Wednesday, January 2, 2013

പ്രവാസ കാഴ്ചകള്‍



ഇന്നലെ തിരിച്ചുപോരാന്‍ കോഴിക്കോട്  എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ അടുത്തേക്ക് വന്നു.
“കുവൈത്തിലെക്കാണോ”
“അതെ”
“ഇത് എന്റെ ഭാര്യയുടെ അമ്മയാണ്.കുവൈത്തില്‍ മകളുടെ അടുത്തേക്ക് പോകുന്നു.... കൂടെ വേറെ ആരുമില്ല ..ഒന്ന് സഹായിക്കാമോ”
“ഓ ..അതിനെന്താ സന്തോഷം”
അവരെ എന്നോടൊപ്പം കൂട്ടി. അറുപതു വയസ്സുള്ള ആ നാട്ടുമ്പുറത്തുകാരി  അമ്മ ആദ്യമായാണ്‌ വിമാനയാത്ര ചെയ്യുന്നത്.അതിന്റെ എല്ലാ പരിഭ്രമവും അവര്‍ക്ക് ഉണ്ടായിരുന്നു. ലഗേജ് എക്സറേയില്‍ ഇടാനും,ബോര്‍ഡിംഗ് പാസ് എടുക്കാനും,എമിഗ്രേഷനിലും എല്ലാം ഞാന്‍ സഹായിച്ചു.
മകളുടെ പ്രസവത്തിനു കുവൈത്തിലേക്ക് പോവുകയാണ്.മകള്‍ക്കും മരുമകനും അമ്മ കൂടെയുണ്ടാകണം എന്ന് നിര്‍ബന്ധം.
“ഞാന്‍ കുറെ പറഞ്ഞു നോക്കി...ഓര്  രണ്ടാളും സമ്മതിക്ക്ന്നില്ല...എനക്കിതൊന്നും ശീലല്ല്യാലോ....മങ്ങലാപുരത്തിനും കോഴിക്കോടിനും അപ്പുറം ഞാനിത്‌വരെ ഏടേം പോയിറ്റ്ല്ല .......... .............മാത്രല്ല ഓളുടെ അച്ഛന്‍ മരിച്ചിറ്റ് അത്രൊന്നും ആയിറ്റൂല്ല.......  അതും ഒരു വെഷമം  ....”
അവര്‍ ഉള്ളു തുറന്നു.
എമിഗ്രേഷന്‍ കഴിഞ്ഞ് എസ്കലേറ്റര്‍ വഴി  മുകളിലേക്ക് പോകാന്‍ അവര്‍ക്ക് പേടിയുള്ളതുകൊണ്ട് പടികള്‍ കയറി.പടികയറി കഴിഞ്ഞതും ആ അമ്മ  തളര്‍ന്നു.
“മോനെ.... ഇനി ഇത്തിരി ഇരിക്കണം...രണ്ട് മുട്ടിനും വേദനയാ ഇങ്ങനെ കേറ്റം കേറലില്ല..നടക്കാന്‍ തന്നെ പാടാ ”
യാത്രയെ കുറിച്ചുള്ള പരിഭ്രമമെല്ലാം അവര്‍ക്ക് മാറിയിരുന്നു.ഇപ്പോള്‍ പേടിപ്പിക്കുന്നത് ഈ വേദനയാണ്.
“ഇനീം തോനെ നടക്കണോ വിമാനം കേറാന്‍ “
ഞാന്‍ സമാധാനിപ്പിച്ചു.ചായയോ വെള്ളമോ മറ്റോ കുടിക്കണോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു
“വേണ്ട....വെള്ളം കുടിച്ചാല്‍ ഇടയ്ക്കിടെ മൂത്രം ഒഴിക്കേണ്ടി വരും....”
മകളെയും പിറക്കാനിരിക്കുന്ന പേരക്കുട്ടിയേയും കാണുന്നതിലുള്ള സന്തോഷത്തെക്കാളും ഈ യാത്ര അവരെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.കുവൈത്തില്‍ തണുപ്പ് കാലം കൂടിയാണ് എന്ന് അറിഞ്ഞതിന്റെ ഭീതിയും ....
ഒരു മണിക്കൂര്‍ കഴിഞ്ഞ് വിമാനത്തിലേക്ക് നടക്കുമ്പോള്‍ അവര്‍ ശരിക്കും  ആയാസപ്പെടുന്നുണ്ടായിരുന്നു.മകള്‍ കൊടുത്തയച്ച സ്വെറ്ററും തൊപ്പിയുമെല്ലാം  വിമാനത്തില്‍ നിന്ന് തന്നെ ധരിച്ച് അവര്‍ നിശബ്ദയായി ഇരുന്നു.
വിമാനമിറങ്ങിയ ഉടനെ അവരുടെ പേരെഴുതിയ ബോര്‍ഡുമായി കൂട്ടിക്കൊണ്ടുപോകാന്‍ ആള് കാത്തുനിന്നത് കൊണ്ട് ഞാന്‍ ആ അമ്മയോട് യാത്ര പറഞ്ഞു പിരിഞ്ഞു.
എമിഗ്രേഷന് ക്യൂ നില്‍ക്കുമ്പോഴും കണ്ടു ഇങ്ങനെ കുറെ വൃദ്ധന്മാരെയും വൃദ്ധകളെയും പരിഭ്രാന്തി നിറഞ്ഞ മുഖവുമായി.
മലയാളിയുടെ ഗള്‍ഫ് പ്രവാസം കാണിച്ചു തരുന്ന  പുതിയ പുതിയ കാഴ്ചകള്‍

5 comments:

  1. നേര്‍ക്കാഴ്ച്കകള്‍

    ReplyDelete
  2. അല്ലെങ്കിലും ഇത്രക്ക്‌ പ്രായമായ അമ്മമാരെ പ്രവാസികള്‍ അവര്‍ താമസിക്കുന്നിടത്തെക്ക് കൊണ്ട് പോകുന്നു എങ്കില്‍ അതിന്റെ പിന്നില്‍ ഇത്തരം അജണ്ട കാണും...ഒന്നുകില്‍ വയറ്റാട്ടി അല്ലെങ്കില്‍ ബേബി സിറ്റര്‍. പ്രായമേറി വരുന്ന ഇവരുടെ ആരോഗ്യസ്ഥിതി നോക്കാനും മറ്റും ആരുമില്ല. അഞ്ചു മക്കളുണ്ടായിട്ടും നോക്കാന്‍ സ്വന്തം ഭര്‍ത്താവ്‌ മാത്രമുള്ള ഒരു ബന്ധു എന്റെ അറിവില്‍ ഇന്നും കഷ്ടത അനുഭവിക്കുന്നു. എന്നിട്ടും അവര്‍ മക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കുന്നു...അതാണ് അമ്മ.

    ReplyDelete
  3. നല്ല മനുഷ്യന്മാരും ഉണ്ട്......മനുഷത്വം നഷ്ടം ആക്കാതെ ഇരിക്കട്ടെ......

    ReplyDelete
  4. സമൂഹത്തില്‍ ഇറങ്ങി നോക്കിയാ മനസിന്‌ നന്ദി പറയട്ടെ

    കുറച്ചു ദിവസം ആയി ഡാഷ് ബോര്‍ഡ് തുറന്നിട്ട്‌ ഇന്ന് നോക്കിയപ്പോള്‍ ഇക്കയുടെ പോസ്റ്റ്‌ .ഒറ്റ ഇരിപ്പിന് വായിച്ചപ്പോള്‍ തോന്നിയ ചിന്ത .ഞാന്‍ ഈ ബോക്സ്‌ തുറന്നില്ല എങ്കില്‍ ഒരു വായന നഷ്ടമാകുമായിരുന്നു .......എവിടെയും കാണാം ഇങ്ങനെ ചിലരെ അവരെ നമ്മുടെ അമ്മയായി പരിപാലിക്കുമ്പോള്‍ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ ....വീണ്ടും varaam

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ