Monday, December 24, 2012

വികസനത്തിന്റെ ക്യൂ



ഒന്നിച്ചു പഠിച്ച സുഹൃത്തിനോടൊപ്പം അവന്റെ പുതിയ വീടിന്റെ പണി നടക്കുന്നത്  കാണാന്‍  പോയതായിരുന്നു. ഗള്‍ഫിലും നാട്ടിലുമായി കുറെ ബിസിനസ്സുകളും തിരക്കുകളുമുള്ള അവന്‍ മൂന്നാല് ദിവസത്തേക്ക്  എന്തോ ബിസിനസ് ആവശ്യത്തിനു നാട്ടില്‍ വന്നതാണ്.
ഭാര്യയും,മക്കളും,ബാപ്പയും,ഉമ്മയുമൊക്കെ ദുബായിലാണുള്ളത്. തറവാടും ബന്ധുക്കളും എല്ലാം നാട്ടിന്‍പുറത്താണെങ്കിലും അവിടെ വീടുണ്ടാക്കാന്‍  അവന്  താല്പര്യമില്ല.ടൌണിനടുത്താവുമ്പോള്‍ കാര്യങ്ങള്‍ക്കെല്ലാം എളുപ്പമുണ്ട്.വീടുപണി തുടങ്ങിയിട്ട് അഞ്ചാറ്  മാസമായി.

കോഴിക്കോട്ടെ നഗരത്തിരക്കില്‍ നിന്ന് മാറി ഹൈവേയ്ക്കടുത്ത്. വീടെന്ന് പറഞ്ഞാല്‍ പോര മിനി കൊട്ടാരം തന്നെ.സ്വിമ്മിംഗ്പൂള്‍ അടക്കം  എല്ലാ സൌകര്യങ്ങളുമുണ്ട്.ഇതിനോട് കട്ടക്ക് നില്‍ക്കുന്ന വീടുകളാണ്  തൊട്ടടുത്തുള്ളതൊക്കയും.അതൊന്നും ഗള്‍ഫുകാരുടെതല്ല.ടൌണിലെ ബിസിനസ്സുകാര്‍,വലിയ ഉദ്യോഗസ്ഥര്‍,സിനിമാക്കാര്‍....

കൊല്ലത്തില്‍ ഒരു മാസമെങ്കിലും നിനക്കും കുടുംബത്തിനും ഇവിടെ വന്നു നില്‍ക്കാന്‍ പറ്റുമോ എന്ന ചോദ്യത്തിന് അവന്‍ ചിരിച്ചു.എന്നായാലും നാട്ടില്‍ ഒരു വീട് വേണ്ടേ എന്ന ന്യായം പറഞ്ഞു.
ഉച്ചവരെ വീടുമുഴുവന്‍ ചുറ്റിക്കണ്ടു.വീടിന്റെ എന്‍ജിനീയറും കോണ്‍ട്രാക്ടറും ഉണ്ടായിരുന്നു കൂടെ.അവരൊന്നിച്ച്  വയനാട്ടില്‍ ചെയ്യാന്‍ പോകുന്ന വില്ലാ പ്രൊജക്ടിനെ  കുറിച്ചൊക്കെ സംസാരിച്ചു കഴിയുമ്പോഴേക്കും ഉച്ചയായിരുന്നു.ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ ടൌണിലേക്ക് നീങ്ങി.

സുഹൃത്ത് ചോദിച്ചു.
“നിനക്കോര്‍മ്മയുണ്ടോ നമ്മള്‍ പഠിക്കുന്ന കാലത്ത് ഇവിടെ ഒരു ടാക്കീസ് മാത്രമേ ഉണ്ടായിരുന്നു.ചുറ്റും നീണ്ടു കിടക്കുന്ന വയലുകള്‍ മാത്രം ഉള്ള സ്ഥലം”
എങ്ങനെ മറക്കാനാണ്.അന്നൊക്കെ ടൌണില്‍ നിന്ന് റിലീസ് സമയത്ത് തന്നെ ഏതെങ്കിലും സിനിമകള്‍ കാണാന്‍ വിട്ടുപോയാല്‍ ഞങ്ങള്‍ ഒന്നിച്ച്  ഈ ടാക്കീസില്‍ വന്നാണ് പൂരിപ്പിച്ചിരുന്നത്.
ഇപ്പോള്‍ ആ ടാക്കീസില്ല.പരന്നു കിടന്ന  വയലുകളുടെ സ്ഥാനത്ത് പുതിയ കാര്‍ ഷോറൂമുകള്‍.ഹോണ്ട,ഹ്യൂണ്ടായ്,വോക്സ് വാഗണ്‍......... 

വണ്ടി നിരത്തിലേക്കിറങ്ങിയപ്പോള്‍ വാഹനങ്ങളുടെ നീണ്ട നിര.എന്തോ ബ്ലോക്കാണ്.
“ഉള്ള റോഡിനു വീതി കൂട്ടില്ല.....പുതിയ റോഡുണ്ടാക്കാന്‍ സമ്മതിക്കുകയുമില്ല”
ന്യൂ ജനറേഷന്‍ എന്‍ജിനീയര്‍ ക്ഷോഭം കൊണ്ടു
“ഈ രാഷ്ട്രീയക്കാരെയൊക്കെ  ആദ്യം വെടിവെച്ചു കൊല്ലണം ....എന്നാലേ ഈ നാട് നന്നാവൂ ... ഒരു വികസനവും വരാന്‍ സമ്മതിക്കില്ല ....എല്ലാറ്റിനും സമരം”
 
ബ്ലോക്ക് ഒഴിവായി.വാഹനങ്ങള്‍ നീങ്ങാന്‍ തുടങ്ങി.കാര്‍ കോഴിക്കോട് നഗരത്തിലെ പേരുകേട്ട ഹോട്ടലിനു മുന്നില്‍ ചെന്ന് നിന്നു. പാര്‍ക്കിംഗില്‍ വണ്ടി നിര്‍ത്തി ഹോട്ടലിലേക്ക് ചെന്നപ്പോള്‍ ഉള്ളില്‍ ഇടമില്ലാഞ്ഞിട്ടു  പുറത്തു സോഫയില്‍ കാത്തിരിക്കുന്നവരുടെ തിരക്ക്.ഇതിവിടെ നിത്യക്കാഴ്ച ആയതു കൊണ്ട് നല്ല  വിശപ്പുണ്ടായിരുന്നെങ്കിലും വയറിനോട് ഒരു മണിക്കൂര്‍ കഴിഞ്ഞു വിശന്നോളാന്‍ പറഞ്ഞു.
ഒരാള്‍  വന്നു ഭവ്യമായി സ്വീകരിച്ചു...
“ഇരിക്കൂ സാര്‍ ..ഇപ്പോള്‍ ഒഴിയും..... നാലുപേരല്ലേ.....വിളിക്കാം”

ഒഴിവുള്ള ഇടങ്ങളിലായി ഞങ്ങള്‍ ഇരുന്നു.ടെലിവിഷനില്‍ കേരളത്തില്‍ വളര്‍ന്നു വരുന്ന പെണ്‍വാണിഭ സംഘങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് രഹസ്യമായി ചിത്രീകരിച്ചത്.വിദ്യാര്‍ഥിനികളും വീട്ടമ്മമാരും ഈ വലയില്‍ വീഴുന്നതിന്റെ ഉത്കണ്ഠ റിപ്പോര്‍ട്ടറുടെ  മുഖത്ത്.ശേഷം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത അവതാരക  ഈ  തകര്‍ച്ചക്ക് കാരണം സ്ത്രീകളുടെ വസ്ത്രങ്ങളോടും,ആഭരണങ്ങളോടുമെല്ലാമുള്ള ഭ്രമം കൊണ്ട് കൂടിയാണ് എന്ന് ശക്തമായി വാദിക്കുന്നു.
ഉടനെ പരസ്യങ്ങളായി. കൊച്ചിയിലുള്ള  ഏഷ്യയിലെ ഏറ്റവും വലിയ ജൌളിക്കടയുടെയും,വെളുക്കാനുള്ള ക്രീമിന്റെയും,സ്വര്‍ണ്ണക്കടയുടെയുമൊക്കെ പരസ്യങ്ങള്‍......

ഹോട്ടലിനു മുമ്പിലെ ബില്‍ഡിംഗ് നോക്കി സുഹൃത്ത് ചോദിച്ചു.
“നമ്മുടെ പഴയ മ്യൂസിക്&സ്പോര്‍ട്സ് കട ഒക്കെ പോയി അല്ലെ ..”
ഞങ്ങള്‍ പഠിക്കുന്ന സമയത്ത് ബാറ്റും ബോളുമൊക്കെ വാങ്ങിയിരുന്നത് ആ കടയില്‍ നിന്നായിരുന്നു..ഇപ്പോള്‍ അതെല്ലാം ഒഴിവാക്കി അവരുടെ തന്നെ ട്രെഡ്മില്‍ ഷോറൂമാണ്.അടുത്തുള്ള പുതിയ ബില്‍ഡിംഗില്‍ അമിതവണ്ണം കുറയ്ക്കാനുള്ള ക്ലിനിക് ...തടിയന്മാരുടെയും മെലിഞ്ഞവരുടെയും ചിത്രങ്ങള്‍.....

ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോള്‍ അകത്തേക്ക് ക്ഷണിച്ചു. അന്നത്തെ സ്പെഷല്‍ വിഭവം അടക്കം ഓര്‍ഡര്‍ കൊടുത്ത് വിശപ്പിനോട് അരമണിക്കൂര്‍ കൂടി ക്ഷമിക്കാന്‍ പറഞ്ഞ് ഏസിയുടെ തണുപ്പില്‍ അരണ്ട വെളിച്ചത്തില്‍ നേരിയ സംഗീതം ആസ്വദിച്ച് ഞങ്ങളിരുന്നു.അപ്പുറത്തെ ടേബിളുകളില്‍ കാത്തിരുന്ന്‍ അക്ഷമരായ ചെറിയ കുട്ടികള്‍ ഓടിക്കളിക്കുന്നു.

സിനിമാതാരങ്ങളും,രാഷ്ട്രീയ നേതാക്കളുമടക്കം വലിയ വീ ഐ പി കള്‍ ഈ ഹോട്ടലില്‍ വരാറുണ്ട്.അത്രയ്ക്ക് രുചിയാണ് ഇവിടെ ഭക്ഷണത്തിന്.തിരക്കൊഴിഞ്ഞ നേരമില്ല.കോഴിക്കോട് തന്നെ മൂന്നു ബ്രാഞ്ചുകള്‍,പിന്നെ ഒന്ന് ദുബായില്‍.....രുചിയുടെ കാര്യത്തില്‍ ടൌണില്‍  ഇങ്ങനെ മൂന്നാല് ഹോട്ടലുകള്‍ ഉണ്ട്..വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും കുടുംബ സമേതം സ്വസ്ഥമായി ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം അത് കൊണ്ട് തന്നെ പകലും രാത്രിയുമൊക്കെ ഇവിടെ തിരക്കോട് തിരക്ക് തന്നെ.....

അര മണിക്കൂറോളം കാത്തിരുന്നപ്പോള്‍ ഓര്‍ഡര്‍ ചെയ്ത വിഭവങ്ങള്‍ എത്തി.പുതിയ രുചിക്കൂട്ടുകള്‍.......

നാലുപേരും ഭക്ഷണം കഴിച്ചു കഴിഞ്ഞ് വെയ്റ്റര്‍ കൊണ്ടുവെച്ച മടക്കിയ ‘കിത്താബി’ലേക്ക് തിരുകിയ  വലിയ രണ്ട് ‘ഗാന്ധിത്തല’കളി ല്‍ ‘ടിപ്പും’ കഴിച്ച് ബാക്കിയൊന്നും ഉണ്ടായിരുന്നില്ല.

പുറത്തേക്കിറങ്ങിയപ്പോള്‍ ഉള്ളില്‍ കയറാന്‍ കാത്തിരിക്കുന്നവരുടെ തിരക്ക് പിന്നെയും കൂടിയിരിക്കുന്നു.സോഫകള്‍ നിറഞ്ഞ് മേദസ്സ് നിറഞ്ഞ പുരുഷന്മാര്‍ ,തിളങ്ങുന്ന വസ്ത്രങ്ങളില്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ഇറങ്ങിയ പോലെ സ്ത്രീകള്‍...,

നഗരത്തിനു നല്ല ചൂടായിരുന്നു.ഹൈവേയിലേക്ക് കയറാനുള്ള പോക്കറ്റ് റോഡിലൂടെ വണ്ടിയെടുത്തു.ചെറിയൊരു ആള്‍ക്കൂട്ടവും ബഹളവും.വാഹനങ്ങള്‍ നിന്നു.ഗവണ്മെന്‍റ് വക ക്രിസ്തുമസ് ചന്തയുടെ മുന്നിലെ നീണ്ട ക്യൂവിനും തിരക്കിനും ഇടയില്‍ നിന്നാണ്. ആരൊക്കെയോ ഒരു വൃദ്ധയെ  കൈകളില്‍ താങ്ങിയെടുത്ത് കൊണ്ടുവന്ന് അടുത്തുള്ള ഓട്ടോയില്‍ കയറ്റാന്‍ നോക്കുന്നു.

“ക്യൂ നില്‍ക്കുമ്പോള്‍ തലചുറ്റി വീണതാ.....ആശുപത്രിയിലേക്ക് കൊണ്ടുപോകാം ”
ആരോ പറഞ്ഞു.
ഓട്ടോയില്‍ കയറ്റാന്‍ നോക്കിയപ്പോള്‍ ആ സ്ത്രീ വേവലാതിയോടെ പറഞ്ഞു
“വേണ്ട ..മക്കളെ ..വേണ്ട ..എനിക്കൊന്നൂല്യ ... രാവിലെ ചായ കുടിച്ചിട്ടില്ല...അതോണ്ട് തല ചുറ്റ്യേതാ.......എത്ര മണിക്കൂറായി നിക്കുന്നതാ  ”
“ഒന്ന് ആസ്പത്രീല്‍ കാണിച്ചൂടയ്നോ ....ഇങ്ങള് തല അടിച്ചാ വീണത്‌.”
“അത് സാരല്യ മോനെ.......”
അവര്‍  പിന്നെയും ധൃതിപ്പെട്ട് ക്യൂവിലേക്ക് പോകാന്‍ തുടങ്ങി
“ആസ്പത്രി ഇവ്ടെ അടുത്ത് തന്നല്ലേ....ഒന്ന് വേഗം കാണിച്ചിട്ട്...... ”
അവരെ  താങ്ങിയെടുത്ത് കൊണ്ടുവന്ന ചെറുപ്പക്കാരന്‍ ഒരിക്കല്‍  കൂടി ചോദിച്ചു.
“വേണ്ട മോനെ....” ആ സ്ത്രീ   കരഞ്ഞുകൊണ്ട്‌ പറഞ്ഞു
“...പകുതി വിലക്ക് അരി കിട്ടും എന്നറിഞ്ഞിട്ട് കടം വാങ്ങിച്ച പൈസയും കൊണ്ട് രാവിലെ മുതല് വന്നു നിക്കുന്നതാ.... ഈ അരി കിട്ടീട്ടില്ലേല്‍ ഇന്നും വീട്ടില്‍ പട്ടിണിയാ മോനെ....അതോണ്ടാ ......മോനോന്നും തോന്നണ്ട”
അവര്‍ വീണ്ടും നീണ്ട വരിയിലേക്ക് കയറി നിന്നു.

ഞങ്ങളുടെ കാറ് നീങ്ങി.ഞാന്‍ പുറകിലേക്ക് നോക്കി.ഹോട്ടലിന്റെ പാര്‍കിംഗ് സ്ഥലവും കഴിഞ്ഞ് വാഹനങ്ങള്‍ പുറത്തു ക്യൂ നില്‍ക്കുന്നു.ക്ഷമയോടെ

സുഹൃത്ത് റേഡിയോ ഓണ്‍ ചെയ്തു.
“സംസ്ഥാനത്തെ ഒരന്താരാഷ്ട്ര വാണിജ്യ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഗവണ്മെന്റ് അവതരിപ്പിക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഉപഭോക്താക്കള്‍ക്ക് നൂറ്റിയൊന്ന് കിലോ സ്വര്‍ണ്ണം സമ്മാനമായി ലഭിക്കുന്നു........”

ഞങ്ങള്‍ കാറിന്റെ ചില്ലുയര്‍ത്തി ഏ സി ഓണാക്കി.ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സാധ്യതകളെ കുറിച്ചും കേരളത്തിന്റെ വികസനത്തെ കുറിച്ചും  ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.

7 comments:

  1. നന്നായി പറഞ്ഞു ഒരു അവസാനം ഉണ്ടായില്ല എന്ന് തോന്നി
    നല്ലെ എഴുത്താണ്
    വിഷയം ആദ്യം എങ്ങനെ എഴുതണം എന്ന് ഉറപ്പിച്ചിട്ടെ എഴുത്ത് തുടങ്ങവൂ
    കഴിവുണ്ട്

    ReplyDelete
  2. കുറിപ്പ് ഇഷ്ട്ടായി .. നജീബ്

    ഇത് തന്നെയാണ് ഇന്നത്തെ കേരളം!!

    ReplyDelete
  3. കോരന് കുമ്പിളിൽ തന്നെ....ആരൊക്കെ മാറിയാലും എന്തൊക്കെ വന്നാലും

    ReplyDelete
  4. ഈ അരി കിട്ടീട്ടില്ലേല്‍ ഇന്നും വീട്ടില്‍ പട്ടിണിയാ മോനെ....അതോണ്ടാ ......മോനോന്നും തോന്നണ്ട”
    അവര്‍ വീണ്ടും നീണ്ട വരിയിലേക്ക് കയറി നിന്നു.
    ഇന്നത്തെ കേരളം!

    ReplyDelete
  5. ഈ അരി കിട്ടീട്ടില്ലേല്‍ ഇന്നും വീട്ടില്‍ പട്ടിണിയാ മോനെ....അതോണ്ടാ ......മോനോന്നും തോന്നണ്ട”
    അവര്‍ വീണ്ടും നീണ്ട വരിയിലേക്ക് കയറി നിന്നു.
    ഇന്നത്തെ കേരളം!

    ReplyDelete
  6. വികസനമാണ് വിഷയം ........മനുഷ്യ ജീവന്‍ തെരുവില്‍ വീണാലും ,പ്രകൃതി കത്തിയമാര്‍ന്നാലും അവരാര്‍ത്തു വിളിക്കും.....വികസനം വികസനം

    ReplyDelete
  7. ഇന്നത്തെ അവസ്ഥ....

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ