Wednesday, November 28, 2012

മനുഷ്യന്മാരുടെ ഒരു കാര്യം



ഇന്നലെ കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ബസ്‌സ്റ്റോപ്പിലും ബസ്സിലുമായി രണ്ടുപേരുടെ ഡയലോഗ്... 

“അരമണിക്കൂറായി ബസ്സ്‌ കാത്തു നില്‍ക്കാന്‍ തുടങ്ങീട്ട് ...ലിമിടഡ് സ്റ്റോപ്പ്‌ ആണെന്ന് പറഞ്ഞിട്ടെന്താ ഒറ്റയെണ്ണം നിര്‍ത്തണ്ടേ ?....”
“ഇവന്റെയൊക്കെ ഈ മരണപ്പാച്ചില്‍ .....ആളുകളുടെ ജീവന്‍ കൊണ്ടാ കളി എന്ന് ഓര്‍മ്മയില്ല....ദിവസവും എത്രയെത്ര അപകടങ്ങളാ ...”
“അന്യായ ചാര്‍ജ് ....നമ്മുടെയൊക്കെ നികുതി കൊണ്ടുണ്ടാക്കിയ റോഡ്‌ ഇവന്മാരുടെ പറപ്പിക്കല്‍ കണ്ടാല്‍ തോന്നും നിരത്ത് ഇവരുടെ തറവാട്ടു സ്വത്താന്ന് .....ജനങ്ങള്‍ക്ക്‌ ഉപകാരമില്ലെങ്കില്‍ പിന്നെ എന്തിനാ ..”
“ചോദിക്കാനും പറയാനും ആളില്ല......എങ്ങനെ ആളെ കയറ്റാതെ പോകാം എന്നാണു ചിന്ത.ആള് ഇറങ്ങാനുണ്ടെങ്കില്‍ സ്റ്റോപ്പില്‍ നിന്ന് പരമാവധി ദൂരെ നിര്‍ത്തി ..നിര്‍ത്തിയില്ല എന്നമട്ടില്‍ ആളെ ഇറക്കി ഒരു പാച്ചില്‍. ബസ് സ്റ്റോപ്പില്‍ ഇങ്ങനെ കാത്തു നില്‍ക്കുന്നത് മനുഷ്യന്മാര്‍ ആണെന്ന ചിന്തപോലും ഇല്ല... .”
“ഒരു ബസ്സ്‌ വരുന്നുണ്ട് ...കൈ കാണിക്കുന്നില്ല എന്തിനാ വെറുതെ സൗകര്യം ഉണ്ടെങ്കില്‍ നിര്‍ത്തട്ടെ...”
“ഹാവൂ ...ഇതെന്തതിശയം സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റുന്ന ബസ്സോ ....വേഗം കേറ്..ഇത്ര നല്ല ബസ്സുകാരും ഉണ്ടല്ലോ...”

യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞ ശേഷം ഇവരുടെ സംഭാഷണം

“അല്ലാ ഇത് ഇന്ന് തന്നെ കോഴിക്കോട്ട് എത്ത്വോ?”
“സകല സ്റ്റോപ്പിലും നിര്‍ത്തി ആളെ പെറുക്കി ഇങ്ങനെ പോയാ ...”
“ഇതിന്റെ ഡ്രൈവര്‍ പണ്ട് കാളവണ്ടി ഓടിക്കുന്ന ആളായിനോ ....ഇങ്ങനെ ഇഴഞ്ഞിഴഞ്ഞ് ....”
“കേറി കെണിഞ്ഞല്ലോ പടച്ചോനെ ...ഇതറിഞ്ഞിരുന്നെങ്കില്‍ കൊന്നാ കേറൂലായിനും ....പെട്ടുപോയീന്ന് പറഞ്ഞാ മതിയല്ലോ”
“ഓന്റെ ഓലക്കമ്മലെ ഒരു ബസ്സ്‌ ...അന്യായ പൈസയും കൊടുത്ത് ഈ പാട്ടയില്‍ കേറി കുടുങ്ങ്യല്ലോ ...ഈ കാലത്തും ഈ ബസ്സിലൊക്കെ കേറുന്ന മനുഷന്മാരെ സമ്മയിക്കണം .....”
“ഹും സഹിക്കന്നെ ......... എന്തായാലും കേറി ടിക്കറ്റ് എടുത്തുപോയില്ലേ”

6 comments:

  1. കൊളളാം. ഇഷ്ടപ്പെട്ടു. കയറ്റിയാലും കുഴപ്പം, കയറ്റിയില്ലെങ്കിലും കുഴപ്പമല്ലേ

    ReplyDelete
  2. ഹഹാ
    അങ്ങനെ തന്നെയാണ്
    ഒന്നു കയറിക്കിട്ടിയാല്‍ പിന്നെ ഒരിടത്തും നിര്‍ത്തരുത്, ആരെയും കയറ്റരുത്. പറക്കണം അങ്ങനെ

    ReplyDelete
  3. ഹഹഹാ...ഈ മനുഷ്യന്മാരുടെ ഒരു കാര്യം!

    ReplyDelete
  4. എന്തിലും അങ്ങനെ തന്നെയാണ് നമ്മുടെ കാഴ്ചപ്പാട്.. എനിക്ക് ഗുണഫലം ഇല്ലാത്തതാണെങ്കിൽ വിമർശനവും, അല്ലെങ്കിൽ മറിച്ചും...!!

    ReplyDelete
  5. ഇക്കരെ നിന്നാല്‍ അക്കരെ പച്ച...എല്ലാവരുടെയും കാര്യം ഇങ്ങനെയൊക്കെ തന്നെയാണ്

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ