Wednesday, June 22, 2016

ഉമ്മ



"നിങ്ങക്കൊരു ഓട്ടോറിക്ഷ വിളിച്ചു പൊയ്ക്കൂടേ,....... എനിക്ക് നേരല്ല... ഒരുപാട് തിരക്കുണ്ട്..."

മുരണ്ട് മുക്രയിട്ട്, ഇരമ്പിപ്പാഞ്ഞുപോയ ബൈക്കിന്റെ പുകതട്ടിയാവും കണ്ണ് നിറഞ്ഞത്.

ഉടുപ്പിലെ പിടിവിടാതെ  വാലുപോലെ എപ്പോഴും പിറകെ നടന്ന ഉമ്മാന്റെ കുട്ടി. എങ്ങോട്ട് പോകാനിറങ്ങിയാലും കൂടെപ്പോരാൻ ബഹളം വെച്ച് കരഞ്ഞവൻ.....

"ഉമ്മാ....എവ്ടെ പോക്മ്പളും ന്നേം കൂട്ടണേ.."
ഉള്ളിലൊരു കുഞ്ഞുകൊഞ്ചലിന്റെ   ഓർമ്മ പിടഞ്ഞു.

ആദ്യമായി സ്‌കൂളിൽ  ചേർത്ത നാൾ
"ഉമ്മാനെ വിട്ട് ഞാൻ  പോണില്ലാ"ന്ന്  മുറുകെപ്പിടിച്ച് ഏങ്ങലടിച്ച കണ്ണീർമുഖം നെഞ്ചിലിപ്പോഴും....

പനിച്ചൂട് പൊള്ളിച്ചൊരു രാത്രിയിൽ പുലരും വരെ  ഉറങ്ങാതെ തോളിലിട്ട്  നടക്കുമ്പോൾ, പാതിമയക്കത്തിൽ വായുവിൽ വളയം തിരിച്ചു പറഞ്ഞുകൊണ്ടിരുന്നു....
"ഞാൻ വല്ദാവുമ്പൊ ഒരു കാറ്  വാങ്വല്ലോ....ന്നിട്ട് ഉമ്മാനെയും മുന്നിലിരുത്തി..."

 ഇനിയൊരു ഓട്ടോറിക്ഷ കിട്ടി ആശുപത്രിയിൽ എത്തുമ്പോഴേക്കും നേരം പിന്നെയും വൈകും. മെല്ലെ നടക്കാം. അല്ലെങ്കിൽ ഇന്നും ഡോക്ടറെ കാണലുണ്ടാവില്ല.

വീണ് നെറ്റിപൊട്ടി ചോര നിൽക്കാതെ നിലവിളിച്ച എട്ടുവയസ്സുകാരനെയും വാരിയെടുത്ത്  തോളിലിട്ട്  ഇതേ വഴിയിലൂടെ ആശുപത്രിയിലേക്ക്   ഓടുമ്പോൾ  ഭാരവും തളർച്ചയും അറിയാഞ്ഞ കാലുകൾ ഇന്ന് പത്തടി നടക്കുമ്പോഴേക്കും..... വിശ്രമമില്ലാത്ത യന്ത്രം പോലെ പണിയെടുത്താവണം  ഈ നാല്പത്തിരണ്ടാം വയസ്സിലിങ്ങനെ........

മോനും ബൈക്കും നിരത്തിനറ്റത്ത് കണ്ണിൽ നിന്ന് മറഞ്ഞിരിക്കുന്നു...  പാവാണ് ന്റെ കുട്ടി.... എന്തോ തിരക്കുണ്ടാകും അല്ലാതെ.... അടുക്കളക്കപ്പുറം ലോകം കാണാത്ത  ഈ ഉമ്മാക്ക് എന്തറിയാം...

കണ്ണ് നിറയുന്നത്..... ബൈക്കിന്റെ പുക തട്ടിയത് കൊണ്ട്  തന്നെയാണ്.

നോവമർത്തി  ഓരോ ചുവട് വെക്കുമ്പോഴും ഉമ്മാന്റെ  കാലടിച്ചോട്ടിലൊരു സ്വർഗ്ഗം കരഞ്ഞു.
___________________
വര: Shabna Sumayya

4 comments:

  1. എന്തിനോ തിരക്കുപിടിച്ചോടുന്ന തലമുറയ്ക്ക് പിന്നോട്ടു തിരിഞ്ഞു നോക്കാന്‍ എവിടെ സമയം!
    ആശംസകള്‍

    ReplyDelete
  2. മാതാപിതാക്കൾ നമ്മളെ വിട്ട് പോയിക്കഴിയുമ്പോഴാണ് "ഇനിയും എത്രയൊക്കെ അവർക്ക് വേണ്ടി ചെയ്യാമായിരുന്നു" എന്നോർത്ത് സങ്കടം തോന്നുന്നത്. സ്നേഹിച്ചത് പോരായിരുന്നു എന്ന് തോന്നുന്നത്. കരുതിയത് പോരായിരുന്നു എന്ന് തോന്നുന്നത്. ഒരു ചാൻസ് കൂടി കിട്ടിയിരുന്നുവെങ്കിൽ എന്ന് തോന്നുന്നത്

    ReplyDelete
  3. നമ്മുടെ മാതാപിതാക്കൾ നമുക്കൊക്കെ
    പങ്കുവെച്ച സ്നേഹവും പരിഗണണയുമൊക്കെ
    നമ്മുടെ ചെറുപ്പകാലങ്ങളിലൊന്നും സ്മരിച്ചില്ലെങ്കിലും
    പിന്നീടവയൊക്കെ കാലന്തരങ്ങളിൽ അവയൊക്കെ വിസ്മരിക്കാതെ
    നാം അയവിറക്കി കൊണ്ടിരിക്കും

    ReplyDelete
  4. മനോഹരം.. ആശംസകള്‍

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ