Tuesday, August 12, 2014

ആ വികൃതികളെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍‘മുഖം കഴുകി അമ്മയെ വന്ദിച്ച ശേഷം അവന്‍ ജനലിന്‍റെ തണുത്ത ചില്ലില്‍ മുഖമമര്‍ത്തി അവര്‍ കടന്നുപോകുന്ന സ്ഥലങ്ങളേതാണെന്നും അന്നാട്ടുകാര്‍ എന്ത് ചെയ്യുന്നുവെന്നും നോക്കി. ..............
........... ആ കാട്ടിനടിയില്‍ ഒരു കുടിലുണ്ടായിരുന്നു. ഷര്‍ട്ടും വലിയ രണ്ടു കമ്പിളിച്ചെരിപ്പുകളുമിട്ട ഒരു കൊച്ചുപയ്യന്‍ ഒരു പൂച്ചയെയും കൊണ്ട് തിണ്ണയിലേക്ക് ചാടി. അവന്‍ അതിനെ ഒരൊറ്റ ഏറ്. പൂച്ച കറങ്ങിവീണ് പൊടിമഞ്ഞില്‍ ആണ്ടുപോയി. അത് വിഷമിച്ചു വന്ന്‍ പുറത്തേക്ക് ഓടിപ്പോയി. .....
.....അതാ ഒരു കാവല്‍പ്പുര അതിനടുത്ത് ആട്ടിന്‍തോല്‍ക്കോട്ടിട്ട ഒരു കാവല്‍ക്കാരന്‍ നില്‍ക്കുന്നുണ്ട്........’

ഗെക്ക് തീവണ്ടിജാലകത്തിലൂടെ കാണുന്ന കാഴ്ചകള്‍ നാമും കാണുന്നുണ്ട്. മഞ്ഞുവീണു മൂടിയ നിരത്തുകളും തെരുവുകളും ഫിര്‍ മരങ്ങളും രോമക്കുപ്പായം ധരിച്ച മനുഷ്യന്മാരും.....

ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളില്‍ പലരെയും പോലെ ഞാനും  കാത്തിരുന്നിരുന്നു. ഗെക്കിന്‍റെയും ചുക്കിന്‍റെയും വികൃതികള്‍ വായിക്കാന്‍. അമ്മയോടൊപ്പം അച്ഛനെ തേടിയുള്ള അവരുടെ യാത്രയില്‍ ഒപ്പം കൂടാന്‍. അപരിചിതമായ ഒരു നാട്ടിലെ കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കും ഒപ്പം അമ്മയെന്ന സ്നേഹഭാവവും അച്ഛന്‍ എന്ന കരുതലും ലോകത്തെങ്ങും ഒരുപോലെയാണല്ലോ എന്ന് ആഹ്ലാദിക്കാന്‍.

റഷ്യയില്‍ നിന്ന് വരുന്ന, മലയാളത്തില്‍ അച്ചടിച്ച ‘സോവിയറ്റ് യൂണിയന്‍’ എന്ന മിനുസമുള്ള കടലാസും വര്‍ണ്ണചിത്രങ്ങളും ഉള്ള മാസികയുടെ അവസാന പുറങ്ങളില്‍ തുടര്‍ക്കഥയായി ‘ചുക്കും ഗെക്കും’ രസിപ്പിച്ച കാലം. പുതിയൊരു ലോകം തുറന്നു തന്ന വായന. 
സ്വപ്നജീവിയായ ഗെക്കും കാണുന്നതൊക്കെ എടുത്ത് തന്‍റെ തകരപ്പെട്ടിയില്‍ സൂക്ഷിക്കുന്ന ചുക്കും. അവര്‍ ശണ്‍ഠ കൂടുന്നതിനിടയില്‍ നഷ്ടപ്പെട്ടുപോയ അച്ഛന്‍റെ കമ്പിയും, അത് കിട്ടാതെ പോയത് മൂലമുണ്ടായ പൊല്ലാപ്പും. തീവണ്ടിയാത്രയും അതുകഴിഞ്ഞ് പകലും രാവും നീണ്ട കുതിരവണ്ടി യാത്രയുടെ ഹരവും, രാത്രിയിലെ സത്രവും അച്ഛന്‍റെ താമസസ്ഥലവും കുട്ടികളുടെ വികൃതിയും ഒക്കെ എത്ര മനോഹരമായാണ് വരച്ചു വെച്ചത്. 

മിനിഞ്ഞാന്ന് കോഴിക്കോട്ടെ മാതൃഭൂമി ബുക്ക്സ്റ്റാളില്‍  മോന് വേണ്ടി പുസ്തകം തിരഞ്ഞെപ്പോള്‍ ഏറെക്കാലത്തിനു ശേഷം വീണ്ടും കണ്ടുമുട്ടി ആ വികൃതികളെ. ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കുമ്പോള്‍ പഴയ അതേ കൌതുകവും ആകാംക്ഷയും അനുഭവിക്കാന്‍ കഴിയുന്നു ഓരോ വരികളിലും. അന്ന് മനസ്സില്‍ കണ്ട തെരുവും അടുപ്പും മഞ്ഞു വീണുറച്ച കാട്ടിലേക്കുള്ള വഴിയും...... 

വായന മാന്ത്രികമായൊരു ലോകത്തിലേക്കുള്ള വാതിലാണ്. കാലങ്ങള്‍ക്ക് പിറകോട്ടുള്ള തിരിച്ചുപോക്കും. കാലമെത്ര കഴിഞ്ഞാലും ബാല്യം മാറാത്ത കുസൃതികളായ  ‘ചുക്കും ഗെക്കും’ അത് വിളിച്ചുപറയുന്നു. മുടിയിഴകളില്‍ വീണ മഞ്ഞുരുകുന്നത് അറിയാതെ അവരുടെ അമ്മ അപ്പുറത്തിരുന്നു മന്ദഹസിക്കുന്നുണ്ടാവും. ഭൂഗര്‍ഭഗവേഷണസംഘത്തിന്‍റെ തലവനായ അവരുടെ അച്ഛന്‍ സെരോഗിനെ ഓര്‍ത്തുകൊണ്ട്‌. സംഭവബഹുലമായ ആ യാത്രയും.
---------------------------------
ചുക്കും ഗെക്കും –അര്‍ക്കാദി ഗൈദാര്‍ (വിവര്‍ത്തനം കെ ഗോപാലകൃഷ്ണന്‍) മാതൃഭൂമി ബുക്സ്

6 comments:

 1. എന്തോരിഷ്ടമാണ് ചുക്കിനോടും ഗെക്കിനോടും.... ഇപ്പോഴും ഞാന്‍ ഇടക്കൊക്കെ ഇരുന്നു വായിക്കും. :)

  ReplyDelete
 2. പുസ്തകം വാങ്ങണം.

  ReplyDelete
 3. വായിച്ചിട്ടുണ്ട്.
  പണ്ടുകാലത്ത് കിട്ടിയ സോവിയറ്റ് യൂണിയന്‍ കൃതികള്‍ പലരും ഞങ്ങളുടെ ലൈബ്രറിയില്‍ സുക്ഷിച്ചുവെച്ചിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
 4. സോവിയറ്റ് നാട് എന്ന ഒരു പഴയ ഗൃഹാതുരസ്മരണ. എന്തൊരു പ്രൌഢി ആയിരുന്നു അതിന്റെ കടലാസിന് പോലും!

  ReplyDelete

 5. ..എന്തെല്ലാം ഓർമ്മകൾ !

  എന്റെ ചെറിയ novelette വായിച്ച് അഭിപ്രായം പറയുക. നന്ദി!
  http://theeyattam.blogspot.com

  ReplyDelete
 6. റഷ്യയില്‍ നിന്ന് വരുന്ന, മലയാളത്തില്‍ അച്ചടിച്ച ‘സോവിയറ്റ് യൂണിയന്‍’ എന്ന മിനുസമുള്ള കടലാസും വര്‍ണ്ണചിത്രങ്ങളും ഉള്ള മാസികയുടെ അവസാന പുറങ്ങളില്‍ തുടര്‍ക്കഥയായി ‘ചുക്കും ഗെക്കും’ രസിപ്പിച്ച കാലം ഓർമ്മയിൽ ഓടിയെത്തി

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ