Monday, October 26, 2015

അടക്കിപ്പിടിച്ച തേങ്ങലുകള്‍ആ പാതിരാത്രിയിലും എയര്‍പോര്‍ട്ടിനു പുറത്തു പകല് പോലെ വെളിച്ചമുണ്ടായിരുന്നു. തിരക്കും.

ഉള്ളിലെ, യാത്രയയക്കാന്‍  വരുന്നവര്‍ക്കുള്ള ഇരിപ്പിടത്തില്‍ അവര്‍ രണ്ടുപേരും....അയാളുടെ നരച്ച താടിരോമങ്ങള്‍ മുഖത്ത് ഇക്കിളിയിട്ടപ്പോള്‍ കയ്യിലിരുന്ന കുഞ്ഞ് കുടുകുടെ ചിരിച്ചു. അരികിലെ സീറ്റില്‍ ഇരുന്ന പര്‍ദ്ദയിട്ട സ്ത്രീയോട് കുറുമ്പുകാട്ടി ഒരു മൂന്നു വയസ്സുകാരന്‍..... അവര്‍ അവനെ ഒരു നേന്ത്രപ്പഴം കഴിപ്പിക്കാന്‍ വളരെയധികം ശ്രമിച്ചും നിരാശപ്പെട്ടും.......

അകത്ത് ബോര്‍ഡിംഗ് പാസിനുള്ള നീണ്ട ക്യൂ കാണാമായിരുന്നു. ലഗേജ് തള്ളി പോകുന്നവരിലും   വരിനില്‍ക്കുന്നവരിലും   ധാരാളം കുടുംബങ്ങള്‍.....

കുട്ടിയോട് തോറ്റ് അവര്‍ പഴം കയ്യിലെ സഞ്ചിയിലേക്ക് വെച്ചപ്പോള്‍ അവന്‍ അവരുടെ മടിയിലിരുന്ന്  എന്തൊക്കെയോ കഥകള്‍  പറയാന്‍ തുടങ്ങി. കൊഞ്ചലുകള്‍ക്ക് തലയാട്ടിയും മറുപടി പറഞ്ഞും  ഇടക്കിടെ ഉമ്മകൊടുത്തും പറന്നു കളയാന്‍ ശ്രമിക്കുന്ന ഒരു കിളിയെ എന്നപോലെ അവര്‍ അവനെ പൊതിഞ്ഞു പിടിച്ചിരുന്നു.

കളി മതിയാക്കി ചെറിയ കുഞ്ഞ് അയാളുടെ തോളില്‍ കിടന്ന് ഉറങ്ങാന്‍ തുടങ്ങി. അവളെ ഉണര്‍ത്താതെ ഇപ്പുറത്ത് അവന്‍റെ കുസൃതി വര്‍ത്തമാനങ്ങള്‍ക്ക് ചെവി കൊടുത്ത് അയാളും താല്‍പര്യത്തോടെ കേട്ടിരുന്നു.

“വല്ലാണ്ട് നേരം വൈക്യല്ലോ........ഇനി എപ്പളാ പോയി കിടന്നൊറങ്ങ്വാ..”  കൂടെയുള്ള ചെറുപ്പക്കാരന്‍ ബോര്‍ഡിംഗ് പാസ്സിനുള്ള ക്യൂവിലേക്ക് നോക്കി  അക്ഷമനായി.

“സാരല്ല അഫ്സലേ....... ഇനി കൊറച്ച് നേരം കൂടിയല്ലേ ഇവരെ ഇങ്ങനെ .......”  ആ ഉമ്മ പതിയേ പറഞ്ഞു. ആ  ദമ്പതികളുടെ  മുഖത്ത് പെയ്യാന്‍ പോകുന്ന മഴക്കാറുപോലെ സങ്കടം മൂടിക്കെട്ടി നിന്നു. വാക്കിലും സ്പര്‍ശത്തിലും ആ കുഞ്ഞുങ്ങളെ അവര്‍ വാത്സല്യം കൊണ്ട് പൊതിയുന്നുണ്ടായിരുന്നു.

“ഉമ്മിക്കും  ഉപ്പാപ്പക്കും നങള്‍ടെ കൂടെ ദുബയില്‍ക്ക് വന്നൂടെ.......നാന്‍ അവ്ടന്ന് ഡ്രസ്സും മുട്ടായീം ഒക്കെ വാങ്ങി തരാലോ........അവ്ടെ നമ്മക്ക് ദീസോം ആന കളിക്കാലോ........ഷോപ്പില് പോയി സാധന വാങ്ങാലോ.... ”

കുഞ്ഞു വര്‍ത്താനങ്ങള്‍ക്ക് അവര്‍ മറുപടിയില്ലാതെ ചിരിച്ചു. നിറഞ്ഞു വന്ന കണ്ണുകള്‍ പരസ്പരം കാണിക്കാതിരിക്കാന്‍ രണ്ടാളും ശ്രമിക്കുന്നുണ്ടായിരുന്നു.

ഏറെ നേരം കഴിഞ്ഞ് ഉള്ളിലെ തിരക്കില്‍  നിന്ന് ഒരു ചെറുപ്പക്കാരനും യുവതിയും കയ്യില്‍ ബോര്‍ഡിംഗ് പാസ്സുമായി സങ്കടമുഖത്തോടെ,  സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അതിരിന് അപ്പുറത്ത് വന്നു നിന്നു.

മോനെ കെട്ടിപ്പിടിച്ചു യാത്രയാക്കുമ്പോഴും ഉറങ്ങുന്ന കുഞ്ഞിനെ മാറി മാറി ചുംബിച്ചു കൈമാറുമ്പോഴും  ആ വയോധികര്‍    ശരിക്കും കരയുന്നുണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ഒന്നും പറയാനാവാതെ........ തിരക്കില്‍ ദൂരെ കുട്ടികള്‍ കണ്ണില്‍ നിന്ന് മറയുവോളം  അവര്‍ അവിടെ തന്നെ നിന്നു. പിന്നെ കൂടെയുള്ള ചെറുപ്പക്കാരനോടൊപ്പം   നിശബ്ദരായി  പുറത്തേക്ക് പോയി.

വീട്ടിലേക്കുള്ള യാത്രയില്‍ പുറത്തേക്ക്  നോക്കി പരസ്പരം ഒന്നും പറയാനില്ലാതെ അവര്‍ ഇരിക്കും. ഒച്ചയനക്കമില്ലാത്ത  ഒരു വീട് ഇരുട്ടില്‍ അവരെ കാത്തിരിക്കുന്നുണ്ടാകും......

അലക്ഷ്യമായി കിടക്കുന്ന കളിപ്പാട്ടങ്ങളും ....കുഞ്ഞുടുപ്പുകളും  അവരെ നോവിച്ചു കൊണ്ടിരിക്കും. ......ഇരുട്ടില്‍ ഒളിച്ചിരുന്ന് ഒച്ചയിട്ട് ഇപ്പോള്‍ പേടിപ്പിക്കുമെന്നും,  കള്ളച്ചിരിയോടെ ഓടി വരുമെന്നും അവര്‍ വെറുതെ കൊതിക്കും..........പീടികയിലേക്ക് പോകുമ്പോള്‍ വിരലില്‍ തൂങ്ങി നടക്കാനും നൂറായിരം സംശയം ചോദിക്കാനും............... വീട്ടിലേക്ക് വരുമ്പോള്‍ പല്ലില്ലാച്ചിരിയോടെ സ്വീകരിക്കാനും........ഉറങ്ങിപ്പോയ വീട്ടില്‍ ഇനി ആരുമില്ലെന്ന് മനസ്സ് അവരെ കരയിക്കും.........


ചുരത്തി മതിയാവാത്ത വാത്സല്യത്തിന്‍റെ കടല്‍ ഉള്ളില്‍ നോവായി കനത്ത്  ഈ   രാത്രി അവര്‍ ഉറക്കമില്ലാതെ കിടക്കും... അപ്പോള്‍ ആകാശത്തിലൂടെ ഒരു വിമാനം ഒരുപാട് സങ്കടം നിറഞ്ഞ മനസ്സുകളും പേറി മരുഭൂമിയിലേക്ക് പറക്കുന്നുണ്ടാകും.... അതില്‍ രണ്ടു കുഞ്ഞു കണ്ണുകള്‍ താഴെ ഇരുട്ടില്‍ എവിടെയോ ഒരു വീടും അവിടെ രണ്ടു വൃദ്ധമനുഷ്യരെയും തിരയുന്നുണ്ടാകും.

9 comments:

 1. ഒരു വേര്‍പാട്,വളരെ മനോഹരമായി എഴുതി

  ReplyDelete
 2. വീണ്ടും സങ്കടപ്പെടുത്തി......................
  ആശംസകള്‍

  ReplyDelete
 3. നോവുണര്‍ത്തി പറന്നു പോയ വിമാനങ്ങള്‍ തിരിച്ചു വരട്ടെയെന്ന് ആഗ്രഹിച്ചു പോകുന്നു..... നല്ലെഴുത്തിന് നന്മകള്‍ നേരുന്നു......

  ReplyDelete
 4. പ്രവാസത്തിന്റെ മറ്റൊരു മുഖം ,, എല്ലാം ഒന്നിച്ചു കിട്ടില്ലല്ലോ

  ReplyDelete
 5. പ്രവാസത്തിന്റെ മറ്റൊരു മുഖം ,, എല്ലാം ഒന്നിച്ചു കിട്ടില്ലല്ലോ

  ReplyDelete
 6. അടക്കിപ്പിടിച്ച ആ തേങ്ങലുകൾ കാണാതെപോകുന്നവരും കണ്ടില്ലെന്ന് നടിക്കുന്നവരും അനവധി.. സ്വന്തം സുഖം സ്വന്തം സൌകര്യം സ്വന്തം ജീവിതം.. അതിലേക്ക് ചുരുങ്ങുമ്പോൾ തേങ്ങലുകൾ ഒരു ഭാഗത്ത് നാളെയുടെ ശാപമായി ജനിക്കുന്നു..

  ReplyDelete
 7. പ്രവാസം എന്നും സങ്കടകടല്‍ പോലെ അലയടിക്കുന്നു

  ReplyDelete
 8. വേർപാടിന്റെ നൊമ്പരം
  ശരീക്കും വരച്ച് കാട്ടിയിരിക്കുന്നു

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ