Tuesday, May 8, 2012

പ്രവാസി വോട്ടവകാശം എന്ന ഔദാര്യം



ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണര്‍ത്തി ഊണില്ല എന്ന് പറയുംപോലെ എന്നൊരു ശൈലിയുണ്ട് മലയാളത്തില്‍.
വിശപ്പ്‌ സഹിക്കാനാവാതെ ഒരു പിടി ചോറിനു ഒരുപാട് നേരം നിലവിളിച്ചിട്ടും കിട്ടാതെ കരഞ്ഞു തളര്‍ന്നു ഉറങ്ങിപ്പോയവനെ വിളിച്ചുണര്‍ത്തി ഇലയിട്ട് കുറെ നേരം ഇരുത്തിയ ശേഷം എണീറ്റ്‌ പോടാ എന്ന് പറഞ്ഞാല്‍ എങ്ങനെ ഉണ്ടാകും.
പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ ഒരു ചിത്രമാണ് മനസ്സില്‍ ഓടിയെത്തുന്നത്.
വോട്ടവകാശത്തെ കുറിച്ച് പഠിക്കാനുള്ള പതിനാറംഗ സമിതിയില്‍ പതിനഞ്ചു പേരും പ്രവാസികളുടെ വോട്ടവകാശത്തെ എതിര്‍ക്കുന്നു എന്നാണു വാര്‍ത്ത.  കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മൂന്നിന് കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത പ്രവാസികള്‍ക്കും വോട്ടു ചെയ്യാം എന്ന് പ്രഖ്യാപിക്കുകയും അതനുസരിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ സമയത്ത് നാട്ടിലുള്ള  ചെറിയൊരു ശതമാനം പ്രവാസികള്‍ എങ്കിലും വോട്ടു ചെയ്ത് അര്‍മാദിക്കുകയും ഗള്‍ഫു നാടുകളില്‍ പ്രവാസികള്‍ ഒക്കെ ആഹ്ലാദം കൊണ്ട് തലകുത്തി മറിയുകയും ചെയ്തതാണ്.
ഇപ്പോള്‍ പ്രവാസികളുടെ വോട്ടവകാശം ഇല്ലാതാക്കാന്‍ ഇവര്‍ കണ്ടെത്തിയിരിക്കുന്ന ന്യായങ്ങളില്‍ ഒന്ന് ഇതിനു വരുന്ന ചെലവിനെകുറിച്ചാണ്.നമ്മുടെ രാഷ്ട്രപതിയമ്മക്ക് വിദേശരാജ്യങ്ങളില്‍ മക്കളും ചെറുമക്കളുമായി വിലസാന്‍ പോകാന്‍ മാത്രം 205 കോടി രൂപ ചെലവഴിക്കാന്‍ യാതൊരു വിഷമവും തോന്നാത്തവര്‍ക്ക്‌ പ്രാവാസികള്‍ക്ക് വോട്ടു ചെയ്യാന്‍ വേണ്ടി വരുന്ന ചെലവിന്റെ കാര്യത്തിലാണ് ഉത്കണ്ഠ!!!!
മറ്റൊരു കാരണമാണ് ഇതിലും രസം.വര്‍ഷങ്ങളായി വിദേശത്ത് കഴിയുന്നതിനാല്‍ പ്രവാസികള്‍ക്ക് നാട്ടിലെ കാര്യങ്ങളെ കുറിച്ചൊന്നും പിടിയുണ്ടാകില്ല എന്നും അതിനാല്‍ ഇങ്ങനെയുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ശരിയാവില്ല എന്നത് കൊണ്ട് പ്രവാസികള്‍ക്ക്‌ വോട്ടവകാശം തന്നെ കൊടുക്കാന്‍ പാടില്ല എന്നതാണ് അത്..!!!!!!!!!!!!!!!
ഇത് കേട്ടാല്‍ തോന്നും എന്തോ രാജ്യദ്രോഹം ചെയ്തതിനാല്‍ ശിക്ഷയായി നാടുകടത്തപ്പെട്ടവരാണ് പ്രവാസികള്‍ എന്ന്.
ശരിയാണ്  രാഷ്ട്രീയക്കാരാ  പലപ്പോഴും നിങ്ങള്‍  കണ്ട പ്രവാസികള്‍ ഇങ്ങനെയൊക്കെ തന്നെയാ.ഖദറുമിട്ട് ഗള്‍ഫിലെ എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ കൊട്ടും സൂട്ടും കൈയില്‍  ഒരു ബൊക്കെയുമായി   നിങ്ങളെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്ന,അവരുടെ കൊട്ടാരങ്ങളിലെ ആഡംബരങ്ങളില്‍  സ്വീകരിച്ചിരുത്തി നാട്ടിലെ പുതിയ ബിസിനസ് സാധ്യതകളെ പറ്റിയും  ഗവണ്‍മെന്റ് നല്‍കുന്ന പുരസ്കാരങ്ങളെ കുറിച്ചും  മാത്രം നിങ്ങളോട് സംസാരിക്കുന്ന ഭൂമിയില്‍ വേറെ ഒന്നിനെ കുറിച്ചും ചിന്തിക്കാത്ത കുറെ എന്‍ ആര്‍ ഐ പ്രാഞ്ചിയേട്ടന്‍മാരെ മാത്രം കണ്ടു ശീലിച്ച നിങ്ങള്‍ക്കത് തോന്നും.
തിരക്ക് പിടിച്ച ഒട്ടത്തിനിടയില്‍ ഇടയ്ക്കൊക്കെ ഒന്ന് ഇറങ്ങി നോക്കണം സാര്‍.ഇവിടെ ലേബര്‍ ക്യാമ്പുകള്‍ അടക്കം ശരാശരി ഗള്‍ഫു പ്രവാസികള്‍ കഴിയുന്ന ഇടങ്ങളിലേക്കും..
ഇരുപത്തിനാല് മണിക്കൂറും നാട് മാത്രം ഓര്‍ത്തു കഴിയുന്ന പ്രവാസിയാണ് ശരിക്കും നാട്ടിലെ ഓരോ ചലനങ്ങളെ കുറിച്ചും അറിയുന്നത്.പണികഴിഞ്ഞു വന്നാല്‍ ടെലിവിഷന്‍ വാര്‍ത്തകള്‍ക്ക് മുമ്പില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടത്തുന്ന പത്ര വാര്‍ത്തകളെ ഇഴ കീറി പരിശോധിച്ച് വിശകലനം ചെയ്യുന്ന.ഫേസ്‌ ബുക്ക്‌ അടക്കമുള്ള മാധ്യമങ്ങളിലൂടെ ഏറ്റവും അധികം സജീവമായി ഇടപെടുന്ന ഗള്‍ഫ്‌ പ്രവാസികള്‍ക്കണോ നാടിനെ  കുറിച്ച് അറിയാത്തത്.
പിന്നെ വോട്ടെടുപ്പില്‍ മത്സരിക്കുന്ന കാര്യം.
കള്ളനും,കൊള്ളക്കാരനും,കൊലപാതകിയും,പെണ്‍വാണിഭക്കാരനും,ഗുണ്ടയും,തേഡ് റേറ്റ്‌ കൂട്ടിക്കൊടുപ്പുകാരനുമടക്കം മണി പവറും മസില്‍പവറും ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു എം എല്‍ എ യും എം പി യും,മന്ത്രിയുമൊക്കെയായി വിലസുന്ന മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലുകളിലേക്ക് കേറി ചെല്ലാന്‍ ഒരു പാവം പ്രവാസിക്ക് മാത്രം അയിത്തം അല്ലെ.????
ഇന്ത്യന്‍ സാമ്പത്തിക ഘടനയുടെ നട്ടെല്ല് എന്ന് ആവശ്യം വരുമ്പോള്‍ മാത്രം നിങ്ങള്‍  പൊക്കിപ്പറയുന്ന ഈ പാവം ഗള്‍ഫ്‌ പ്രവാസികളുടെ വില.ഇതൊക്കെ കേട്ടിട്ടും ഒരക്ഷരം മിണ്ടാതിരിക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാരെങ്കിലും  മനസ്സിലാക്കണം.
ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും കേരളം സാംസ്കാരികപരമായും സാമൂഹ്യപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും ആരോഗ്യപരമായും എല്ലാം ഉയര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ്‌  ഇവിടുത്തെ പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്നതുപോലെ ഇവിടുത്തെ സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ക്കും,രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാത്രം നല്‍കിയാല്‍ പോര.പട്ടിണിയും,ദാരിദ്ര്യവും സാമ്പത്തികമായ ഉച്ചനീചത്വം മൂലം പെണ്ണിന്റെ മാനത്തിന് പോലും വിലയില്ലാതായിപ്പോയ എഴുപതിന് മുമ്പത്തെ കേരളം ഇന്നത്തെ സ്ഥിതിയില്‍ എത്തിയത് തോക്കിന്‍ കുഴലിലൂടെ വിപ്ലവം വന്നത് കൊണ്ടും അല്ല.
മറിച്ച് ഉരുവിലും പത്തേമ്മാരിയിലും സാഹസികമായി കടല്‍ കടന്നു പോയി.ഒരു കാക്കക്കാലിന്റെ തണല്‍ പോലും ഇല്ലാത്ത ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ യൌവനം ഹോമിച്ച ഒരു പാട് പാവം മനുഷ്യരും അവരുടെ പിന്മുറക്കാരും അയച്ചു തന്ന പണം കൊണ്ട് ഈ കേരളം പച്ച പിടിച്ചപ്പോഴാണ് ഈ കാണുന്ന പുരോഗതിയൊക്കെ നമ്മുടെ നാട്ടിന് ഉണ്ടായത്.ഇന്നും കേരളത്തില്‍  എവിടെയെങ്കിലും പട്ടിണി മരണ വാര്‍ത്തകള്‍ കേള്‍ക്കുന്നുവെങ്കില്‍ അത് ഗള്‍ഫുകാര്‍ ഒട്ടും ഇല്ലാത്ത പ്രദേശങ്ങളില്‍ നിന്നാണ് എന്ന് അന്വേഷിച്ചാല്‍ അറിയാം
അത് കൊണ്ട് ബഹുമാനപ്പെട്ട രാഷ്ട്രീയ തമ്പുരാക്കന്മാരെ ഉദ്യോഗസ്ഥപ്രഭുക്കളെ ഒരു അപേക്ഷയുണ്ട്.ഇനിയും വിളിച്ചുണര്‍ത്തി ഞങ്ങളെ അവമാനിക്കാന്‍ ആണ് ഉദ്ദേശം എങ്കില്‍.പഴയ പോലെ ഒട്ടും പ്രതികരിക്കാതെ നിശബ്ദരാകും ഞങ്ങള്‍ എന്ന് കരുതണ്ട.കാരണം  അത് ഞങ്ങളുടെ അവകാശം ആണെങ്കില്‍ ആ അവകാശം ഞങ്ങള്‍ക്കും വേണം .അറുപതു ദിവസത്തില്‍ അധികം നാട്ടില്‍ നിന്നാല്‍ ഇന്‍കം ടാക്സ്‌ വാങ്ങാനുള്ള നിയമമൊക്കെ ചുട്ടെടുക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.ഏതു ഈര്‍ക്കിലി പാര്‍ട്ടിക്കാരന്‍ വിചാരിച്ചാലും ബന്ദും ഹര്‍ത്താലും നടത്താന്‍ കഴിയുന്ന നമ്മുടെ നാട്ടില്‍ അസംഘടിതര്‍ ആണെന്ന് വെച്ച് എന്നും ഈ ലക്ഷക്കണക്കിനു മനുഷ്യരെ ചവിട്ടി തേക്കാമെന്നു  കരുതണ്ട ആരും ..കാലങ്ങളായി അടക്കിവെക്കുന്ന പ്രവാസിയുടെ രോഷത്തിന്റെ മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടല്ലോ അടപടലേ എന്നങ്ങ് അറബിക്കടലില്‍ ചെന്നേ നില്‍ക്കൂ ..............ഓര്‍ത്തോ      .

16 comments:

  1. veryyyyyyyyyyyy goooooooooodddd....

    ReplyDelete
  2. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete
  3. ലേഖനം ഇഷ്ടപെട്ടു. പക്ഷേ വോട്ട് ചെയ്തതു കൊണ്ട് എന്ത് നേട്ടമാണു നമുക്ക്!!! വോട്ട് ചെയ്ത് ജയിപ്പിച്ച് വിട്ടവന്മാർ കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ ചെയ്യാതിരിക്കുന്നത് തന്നെയാണു നല്ലത് എന്ന് തോന്നും,

    ഇല്ലാത്തതു തന്നെയാണു നല്ലത്, ടൈം ലാഭം. ഒന്നൂല്ലേല്ലും സംഭാവനയ്ക്ക് അവന്മാരൊക്കെ നമ്മുടെ അടുത്ത് തന്നല്ലേ വരാ‌റു..

    ReplyDelete
  4. നല്ല പോസ്റ്റ്‌!!
    വോട്ടു ചെയ്യാന്‍ പോയാലും ഇല്ലെങ്കിലും പ്രവാസിയെ രാജ്യം സ്വന്തം പൌരനായി അംഗീകരിക്കുന്നു, നിങ്ങളുടെ അദ്ധ്വാനത്തെ ഞങ്ങള്‍ വിലമതിക്കുന്നു എന്ന സന്ദേശം നല്‍കാനെങ്കിലും ആ തീരുമാനം ഉപകരിക്കുമായിരുന്നു.

    നമ്മള് കഷ്ടപ്പെട്ടിട്ടും വെള്ളമിറക്കിയിട്ടും കാര്യമില്ല അല്ലെ? വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രവാസീടെ കാശു മാത്രം മതി!

    ReplyDelete
  5. പ്രിയപ്പെട്ട നജീബ്ക്കാ, നിങ്ങള് ധൈര്യമായി എഴുതിന്‍..ഞങ്ങളുണ്ട് വായിക്കാന്‍..ഞങ്ങളിലൂടെ വീണ്ടും ഒരു നൂറു പേര് വായിക്കും.. ആ നൂറു പേരിലൂടെ പിന്നെ വീണ്ടും ഒരായിരം പേര്‍ വായിക്കും..എം .ടി യെയും മുകുന്ദനെയും മാത്രം വായിക്കുന്നവര്‍ അത് മാത്രം ഭക്ഷിച്ചു ജീവിക്കട്ടെ..എല്ലാ വിധ ആശംസകളും നേരുന്നു..നോവലിനായി കാത്തിരിക്കുന്നു..

    ReplyDelete
  6. മേലെ സൂചിപ്പിച്ച വോട്ടവകാശം എന്ന പോസ്റ്റില്‍ വളരെ നന്നായി കാര്യങ്ങള്‍ എഴുതിയിരിക്കുന്നു. ആശംസകള്‍. പക്ഷെ, നമ്മളിങ്ങനെ വോട്ടു ചെയ്തു വിട്ടവര്‍ ഓരോന്നായി അക്രമ രാഷ്ട്രീയം കാണിച്ച് ഇന്ത്യയെ കുട്ടിച്ചോറാക്കി കൊണ്ടിരിക്കുന്നത് കാണുമ്പോള്‍ എന്തിനാണ് നമുക്ക് ഈ വോട്ടവകാശം എന്ന് തോന്നിപോകുന്നു. വോട്ടു ചെയ്യാനുള്ള അവകാശം പോലെ ഇത് ബഹിഷ്ക്കരിക്കാനുള്ള അവകാശമായിരിക്കും ഒന്ന് കൂടി ഇതിനേക്കാള്‍ നല്ലത്.

    ReplyDelete
  7. മുഹമ്മദ്‌ കുട്ടി മാവൂര്‍ ......Tuesday, May 08, 2012 7:10:00 PM

    വോട്ടവകാശം എന്ന ഉണ്ണുണ്ണി കൊണ്ട് എന്തേലും നെട്ടമുണ്ടാകുമോ കൊട്ടമുണ്ടാകുമോ എന്നതിലുപരി ...പ്രവാസി എന്ന പ്രായിസിയോടുള്ള ഇവന്മാരുടെ ഒക്കെ മനോഭാവത്തിന്റെ നീച്ചതവും നികൃഷ്ടതയും മനസ്സിലാക്കി തരുന്നതാണ് ഈ കുറിപ്പ് .... സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ പെട്ട് ലോകരാജ്യങ്ങള്‍ മുഴുവനും വിറ കൊണ്ടാപ്പോഴും നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌ ഘടനയെ വലിയൊരളവു വരെ താങ്ങി നിര്‍ത്തിയത് ഇവനൊക്കെ പുചിച്ച്ചു സംസാരിക്കുന്ന ഈ പ്രവാസി തന്നെയാണ് ...നാട്ടില്‍ നടക്കുന്ന ചെറു ചലനം പോലും തല്‍സമയം ശ്രവിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് നാടുമായി ബന്ധമില്ലെന്ന് പറയുന്നവന്റെ മാനസിക വ്യാപരം വേറെയാണ് ...ഇത്തരത്തിലുള്ള ഇത്തിള്‍ കണ്ണികളെയാണ് കടക്കല്‍ കത്തിവെച്ചു മുറിച്ചു കളയേണ്ടത്.... ജീവിതം മുഴുവന്‍ മരുഭൂമിയില്‍ ഹോമിക്കുന്ന പ്രവാസിയെ പിഴിയുന്നതില്‍ മത്സരിക്കുന്ന രാഷ്ട്രീയ പുങ്ങവന്മാര്‍ക്കും ഒന്നും മിണ്ടാനില്ലേല്‍ ...നിങ്ങളോന്നോര്‍ക്കുക ....തിരഞ്ഞെടുപ്പുകള്‍ തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ഇനിയും നിങ്ങള്‍ ഞങ്ങളെ സമീപിക്കും ....ഞങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവരും നിങ്ങളുടെ പോളിംഗ് ബൂത്തിനു മുന്‍പിലെ വരികളില്‍ ഉണ്ടാവാറുണ്ട് എന്ന് ഓര്‍ക്കുന്നത് നന്ന് ....പ്രവാസിയുടെ ഹൃദയ സ്പന്ദനം ഒപ്പിയെടുത്ത നല്ലൊരു കുറിപ്പിന് അഭിനന്ദനം നജു .......

    ReplyDelete
  8. എനിക്ക് വോട്ടവകാശം വേണ്ട. വോട്ട് ചെയ്യാന്‍ മാത്രം നല്ലവരെ കാണാനില്ല ഇപ്പോള്‍. അതുകൊണ്ട് മാത്രം

    ReplyDelete
  9. നമ്മുടെ ഒരു വിദേശ കാര്യം മന്ത്രി ഉണ്ടല്ലോ പ്രവാസികള്‍ക്ക് ഒരു ഗുണവും ചെയ്യാത്ത പ്രവാസി കാര്യ മന്ത്രി, നമുക്കൊരു ഗുണവുമില്ലാത്ത അതുപോലെയുള്ളവരെ പടച്ചു വിടാനല്ലേ ഈ വോട്ടവകാശം

    ReplyDelete
  10. നല്ല പോസ്റ്റ്
    എന്തു ചെയ്യാൻ ഇങ്ങനെയൊക്കെയാണ്  കാര്യങ്ങൾ

    ReplyDelete
  11. നാട്ടാര്‍ക്കും വീട്ടാര്‍ക്കും പ്രവാസിയുടെ കാശ് മതിയന്നേ..

    എന്തായാലും കാര്യങ്ങള്‍ വേണ്ട രൂപത്തില്‍ തന്നെ പറഞ്ഞു..

    ReplyDelete
  12. >>>കാലങ്ങളായി അടക്കിവെക്കുന്ന പ്രവാസിയുടെ രോഷത്തിന്റെ മുല്ലപ്പെരിയാര്‍ പൊട്ടിയാലുണ്ടല്ലോ അടപടലേ എന്നങ്ങ് അറബിക്കടലില്‍ ചെന്നേ നില്‍ക്കൂ<<<<

    ഇപ്പറഞ്ഞതാണ് അതിന്റെ ശെരി..!!

    ReplyDelete
  13. parayendathu, vyakthamayi thanne paranju....... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane............

    ReplyDelete
  14. നജീബ്ക എല്ലാ ആശംസകളും , നോവല്‍ പ്രസിദ്ധീകരണവും കാത്ത് ......

    ReplyDelete
  15. നജീബ്ക എല്ലാ ആശംസകളും , നോവല്‍ പ്രസിദ്ധീകരണവും കാത്ത് ......

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ