Sunday, December 16, 2012

കോട്ടിയുടെ വലിപ്പമുള്ള സൂര്യന്‍


ചായകുടി ഒക്കെ കഴിഞ്ഞ് പത്രം അരിച്ചു പെറുക്കുമ്പോഴാണ്‌ മുറ്റത്ത് ബൈക്കിന്റെ ശബ്ദം.കൂട്ടുകാരനാണ്.
“എപ്പഴാ വന്നത്”
“മൂന്നാഴ്ച ആയി”

ഒന്നിച്ചു പഠിച്ചവരാണ് ഞങ്ങള്‍.അവന്‍ നാട്ടില്‍ തന്നെ അല്ലറ ചില്ലറ പണിയുമായി കൂടി.പിന്നെ കുറേക്കാലം ഒരു ട്രക്കര്‍ സര്‍വ്വീസ് നടത്തി.ഇപ്പോള്‍ റിയല്‍എസ്റ്റേറ്റ് ആണ് ഏര്‍പ്പാട്.

“എന്നിട്ട് പൊരേല്‍ തന്നെ കുത്തിരിക്ക്യാ............പുറത്തേക്കൊന്നും കാണലില്ലാലോ”
“കുറഞ്ഞ ദിവസത്തെ ലീവേ ഉള്ളൂ....അതോണ്ട് കഴിയുന്നതും.............”
“എന്നാപ്പിന്നെ നെനക്ക് ഒരു കാറെടുത്ത് പെണ്ണുങ്ങളേം കുട്ട്യേളേം കൂട്ടി ഒരു ടൂറൊക്കെ പോയ്ക്കൂടെ .....അങ്ങനൊക്കല്ലേ എല്ലാരും ..”
“മ്മളെ നാട് തന്നെ കണ്ട് തീര്‍ന്നിട്ടില്ല............പിന്നല്ലേ ടൂറ്...”
“ഹും....ആയിക്കോട്ടെ ....പൈസ ചെലവായിപ്പോകണ്ട ....നിന്റെ കഞ്ഞിത്തരം..... അത് വിട് ...പൈസ ഉണ്ടാകുന്ന ഒരു കാര്യം പറയട്ടെ”
“പറ”
“ചെറിയൊരു സ്ഥലണ്ട്....നോക്കുന്നോ .......മുപ്പത് സെന്റ്‌....ഒരുറുപ്പ്യ ആകും ..”
“ഒരുറുപ്പ്യ ന്ന് വെച്ചാ....”
“ഒരു കോടി”
 നിസ്സാരമായി അവന്‍ വിശദീകരിച്ചു.പോരാതെ അടുത്ത് വന്ന് സ്വകാര്യം പോലെ ഇത് കൂടി പറഞ്ഞു.
“രജിസ്ട്രേഷന്‍ കഴിഞ്ഞ് ഉടനെ മറിച്ചു കൊടുത്താ ഒന്നേ പത്തിന് എടുക്കാന്‍ ഇപ്പൊ തന്നെ ആള് റെഡീണ്ട്”
എന്നാല്‍പിന്നെ അയാള്‍ക്ക്‌ തന്നെ വാങ്ങി കൊടുത്തൂടെ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും ഒരു കോടി എന്ന് കേട്ട അമ്പരപ്പില്‍ ചോദ്യം പുറത്തേക്ക് വന്നില്ല.
“കുഞ്ഞിമ്മോനെ ......ജീവിതകാലം മുഴുവന്‍ ഞാന്‍ കുവൈത്തില്‍ നിന്നാലും നീ പറഞ്ഞ ഒരു കോടീല് ഞാന്‍ എത്തുന്നു തോന്നുന്നില്ല  ......... വേറെ എന്തെങ്കിലും നാട്ടുവിശേഷം പറ”
അതിനിടെ അവന്റെ മൊബൈല്‍ നിലവിളിച്ചു
“ഹലോ....ഹലോ.....ങാ ഇപ്പൊ എത്താം...പുറപ്പെടാം..ഞാന്‍ റെഡി ..പറ്റിയാ ഇന്ന് തന്നെ ഖബൂലാക്കാ ...”
“പയ്യോളി ഉള്ള ഒരു പാര്‍ട്ടിയാ ....ഖത്തറില്‍ മൂന്നാല് ഹോട്ടലൊക്കെ ഉള്ള ടീമാ ....കോഴിക്കോട് ഒരു പ്ലോട്ട് ...മൂന്നുറുപ്പ്യ ആകും ...ചെലപ്പോ ഇന്ന് തന്നെ കച്ചോടം ഉറപ്പിക്കും .... ...ഞാന്‍ പോട്ടെ..ഓല് വണ്ടീം കൊണ്ട് ഇപ്പൊ എത്തും.”
“ഇരിക്ക്........ വെള്ളം എടുക്കുന്നുണ്ട് ..കുടിച്ചിട്ട് പോകാം”
“നേരല്ല മോനെ.... നെന്നോട് കഥ പറഞ്ഞു കുത്തിരിഞ്ഞിറ്റ് ഒരു കാര്യോല്ല ..........ഇഞ്ഞൊക്കെ എന്ത് ഗള്‍ഫുകാരനാടോ വെറുതെ ഗള്‍ഫിനെ പറയിപ്പിക്കാന്‍”
അവന്‍ തിരക്കിട്ട് പോയി.ഭാര്യ കൊണ്ട് വന്ന നാരങ്ങവെള്ളം രണ്ടു ഗ്ലാസ്സും ഒറ്റവലിക്ക് കുടിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചത് എനിക്ക് സൂര്യനേക്കാളും വലിപ്പം തോന്നിച്ച ‘കോടി’ എന്നുമുതലാ പടച്ചോനെ അവനിങ്ങനെ ഒരു കോട്ടി*യെക്കാളും നിസ്സാരമായിപ്പോയത് എന്നായിരുന്നു.
കോട്ടി=ഗോലി

8 comments:

  1. ഇന്ന് നാട്ടില്‍ എല്ലാവരും റിയല്‍ എസ്റെട്റ്റ് കാരാണ് ..
    ഫോണും എടുത്തു വെള്ളയും വെള്ളയും ഇട്ടു രാവിലെ തന്നെ ഇറങ്ങും .
    പ്ലോട്ട്, ഫിക്സഡ് അഡ്വാന്‍സ് കമ്മീഷന്‍ തുടങ്ങി കുറച്ചു ഇങ്ങ്ലീഷ്‌ വാക്കുകളും ഉണ്ടാകും .
    ഒന്നും ഒന്നരയും ഒരു കൊടിയും ഒന്നരകോടിയുമായി അപ്പൂപ്പന്‍ താടി പോലെ പറക്കും.
    കാശുള്ളവരുടെ മാത്രം സൌഹ്ര്ധം നോക്കും.
    സ്ഥല കചോടത്തെ കുറിച്ച് എട്ടും പൊട്ടും തിരിയാത്ത കുറെ ആളുകള്‍ ഉണ്ട് പാവങ്ങള്‍ അവരെ അവിടെ പത്തു സെന്റ്‌ ഉണ്ട് ഇവിടെ പതിനഞ്ചു സെന്റ്‌ ഉണ്ട് എന്നൊക്കെ പറഞ്ഞു മാനത്തു കയറ്റി കാശ് അടിക്കാന്‍ വേണ്ടി മാത്രം നടക്കുന്നവരും ഉണ്ട് ...

    ReplyDelete
  2. നേരത്തെയൊക്കെ പത്തുപേരെ എടുത്താല്‍ അതില്‍ രണ്ടു ഇന്‍ഷുറന്‍സ് കാര്‍ തീര്‍ച്ചയായും ഉണ്ടാവുമായിരുന്നു. ഇന്ന് അത് മിനിമം മൂന്നു റിയല്‍ എസ്റ്റേറ്റ്‌ കാര്‍ ആയി..

    അതില്‍ ഒന്ന് മെയിനും രണ്ടു സബ്ബും !

    ReplyDelete
  3. ഹിഹീ... കോടിയൊന്നും ഇപ്പൊ ഒന്നിനുമില്ല..

    ReplyDelete
  4. കാലം മാറി..!...കഥ....യും...!!
    എവിടെ നോക്യാലും കോടികളെ കഥേ കേള്‍ക്കാനുള്ളൂ... പത്രം വായിച്ചു വായിച്ചു കോടിക്കൊക്കെ കോട്ടീടെ വില പോലുല്ല്യാണ്ടായി.... ന്നാലോ മ്മള് ഇത്‌ട്ടു കണ്ടിട്ടൂല്ല്യാ.....

    ReplyDelete
  5. ലച്ചം ഒരു ഒച്ച എന്ന് കേട്ട കാലം കഴിഞ്ഞു
    ഇപ്പൊ കോടി ഒരു മുടി എന്ന് പറയുന്ന പോലയാ

    ReplyDelete
  6. ഇന്ന് നാട്ടില്‍ എല്ലാവരും റിയല്‍ എസ്റെട്റ്റ് കാരാണ് ....സത്യം

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ