന്നാള്‍ വലിയ സന്തോഷമുള്ള കാര്യമാണ്.കട തുറക്കാത്ത രണ്ടേ രണ്ടു ദിവസം പെരുന്നാളുകള്‍ക്ക് മാത്രമാണ്. സ്ഥിരമായി ലുങ്കി ഉടുത്തു കാണുന്ന പലചരക്കുകടക്കാരെയൊക്കെ നിറമുള്ള പാന്റും ഷര്‍ട്ടും ഇട്ട് കാണുന്ന ഏക ദിവസം.കോനാരത്തെപള്ളിയില്‍ പെരുന്നാള്‍ നമസ്കാരം ഉണ്ടാവാറില്ല.അവിടന്നും കുറെ ദൂരെ ഒരു പള്ളിയില്‍ ആണ് പെരുന്നാള്‍ നമസ്കാരം ഉള്ളത്.രാവിലെ എട്ടര മണി ആകും നമസ്കാരം തുടങ്ങാന്‍.അപ്പോഴേക്കും പള്ളിയുടെ പുറവും കഴിഞ്ഞു മൈതാനത്ത് എത്തിയിട്ടുണ്ടാകും നിസ്കരിക്കാനുള്ള നിര.
പെരുന്നാള്‍ ദിവസം നാട്ടിലേക്ക് വിളിക്കാനും ആശംസ പറയാനും ഉള്ള മെനക്കേട് ഒന്നും ഇല്ല.കാരണം അന്ന് വീട്ടിലൊന്നും ഫോണ്‍ ഇല്ല(നാട്ടില്‍ തന്നെ ഫോണ്‍ അപൂര്‍വ്വ വസ്തുവാണ്).

പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ ഉടനെ പ്രധാന പരിപാടി എല്ലാരും ഒന്നിച്ചു സിറ്റിയിലേക്ക് ബസ്സ്‌ കയറുക എന്നതാണ്.കബ്ബണ്‍  പാര്‍ക്കിലോ ലാല്‍ബാഗിലോ കറങ്ങുക. വാടകക്ക് എടുത്ത ക്യാമറയില്‍ പാര്‍ക്കിലൊക്കെ നടന്ന്  ഫോട്ടോകള്‍ എടുക്കുക.ഐസ് ക്രീമും ജ്യൂസുമൊക്കെ അടിക്കുക ഉച്ചവരെ അത് കഴിഞ്ഞ് ഏതെങ്കിലും ഹോട്ടലില്‍ കയറി ബിരിയാണി കഴിക്കുക.പിന്നെ മജസ്ടിക്കിലും സിറ്റി മാര്‍ക്കറ്റിലും,ശിവാജി നഗറിലും ഒക്കെ അലഞ്ഞ് ഒന്നോ രണ്ടോ സിനിമകളും കണ്ട് ഫുഡ്ഡും അടിച്ചു ഫോടോ അന്ന് തന്നെ പ്രിന്റെടുത്ത് കണ്ട് സായൂജ്യമടഞ്ഞ്  രാത്രി ഭക്ഷണവും ഹോട്ടലില്‍ നിന്നും കഴിച്ചു മടങ്ങും. പെരുന്നാള്‍ ആഘോഷം ഇവിടെ  പൂര്‍ണ്ണമാകുന്നു.

അത്രയും കാലം ഞങ്ങളുടെ  രണ്ടു കടകളില്‍ ജോലി ചെയ്യു ആറേഴു പേര്‍ ഒന്നിച്ചായിരുന്നു ഒരു റൂമില്‍ ഉണ്ടായിരുന്നത്.ജഗപൊഗതന്നെ.ആ വര്‍ഷം ഒരു കട ഇല്ലാതായതോടെ റൂമില്‍ ആളുകളുടെ എണ്ണം പകുതിയായി.നോമ്പ് പ്രമാണിച്ചു കടയില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ നാട്ടിലേക്ക്‌ വലിഞ്ഞതോടെ ഞാനും എന്നെക്കാളും ഇളയ എന്റെ ഒരു ബന്ധുവും മാത്രമായി കടയിലും റൂമിലും..അടുത്ത മുറികള്‍ ഇതേ പോലെയുള്ള കടക്കാരുടെതാണ്‌ നോമ്പായത് കൊണ്ട് അവിടെയും വലിയൊരു ഉത്സാഹമില്ല.


ശരിക്കും ഏകാന്തമായ ഒരു നോമ്പുകാലം.നാട്ടിലെ നോമ്പിനെ കുറിച്ചുള്ള ഓര്‍മ്മകള്‍. .വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത വര്‍ഷമാണ്..കല്യാണം കഴിഞ്ഞ ശേഷം ആകെ ഒരു പെരുന്നാളിന് മാത്രമേ നാട്ടില്‍ കൂടാന്‍ കഴിഞ്ഞിട്ടുള്ളൂ.ഈ പെരുന്നാളിന് പോകാം എന്ന് ഉറപ്പിച്ചതായിരുന്നു.കടയില്‍ ആളില്ലാത്തത് കൊണ്ട് ആ മോഹം നടക്കില്ല............

അങ്ങനെ റമളാന്‍ ഇരുപത്തി ഒമ്പതായി സിറ്റിയില്‍ പോയി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പെരുന്നാള്‍ കോടിയായി രണ്ടു റെഡിമെയ്ഡ് ഷര്‍ട്ടുകള്‍  വാങ്ങി. നാട്ടില്‍ പെരുന്നാളിന് കൂടാന്‍ കഴിയാത്തതിന്റെ വിഷമം ഉള്ളില്‍ ..

സാധാരണ നിലയില്‍ ഇരുപത്തിഒന്‍പതിന് മാസം കാണല്‍ അപൂര്‍വ്വമാണ് ബാംഗ്ലൂരില്‍. റൂമില്‍ ആണെങ്കില്‍ വെള്ളം തീര്‍ന്നിരിക്കുന്നു.ഇനിയും ഒരു ദിവസം കഴിഞ്ഞേ വെള്ളം വരൂ..അലക്കിയ പാന്റ്സുകള്‍ ഒന്നും ഇല്ല.കുളിക്കാനും വെള്ളമില്ല. മാസം കാണല്ലേ എന്ന് ഉള്ളില്‍ പ്രാര്‍ത്ഥന മുറുകി.

പ്രാര്‍ത്ഥന ഫലിച്ചില്ല രാത്രി ഒമ്പത് മണിയോടെ മാസം കണ്ടതായുള്ള വിവരം കിട്ടി...നാളെ പെരുന്നാളാണ്....റബ്ബേ റൂമില്‍ കുളിക്കാന്‍ വെള്ളമില്ല...അലക്കിയ ഒരൊറ്റ പാന്‍റ്സ് ഇല്ല!!....

രാത്രി പത്തു മണിക്ക് കട അടച്ച ശേഷം റൂമിലെത്തി.ഉള്ള വെള്ളം കൊണ്ട് ഒപ്പിച്ച്ഉണ്ടാക്കി വെച്ച ഭക്ഷണം കഴിച്ചു.പിന്നെ ഒരു നൈലോണ്‍ കയറിന്റെ രണ്ടറ്റത്തായി ഈരണ്ടു പ്ലാസ്ടിക് കുടങ്ങള്‍ കെട്ടി മൊത്തം എട്ടു കുടങ്ങള്‍. ...കടയിലെ  സൈക്കിളിന്റെ കാരിയറിലും തണ്ടിലുമായി ഇത് തൂക്കിയിട്ട് ഞങ്ങള്‍ വെള്ളം തേടി ഇറങ്ങി.
മുരുഗേഷ്‌ പാളയത്ത് നിന്നും ഭീമാനഗര്‍ ലേക്ക് പോകുന്ന വഴിയില്‍ വെള്ളം അടിച്ചെടുക്കുന്ന ഒരു പൈപ്പുണ്ട്. രണ്ടു കിലോമീറ്റര്‍ പോകണം.സൈക്കിളും തള്ളി ഞങ്ങള്‍ ആ പൈപ്പ്‌ ലക്ഷ്യമാക്കി നീങ്ങി.
മനസ്സില്‍, മാസം കണ്ടു എന്ന് അറിഞ്ഞ ഉടനെ വീട്ടു പടിക്കല്‍ വിത്ര്‍ സക്കാത്തിന് വരുന്നവര്‍,മൂടാടി അങ്ങാടിയിലെ പള്ളിയില്‍ നിന്നുയരുന്ന ഈണത്തിലുള്ള തക്ബീര്‍,ജ്യേഷ്ഠന്റെ മക്കള്‍ സന്തോഷത്തോടെയും അമ്പരപ്പോടെയും പടക്കം പൊട്ടിക്കുന്നത് കാണുന്നതും പൂത്തിരി കത്തിക്കുന്നതും.... പിറ്റേ ദിവസത്തെ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍. ..........മൈലാഞ്ചിയിടാന്‍ നീട്ടി പിടിച്ച  കൈയിലെ കുപ്പിവളകളുടെ കിലുക്കം...........

ഒരു കുടം വെള്ളം നിറയണമെങ്കില്‍ പത്തു മിനുട്ടോളം ചാമ്പണം’.അപ്പോഴേക്കും തളരും..ഞങ്ങള്‍ രണ്ടു പേരും മാറി മാറി അടിച്ചെടുത്തു...എട്ടു കുടവും നിറച്ചു റൂമിലേക്ക്‌.കുറെയൊക്കെ വഴിയില്‍ തുളുമ്പി.അങ്ങനെ മൂന്നു ട്രിപ്പ്‌കഴിയുമ്പോള്‍ രാത്രി ഒരു മണി കഴിഞ്ഞിരുന്നു.
അലക്കാനിട്ട ഒരു പാന്റ്സ് അപ്പോള്‍ തന്നെ കുത്തിത്തിരുമ്പി.ഇരുമ്പിന്റെ ചുവയുള്ള,ഇളം തവിട്ടു നിറമുള്ള കട്ടിയുള്ള വെള്ളം.പണിയൊക്കെ കഴിഞ്ഞ് കിടക്കുമ്പോള്‍ രണ്ടര മണി കഴിഞ്ഞിട്ടുണ്ടാവും.

ഉറക്കം വരാതെ ഞാന്‍ കിടന്നു.നിശബ്ദമായ ഒരു പെരുന്നാള്‍ രാവ്.അപ്പുറത്തെ മുറിയിലെ സീമെണ്ണക്കാരന്‍ മുനിയാണ്ടിയുടെ വണ്ടിക്കാളയുടെ കൊമ്പില്‍ കെട്ടിയ മണി ഇടയ്ക്കു കിലുങ്ങുന്ന ശബ്ദവും കൊതുകുകളുടെ മൂളിച്ചയും മാത്രം. ഈണത്തില്‍ ഒരു തക്ബീര്‍ മനസ്സില്‍ ദൂരെയെന്ന പോലെ കേള്‍ക്കുന്നു.തുറന്നിട്ട ജാലകത്തിലൂടെ വരണ്ട ആകാശത്ത് മേഘങ്ങള്‍ ഒഴുകുന്നത്‌ കാണുന്നുണ്ട്. ആകാശച്ചരിവില്‍ എവിടെയോ നേരിയ ഒരു പെരുന്നാള്‍ പിറ ചിരിച്ചു നില്‍ക്കുന്നുണ്ടാകും.എന്റെ മനസ്സിലും മൈലാഞ്ചി ഇടാനായി നീട്ടി പ്പിടിച്ച വെളുത്ത് നീണ്ട ഒരു കൈപ്പടവും.പെരുന്നാള്‍ അമ്പിളി പോലെ ഒരു ചിരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

12 comments:

  1. ഓര്‍മകളുടെ പേര് മഴ അല്ല നജീബ് ബായി ... ചില ഓര്‍മകള്‍ക്ക് ഇരട്ടി മധുരമാണ് ചില സമയങ്ങളില്‍

    നല്ല ഒരു പെരുന്നാള്‍ ഓര്മ ... ആശംസകള്‍

    ReplyDelete
  2. ഓര്‍ക്കാന്‍ ഒരു പിടി നല്ല ഓര്‍മകള്‍, അല്ലേ?
    ഈദ്‌ ആശംസകള്‍!

    ReplyDelete
  3. അല്പ്പം മെച്ചപ്പെട്ട ജോലിയും കൂലിയും ജീവിത സാഹചര്യങ്ങളും നമുക്കിപ്പോള് ലഭിക്കുമ്പോള് നാം വന്ന വഴിയും നാട്ടുകാരെയും മറക്കാന് പാടില്ല..ജീവിതത്തില് കഷ്ടതകള് ഏറെ അനുഭവിക്കുന്നവരെ മറന്നുകൊണ്ട് ഇവിടെ സുഖകരമായ ജീവിതം നയിക്കുന്നതില് യാതൊരു പ്രസക്തിയും ഇല്ലയെന്ന തിരിച്ചറിവില് നിന്നും പ്രജോദനം ഉള്ക്കൊണ്ട് ജീവിതത്തിന്റെ ഊഷ്മളതയില് ജീവിക്കുന്ന ഓരോ മലയാളിക്കും കഷ്ട്ടപാടിന്റെയും വേദനകളുടെയും ഒരു ഭൂതകാലമുണ്ട് എന്ന് കൂടി തെളിയിച്ചു കൊണ്ട് നജൂ ഓര്‍മകളിലൂടെയുള്ള ഈ അവതരണം വളരെ വിലപ്പെട്ടതാക്കി മാറ്റി....

    ReplyDelete
  4. അപ്പോ ശരിക്കും പലചരക്കുകട ഉണ്ടായിരുന്നു അല്ലേ? ഞാനോര്‍ത്തത് വെറും ബ്ലോഗ് ടൈറ്റില്‍ ആയിരിക്കുമെന്നല്ലേ?

    ബാംഗളൂരില്‍ മാരത്തഹള്ളിയില്‍ ഞാനുമുണ്ടായിരുന്നു രണ്ടുവര്‍ഷം. വര്‍ഷം 30 കഴിഞ്ഞു. എന്നാലും ഇത് വായിച്ചപ്പോള്‍ ആ കാലം ഓര്‍മ്മ വന്നു

    ReplyDelete
  5. ഈദ് മുബാറക്. ഓർമ്മകളിലെ നൊമ്പുകാലത്തിനും പെരുന്നാളിനും എന്നു പതിനാലാം രാവിന്റെ ശോഭതന്നെ.. ആശംസകൾ..

    ReplyDelete
  6. പ്രവാസം, അത് എവിടെയാണെങ്കിലും അതിന്റെ നോവും നൊമ്പരവും മനസ്സിനെ അലട്ടി ക്കൊണ്ടിരിക്കും . പ്രവാസ ഭൂമികയില്‍ ഇരുന്നു കൊണ്ട് തന്റെ അനുഭവ യാഥാര്‍ത്യങ്ങളെ കഥകളാക്കി അവതരിപ്പിക്കുന്ന അങ്ങയുടെ രചനാ ശൈലി തികച്ചും വ്യെത്യസ്തത പുലര്‍ത്തുന്നു. അത്തരം അനുഭവങ്ങളുടെ ആത്മാംശമുള്ള രചനകള്‍ വായനക്കാരുടെ മനസ്സുകളില്‍ സ്രഷ്ടിക്കുന്നത് (പ്രവാസം അനുഭവിക്കാത്തവനാണെങ്കില്‍ പോലും) അതിന്റെ യഥാര്‍ത്ഥ രീതിയില്‍ ഉള്ള അലയൊലി തന്നെയാണ് ..അതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു ...വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പും ആ വലിയ പട്ടണത്തിന്റെ തിരക്കും ജീവിത പ്രയാസങ്ങളും ഇതില്‍ തന്മയത്വ ത്തോട് കൂടി അവതരിപ്പിച്ചിരിക്കുന്നു ..ശരിക്കും വലിയ പട്ടണങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവിതത്തത്തിന്റെ ഒരു നേര്‍ക്കാഴ്ച കൂടിയാണ് താങ്കള്‍ ഇതില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത്‌..

    ReplyDelete
  7. നാട് വിട്ട് അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവരുടെ ചിത്രം അതിമനൊഹരമായി പകർത്തി, ഇത്തരം അനുഭവങ്ങൾ എനിക്കുണ്ടായിട്ടില്ലെങ്കിലും ഈ വരികളിലൂടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി, ജീവിക്കാൻ മനുഷ്യർ എന്തെല്ലാം വേഷം കെട്ടുന്നു, അതിനിടയിൽ വീണു കിട്ടുന്ന എന്നും ഓർത്ത് വെക്കാൻ ലഭിക്കുന്ന ചില അനുഭവങ്ങൾ അന്നത് നൊമ്പരങ്ങളായിരുന്നെങ്കിലും ഇന്ന് മധുരിമയോടെ ഓർമ്മിക്കാൻ നല്ല ഓർമ്മകൾ അത് നന്നായി പകർത്തിയ ജനുവിനു അഭിനന്ദനങ്ങൾ.

    ReplyDelete
  8. നാട് വിട്ട് അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവരുടെ ചിത്രം അതിമനൊഹരമായി പകർത്തി, ഇത്തരം അനുഭവങ്ങൾ എനിക്കുണ്ടായിട്ടില്ലെങ്കിലും ഈ വരികളിലൂടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി, ജീവിക്കാൻ മനുഷ്യർ എന്തെല്ലാം വേഷം കെട്ടുന്നു, അതിനിടയിൽ വീണു കിട്ടുന്ന എന്നും ഓർത്ത് വെക്കാൻ ലഭിക്കുന്ന ചില അനുഭവങ്ങൾ അന്നത് നൊമ്പരങ്ങളായിരുന്നെങ്കിലും ഇന്ന് മധുരിമയോടെ ഓർമ്മിക്കാൻ നല്ല ഓർമ്മകൾ അത് നന്നായി പകർത്തിയ ജനുവിനു അഭിനന്ദനങ്ങൾ.

    ReplyDelete
  9. ബാംഗളൂരില്‍ കോര്‍പറേഷന്റെ അടുത്തുള്ള പല്ലവി തീയേറ്ററിന്റെ അടുത്ത് ഞാനും ഉണ്ടായിരുന്നു ഒരു രണ്ടു വര്ഷം...
    പക്ഷെ എല്ലാ പെരുന്നാളിനും നാട്ടില്‍ എത്താനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു

    ReplyDelete
  10. വളരെ നന്നായിട്ടുണ്ട്.... പഴയ ചില ബാംഗ്ലൂര്‍ ഓര്‍മകളിലേക്ക് മനസ്സ് പോയി....thanks

    ReplyDelete
  11. പരസ്യ മാറ്റര്‍ ലേഖനത്തിലേക്ക് കയറി നില്‍ക്കുന്നു. ശ്രദ്ധിക്കുമല്ലോ ?

    ReplyDelete
  12. മൈലാഞ്ചി ഇടാനായി നീട്ടി പ്പിടിച്ച വെളുത്ത് നീണ്ട ഒരു കൈപ്പടവും.
    പെരുന്നാള്‍ അമ്പിളി പോലെ ഒരു ചിരിയും
    പിന്തിരിഞ്ഞു നോക്കുമ്പോൾ ഉള്ള അനുഭവങ്ങൾ ..ഈ തീച്ചൂള കടന്നു ഇന്ന് ഈ ശീതള ച്ഹായയിൽ എത്തിയല്ലോ...ഭാഗ്യം.. അവിടെ തന്നെ അടിഞ്ഞു പോയ എത്ര ജീവിതങ്ങളുണ്ടാകും ഇന്നും...

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ