Monday, April 28, 2014

ദേശ ചരിത്രത്തിന്‍റെ, അടഞ്ഞുപോകുന്ന വാതിലുകള്‍

((2.05.2014) 4PM NEWS 'സസ്നേഹം' പ്രസിദ്ധീകരിച്ചപ്പോള്‍.)
നാട്ടിന്‍പുറത്തുകൂടെ മഞ്ഞ നിറമുള്ള സ്കൂള്‍ ബസ്സുകള്‍  ഓടുന്നതിനും മുമ്പ്, സ്കൂള്‍കുട്ടികള്‍ യൂണിഫോം ധരിക്കുന്നതിനും  മുമ്പ്, സ്കൂളുകള്‍ തന്നെ ഉണ്ടാകുന്നതിനും മുമ്പ്, ഞങ്ങളുടെ നാട്ടിലൊരു എഴുത്തുപള്ളിയുണ്ടായിരുന്നു. ചെറുപ്പക്കാരൊക്കെ ജിമ്മിലും, ചെറുപ്പം പിന്നിട്ടവര്‍ പ്രഭാത നടത്തത്തിനും പോകുന്ന കാലത്തിനും മുമ്പ് ഞങ്ങളുടെ നാട്ടില്‍ കളരികളുണ്ടായിരുന്നു. ജ്വല്ലറികളില്‍ മാവേലി സ്റ്റോറിലെന്നപോലെ തിരക്കാവുന്നതിനും മുമ്പ് ഞങ്ങളുടെ നാട്ടിലൊരു തട്ടാനുണ്ടായിരുന്നു. സൂപ്പര്‍ മാര്‍കറ്റില്‍ നിന്നും അരിച്ചാക്ക് ‘ഡോര്‍ ഡെലിവറി’ ചെയ്തു തുടങ്ങുന്നതിനും എത്രയോ കാലം മുമ്പ്  നെല്ല് കൊയ്തു കൂട്ടിയ വലിയ കളപ്പുരകളുള്ള നാടായിരുന്നു ഞങ്ങളുടേത്.....

ഈ ചരിത്രമൊക്കെ  ആരെങ്കിലും  എഴുതി വെച്ചിട്ടുണ്ടോ?........... ഉണ്ട് പൊടിഞ്ഞു തുടങ്ങിയ പഴയ അടിയാധാരങ്ങളിലും, പണം പയറ്റിന്‍റെ കണക്കെഴുതിയ പുസ്തകങ്ങളിലുമൊക്കെയായി പേരിനൊപ്പം ചേര്‍ത്ത വീട്ടുപേരുകള്‍ വിളിച്ചു പറയുന്നുണ്ട് ദേശത്തിന്‍റെ ഇന്നലെകളുടെ ചരിത്രം.

അന്നത്തെ  ഭൂപ്രകൃതിയുംകൃഷിയുംകച്ചവടവുംസ്ഥാപനങ്ങളും, വ്യക്തികളും തൊഴിലുമൊക്കെ ചേര്‍ന്ന പഴയ വീട്ടുപേരുകള്‍. കൌതുകപൂര്‍വ്വം എല്ലാമൊന്നു  ചേര്‍ത്തുവെച്ചാല്‍ കിട്ടും നിങ്ങളുടെ നാടിന്‍റെയും  ഇന്നലെകളുടെ  അതിശയിപ്പിക്കുന്നൊരു ചിത്രം.


നിരത്തും, റെയിലും, കോണ്‍ക്രീറ്റ് വീടുകളുമെല്ലാം മനസ്സില്‍ നിന്ന് മായ്ച്ചുകളയുക. കയ്യില്‍ പലകയും മണലുമായി തെങ്ങിന്‍ പാലം കടന്ന് നാട്ടിടവഴിയിലൂടെ  എഴുത്തുപള്ളിയിലേക്ക് പോകുന്ന ഉടുപ്പിടാത്ത, തോര്‍ത്തും കോണകവുമുടുത്ത  ബാലികാബാലന്മാര്‍. കളരിയില്‍ കച്ചകെട്ടി ഓതിരവും കടകവും മറിയുന്ന ചെറുപ്പക്കാരുടെ എണ്ണയും വിയര്‍പ്പും തിളങ്ങുന്ന ശരീരങ്ങള്‍. ഉമിത്തീയില്‍ ഊതുന്ന  തട്ടാന്‍റെ മുന്നില്‍ അലിക്കത്തും ചിറ്റും മാട്ടിയും ഉണ്ടാക്കാനിരിക്കുന്ന ഉമ്മച്ചിപ്പെണ്ണുങ്ങള്‍. കറ്റ മെതിച്ചും പൊലി അളന്നും ആളും ബഹളവും നിറഞ്ഞ കളപ്പുര........

‘എഴുതുപള്ളിപ്പറമ്പും’ ‘കളരിവളപ്പിലും’ ‘തട്ടാന്റവിടെ’യും ‘കളത്തിലും’.... ആ പഴയ വീട്ടുപേരുകള്‍. ഏതോ കാലത്തെ എന്‍റെ നാടിനെ ബ്ലാക്ക്&വൈറ്റ് സിനിമയിലെന്ന പോലെ കാട്ടിത്തരുന്നു, 

‘പീടികയിലും’ ‘പീടിക വളപ്പിലും’ ഞങ്ങളുടെ നാട്ടിലെ വീട്ടു പേരുകളാണ്. അവിടെയൊക്കെ ഉണ്ടായിരുന്ന കടകളെ കുറിച്ച് കഴിഞ്ഞ തലമുറക്ക് പോലും ഓര്‍മ്മയില്ല. ‘കുന്നത്ത്’ കുന്നിന്‍റെ മുകളിലായിട്ട് വരുമെങ്കിലും ‘കുന്നോത്ത്’ കുറച്ചു ദൂരെയാണ്. തൊട്ടടുത്തുള്ള  ദൈവമുള്ള കുന്നോത്തി’ന്‍റെ പിറകിലെ ചരിത്രം എന്താവാം. മൂടാടി എന്ന് ഇന്നറിയപ്പെടുന്ന ഇടത്തുനിന്നും കുറച്ചു ദൂരെയാണ്  ‘മൂടാടികണ്ടി’യുള്ളത്.

വയല്‍ മണ്ണിട്ടുയര്‍ത്തി വീട് വെച്ചപ്പോഴും വീട്ടുപേര് പൊയിലില്‍ എന്ന് തന്നെ. തൊട്ടടുത്ത് വയല്‍ നികത്തിയെടുത്ത കുനിയിലും’ ‘പറമ്പിലും’.  ‘കളമുള്ളതില്‍ എന്ന് ആധാരത്തില്‍ കാണുന്നത് ലോപിച്ചാണ് കളത്തില്‍ ആയത്. തൊട്ടടുത്ത് കളത്തില്‍കണ്ടിയും, ‘പൊന്നാട്ടിലും’ ‘പൊന്നാട്ടുംകണ്ടിയുമുണ്ട്. ചാത്തമോത്താണോ ചാത്തോത്ത്ആയി മാറിയത്

ഉമ്മയുടെ തറവാടിന്‍റെ പേര് മടത്തുവീട്ടില്‍ എന്നായിരുന്നു. മഠത്തുവീട്ടില്‍ എന്നത് പറഞ്ഞു പറഞ്ഞ് തേഞ്ഞ് ഇങ്ങനെ ആയിത്തീര്‍ന്നതാണ്. പണ്ട് പണ്ട് ഏതോ കാലത്ത് പട്ടന്മാര്‍ താമസിച്ചിരുന്ന മഠമായിരുന്നുവത്രെ ഇവിടം.. തലമുറകള്‍ കൈമാറി വന്ന ഈ ചരിത്രം വല്യുപ്പ പറഞ്ഞു കേട്ടതാണ്. ഞങ്ങളുടെ നാട്ടില്‍ പട്ടന്മാര്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഈ തലമുറ മാത്രമല്ല കഴിഞ്ഞ തലമുറയും അതിശയിക്കും. 

കൃഷിയും കൃഷിക്കാരും  ഏറെയുണ്ടായിരുന്ന ഞങ്ങളുടെ നാട്ടിലെ വീട്ടുപേരുകള്‍ അധികവും  കുനിയും, കണ്ടിയും, പറമ്പും, പൊയിലുമൊക്കെയായത് സ്വാഭാവികം. ഞങ്ങളുടെ അടുത്ത പ്രദേശമായ ചരിത്ര പ്രസിദ്ധമായ പന്തലായനി കൊല്ലവും  കൊയിലാണ്ടിയിലുമുള്ള അധിക വീട്ടുപേരുകളും  ആ പ്രദേശത്തിന്‍റെ ചരിത്ര വസ്തുതകളിലേക്കും മുമ്പ് ജീവിച്ച പ്രധാന വ്യക്തികളിലേക്കും വെളിച്ചം വീശുന്നതാണ്. 

ചൈനക്കാരുമായി വ്യാപാര ബന്ധം ഉണ്ടായിരുന്ന പന്തലായനി കൊല്ലത്തെ വീട്ടു പേരുകളാണ് ‘ചീനന്മാരക’വും, ‘ചീനവളപ്പു’മെല്ലാം. ‘എറമാക്കാന്റക’വും, ‘അവറാങ്കത്തും’, ‘ഉസ്സാങ്കത്തും’ ‘മുസാദാക്കാന്റാട’യും  ‘അറക്കലും’ ‘ഈസലകത്തും’ ‘ബാസൽമിന്റാടയും’ ‘തോപ്പിലും’ ‘പിയാളക്കലും (പുതിയ മാളിയക്കൽ) ‘മാളിയേക്കലും’ ‘വലിയ പുരയിലും’  മെല്ലാം കൊയിലാണ്ടിയിലെ പഴയ മുസ്ലിം തറവാടുകളുടെ പേരാണ്. തൊട്ടടുത്ത ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തമായി  പ്രതാപികളായ അന്നത്തെ തറവാട്ടുകാരണവന്മാരുടെ പേര് ചേര്‍ത്തും. വീടിന്‍റെ പകിട്ട്( മാളിക, വലിയ വീട്) ചേര്‍ത്തും വീട്ടു പേരായി തീരുകയാണിവിടെ. കോഴിക്കോട് കുറ്റിച്ചിറ ഭാഗത്തെ മുസ്ലിം വീട്ടുപേരുകളും ഏകദേശം ഇതേപോലെ.

മലപ്പുറത്തെ വീട്ടുപേരുകളില്‍ മൂച്ചിയും(മാവ്) തൊടിയുമൊക്കെ എമ്പാടും  .തിരുവനന്തപുരത്തെത്തുമ്പോള്‍  ‘വിളാകം’ എന്ന് ഏറെ കാണാം. ശബ്ദതാരാവലിയില്‍ ‘വിള’ എന്നാല്‍ പുരയിടം എന്നൊരു അര്‍ത്ഥവും ഉണ്ട്.

കാലം മാറിയപ്പോള്‍ കൂട്ടുകുടുംബമെന്നത് മാറി ഭാഗം വെച്ചു കിട്ടിയതും വിലക്ക് വാങ്ങിയതുമായ പറമ്പുകളില്‍ ഓടിട്ട വീടുകളും കോണ്‍ക്രീറ്റ് വീടുകളും ഉയരാന്‍ തുടങ്ങിയപ്പോള്‍ ‘മന്‍സിലുകളും’  ‘ഭവനുകളും’ ‘ഹൌസുകളു’മായി വീട്ടുകാരന്‍റെയോ/കാരിയുടെയോ മക്കളുടെയോ പേര് ചേര്‍ത്തുള്ള വീട്ടുപേരുകള്‍   ഗേറ്റിനു മുകളില്‍ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ സ്ഥാനം പിടിച്ചു.


ഇടവഴികളൊക്കെ ടാറിട്ട റോഡുകളായി മാറുകയും, മലയാളിയുടെ ഗൃഹ സങ്കല്‍പ്പം തന്നെ മാറിമറിയുകയും ചെയ്തപ്പോള്‍ വീട്ടുപേരുകളിലും ഉണ്ടായി മാറ്റം. മക്കള്‍ക്ക്‌ പേരിടുന്നപോലെ പറയാനും കേള്‍ക്കാനും ഇമ്പമുള്ള അര്‍ത്ഥമുള്ള വീട്ടുപേരുകള്‍  പിച്ചളയിലും, സ്റ്റീലിലും, ഗ്രാനൈറ്റിലുമൊക്കെ വീട്ടുമതിലില്‍ വിലാസമായി പ്രൌഡിയോടെ നില്‍ക്കുന്നു. ‘കൌസ്തുഭം’ ‘ആയിഷാസ്’’പൂങ്കാവനം’ ‘പാരഡൈസ്’......

പക്ഷെ അറിയാതെ നാം അടച്ചുകളഞ്ഞത്  ഓരോ പ്രദേശത്തിന്‍റെയും ഇന്നലെകളുടെ,  നമ്മുടെ പൂര്‍വ്വീകരുടെ  ചരിത്രത്തിലേക്ക് തുറന്നുവെച്ച  വാതിലുകളാണ്. എങ്ങും രേഖപ്പെടുത്താതെ ഇനിയൊരു തലമുറ കഴിയുമ്പോള്‍ നമുക്കത് എന്നെന്നേക്കുമായി നഷ്ടപ്പെടും. നിസ്സാരമെന്ന് തോന്നാമെങ്കിലും ഈ നഷ്ടം കനത്തതാണ്.

വരാനുള്ള തലമുറയില്‍ ഏതെങ്കിലുമൊരു കുട്ടി താന്‍ ജനിച്ചു വീണ മണ്ണിന്‍റെയും പൂര്‍വ്വീകരുടെയും ചരിത്രമറിയാന്‍ ഇറങ്ങിയാല്‍, യാത്ര കഴിഞ്ഞു തിരിച്ചു പോകുന്നൊരു യാത്രികന്‍ താന്‍ പുറപ്പെട്ടു പോന്നയിടവും വഴിയും  ആള്‍ താമസമില്ലാത്ത ശൂന്യമായ മരുഭൂമിയായി മാറിയത് കണ്ടു പകച്ചു നില്‍കുന്ന പോലെ നില്‍ക്കേണ്ടി വരും.


അതില്ലാതിരിക്കാന്‍ നമ്മുടെ മക്കള്‍ക്ക്‌ വേണ്ടി നമുക്ക് കുറിച്ച് വെക്കാം, ഇന്നലെകളിലെ വീട്ടുപേരുകളെങ്കിലും. നാം കെട്ടിപ്പൊക്കിയതൊക്കെ ഒരുകാലത്ത് തകര്‍ന്നടിഞ്ഞ് ഇല്ലാതായാലും  വരും തലമുറക്കായി  ബാക്കി വെക്കാന്‍......

6 comments:

 1. അങ്ങനെ വീട്ടു പേരുള്ളവര്‍ .. ഭാഗ്യമുള്ളവര്‍ ...

  ReplyDelete
 2. ഗ്രാമസൗരഭമുള്ള വരികൾ
  ഇക്കാ ഇഷ്ടായി

  ReplyDelete
 3. ഭാവിയിലെ ഒരു വീട് - കുഞ്ഞിലെ ഇങ്ങനെ സ്വപ്നം കണ്ടതിനു പിന്നില്‍ സ്കൂളിലെ "ഷാരത്തെ കുട്ടിയും,, പടിഞ്ഞാട്ടെ ചെക്കനും, അമ്പലത്തെക്കിലെ പാറുവും " ഒക്കെ ഉള്ളില്‍ ഉണ്ടാക്കിയ ഒരു നൊമ്പരം ആയിരുന്നു, പല വടകവീടുകള്‍ മാറുമ്പോള്‍ കൈമോശം വന്ന ഇമ്മാതിരി പേരുകള്‍ നല്‍കിയ നഷ്ടബോധം .... അതോര്‍മ്മിപ്പിക്കുന്നു ഈ വരികള്‍!

  ReplyDelete
 4. വരാനുള്ള തലമുറയില്‍ ഏതെങ്കിലുമൊരു കുട്ടി താന്‍ ജനിച്ചു വീണ മണ്ണിന്‍റെയും പൂര്‍വ്വീകരുടെയും ചരിത്രമറിയാന്‍ ഇറങ്ങിയാല്‍, യാത്ര കഴിഞ്ഞു തിരിച്ചു പോകുന്നൊരു യാത്രികന്‍ താന്‍ പുറപ്പെട്ടു പോന്നയിടവും വഴിയും ആള്‍ താമസമില്ലാത്ത ശൂന്യമായ മരുഭൂമിയായി മാറിയത് കണ്ടു പകച്ചു നില്‍കുന്ന പോലെ നില്‍ക്കേണ്ടി വരും. ...
  തീർച്ചയായും...!

  ReplyDelete
 5. well, please visit my blog www.prakashanone.blogspot.com

  ReplyDelete
 6. well, please visit my blog www.prakashanone.blogspot.com

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ