Sunday, May 19, 2013

ഇങ്ങനെയും ചില നേതാക്കള്‍ ഇവിടെ ജീവിച്ചിരുന്നു!



1959 സെപ്റ്റംബര്‍ 14
ചിങ്ങം 29 തിങ്കള്‍
“ഇന്ന് കേരളീയര്‍ക്ക് പൊതുവേ വിശേഷദിവസമാണ്.വിഭവസമൃദ്ധമായ ഭക്ഷണം,നവീന വസ്ത്രം,ഉല്ലാസം,ബാലികാബാലന്മാര്‍ വസ്ത്രാലങ്കാരവിഭൂഷകരായി തുള്ളിച്ചാടിക്കളിക്കുന്നു.നമ്മുടെ ഗൃഹത്തില്‍ സ്ഥിതിഗതികള്‍ നേരെ വിപരീതമാണ്.ഇന്നലെ മുതല്‍ സദ്യക്കുള്ള വിഭവങ്ങള്‍ ശേഖരിക്കാത്തതിനാല്‍ ഭാര്യ ലഹള കൂട്ടുന്നു.കുട്ടികള്‍ വെല്ലം,പായസം ആവശ്യപ്പെടുന്നു.എന്റെ കയ്യില്‍ ഒരു നയാപൈസ പോലുമില്ല.ബാങ്ക് നിക്ഷേപം കഴിഞ്ഞു.കടം വാങ്ങിയാല്‍ തിരിച്ചു കൊടുക്കാന്‍ മാര്‍ഗ്ഗം കാണുന്നില്ല.ഇതിനേവം ചിന്തിച്ചാല്‍ ചൂടുപിടിക്കും.നിത്യമായ ഭക്ഷണം മാത്രം.എല്ലാവരുടെയും ലഹളയ്ക്ക് കുറെയെല്ലാം മൌന ദീക്ഷകൊണ്ട്.........” 

ഇതൊരു രാഷ്ട്രീയ നേതാവിന്റെ ഡയറിക്കുറിപ്പില്‍ നിന്നാണ്.കോടികളുടെ ആസ്തി നാട്ടിലും,പോരാഞ്ഞ് സ്വിസ്സ് ബാങ്കില്‍ നിക്ഷേപവുമായി വിലപിടിച്ച കാറില്‍ സഞ്ചരിച്ചും കൊട്ടാരം പോലുള്ള വീട്ടില്‍ താമസിച്ചും ജനസേവനം നടത്തിയ നേതാക്കള്‍ മരിച്ചു കാലം ചെന്നാലും എതിര്‍കക്ഷിക്കാരന്‍ പോലും കനത്ത നഷ്ടമെന്നു വിലപിച്ചു കൊണ്ടിരിക്കുകയും,പ്രതിമകളായും,പാലങ്ങളായും,റോഡുകളായും.ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുകയും,വാഴ്ത്തി പാടിക്കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഈ കാലത്ത് നാം മറന്നു കളഞ്ഞ ഒരു രാഷ്ട്രീയ നേതാവിന്റെ പുറം ലോകം കാണാത്ത ദ്രവിച്ച നോട്ടുബുക്കില്‍ എഴുതിവെച്ച കരള്‍ പൊള്ളിക്കുന്ന ജീവിതക്കുറിപ്പില്‍ നിന്ന്.

വിഷ്ണുഭാരതീയന്‍(1892-1981).വടക്കേ മലബാറിലെ കാര്‍ഷിക ജീവിതത്തില്‍ വിപ്ലവത്തിന്റെ ചുവന്ന വിത്തെറിഞ്ഞ മനുഷ്യസ്നേഹിയായ നേതാവ്.ആണ്ട്യംവള്ളി ഈശ്വരന്‍ നമ്പീശന്റെ മകന്‍ സമ്പന്നതയിലാണ് ജനിച്ചു വീണത്‌.
ഫലഭൂയിഷ്ഠമായ മുപ്പത്താറു പറമ്പുകള്‍ ഉണ്ടായിരുന്ന ജന്മി കുടുംബം.ജന്മിമാര്‍ക്ക് എതിരായി കര്‍ഷകരെ സംഘടിപ്പിച്ചും,സമരങ്ങള്‍ നടത്തിയും ഉപ്പുസത്യാഗ്രഹത്തിലടക്കം പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചും മൊറാഴ സംഭവത്തില്‍ മുഖ്യ പ്രതിയായി വീട്ടുതടങ്കലില്‍ അടക്കപ്പെട്ടും മലബാറിലെ കര്‍ഷസമരങ്ങളുടെ ഇതിഹാസ നായകനായിരുന്ന വിഷ്ണുഭാരതീയന്‍ ജീവിച്ചത് തനിക്കു ചുറ്റുമുള്ള നിസ്സഹായ ജീവിതങ്ങള്‍ക്ക് വേണ്ടിയായിരുന്നു.

ആദര്‍ശത്തില്‍   അടിയുറച്ചു നിന്നുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അദ്ദേഹത്തിന് സമ്മാനിച്ചത്‌ ദാരിദ്ര്യവും,രോഗങ്ങളും,കഷ്ടപ്പാടും നിന്ദയും മാത്രം.
മതിയായ ചികിത്സ നല്‍കാന്‍ പണമില്ലാത്തതിനാല്‍ മകളെ മരണത്തിനു വിട്ടു കൊടുക്കേണ്ടി വന്ന,മക്കളുടെ പട്ടിണി മാറ്റാന്‍ ഗതിയില്ലാതെ നിന്നപ്പോഴും ലജ്ജമൂലം കടം ചോദിക്കാനറച്ച  ഒരു പിതാവിന്റെ  നിസ്സഹായാവസ്ഥ അദ്ധേഹത്തിന്റെ ഡയറിക്കുറിപ്പുകളില്‍ കാണാം.നമ്മുടെ മനസ്സ് വല്ലാതെ പൊള്ളിപ്പോകും ചില കുറിപ്പുകള്‍  വായിക്കുമ്പോള്‍.

“....1960 നവംബര്‍ 3
1138 തുലാം  18
പുറത്തിറങ്ങാറില്ല കാരണം രണ്ട്.
ഒന്ന്,കണ്ണിനു നല്ല സുഖം ഇല്ല.
രണ്ട്,വസ്ത്രധാരണവും വളരെ പരിമിതമാക്കേണ്ടുന്ന ഘട്ടമാണ്.
വലിയതും ചെറിയതുമായ ഒരു മുണ്ട്.ഞാന്‍ പുറത്തു പോകുമ്പോള്‍ അത് എടുക്കും.വന്നാല്‍ ഭാര്യ ഉടുക്കും.പുറത്തുപോയ അവസരത്തില്‍ ഭാര്യ കുളിച്ചാല്‍ ഈറനുമായി എന്റെ പ്രത്യാഗമനം വരെ ഉള്ളില്‍ ഇരിക്കും.”.....

പട്ടിണി കാരണം ആത്മഹത്യയെ കുറിച്ചു ചിന്തിച്ച വിഷ്ണുഭാരതീയനു നേരെ ഉറ്റ സുഹൃത്തും സന്തത സഹചാരിയുമായ കെ പി ആര്‍ ഗോപാലന്‍ പൊട്ടിത്തെറിച്ചു.
“പ്ഫ!ആത്മഹത്യയോ?അപ്പോള്‍ ഇവരെ ആര് നയിക്കും?”.
സ്വന്തം ജിവിതം പോലും മറന്ന്‍ നിരാലംബരായ  സഹജീവികള്‍ക്ക് വേണ്ടി ജീവിച്ച നേതാക്കള്‍.ഇന്നത്‌ ചിന്തിക്കുന്നത് പോലും അവിശ്വസനീയം.

അനന്തര തലമുറയെ സംബന്ധിച്ചെടുത്തോളം അനര്‍ഘ നിധിയായിരിക്കുമെന്ന് സി അച്യുതമേനോന്‍ വിശേഷിപ്പിച്ച,വിഷ്ണുഭാരതീയന്‍ എഴുതിയ ‘അടിമകള്‍ എങ്ങനെ ഉടമകളായി’ എന്ന പുസ്തകം.എത്രയോ വര്‍ഷങ്ങളായി അച്ചടിയിലില്ല. 1930-40 കളില്‍ വടക്കെ മലബാറില്‍ നടന്ന കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട പല സംഭവങ്ങളും ഉള്‍ക്കൊള്ളുന്ന ഈ കൃതി വടക്കെ മലബാറിലെ കാര്‍ഷിക സമരങ്ങളെ കുറിച്ചുള്ള ആധികാരിക രേഖ കൂടിയാണ്.

ആദ്യകാലത്ത് കോണ്‍ഗ്രസ്സും,പിന്നീട് കമ്യൂണിസ്റ്റും,ഒടുവില്‍ ജനസംഘത്തിലും പ്രവര്‍ത്തിച്ച വിഷ്ണുഭാരതീയന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുണ്ടാകാം.പക്ഷെ അതുകൊണ്ട് മാത്രമാകുമോ കാലം അദ്ധേഹത്തെ മറന്നു കളഞ്ഞത്?

സ്വാര്‍ഥതയില്ലാതെ ജനങ്ങളെ സേവിക്കുകയും മുഖം നോക്കാതെ സത്യം വിളിച്ചു പറയുകയും സ്ഥാനമാനങ്ങള്‍ മോഹിക്കാതെ പ്രതിഷേധിക്കേണ്ട ഘട്ടങ്ങളില്‍ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന നേതാക്കളെ എന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ ഭയമായിരുന്നല്ലോ.

രാഷ്ട്രീയമെന്നത് അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി കാണുകയും.അധികാരമെന്നത് അഴിമതി നടത്തിയും,പിറന്ന നാടിനെ ഒറ്റിക്കൊടുത്തും,മണ്ണും,വായുവും വില്‍പ്പനക്ക് വെച്ചും അധ്വാനമില്ലാതെ തലമുറകള്‍ക്ക് സുഖിക്കാന്‍ കോടികള്‍ സമ്പാദിക്കാനുള്ള എളുപ്പവഴിയായി തീരുകയും ചെയ്യുന്ന ഈ കാലത്ത് ഇങ്ങനെ നിസ്വാര്‍ത്ഥരായി ജീവിച്ചു കടന്നുപോയ മനുഷ്യ സ്നേഹികളെ കുറിച്ച് ഓര്‍ക്കുന്നത് തന്നെ പുണ്യം.വരാനുള്ള തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാനെങ്കിലും ഇങ്ങനെയും ചില രാഷ്ട്രീയ നേതാക്കള്‍ ഇവിടെ ജീവിച്ചിരുന്നു എന്ന ചരിത്രം നാം കരുതി  വെക്കേണ്ടതുണ്ട്.
-----------------------------------------------------------------------
വിവരങ്ങള്‍ക്ക് കടപ്പാട് :-
ദേശമേ ദേശമേ 25 അസാധാരണജീവിതങ്ങള്‍ (താഹ മാടായി)
  

9 comments:

  1. ഇന്നത്തെ തലമുറ കൂടി ഇത് വിശ്വസിച്ചേക്കും.. പക്ഷെ ഇനിയത്തെ തലമുറകൾ ഇതെല്ലാം ഒരു നുണയായി കാണും. ഗാന്ധിജിയും ഭഗത്സിംഗും രക്തസാക്ഷികളുമെല്ലാം വലിയ വലിയ നുണകളായിരിക്കും അവർക്ക്. അവർ ചുറ്റും കാണുന്ന ജീവിതങ്ങൾ അങ്ങനെയാണല്ലൊ..

    നന്ദി സുഹൃത്തേ, ഇങ്ങയൊരു വായന പങ്കു വെച്ചതിന്....

    ReplyDelete
  2. അങ്ങനെയും ഇവിടെനേതാക്കന്‍മാര്‍ ഉണ്ടായിരുന്നു. ഇന്നോ?

    ReplyDelete
  3. ഇങ്ങനെയും മനുഷ്യര്‍ ജീവിച്ചിരുന്നു എന്ന കുറിപ്പുകള്‍ ഇന്നിന്റെ അത്യാവശ്യമായി മാറിയിരിക്കുന്നു.നല്ല പോസ്റ്റ്.

    ReplyDelete
  4. ആ ഫോണ്ട് ഒന്ന് വലുതാക്കൂ

    ഇന്ന് നേതാക്കൾ എവിടെ എല്ലാം സ്വന്തം കീശയ്ക്കല്ലേ തൂക്കം...............

    ReplyDelete
  5. പണ്ട് പണ്ട് രാഷ്ട്രീയം രാഷ്ട്രീയത്തിന് വേണ്ടി ആകുന്നതിനും പണ്ട് . . .

    ReplyDelete
  6. നേതാക്കളും അനുയായികളും ജനവും മലിനപ്പെട്ട് വരുന്നു

    ReplyDelete
  7. ന്യൂ ജനറേഷന് ഇതൊക്കെ ദഹിക്കുമോ ?? നല്ല പോസ്റ്റ്‌.

    ReplyDelete
  8. രാഷ്ട്രീയമെന്നത് അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി കാണുകയും.അധികാരമെന്നത് അഴിമതി നടത്തിയും,പിറന്ന നാടിനെ ഒറ്റിക്കൊടുത്തും,മണ്ണും,വായുവും വില്‍പ്പനക്ക് വെച്ചും അധ്വാനമില്ലാതെ തലമുറകള്‍ക്ക് സുഖിക്കാന്‍ കോടികള്‍ സമ്പാദിക്കാനുള്ള എളുപ്പവഴിയായി തീരുകയും ചെയ്യുന്ന ഈ കാലത്ത് ഇങ്ങനെ നിസ്വാര്‍ത്ഥരായി ജീവിച്ചു കടന്നുപോയ മനുഷ്യ സ്നേഹികളെ കുറിച്ച് ഓര്‍ക്കുന്നത് തന്നെ പുണ്യം.വരാനുള്ള തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കാനെങ്കിലും ഇങ്ങനെയും ചില രാഷ്ട്രീയ നേതാക്കള്‍ ഇവിടെ ജീവിച്ചിരുന്നു എന്ന ചരിത്രം നാം കരുതി വെക്കേണ്ടതുണ്ട്.

    ഇന്നത്തെ പൊളിടിഷ്യൻസൊക്കെ ഇദ്ദേഹത്തിന്റെ ഡയറി ഒന്ന് വായിച്ചിരുന്നുവെങ്കിൽ..അല്ലേ

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ