Tuesday, March 22, 2016

മാപ്പിളചരിത്രത്തിന്റെ വിസ്മയ വാതിലുകൾ തുറക്കുമ്പോൾ
ആഴക്ക് വെള്ളത്തിനടിയിലെ നാലുമണി വറ്റുപോലെയാണ് പലപ്പോഴും കേരളമുസ്ലിംകളുടെ(മാപ്പിളമാരുടെ) ചരിത്രവുമായി ബന്ധപ്പെട്ട മലയാള പുസ്തകങ്ങളുടെ വായനാനുഭവം. പലേടത്തും വായിച്ചറിഞ്ഞത് തന്നെ ആവർത്തിച്ചും, പുതിയ നിരീക്ഷണങ്ങളോ വീക്ഷണമോ പങ്കുവെക്കാതെയും ഉള്ള പകർത്തിയെഴുത്തുകൾ ആണ് ഏറെയും.
എങ്കിലും ഈ വിഷയത്തിലുള്ള താൽപര്യം മൂലം നാട്ടിൽ പോകുമ്പോഴൊക്കെ കേരളമുസ്ലിംകളുടെ ചരിത്രവുമായി ബന്ധപ്പെട്ടപുസ്തകങ്ങൾ തേടി അലയാറുണ്ട്. പേജുകളുടെ എണ്ണത്തിന് അനുസരിച്ച് വലിയ വില ഇട്ട പുസ്തകങ്ങള്‍ പലപ്പോഴും നിരാശപ്പെടുത്തുകയാണ് പതിവ്.

അതുകൊണ്ട് തന്നെയാണ് വചനം ബുക്‌സിന്റെ 'മാപ്പിള കീഴാള പഠനങ്ങളും' വാങ്ങി വെച്ചിട്ടും വായിക്കാൻ ഏറെ വൈകിയത്. പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ ധാരണ തിരുത്തേണ്ടി വന്നു എന്ന് മാത്രമല്ല കഥകളോ നോവലോ വായിക്കുന്ന ഉത്സാഹത്തോടെ 'നിലത്തുവെക്കാതെ' വായിച്ചു തീർക്കുകയും ചെയ്തു.

കേരള മുസ്ലിംകളുടെ ഇന്നലകളെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച മുഹമ്മദ്‌ അബ്ദുല്‍ കരീം മാസ്റ്റരുടെ പേരിലുള്ള ‘കെ കെ മുഹമ്മദ് അബ്ദുല്‍കരീം സെന്‍റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍സ്റ്റഡീസും വചനം ബുക്സും ചേര്‍ന്ന് ഇറക്കിയ ഈ കൃതി അദ്ദേഹത്തിനുള്ള അര്‍ഹിക്കുന്ന ആദരവായി എന്ന് നിസ്സംശയം പറയാം. അദ്ധേഹത്തിന്‍റെ മകന്‍ ഡോ:കെ.കെ. മുഹമ്മദ്‌ അബ്ദുല്‍ സത്താര്‍ ആണ് ഈ പുസ്തകം എഡിറ്റ്‌ ചെയ്തിരിക്കുന്നതും.

രണ്ട് അഭിമുഖങ്ങളും അന്‍പത്തിനാല് പഠനലേഖനങ്ങളും(ഇതില്‍ ആറെണ്ണം ഇംഗ്ലീഷില്‍ ആണ്) ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം ചരിത്രം, കലയും സാഹിത്യവും, സമൂഹം/സംസ്കാരം സംഭാഷണം എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് ഉള്ളത്.

ചരിത്രം എന്ന ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയ 19 ലേഖനങ്ങള്‍ വളരെ ഗഹനമായാണ് വിഷയത്തെ വിലയിരുത്തുന്നത്. ഡോ. കെ.എന്‍. ഗണേശിന്റെ ‘പ്രാദേശിക ചരിത്രത്തിന്‍റെ സാധ്യതകള്‍’, കെ എസ് മാധവന്‍റെ ‘കേരളത്തിലെ ജാതിരൂപീകരണ പ്രക്രിയ’ ഡോ.ശ്രീവിദ്യ വട്ടാറമ്പത്ത് എഴുതിയ ‘കലാപാനന്തര മലബാര്‍’ അനീസുദ്ധീന്‍ അഹമദിന്‍റെ ‘അന്തമാന്‍ നാടുകടത്തലും കൊളോണിയല്‍ സാക്ഷ്യങ്ങളും’ ഗഫൂര്‍ എടത്തോളയുടെ ‘പൈതൃക പഠനത്തിലെ എടത്തോളമുദ്രകള്‍’ തുടങ്ങിയ ലേഖനങ്ങളൊക്കെ ഏറെ പഠനാര്‍ഹമാണ്.

കലയും സാഹിത്യവും എന്ന ഭാഗം മാപ്പിളമാരുടെ കലാ സാഹിത്യ പാരമ്പര്യത്തെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ തന്നെയാണ്. ബൈതുകള്‍ മുതല്‍ മാപ്പിളപ്പാട്ടുകളും സിനിമകളും കഥാ-നോവല്‍ സാഹിത്യങ്ങളും വരെ ഇവിടെ ചര്‍ച്ച ചെയ്യുന്നു. ഇന്നലെകളിലെ ഏറെ അറിയപ്പെടാത്ത സാഹിത്യങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളും ഭാഷയെ കുറിച്ചുള്ള വിശദമായ പഠനവും കോൽക്കളി അറബനമുട്ട് തുടങ്ങിയ കലാരൂപങ്ങളെ കുറിച്ചുമൊക്കെ പ്രൗഢമായ ലേഖനങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ഭാഗം. ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന 16 ലേഖനങ്ങൾ മാപ്പിള സാക്ഷരത മുതൽ പുതിയ കാല എഴുത്തുകാരെ കുറിച്ച് വരെ പറഞ്ഞു വെക്കുന്നു.

മൂഹിയുദ്ധീൻമാലയും മോയിൻകുട്ടി വൈദ്യരും പല ലേഖനങ്ങളിലും കടന്നുവരുന്നുവെങ്കിലും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ പുതിയ ചിന്തകൾക്ക് വഴിവെക്കുന്നുണ്ട്.

ഇംഗ്ലീഷിലുള്ള നാലു ലേഖനങ്ങൾ അടക്കം പത്തൊമ്പത് ലേഖനങ്ങൾ ഉൾക്കൊള്ളുന്ന സമൂഹം/സംസ്കാരം എന്ന ഭാഗത്തിൽ മാപ്പിള സമൂഹവുമായി ബന്ധപ്പെട്ട ഗഹനമായ പഠനങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്നു. കൂടുതലായി എവിടെയും ചർച്ചചെയ്യപ്പെടാത്ത വിഷയങ്ങളെ കുറിച്ച് വിശദമായി തന്നെ ഉള്ള പഠനങ്ങൾ പകർന്നു തരുന്നത് വലിയ അറിവുകളാണ്. മുസ്ലിംകൾക്കിടയിലെ 'രാശിയും കണക്കുനോട്ടവും' അടക്കം കടൽക്കോടതിയും പയ്യന്നൂർപാട്ടും ഒക്കെ തുറന്നുതരുന്ന ലോകം മാപ്പിള കീഴാളപഠനങ്ങൾക്ക് പുതിയ തുറവുകൾ നൽകുന്നവയാണ്.

ചരിത്രകാരനായ കെ എൻ പണിക്കരും, കെ ഇ എൻ കുഞ്ഞഹമ്മദുമായി പി പി ഷാനവാസ് നടത്തിയ സംഭാഷണങ്ങൾ ഉൾക്കൊള്ളുന്ന അവസാനഭാഗത്തെ കെ ഇ എന്റെ അഭിമുഖം വേറിട്ട് നിൽക്കുന്നു.

638 പേജുകൾ ഉള്ള ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ ലഭിക്കുന്ന ചില പുതുതെളിച്ചങ്ങൾ ചരിത്രതല്പരരേയും ഗവേഷണ വിദ്യാർത്ഥികളേയും ഏറെ ആഹ്ലാദിപ്പിക്കും. പക്ഷെ പേര് സൂചിപ്പിക്കുംപോലെ കീഴാള പഠനങ്ങൾ ഈ പുസ്തകത്തിൽ ഏറെയൊന്നും ഇല്ല എന്നത് ഒരു പോരായ്മയാണ്.

ഒരുകണക്കിന് കീഴാള പഠനങ്ങൾ കൂടി ഇതിൽ ഒതുക്കാഞ്ഞത് നന്നായി. മാപ്പിള പഠനങ്ങൾ പോലെ കേരളത്തിലെ കീഴാള പഠനങ്ങളും പലയിടങ്ങളിലായി ചിതറി കിടക്കുന്നതാണ്. ഈ പുസ്തകം പോലെ ബൃഹത്തും സമാനവുമായ ഒരു ഗ്രൻഥം കീഴാളരെ കുറിച്ചുള്ള പഠനസമാഹാരമായും പ്രസിദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ചരിത്രവും കലയും സാഹിത്യവും സംസ്കാരവും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന ലേഖനങ്ങൾ.

മറ്റൊരു പോരായ്മയായി തോന്നിയത്, ലേഖനങ്ങളും അഭിമുഖങ്ങളും ആയി 56 പേരാണ് ഈ പുസ്തകത്തിൽ മാപ്പിള കീഴാള ചരിത്രത്തെ കുറിച്ച് നമ്മോട് പറയുന്നത്. സ്വാഭാവികമായും ഇവരെ കുറിച്ച് കൂടുതൽ അറിയാൻ ഏതൊരു വായനക്കാരനും താല്പര്യം ഉണ്ടാകും. മാത്രമല്ല ഓരോ ലേഖനങ്ങളും വായിച്ചു കഴിയുമ്പോൾ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ കണ്ടേക്കാം. ഇതേ കുറിച്ച് വിശദീകരിക്കാൻ കഴിയുക അതാത് ലേഖകന്മാർക്കാണ്. അതുകൊണ്ടു തന്നെ ഓരോ ലേഖനങ്ങളുടെയും ഒടുവിൽ ലേഖകരെ പരിചയപ്പെടുത്തുന്ന ചെറിയ ഒരു കുറിപ്പും, അവരെ ബന്ധപ്പെടാനുള്ള ഇ മെയിൽ ഐ ഡി യും കൊടുക്കേണ്ടതായിരുന്നു. കഥാകൃത്തുക്കളെപ്പോലെയോ കവികളെപ്പോലെയോ വായനക്കാർക്ക് ഏറെ പരിചിതരല്ലല്ലോ ചരിത്രകാരന്മാരും ഗവേഷകരും.

എന്തുതന്നെ ആയാലും കേരളമുസ്ലിംകളുടെ ഇന്നലകളെ കുറിച്ച് അറിയാനും പഠിക്കാനും താല്പര്യമുള്ളവർക്ക് ഗൗരവപൂർവ്വം സമീപിക്കാവുന്ന ഒരു പഠനസമാഹാരം തന്നെയാണ് 'മാപ്പിള കീഴാളപഠനങ്ങൾ' എന്നതിൽ സംശയമില്ല. പ്രൗഢഗംഭീരമായി ഇങ്ങനെ ഒരു പുസ്തകം ഒരുക്കിയതിന് പിന്നിലുള്ള ശ്രമങ്ങൾ ഏറെ ആദരവ് അർഹിക്കുന്നു.

'മാപ്പിള കീഴാളപഠനങ്ങൾ'
വചനം ബുക്സ് - കോഴിക്കോട്
ഫോൺ-0495-2722424, 3042704

വില-₹ 580

4 comments:

 1. മാപ്പിള പഠനങ്ങൾ പോലെ
  കേരളത്തിലെ കീഴാള പഠനങ്ങളും
  പലയിടങ്ങളിലായി ചിതറി കിടക്കുന്നതാണ്.
  ഈ പുസ്തകം പോലെ ബൃഹത്തും സമാനവുമായ
  ഒരു ഗ്രൻഥം കീഴാളരെ കുറിച്ചുള്ള പഠനസമാഹാരമായും പ്രസിദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ചരിത്രവും കലയും സാഹിത്യവും
  സംസ്കാരവും ഒക്കെ ചർച്ച ചെയ്യപ്പെടുന്ന ലേഖനങ്ങൾ....

  നല്ല പരിചയപ്പെടുത്തൽ

  ReplyDelete
 2. പരിചയപ്പെടുത്തല്‍ നന്നായി
  ആശംസകള്‍

  ReplyDelete
 3. പരിചയപ്പെടുത്തൽ നന്ന്.

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ