Wednesday, June 13, 2012

‘നോട്ടിനിടക്ക് കുടുങ്ങിയ ചില്ലറപോലെ’............നമ്മുടെ മക്കള്‍




ഇത്ര രാവിലതന്നെ സ്കൂള്ളേക്കോ പത്ത് മണിക്കല്ലേ സ്ക്കൂള്  തൊടങ്ങ്വ ..”
“രാവിലെ ടൂഷന്‍ കഴിഞ്ഞിട്ടാ സ്ക്കൂള്...............”
“അയിനൊന്നും പാസ് നടക്കൂല ..........രാവിലെ തന്നെ മന്ശനെ എടങ്ങേറാക്കാന്‍.......”
..........................................................
“ലോക്കല് ബസ്സൊന്നും നിങ്ങക്ക് പറ്റൂല കണ്ണൂര് കോഴിക്കോട് ബസ്സ്‌ത്തന്നേ കേറിക്കൂടൂ അല്ലെ.....”
“ഏട്ടാ നേരം വൈകിപ്പോയി അതാ”
“അയിന് പഠിക്ക്യാന്‍ പോകുന്നോര് കൊറച്ച് നേരത്തെ എറങ്ങണ്ടേ.... നോട്ടിന്റെടക്ക് ചില്ലറ കുടുങ്ങിയ പൊലെ ഇനി ഇങ്ങളും....ഇങ്ങക്കൊക്കെ തോന്നുന്നേരം യാത്ര ചെയ്യാനുള്ളതല്ല പാസ് .....”
..........................................................
“ഒന്നങ്ങോട്ട് ഒതുങ്ങി നിക്കെടോ ഇങ്ങളെക്കാളും വല്യൊരു ബേഗും .......നാലാള് നിക്കുന്ന സ്ഥലം വേണം...ഒര് ചാക്ക് നെറച്ചും ബുക്കുമായി എറെങ്ങിക്കോളും.... ഇങ്ങള് കുട്ട്യേള് മാത്രം കേറ്യാപ്പോര .....”
............................................................
രാവിലെയും വൈകുന്നേരവും ഉള്ള ബസ്സ്‌ യാത്രകളില്‍ നിത്യവും കേള്‍ക്കേണ്ടി വരുന്ന ബസ്സ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുള്ള ഡയലോഗിന്റെ സാമ്പിള്‍ ആണ് മേലെ എഴുതിയത്.
നാട്ടിലെ സര്‍ക്കാര്‍ ആപ്പീസുകള്‍ മുതല്‍ പോലീസ്‌ സ്റ്റേഷനുകളില്‍ വരെ(കുറ്റവാളികളോട് ഒഴിച്ച്) ഇടപാടുകാരോട് മാന്യമായി പെരുമാറുക എന്ന ശൈലിയിലേക്ക് മാറിയിട്ട് കാലം കുറെ ആയി.എന്നാല്‍ ഇന്നും പ്രൈവറ്റ്‌ ബസ്സ്‌ ജീവനക്കാര്‍  ശത്രുവിനെപോലെ കാണുകയും പണ്ട് കാലത്തെ അധകൃതരെ പൊലെ അകറ്റി നിര്‍ത്തുകയും ചെയ്യുന്ന ഒരു  വിഭാഗമാണ് വിദ്യാര്‍ഥികള്‍.
കോരിച്ചൊരിയുന്ന മഴയിലും സ്റ്റോപ്പില്‍ നിന്നും പരമാവധി ദൂരെ കൊണ്ടുപോയി നിര്‍ത്തുന്ന ബാസ്സുകളിലെക്ക് കൂട്ടത്തോടെ ഓടിയെത്തുന്ന വിദ്യാര്‍ഥികളെ കയറ്റാതെ ആട്ടിയകറ്റുന്നതില്‍ ‘കിളി’കള്‍ എന്തോ ആത്മ നിര്‍വൃതി അനുഭവിക്കുന്നത് പൊലെ തോന്നും.
അഥവാ കയറ്റിയാല്‍ ഏതോ കടുത്ത കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാര്‍ഥികളോടുള്ള പെരുമാറ്റം.’പാസ്’ ഉണ്ടെങ്കിലും എന്തെങ്കിലും പറഞ്ഞു കുട്ടികളോട് ഒന്ന് ‘ചൊറിഞ്ഞി’ട്ടില്ലെങ്കില്‍ കണ്ടക്ടര്‍ക്കു തൃപ്തിയാവില്ല. സീറ്റിലെങ്ങാനും അബദ്ധത്തില്‍ ഇരുന്നുപോയാല്‍ പിന്നെയുള്ള കുലുമാല് പറയണ്ട.
പഴയ പത്ത് പൈസയുടെ എസ് ടി കാലത്തില്‍ നിന്നും ടിക്കറ്റ് നിരക്കിന്റെ 25% ആയി വിദ്യാര്‍ഥികളുടെ ബസ്‌ ചാര്‍ജ്‌ ഉയര്‍ത്തിയിട്ടും ഇപ്പോഴും എന്ത് കൊണ്ടാണ് കുട്ടികളോട് ബസ്സ്‌ ജീവനക്കാര്‍ ശത്രുവിനെ പോലെ പെരുമാറുന്നത്.
എന്തെങ്കിലും ഒരു ചെറിയ പ്രശ്നം ഉണ്ടായാല്‍ പോലും വിദ്യാര്‍ഥി സംഘടനകള്‍ സ്വന്തം പേരിലോ അല്ലെങ്കില്‍ “വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്‌ ....തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല”എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ട് സംയുക്തമായോ ബസ്സിനു കല്ലെറിയല്‍ മുതല്‍ ബസ്സ്‌ കത്തിക്കുക വരെയുള്ള സമര കലാപരിപാടികളൊക്കെ കേരളത്തില്‍ അസ്തമിച്ചു കാലം കുറെ ആയിട്ടും എന്ത് കൊണ്ടാണ് ഇപ്പോഴും വിദ്യാര്‍ഥികളെ  എതിരാളികളെ പോലെ കാണുന്നത്.
പ്രിയപ്പെട്ട ബസ്സ്‌ ജീവനക്കാരെ പന്ത്രണ്ടും പതിനാലും വയസ്സുള്ള നിഷ്കളങ്കരായ ഈ കുട്ടികളുടെ നേരെ മെക്കിട്ടു കേറുന്നതില്‍ നിങ്ങള്‍ക്ക് എന്ത് സുഖമാണ് ലഭിക്കുന്നത്.നിങ്ങളുടെ മക്കളും ഇതേ പോലെ ആരുടെയൊക്കെയോ ആട്ടും തുപ്പും കേള്‍ക്കേണ്ടി വരുന്നുണ്ട് നിത്യവും എന്ന് നിങ്ങള്‍ ഓര്‍ക്കാറുണ്ടോ.

വിദ്യാര്‍ഥികളുടെ യാതാ സൌജന്യത്തിന്റെ കാര്യത്തില്‍  ബാസ്സുടമകള്‍ക്ക് എതിര്‍പ്പും അതിനുള്ള ന്യായങ്ങളും ഉണ്ടാകും. അതിന്റെ പേരില്‍ നമ്മുടെ മക്കളുടെ  ആഹ്ലാദത്തോടെയുള്ള സ്കൂള്‍ യാത്രയുടെ എല്ലാ സന്തോഷങ്ങളും ഇല്ലാതാക്കിക്കൊണ്ട് അപകര്‍ഷതയോടെ ആത്മ നിന്ദയോടെ ചുറ്റുമുള്ളവരുടെ കണ്ണില്‍ പരിഹാസപാത്രങ്ങള്‍ ആക്കി മാറ്റുന്ന ഈ ഏര്‍പ്പാട് അവസാനിപ്പിച്ചേ മതിയാവൂ
നാളെ നമ്മുടെ നാട് ഭരിക്കാനുള്ളവര്‍.ജഡ്ജിയും,കളക്ടറും,ഡോക്ടറും,എന്‍ജിനീയറും,അധ്യാപകരും ..............അങ്ങനെയങ്ങനെ ..........ഈ മുകുളങ്ങളെയാണ് ബസ്‌ സ്റാണ്ടുകളില്‍ ഊഴം കാത്തു നിര്‍ത്തുന്നത്...മഴ കൊണ്ട് നിരത്തിലൂടെ ഓടിക്കുന്നത്,ബസ്സിനകത്ത്‌ പരിഹസിക്കുകയും അവമാനിക്കുകയും ചെയ്യുന്നത്...ഇത് ഒരു തരം മനോ വൈകൃതമാണ് ...സഹയാത്രികരുടെ മൌനമോ അനുഭാവച്ചിരിയോ പലപ്പോഴും ഈ തോന്ന്യാസങ്ങള്‍ക്ക് പ്രോത്സാഹനവും ആകുന്നുണ്ട്....

ഏതു കാലത്താണ് നമ്മുടെ മക്കള്‍ക്ക്‌ ഈ പീഡനങ്ങളില്‍ നിന്നും ഒരു മോചനം ലഭിക്കുക ..ടിക്കറ്റെടുത്തു യാത്ര ചെയ്യുന്ന യാത്രക്കാരാനുള്ള എല്ലാ അവകാശങ്ങളും വിദ്യാര്‍ഥികള്‍ക്കും ഇല്ലേ...ഇതൊന്നും ആരുടേയും ഔദാര്യം അല്ലല്ലോ സാര്‍   

14 comments:

  1. കുട്ടികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നം തന്നെയാണിത്
    യാത്രക്കിടയിൽ കുട്ടികളെ ബുദ്ധിമുട്ടിക്കുന്നിടത്ത് മുതിർന്നവർ
    നേരിട്ടിടപെടണം.പലപ്പോഴും പൊല്ലാപ്പിനു കഴിയില്ല എന്ന രീതിയിൽ
    മാറിനിൽക്കുന്ന സ്ഥിതിയാണുണ്ടാവാറുള്ളത്
    സർക്കാരിന്റെ വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന ആനുകൂല്ല്യം
    ബസ്സുകാരന്റെ ഔദാര്യം ആയിമാറുന്നതിനുകാരണം
    ബസ്സുകാർക്ക് ഒരു നേട്ടവും ഇതിൽ നിന്നും ലഭിക്കുന്നില്ല എന്നതു തന്നെയാ
    ഈ രീതിമാറ്റി ബസ്സുകാർക്കുകൂടി നികുതിയിനത്തിലോ വേറെ രീതിയിലോ
    ഇളവുലഭിക്കുന്ന രീതിയിലുള്ള നിയമം വരണം അല്ലെങ്കിൽ ഇതിങ്ങനെ തന്നെ
    തുടരും.

    ReplyDelete
  2. മുഹമ്മദു കുട്ടി മാവൂര്‍ ...Wednesday, June 13, 2012 12:02:00 PM

    വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യം അനുവദിച്ചത് മുതല്‍ തുടങ്ങിയതാണ്‌ ഇത്. ഒരു ശത്രുവിനോടെന്നപോലെ വിദ്യാര്‍ത്തികലോടുള്ള ബസ് ജീവനക്കാരുടെ പെരുമാറ്റം ..കാലാകാലങ്ങളായി ചര്‍ച്ച ചെയ്യപ്പെടുകയും ഒരു മാറ്റവും ഇല്ലാതെ തുടരുകയും ചെയ്യുന്നു എന്നുള്ളത് ഒരു വസ്തുതയാണ് ...സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്ന സാമ്പത്തിക ശേഷിയുള്ളവരുടെ മക്കള്‍ക്ക്‌ സ്കൂള്‍ വക ബസ്സില്‍ പോകാന്‍ കഴിയുമ്പോള്‍ അവിടെയും ദുരിതം മുഴുവന്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടത് സാധാരണക്കാരന്റെ മക്കള്‍ക്ക്‌ മാത്രമാണ് ...ഒരു പ്രായോഗികമായ നിര്‍ദ്ദേശം ഈ വിഷയത്തില്‍ ഇത് വരെയും ഉയര്‍ന്നു വന്നിട്ടില്ലെനതാണ് സത്യം ...സ്കൂള്‍ സമയതന്നെയാണ് നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തന സമയം എന്നതിനാല്‍ ആ സമയം ബസ്സുകളില്‍ സാധാരണ വലിയ തിരക്കനുഭവപ്പെടുന്നു എന്നുള്ളത് യാതാര്ത്യമാണ് ...നേരെ മറിച്ച് വലിയ തിരക്കില്ലാത്ത സമയമാണെങ്കില്‍ കുട്ടികളെ കയറ്റുന്നതിനു ഇത്ര വിമുഖത ബസ്സ്‌ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാവൂല ...അപ്പോള്‍ ഒന്നുകില്‍ നമ്മുടെ ഗവന്മേന്ടു ഓഫീസുകളുടെ സമയം ഒരു മണികൂര്‍ മുന്നോട്ടു നീക്കിയാല്‍ ഒരു പക്ഷെ സ്കൂള്‍ സമയം ആകുമ്പോഴേക്കും തിരക്കൊഴിയും ..അതോടെ ഈ പ്രശ്നത്തിന് ഒരു നേരിയ പരിഹാരമെങ്കിലും ഉണ്ടാവുമെന്നാണ് എന്റെ അഭിപ്രായം

    ReplyDelete
  3. സ്കൂളിലേക്കുള്ള സ്വകാര്യ ബസ് യാത്രയില്‍ കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനം കുട്ടികളുടെ സമൂഹത്തോടുള്ള കാഴ്ചപ്പാടിനെ വരെ മോശമായി സ്വാധീനിക്കാനുള്ള സാധ്യത കൂടുതലാണ് ....... ലാഭം നോക്കി അല്ലാതെ ഇവിടെ ബിസിനസ്സുകള്‍ നടക്കാത്തത് കൊണ്ട് ബസ് ഉടമകള്‍ക്ക് കുട്ടികളുടെ മേല്‍ മറ്റു താല്പര്യങ്ങള്‍ ഒന്നും ഉണ്ടാകില്ല ..... ബസ് ജീവനക്കാര്‍ സ്ഥാപിത താല്പര്യത്തോടെ പറയുന്ന വാക്കുകള്‍ ആവാനുള്ള സാധ്യത വളരെ കുറവാണ് ..... അവരുടെ ജോലിയുടെ ആയാസത കൊണ്ടും, കളക്ഷന്‍ കുറയുന്നത് തന്റെ വരുമാനത്തേയും ബാധിക്കുമെന്നുള്ള ചിന്തകൊണ്ടും സ്വാഭാവികമായി വരുന്ന വികാരത്തെ അവനവന്റെ നിലവാരത്തില്‍ പ്രകടിപ്പിക്കുന്നതാണ് ഈ വാക്കുകള്‍ ........ കാരണം ഇതേ കുട്ടികള്‍ അവധി ദിവസങ്ങളില്‍ യൂണിഫോം ഇല്ലാതെ 'ഫുള്‍ ടിക്കെറ്റില്‍' യാത്ര ചെയ്യാന്‍ വന്നാല്‍ അവരോടു വളരെ മര്യാദയില്‍ തന്നെയാണ് ഇവര്‍ പെരുമാറുന്നത് .... :)))
    വാഹന സൌകര്യമുള്ള സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പരമാവധി ആ സൗകര്യം പ്രയോജനപ്പെടുത്തുക ..... മറ്റുള്ളവര്‍ക്ക് സമരസപെട്ട് പോകുകയേ നിവര്‍ത്തിയുള്ളൂ എന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത് .... എന്ത് പരിഹാരം എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല ....!!!!

    ReplyDelete
  4. നജീബ്,
    പ്രതിവിധി ബുദ്ധിമുട്ടുള്ള ഒരു പ്രശമാണ് ഇത്. കാരണം പാസ് ഉള്ളതുകൊണ്ട് ബസ്സ്‌ ഉടമകള്‍ക്ക് യാത്രക്കാരുടെ തലയെണ്ണം അനുസരിച്ച് നഷ്ടം വരുന്നു. കുഞ്ഞുങ്ങള്‍ക്ക്‌ ആട്ടും തുപ്പും കേള്‍ക്കേണ്ടി വരുന്നു. സമയത്ത് എത്താനുള്ള വെപ്രാളത്തില്‍ ചാടിക്കയറി അപകടംപോലും സംഭവിക്കുന്നു.

    ഇലക്കും മുള്ളിനും കേടില്ലാതെ ഒരു സോലുഷന്‍........
    സ്കൂളുകള്‍ക്ക് സ്വന്തമായി ബസ്സ്‌ അനുവദിക്കുക സര്‍ക്കാര്‍ സ്കൂളുകളെ സംബന്ധിച്ച് അധിക ബാധ്യതയാകയാല്‍, ബസ്സിന്‌ നോര്‍മല്‍ ചാര്‍ജു കൊടുത്ത് കുട്ടികളും യാത്രചെയ്യുക. അതിനുള്ള പണം സര്‍ക്കാര്‍ അലവന്‍സ് ആയി പിന്നീട് കുട്ടികള്‍ക്ക് സ്കൂള്‍വഴി നല്‍കട്ടെ. അല്ലെങ്കില്‍ ബസ്സുകാര്‍ ടിക്കറ്റിന്റെ എണ്ണം കാണിച്ചു ദിവസവും സ്കൂളില്‍ വന്നു ചെക്ക് കൈപ്പറ്റ്ട്ടെ.
    ഇനി ആ പേരില്‍ ചാര്‍ജു വര്‍ധനവും സമരവും ഇരുകൂട്ടര്‍ക്കും ഒഴിവാക്കാമല്ലോ? പഠനവും നടക്കും, മാന്യമായി യാത്രയും ചെയ്യാം.!!

    ReplyDelete
  5. എട്ടാം ക്ലാസ്സ് മുതല്‍ക്കാണ് ബസ്സിനു യാത്രയാവേണ്ടി വന്നിട്ടുള്ളത് ... അന്ന് മുതല്‍ ഞാനും ഇത് കേട്ടിട്ടുണ്ട് രാവിലെ ഏഴര മുതല്‍ പത്തുവരെ ഞങ്ങളെ റൂട്ടില്‍ ഏഴു ബസ്സുകളാണ് ഉണ്ടായിരിന്നത് ഇന്ന് അത് പത്തായി. ഞങ്ങളെ അവിടെ എത്തുമ്പോഴേക്കും ഏകദേശം ബസ്സ്‌ നിറഞ്ഞിട്ടുണ്ടാകും പിന്നെ ഡോറിലും കൊണിയിലും മുകളിലുമായി സാഹസിക യാത്ര.. എങ്ങെനെയെങ്കിലും അകത്തു കേറിയാല്‍ തുടങ്ങും കിളികളുടെ ചിലക്കല്‍ ... രണ്ടു കൊല്ലം ഇത് കേട്ട് മടുത്തപ്പോള്‍ പത്തിലെത്തിയ ചെറിയ ഒരു ധൈരവുമായപ്പോള്‍ സ്ഥിരമായി കച്ചരയായി ....ഒരു ദിവസം സമരത്തിനിടയില്‍ നിന്ന് ഞാനടക്കമുള്ളവര്‍ സ്ഥിരമായി വിധ്യാര്‍ത്തികളെ കയറ്റാതെ പോകുന്ന ഒരു ബസ്സിനു കല്ലെറിഞ്ഞു പിന്നിലെ ഗ്ലാസ്സും ലൈറ്റും ഏതോ ഉന്നക്കാരന്റെ കല്ലിനാല്‍ പൊടിഞ്ഞു വീണു ... ബസ്സ് നിര്‍ത്തി ആലികള്‍ ഇറങ്ങി പലരും പല വഴിക്ക് ഓടി ഞാനും ... പിറ്റെന്നരിഞ്ഞു ആരെയൊക്കെയോ പോലീസെ പൊക്കി എന്ന് ... പിന്നീടു കുറച്ചു ദിവസം ആദിയായിരിന്നു ... അതങ്ങനെ കെട്ടടങ്ങി ... പ്ലസ്‌ ടു വില്‍ എത്തിയതിനു ശേഷം ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ഹൈ സ്കൂള്‍ വിധ്യര്‍ത്തികളെ ബസ്സില്‍ കയറ്റാതെ പോകാന്‍ സമ്മതിച്ചിട്ടില്ല കൊപ്പത്തു നിന്നും പുറപ്പെടുന്ന എല്ലാ ബസ്സിലും വിധ്യര്‍ത്തികളെ കയറ്റുന്നത് നോക്കാന്‍ ഞങ്ങള്‍ കുറച്ചു പേര്‍ ഉണ്ടായിരിന്നു... അതിനിടക്കാണ് അറിഞ്ഞത് വിധ്യാര്‍ത്തികള്‍ക്ക് പോകുന്ന നേരം വരെ കാത്തു നില്‍കേണ്ട വേണമെങ്കില്‍ കയറി ഇരിക്കാം എന്ന് ... ഇതുമായി ബസ്സുകാരുടെ അടുത്തെത്തിയപ്പോള്‍ ...." നിങ്ങള്‍ ചുമ്മാ ഓരോ കുഴപ്പങ്ങള്‍ ഉണ്ടാക്കല്ലേ ഞങ്ങള്‍ ഇപ്പോള്‍ എല്ലാവരെയും കയട്ടിയിട്ടല്ലേ പോകുന്നെ എന്ന് ഇതുകൂടി അറിഞ്ഞാല്‍ നിങ്ങള്‍ ഉണ്ടെന്നുള്ള ധൈരത്തില്‍ അവന്മാര്‍ ഇതില്‍ കയറി ഇരിക്കും ഞങ്ങളുടെ കഞ്ഞി കുടി മുട്ടിക്കരുത്" അത്രയും താഴ്മയോടെ ഒരു ബസ്സ്‌ ജീവനക്കാരന്‍ പറയുന്നത് അത് വരെ കേട്ടിട്ടുണ്ടായിരുന്നില്ല അത് കൊണ്ട് തന്നെ അന്നേരം ഞങ്ങള്‍ അവര്കൊപ്പം നിന്ന് .... പ്ലസ്‌ ടു കഴിഞ്ഞു മൂന്നു കൊല്ലം കൂടി ഞങ്ങള്‍ അതുമായി നടന്നു അതിന്റെ പിന്നില്‍ മറ്റൊരു കാര്യം ഉണ്ട് എന്നത് വേറെ കാര്യം ... ഇപ്പോള്‍ വീണ്ടും പഴയത് പോലെ തന്നെ ... എതിര്‍ക്കാന്‍ ആളില്ല സമരമില്ല ഒറ്റകെട്ടായി വിധ്യാര്‍ത്തികലില്ല ..... ബസ്സുകാരുടെ പത്തി വീണ്ടും പൊന്തി ....

    ReplyDelete
  6. സ്കൂളും ബസും കുട്ട്യോളും ഉണ്ടായ കാലം മുതൽ ഒരു പരിഹാരവുമുണ്ടാകാതെ ഇപ്പോഴും തുടർന്ന് വരുന്ന ഒരു വിഷയം തന്നെ ഇത്. കണ്ടക്ടറുമാരുടേയും കിളികളുടേയും ജൻമാവകാശം പോലെയാണ് ഇവൻമാർ കുട്ടികളുടെ മെക്കിട്ട് കേറുന്നത്. ചിലപ്പോഴെങ്കിലും ചില യാത്രക്കാരെങ്കിലും ഇവൻമാർക്ക് ഒപ്പം കൂടുന്നത് ദയനീയം തന്നെ.. പരിഹാരം കാണേണ്ട അടിയന്തിര വിഷയം തന്നെ ഇത് എന്നതിൽ ഒരു സംശയവുമില്ല..

    ReplyDelete
  7. ജോസ്ലെറ്റ് പറഞ്ഞത് പോലുള്ള അലവന്‍സ് സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ കുട്ടികളുടെ ഈ ദുരിതം അവസാനിക്കൂ.. അത് എങ്ങനെ സുതാര്യമാക്കണം എന്നതും ഒരു വിഷയം തന്നെ.

    ReplyDelete
  8. എല്ലാവരും ബസ്സ് തൊഴിലാളികളെ കുറ്റം പറയും. എന്നാല്‍ കേക്കണോ കൂട്ടരേ കാര്യം. ഒരു ബസ്സ്/തൊഴിലാളികള്‍ വിദ്യാര്‍ഥി കളോട് 'മക്കളെ എന്തൊക്കെയുണ്ട് വിശേഷം.രാവിലെ ചായ്ക്കെന്തേ കടി..."എന്നൊക്കെ ലോഹ്യം പറഞ്ഞു അവരെ സന്തോഷിപ്പിച്ചു ബസ്സില്‍ കേറാന്‍ നിന്നാല്‍, അത് വേണ്ട നല്ല നിലയില്‍; മക്കള്‍ പഠിച്ചു വലുതാവാനുള്ളതല്ലേ/ കഷ്ടപ്പാടല്ലേ എന്നൊക്കെ വിചാരിച്ചു ഒന്ന് അയഞ്ഞാല്‍, പിന്നെ ആ ബസ്സ് മുതലാളി കുത്ത് പാള എടുത്തു എന്ന് പറഞ്ഞാ മതി. അതായത് 'നമുക്കാ ബസ്സില്‍ പുവ്വാം. അയിറ്റങ്ങള്‍ നല്ല സ്വഭാവാ" എന്ന് പറഞ്ഞു പിള്ളാരൊക്കെ ഈ ബസ്സില്‍ കേരാനായി മാറി നില്‍ക്കും. അത് മാത്രവുമല്ല വിദ്യാര്‍ഥികള്‍ തിക്കി തിരക്കി നിന്നാലേ ആണ്‍ കുട്ട്യാള്‍ക്ക് പെങ്കുട്ട്യാളെ 'ഹെര്‍ത്ത്' കൊടുക്കാന്‍ പറ്റൂ. അതിനാല്‍ കുറച്ചു വലിയ വിദ്യാര്‍ഥി(നി)കളും അതിനായി മാറി നില്ല്ക്കും.
    ചുരുക്കത്തില്‍:- ഫുള്‍ ടിക്കറ്റുകള്‍ അതിന്റെ പിറകില്‍ വരുന്ന, നിങ്ങളീ പറഞ്ഞ സ്വഭാവമുള്ള ബസ്സില്‍ കേറും. അവര്‍ക്ക് നല്ല യാത്ര. ബസ്സിനു കളക്ഷന്‍ കൂടുതല്‍. മറ്റോന്‍ തെണ്ടും എന്ന് പറയേണ്ടതില്ലല്ലോ.

    എന്ത് കൊണ്ട് കെഎസ്സാര്‍ടീസി കുട്ട്യാളെ കേറ്റുന്നില്ല?
    വിദ്യാര്‍ത്തികള്‍ക്കായി കുറഞ്ഞ നിരക്കില്‍ ബാസ്സോടിക്കട്ടെ ഗവന്മെണ്ട്.
    ഞാന്‍ ഒരു ബസ്സ് തൊഴിലാളി ആയിരുന്നു മുമ്പ്. അന്ന് ഞാന്‍ പറഞ്ഞ ഒരു ഫോര്‍മുല.
    ഒരു ബസ്സ് എങ്ങോട്ട് പോവുന്നു എന്ന് നോക്കാതെ അമ്പത് കുട്ടികളെ ഒരു ദിവസം ഫ്രീ ആയി കൊണ്ട് പോവുക.(അമ്പത്തൊന്നാമത്തെ ഒരെണ്ണം അധികം ഒരിക്കലും കേറ്റൂലാ. ഇതിനു മലപ്പുറം ജില്ലയിലെ എല്ലാ തൊഴിലാളികളും അന്ന് അനുകൂലിച്ചിരുന്നു) ഇന്ന കുട്ടി ഇന്ന ബസ്സിലെ കേറാവൂ എന്ന് കൈയ്യിലെ കാര്‍ഡില്‍ രേഖപ്പെടുത്തുക. ആ ബസ്സ്‌ ഒരു ദിവസം ഇല്ലെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുക.
    പിന്നെ അവരുടെ അല്കുല്ത്ത് ബാഗ് അതൊരു വല്ലാത്ത പൊല്ലാപ്പാണ്. ഇതിനൊക്കെ ഒരു നിര്‍ദ്ദേശം ഞാനൊരു പോസ്റ്റില്‍ (ഇ-ബുക്ക് നാളത്തെ ബുക്ക് ) എഴുതിയിട്ടുണ്ട്. അതും ഗവ: നടപ്പില്‍ വരുത്തുക.

    ReplyDelete
  9. ഇളവുകളും അലവന്‍സുകളുമെല്ലാം പിന്‍വലിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ബസ് യാത്രയ്ക്ക് അലവന്‍സ് കൊടുക്കുമെന്ന് ഏതെങ്കിലും സര്‍ക്കാര് പറയുമോ? കുട്ടികള്‍ ചീത്തകേട്ടുതന്നെ പോകേണ്ടി വരും. ഓഏബി പറഞ്ഞതുപോലെ ബസ് ഓണേര്‍സിന് സാമൂഹ്യപ്രതിബദ്ധതയൊന്നിമില്ല. അവര്‍ക്ക് ലാഭമുണ്ടാക്കേണ്ട മുതല്‍മുടക്കുള്ള ബിസിനസ് മാത്രമാണ് ഇത്. അതുകൊണ്ട് ആസന്നഭാവിയിലൊന്നും ഒരു പോംവഴി കാണുകയില്ല.

    ReplyDelete
  10. ഏറ്റവും പ്രസക്തമായ വിഷയം ..
    ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതും അത് വഴി കുട്ടികളുടെ ഈ ദുരിതം അവസാനിപ്പിക്കാന്‍ നാട് ഭരിക്കുന്നവരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നടപടികള്‍ ഉണ്ടായേ തീരൂ ...

    ReplyDelete
  11. പ്രസക്തമായ വിഷയം... ഇതിന്റെ കൂടെയാണു ചില ജീവനക്കാരുടെ മനോരോഗവും....

    നല്ല ബസ്സുകാരും ഇല്ലാതില്ല.

    ReplyDelete
  12. പരിഹാരം ഇല്ലാത്തൊരു വിഷയമാണിത്...എങ്ങിനെ പരിഹരിക്കും...മേല്‍ പറഞ്ഞതുപോലെ സ്കൂളില്‍ ബസ്സ് ഏര്‍പ്പെടുത്തുകയല്ലാതെ വേറെ പരഹാരമില്ല

    ReplyDelete
  13. മുഹമ്മദു കുട്ടി മാവൂര്‍ ...Wednesday, November 21, 2012 4:49:00 PM

    മുന്‍പ് വായിച്ചതാണ് ..പക്ഷെ ഇത് കാലികവുമാണ് ..രണ്ടു കൂട്ടര്‍ക്കും അവരുടെതായ ന്യായങ്ങള്‍ .... പക്ഷെ വേറെ എവിടെയും കിട്ടാത്ത സൌജന്യം ബസ്സ്‌ യാത്രയില്‍ ലഭിക്കുമ്പോഴും ഒരു ബസ്സ്‌ നിറയെ കുട്ടികളെയും കയട്ടിപോയാല്‍ കച്ചോടം പൂട്ടേണ്ടി വരുന്ന ബസ്സുകാര്‍ ..മുന്‍പ് ഞാന്‍ സൂചിപ്പിച്ച പോലെ ഈ വിഷയത്തില്‍ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാവണമെന്ന് ആരും തന്നെ ആത്മാര്‍ഥമായി ആലോചിക്കുന്നില്ല ..ബസുകാര്‍ക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാരെ കിട്ടുന്ന പീക്ക്‌ സമയം ഒഴിവാക്കി വിദ്യാലയ സമയത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ ഇന്നത്തെ ഈ തിക്കും തിരക്കും ഒരു പരിധി വരെയെങ്കിലും കുറക്കാന്‍ സാധിക്കുമെന്നാണ് തോന്നുന്നത് ..അതിനു ഇച്ചാ ശക്തിയുള്ള നേതൃത്വം ഭരണതലത്തിലും വിദ്യാര്‍ഥി തലത്തിലും ഉണ്ടാവുകയും ബസ്സ്‌ ജീവനക്കാരുടെ സഹകരണം ഉറപ്പു വരുത്തുകയും ചെയ്‌താല്‍ കുറെ ഏറെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാംഎന്നാണ് എനിക്ക് തോന്നുന്നത് .......

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ