Sunday, February 10, 2013

അപേക്ഷകള്‍ ക്ഷണിക്കണോ?



നമ്മുടെ നാട്ടില്‍ പഞ്ചായത്ത് ഓഫീസിലോ,വില്ലേജാപ്പീസിലോ,കളക്ടറേറ്റിലോ  ,സിക്രട്ടറിയേറ്റിലോ,ടെലിഫോണ്‍ വകുപ്പിലോ അതല്ല വാര്‍ഡു മെമ്പര്‍ തൊട്ട് പ്രധാനമന്ത്രി വരെയുള്ള ജനസേവകര്‍ക്കോ എവിടെ ആയാലും എന്തൊരു കാര്യം അറിയാനായാലും,സാധിക്കാനായാലും ‘അപേക്ഷ’ കൊടുക്കണം. ‘അപേക്ഷാ ഫോമില്‍’ അല്ലെങ്കില്‍ വെള്ളക്കടലാസില്‍ ‘അപേക്ഷ’ എഴുതി കൊടുക്കുക എന്നതാണ് കാര്യങ്ങളുടെ ആദ്യത്തെ പടി.

‘അപേക്ഷകള്‍ ക്ഷണിക്കുന്നു’, ‘അപേക്ഷകന്റെ പേര്’, ‘അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി’............ എന്നിങ്ങനെ പത്രത്തില്‍ പല കാര്യങ്ങളുമായി ബന്ധപ്പെട്ട് നാം നിത്യവും വായിക്കുന്നതാണ്.

ശരിക്കും ‘അപേക്ഷ’ എന്ന വാക്കുതന്നെ ഇത്തിരി അപകര്‍ഷത ഉളവാക്കുന്നില്ലേ സാര്‍.ജനാധിപത്യ രാഷ്ട്രത്തില്‍ എല്ലാവരും തുല്യരാകുമ്പോള്‍ എന്തിനാണീ ‘അപേക്ഷ’?
    
സര്‍ക്കാര്‍ നികുതി പിരിച്ച് ശമ്പളം കൊടുത്ത് ജീവനക്കാരെ നിര്‍ത്തിയിരിക്കുന്നത് ജനങ്ങളെ സേവിക്കാനാണെന്നാണല്ലോ വെപ്പ്.അതേപോലെ എം എല്‍ എ യും മന്ത്രിയുമൊക്കെ പൊതുജനസേവകരും. അപ്പോളെന്തിനാണ് സാര്‍ ഈ ‘അപേക്ഷ’.ആവശ്യം മാത്രം എഴുതി കൊടുത്താല്‍ പോരെ?

ഇങ്ങനെ വിനീത വിധേയനായി അപേക്ഷ സമര്‍പ്പിക്കേണ്ടി വരിക എന്നത് ഈ കാലഘട്ടത്തിന് ചേര്‍ന്നതാണോ.സായിപ്പ് പോയി കൊല്ലം അറുപത്തിയഞ്ച്‌ കഴിഞ്ഞിട്ടും ഒരു സേവനം ആവശ്യപ്പെടാന്‍ അടിമയെപ്പോലെ അപേക്ഷിക്കേണ്ടി വരുന്ന ഗതികേട് പരിഷ്കൃത സമൂഹത്തിന് പറ്റിയതാണോ.കാലങ്ങളായി എഴുതിയും വായിച്ചും ശീലിച്ചു പോയത് കൊണ്ട് ഗൌരവത്തോടെ എടുക്കുന്നില്ല എങ്കിലും ഏറെ ജാള്യത ഉളവാക്കുന്നില്ലേ  ഇത്തരം പ്രയോഗങ്ങളും ഏര്‍പ്പാടുകളും.

സര്‍ക്കാര്‍ ആഫീസുകളില്‍ മാത്രം ഒതുങ്ങുന്നില്ല.ഈ ‘അപേക്ഷ’. ‘യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷകള്‍  ക്ഷണിച്ചു’ കൊണ്ടുള്ള പരസ്യങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളുടെതായും കാണാം.ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് യോഗ്യനാണ് ഉദ്യോഗാര്‍ഥിയെങ്കില്‍ അങ്ങനെയുള്ള ആളുടെ സേവനം ലഭിക്കാന്‍ അങ്ങോട്ട് അപേക്ഷിക്കുന്നതല്ലേ ശരി. ജോലിക്ക് കയറുന്നതിനു മുമ്പ് തന്നെ അപേക്ഷിച്ച് പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത് ഉദ്യോഗാര്‍ഥിയുടെ ജീവിതമാര്‍ഗ്ഗം എന്ന നിലയില്‍ ന്യായീകരിക്കാം അല്ലെ.

എന്നാല്‍ സര്‍ക്കാര്‍ വക  പുരസ്കാരങ്ങള്‍ക്കും അവാര്‍ഡുകള്‍ക്കും വേണ്ടി ‘അപേക്ഷ ക്ഷണിക്കു’ന്നത് കാണുമ്പോഴാണ് നാം ലജ്ജിച്ചു പോകുക.

കലാകാരനോ,കായികതാരമോ,തങ്ങളുടെ മേഖലയില്‍ മികവ് തെളിയിച്ച ആരോ ആകട്ടെ ആ പ്രതിഭയെ ആദരിക്കാനാണല്ലോ അവാര്‍ഡ് നല്‍കുന്നത്.എന്നെ ആദരിക്കൂ എന്ന് ഒരു പ്രതിഭയെ കൊണ്ട് ‘അപേക്ഷിപ്പി’ക്കുന്നതിലും വലിയ അവഹേളനം എന്താണുള്ളത്.ആദരിക്കാന്‍ വേണ്ടി ഇങ്ങനെ അപമാനിക്കേണ്ടതുണ്ടോ?അംഗീകാരങ്ങള്‍ അപേക്ഷിച്ച് വാങ്ങേണ്ടി വരിക എന്നത് വല്ലാത്തൊരു  ഗതികേടല്ലേ?

മികച്ച അധ്യാപകനും,ധീരതക്കും ഒക്കെ നല്‍കുന്ന അവാര്‍ഡുകള്‍ ആരുടേയും  ഔദാര്യമല്ലാതെ അഭിമാനപൂര്‍വ്വം വാങ്ങാനാവുമ്പോഴല്ലേ ആ ആദരവ് മൂല്യവത്താകുന്നത്.

മാവേലി വാണ നാട്ടില്‍ മാനുഷരെല്ലാം ഒന്നുപോലെയാകണമെങ്കില്‍ ‘അപേക്ഷയും’, ‘അപേക്ഷാ ഫോമും’ ഒക്കെ ഇനിയെങ്കിലും എടുത്തുകളയണ്ടേ സാര്‍.

മുമ്പ് എം ടി എവിടെയോ എഴുതിയത് ഓര്‍ക്കുന്നു.എം ടി യുടെ  ചെറുപ്പകാലത്ത് നാട്ടിന്‍പുറത്തെ മാപ്പിള അദ്ധേഹത്തെ കൊണ്ട് സര്‍ക്കാരിലേക്ക് അപേക്ഷ എഴുതിക്കുമ്പോള്‍ ‘ബുദ്ധിഹീനനും വിദ്യാഭ്യാസം ഇല്ലാത്തവനുമായ ............ അപേക്ഷിക്കുന്നത്’ എന്ന് അവസാനം ഒപ്പിടുന്നതിനു മുമ്പ് പ്രത്യേകമായി എഴുതിക്കുമായിരുന്നത്രേ.

കാലം ഒരുപാട് മുന്നോട്ടു പോയിട്ടും അധികാരം ആസ്വദിക്കുന്ന  അപൂര്‍വ്വം ചിലര്‍ക്കൊഴിച്ച് ഭൂരിപക്ഷം ആളുകള്‍ക്കും അരോചകമായ ഈ ‘അപേക്ഷിക്കല്‍’ ഇനിയെങ്കിലും നമുക്ക്  ഉപേക്ഷിക്കേണ്ട സമയമായില്ലേ.അപ്പോഴല്ലേ യഥാര്‍ത്ഥ  സോഷ്യലിസം എന്ന് പറയാനാവൂ ?.അല്ലെങ്കില്‍ വരും തലമുറ ‘പ്രാകൃതമായ ഈ ആചാരത്തെ’ കുറിച്ച് നമ്മെ കളിയാക്കി ചിരിക്കില്ലേ സാര്‍?

ഇനി അപേക്ഷ എന്നത് അത്ര മോശം വാക്കല്ല എങ്കില്‍ ഇതിനെ കുറിച്ച് അറിവുള്ളവര്‍ പറഞ്ഞുതരാന്‍ അപേക്ഷിക്കുന്നു.


3 comments:

  1. ഇതെല്ലാം ഔപചാരികമല്ലേ?

    റെയില്‍വേ സ്റ്റേഷനില്‍ അനൌണ്‍സ്മെന്റ് കഴിഞ്ഞിട്ട് താങ്ക് യൂ പറയുന്നത് എല്ലാര്‍ക്കും നന്ദി പ്രകാശിപ്പിക്കയാണോ? വെറും ഒരു ഉപചാരവാക്ക് മാത്രം

    ReplyDelete
  2. ജോലിക്കും സര്‍ട്ടിഫിക്കറ്റ്കള്‍ക്കും അപേക്ഷ ക്ഷണിക്കുന്നത് കുഴപ്പമില്ല. എന്നാല്‍ ആദരിക്കുന്നതിന് സജെഷന്‍സ് ആണ് അഭികാമ്യം. ഇടിച്ചിടിച്ചു ആള് നില്‍ക്കുമ്പോള്‍ പക്ഷേ ആര് പിന്താങ്ങും? അതിന് ഒരപേക്ഷ വെയ്ക്കേണ്ടി വരും. ഹല്ലാ പിന്നെ!

    ReplyDelete
  3. പലചരക്കുകടയുടെ മയില്‍ നോടിഫിക്കേശന്‍ എനിക്ക് വരുന്നില്ല...എന്തെങ്കിലും പുതിയത് ഇവിടെ വന്നോ എന്നറിയാന്‍ എന്നും തുറന്നു നോക്കേണ്ടി വരുന്നു?

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ