Sunday, February 23, 2014

ഇക്കാക്ക



ആഴമുള്ള ഉറക്കത്തിന്‍റെ  ചരട് മുറിച്ചു കൊണ്ടാണ് ടെലഫോണ്‍ മണി മുഴങ്ങിയത്.

എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവള്‍ ഫോണ്‍ എടുക്കുന്നത് കേട്ടു. 

‘ഇല്ല ...ഉറങ്ങ്വാ .........ഇന്ന് വെള്ളിയാഴ്ചയല്ലേ.............കുറേക്കഴിയും.......ങാ........എന്തേലും പറയണോ......എന്നാ ശരി’

ഫോണ്‍ വെച്ചു.

‘നാശം......ഒരു ദിവസമെങ്കിലും സ്വസ്ഥമായി ഉറങ്ങാന്നു വെച്ചാ....വിളിച്ചോളും സമയവും കാലവും നോക്കാതെ’

‘ആരാ........’

‘നിങ്ങടെ ഇക്കാക്ക’

അവള്‍ അരിശത്തിലാണ്.

‘എന്തേ...വിശേഷിച്ച്’

‘കുന്തം.......എന്തോ പൈസയുടെ തിടുക്കമുണ്ടാകും. പിന്നെ വിളിക്കാന്നു പറഞ്ഞു’

‘എന്തെങ്കിലും പറഞ്ഞോ പ്രത്യേകിച്ച്..’

‘ങാ.....ഉറക്കത്ത് വിളിച്ചുണര്‍ത്തി നമ്മുടെയൊക്കെ സുഖവിവരം ചോദിച്ചു...പോരേ.........അപ്പോ കാര്യായിട്ടുള്ള എന്തോ ആവശ്യാന്ന് ഉറപ്പിക്കാം’

അവള്‍ പരിഹസിക്കുന്ന പോലെ പിന്നെയും പിറുപിറുത്തുകൊണ്ട്  പുതപ്പിനുള്ളിലേക്ക് നൂണ്ടുപോയി.

ഒരു ടെന്‍ഷനും ഇല്ലാതെ ഉറങ്ങാന്‍ കഴിയുന്നത്‌ ഇങ്ങനെ വെള്ളിയാഴ്ച രാവിലെകളിലാണ്.  മൂടിപ്പുതച്ച് ഇരുട്ടിലിങ്ങനെ.......മക്കള്‍ക്ക്‌ സ്കൂളിലോ തനിക്ക് ഓഫീസിലോ പോകാനില്ലാത്തത് കൊണ്ട് അവള്‍ക്കും സ്വസ്ഥമാണ് ഈ ഉറക്കം. ഒമ്പത് മണിയൊക്കെ കഴിഞ്ഞ് സാവകാശം ഉണര്‍ന്നാല്‍ മതി. ഉണര്‍ന്നാലും കുറെ നേരം വെറുതേ കിടക്കാം. അതൊരു സുഖമാണ്. പക്ഷെ ഇന്നത്തെ ദിവസം രാവിലെതന്നെ എല്ലാം നശിപ്പിച്ചു ആ ഫോണ്‍. ഉറക്കം  പോയതില്‍   നിരാശയും ദേഷ്യവും തോന്നി.

അയാള്‍ മൊബൈല്‍ എടുത്തു സമയം നോക്കി. എഴുമണി ആവുന്നേയുള്ളൂ. മൂന്നു മിസ്‌ കോളുകള്‍ . ഇക്കാക്കയുടെത് തന്നെ. തന്‍റെ ഫോണ്‍ സൈലന്‍റ്  ആയതു കൊണ്ടാവും വിളിച്ചിട്ട്  കിട്ടാതെ  ലാന്‍ഡ് ഫോണിലേക്ക് വിളിച്ചത്.

എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍  മാത്രമാണ് ഇങ്ങോട്ട് വിളിക്കുന്നത്‌. ചിലപ്പോള്‍ ബന്ധുക്കളുടെയോ, അയല്‍ക്കാരുടെയോ, നാട്ടുകാരുടെയോ ഒക്കെ കാര്യത്തിനാവും . സാമ്പത്തിക സഹായം തന്നെ പ്രധാനം. തരക്കേടില്ലാതെ അയച്ചുകൊടുക്കാറുമുണ്ട്. അവള്‍ പറയും

വിളിച്ചു പറഞ്ഞാലുടനെ പണം അയച്ചു കൊടുക്ക്‌.....നിങ്ങളെ ഇക്കാക്കാക്ക് പൊങ്ങച്ചം കിട്ടട്ടെ......നിങ്ങളുടെ പണം കൊണ്ട് എല്ലാരുടെം മുന്നില് അയാള്‍ക്ക്‌ ആളാകാം. നാട് വിട്ടാലുള്ള കഷ്ടപ്പാടൊന്നും മൂപ്പര്‍ക്ക്  അറിയണ്ടാലോ’.




പറയുമ്പോഴൊക്കെ അയച്ചു കൊടുക്കുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനെ. ചിലപ്പോള്‍ രാവിലെ തന്നെ ആരെങ്കിലും സങ്കടം പറയാന്‍ വന്നിട്ടുണ്ടാവും. എളുപ്പമാണല്ലോ ഇങ്ങോട്ട് ഒരു മിസ്കോള്‍ അല്ലെങ്കിലൊരു വിളി.

നാട്ടില്‍ നിന്ന്   ഒരു ദിവസം പോലും  എങ്ങും വിട്ടു നില്‍ക്കാത്ത ഇക്കാക്കാക്ക് ഇവിടത്തെ ജീവിതത്തിന്‍റെ കഷ്ടപ്പാടുകള്‍ ഒന്നും അറിയണ്ടല്ലോ. അനുഭവിക്കുന്ന പിരിമുറുക്കങ്ങളും തിരക്കുകളും..........

മുറിഞ്ഞുപോയ ഉറക്കം തിരിച്ചുപിടിക്കാനാവാതെ  കുറച്ചു നേരം കൂടി തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാള്‍ എഴുന്നേറ്റു. ദേഷ്യവും സങ്കടവും ഉള്ളില്‍ കിടന്നു പുകഞ്ഞു. ഒന്ന്  പൊട്ടിത്തെറിക്കാനോ ഉറക്കെ കരയാനോ പോലും കഴിയാതെ ചിട്ടയോടെയും ഉപചാരശീലങ്ങലോടെയും വാക്കുകളും ചലനങ്ങളും യാന്ത്രികമായിപ്പോയ തന്‍റെ ജീവിതത്തെ കുറിച്ച്..........അയാള്‍ക്ക്‌ കരച്ചില്‍ വന്നു.


ഭാര്യയും മക്കളുമൊക്കെ പിന്നെയും ഉറക്കത്തിലേക്ക് ആണ്ടുപോയിരിക്കുന്നു. മൊബൈലുമെടുത്ത്  ബെഡ് റൂമില്‍ നിന്ന് പുറത്തേക്ക് കടന്നു.

കളിപ്പാട്ടം പൊട്ടിപ്പോയ കുട്ടിയെപ്പോലെ അയാള്‍ ഖിന്നനായി. ഉള്ളില്‍ ആവിപോലെ ഉയരുന്ന  കോപവും സങ്കടവും. മൊബൈലില്‍ വെറുതെ മറിച്ചു കൊണ്ടിരുന്നപ്പോള്‍ പിന്നെയും ഫോണ്‍.

ഇക്കാക്ക തന്നെ.  ഈര്‍ഷ്യയോടെ ഫോണെടുത്ത് സലാം പറഞ്ഞു.
ഇക്കാക്ക ചോദിച്ചു.

‘പിന്നെ എന്തൊക്കെയാ നിങ്ങളെ വിശേഷം..... സമീറാക്കും കുട്ട്യോള്‍ക്കും ഒക്കെ സുഖം തന്നല്ലേ..’

‘എല്ലാര്‍ക്കും സുഖം തന്നെ’
മറുപടിക്ക് വലിയ മയം ഉണ്ടായിരുന്നില്ല.

‘പിന്നെ.........’

എന്തോ പറയാനുണ്ട് എന്നുറപ്പ്. കാശിന്‍റെ കാര്യം തന്നെ ആയിരിക്കും.

‘ഞാന്‍ നിന്നോട് ഒരു കാര്യം പറയാനാ രാവിലെ മുതല് വിളിച്ചത്.....’
പറഞ്ഞോ
‘പിന്നെ...................ഇന്നലെ രാത്രി ഞാന്‍ നിന്നെ ഒറക്കത്ത് കണ്ട്.....നീ ഒറ്റയ്ക്ക് പേടിച്ച്  നിലവിളിക്കുന്നതായിറ്റ് ........പിന്നെ എനിക്ക് ഉറക്കം വന്നില്ല. അതാ രാവിലെ തന്നെ വിളിച്ചത്.............ഒന്നൂല്ലാലോ നിനക്കും കുട്ട്യേക്കുമൊന്നും  .....വണ്ടിയൊക്കെ എടുത്ത് പോകുമ്പൊ ശ്രദ്ധിക്കണേ....’

ഫോണ്‍ കട്ടായി.
ഒറ്റയടിക്ക് അയാള്‍ ഒന്നുമല്ലാതായിപ്പോയി. ധൃതിയോടെ തിരിച്ചു വിളിച്ചു. അപ്പുറത്ത് ഇക്കാക്ക.

‘ഇതില് പൈസ തീര്‍ന്നതോണ്ടായിരിക്കും കട്ടായിപ്പോയി........നീ ബേജാറാകുകയൊന്നും മാണ്ട.........എന്തോ ഇങ്ങനൊക്കെ ഒറക്കത്ത് കാണുമ്പോ ഒരു പേട്യാ...കണ്ണെത്താദൂരത്തല്ലേ നിങ്ങളൊക്കെ....ഒന്ന് വിളിച്ച് വര്‍ത്താനം പറഞ്ഞാലേ  സമാധാനണ്ടാവൂ............’

എന്ത് പറയണം എന്നറിയാതെ അയാള്‍ തളര്‍ന്നു നിന്നു. ഉള്ളില്‍  അണ പൊട്ടിയപോലൊരു  കരച്ചില്‍ വന്നു മുട്ടി. താനിപ്പോഴും എത്ര ചെറുതാണെന്ന് നിന്ദ്യതയോടെ ഓര്‍ത്തു.


ഇക്കാക്കയുടെ  വാക്കുകളില്‍ മദ്രസയിലേക്ക് പോകുന്ന വഴിയിലെ തെങ്ങിന്‍പാലം കടക്കുമ്പോള്‍ അപ്പുറമെത്തും വരെ മുറുകെപ്പിടിച്ച കൈകള്‍ തന്ന ബലം ...........

ഓടിക്കളിക്കുമ്പോള്‍ വീണ് തൊലിയുരിഞ്ഞ  മുട്ടിലെ ചോര കണ്ട് നിലവിളിച്ചപ്പോള്‍ തെങ്ങിന്‍ ചുണങ്ങ് വെച്ച് തന്ന് ‘ചോര ഇപ്പം നിക്കുട്ടോ’ എന്ന് പറഞ്ഞ്  മുറിവിലേക്ക്‌ ഊതിക്കൊണ്ടിരുന്നപ്പോള്‍ കിട്ടിയ ആശ്വാസം......

‘നീയെന്താ ഒന്നും മിണ്ടാത്തത്.....ഒന്നൂല്ലാലോ നിങ്ങക്കൊന്നും’

അപ്പുറത്ത് വീണ്ടും ഇക്കാക്കയുടെ വേവലാതി നിറഞ്ഞ ചോദ്യം.

കരച്ചില്‍ കനത്ത തൊണ്ടയില്‍ ഈ വാക്കുകള്‍ പറയാനാവാതെ  അമര്‍ന്നു നിന്നു.

ഇക്കാക്കാ...........സുഖാണ് .......എപ്പോഴും നിങ്ങളുടെ പ്രാര്‍ഥനയുടെ കരുതലുണ്ടല്ലോ....ഞങ്ങളോടൊപ്പം’


16 comments:

  1. ഹൃദയസ്പര്‍ശിയായിരിക്കുന്നു കഥ.
    വെറും തോന്നലായി അടിഞ്ഞുകൂടിയ തെറ്റദ്ധാരണകളുടെ പുകമറ നീങ്ങുമ്പോള്‍
    തൂവെളിച്ചം പരക്കുന്നു.
    രക്തബന്ധത്തിന്‍റെ മഹിമയും,ദൃഢതയും ഒളിവിതറുന്ന നല്ലൊരു കഥ.
    ആശംസകള്‍

    ReplyDelete
  2. പ്രവാസിയുടേയോ പ്രവാസത്തിന്റേയോ കഷ്ട്ടപ്പാടറിയാത്ത, ഒരു മിസ്കോളില്‍ നിന്നുതന്നെ കാര്യം ഗ്രഹിച്ചെടുക്കാനാവുന്ന ബന്ധങ്ങള്‍ തന്നെയാണ് നാട്ടിലുള്ളതില്‍ കൂടുതലും...ന്നാലും ഇത്തരത്തിലും ബന്ധങ്ങള്‍ ഉണ്ട് എന്ന് കഥപോലെയെങ്കിലും കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.......നല്ല എഴുത്തിക്കാ

    ReplyDelete
  3. ജീവിതത്തിന്റെ, അനുഭവങ്ങളുടെ തീക്ഷ്ണമായ ഒരേട്‌ കൂടി നജീബിക്കയുടെ ലളിതമായ അവതരണത്തിൽ വായിച്ച് തീർത്തു..!

    എന്നോ നഷ്ടപ്പെട്ട പിതാവിന്റെ സ്ഥാനത്ത് നിന്ന് കൂടപ്പിറപ്പുകളെ കരുതലോടെ സ്നേഹിക്കുന്ന ഒരു ഇക്കാക്കയുടെ..,

    ഒരു നിത്യ വരുമാനം ആകും വരെ തനിക്ക് ബലമായി നിന്ന ജ്വേഷ്ടൻ വിളിച്ച് ഒരാവശ്യം പറയുമ്പോൾ നിരസിക്കാനാവാത്ത നിസഹായതയിൽ.., ഒപ്പം ഇന്നലെകളെ കുറിച്ചുള്ള ഓർമ്മകളുടെ കടപ്പാടുകളിൽ സാമ്പത്തിക സഹായം ചെയ്തു കൊടുക്കുന്ന ഒരു അനിയന്റെ..,

    ബാല്യ കൗമാര്യങ്ങളിലെ കഷ്ടപ്പാടുകൾ താണ്ടി യുവത്ത്വത്തിൽ ജോലി നേടി സാമ്പത്തിക ഭദ്രത വരിച്ചതിനു ശേഷം മാത്രം ഒപ്പം കൂടിയ.., ഇന്നലെകളേക്കാൾ ഇന്നിന്റെ ബുദ്ധിമുട്ടുകളെയും, വളർന്നു വരുന്ന മക്കളുടെ ഭാവിയിലേക്കായി ഒരു നീക്കിയിരിപ്പും ആഗ്രഹിക്കുന്ന, അതിനായി ഭർത്താവിൽ സമർദ്ധം ചെലുത്തുന്ന അനിയന്റെ ഭാര്യയുടെയും... ജീവിതം തുറന്നു കാണിച്ചിരിക്കുന്നു...!

    മുകളിൽ പറഞ്ഞ മൂന്നു കഥാപാത്രങ്ങളെയും അവരവരുടെ "പോയിന്റ്‌ ഓഫ് വ്യൂ"വില്‍ കൂടി നോക്കി കാണുമ്പോൾ നമ്മളിൽ ഓരോരുത്തരും തന്നെയാണ് അവർ എന്ന തിരിച്ചറിവ് ഉണ്ടാകുന്നു...

    കഥാപാത്രങ്ങൾ നമ്മളിൽ തന്നെ ഉള്ളവരായി തോന്നിപ്പിക്കുന്ന എഴുത്തിന്റെ രീതിയെ ബഹുമാനിക്കുന്നു... അഭിനന്ദിക്കുന്നു... ഒപ്പം ഇനിയും പ്രതീക്ഷിക്കുന്നു..

    ReplyDelete
  4. കഥയുടെ ലാളിത്യം ഇഷ്ടപ്പെട്ടു.

    ഫോണിൽ മിസ്സ്ഡ് കാൾ കാണുമ്പോൾ, അല്ലെങ്കിൽ ഫോൺ വിളിക്കുമ്പോൾ എടുക്കാഞ്ഞാൽ ഒക്കെ ഇത്തരം വിദ്വേഷങ്ങളും , സന്ദേഹങ്ങളുമൊക്കെ മനസ്സിലുദിക്കാറുണ്ട്. ചിലപ്പോഴൊക്കെ അത്തരം ഊഹങ്ങൾ തെറ്റാറുണ്ടെങ്കിലും, നാം എത്ര ചെറുതാണ് എന്ന് പുച്ഛത്തോടെ ചൂണ്ടികാണിക്കുന്ന ഇത്തരം അനുഭവങ്ങളും ഉണ്ടാവാറുണ്ട്.

    ReplyDelete
  5. ബന്ധങ്ങളെ പണവുമായി കൂട്ടിക്കെട്ടരുത്......കഥയോട് ഇഷ്ടം

    ReplyDelete
  6. നല്ല കഥ.. സ്നേഹം ഇനിയും കൂമ്പടഞ്ഞു പോയിട്ടില്ലെന്നു തോന്നുന്നു. എങ്കിലും ഞങ്ങളിൽ ചിലരുടെ അനുഭവം വച്ച്,ചേട്ടന്റെ അടുത്ത കാൾ വരുമ്പോൾ കുറച്ചു സൂക്ഷിക്കണമെന്നു മാത്രം...!?

    ReplyDelete
  7. sooper oru thirichu pokku ,,,,,pinne sneha bandhangalude ketturappum ,,,kadha sooper najooka

    ReplyDelete
  8. പതിവ് പോലെ, സാധാരണമനുഷ്യരുടെ ലളിതമായ കഥ.
    സ്നേഹത്തിന്റെ കഥ
    അതാണീ പലചരക്കുകടയില്‍ ഞാന്‍ എപ്പോഴും കാണുന്നത്!!

    ReplyDelete
  9. ഒരു ഇടിവാൾ ഹൃദയത്തിലൂടെ കടന്നു പോയി ..ലൈക് അടിച്ചു മുന്നോട്ടു പോയെങ്കിലും തിരികെ വന്നു തുറന്നു നോക്കാൻ തോന്നിയത് കൊണ്ട് കിട്ടിയ നല്ലൊരു വായന
    ഊഹങ്ങൾ നിങ്ങളെ നാശത്തിലേക്ക് കൊണ്ടെത്തിക്കും മക്കളെ എന്ന് പണ്ട് ഉപ്പ പറയാർ ഉള്ളത് ഓര്മ്മ വന്നു
    പലപ്പോഴും നമ്മുടെ കുടുംബക്കാരിൽ പലരും ഇങ്ങോട്ടൊരു മിസ്സ്‌ കാൾ അടിച്ചു കാത്തിരിക്കും ..ഇപ്പോൾ വിളിക്കുമെന്ന പ്രതീക്ഷയിൽ
    ഒരു പക്ഷെ ആവശ്യം അവരുടെതാവാം അല്ലെങ്കിൽ കഷ്ട്ടപ്പെടുന്ന മറ്റു മനുഷ്യരുടെതാവാം..അല്ലെങ്കിൽ അവർക്ക് പെരുകിട്ടാൻ വേണ്ടിയാവാം
    എന്നാൽ നമുക്കൊരു കരുതൽ(നിയ്യത്ത്) ഉണ്ടല്ലോ ..നമ്മുടെ ധർമ്മങ്ങൾ അല്ലാഹുവിലേക്ക് ആണ് എന്ന നിക്ഷ്ചയം അതിനു തീര്ച്ചയായും ഫലം കിട്ടും
    നല്ലൊരു വായനയും അതോടൊപ്പം സ്നേഹമെന്തെന്നു അറിയാത്തവര്ക്ക് മുന്നില് വേദന നിറഞ്ഞ വേവലാതിയും
    മനസ്സ് ഒന്ന് വേദനിച്ചു .നന്ദി നജീബ് ജീ

    ReplyDelete
  10. ഹൃദയസ്പര്‍ശിയായി വിവരിച്ചിരിക്കുന്നൂ

    ReplyDelete
  11. കഥാപാത്രങ്ങള്‍ പലപ്പോഴും നമ്മള്‍ തന്നെയല്ലേ എന്ന് വിചാരിക്കും ഇവിടെ വന്നു വായിച്ച് പോകുമ്പോള്‍... ചെറിയ സംഭവങ്ങള്‍ ലളിതമായി മനസ്സില്‍ സ്പര്‍ശിക്കും വിധം വരച്ചിടും...

    ReplyDelete
  12. വളരെ നന്നായി നജീബ്..രണ്ടനിയത്തിമാരുടെ ചേച്ചിയായ എന്‍റെ കണ്ണില്‍ വെള്ളം പൊടിഞ്ഞു..വേറെന്തു പറയാന്‍..

    ReplyDelete
  13. കണ്ണിൽ വെള്ളം നിറഞ്ഞു...നിങ്ങൾ മനുഷനെ വെറുതെ കരയിക്കല്ലെ

    ReplyDelete
  14. നന്നായി എഴുതി..നമ്മളില്‍ പലരും സ്നേഹം മനസ്സിലാക്കുവാന്‍ വൈകിപ്പോകുന്നു അല്ലെ...?

    ReplyDelete
  15. വല്ലാത്ത ഒരു അവസ്ഥയിലേക്കാണ്‌ കൂട്ടിക്കൊണ്ടു വന്നത്‌. ഒരു നീറ്റൽ ബാക്കി നില്ക്കുന്നു വായനക്കൊടുവിൽ..

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ