Tuesday, October 9, 2012

ബഹുമാനപ്പെട്ട ഭരണകര്‍ത്താക്കളെകുറെ കാലമായി വികസനത്തിന്റെ അഞ്ചു കളിയാണ് നമ്മുടെ നാട്ടില്‍. .പതിനാറ് ആനകള്‍ക്ക് നിരന്നു നടക്കാന്‍ പറ്റിയ റോഡുകള്‍,ആകാശം മുട്ടുന്ന ബില്‍ഡിംഗുകള്‍,കൊട്ടാരം പോലുള്ള കാറുകള്‍,മിന്നല്‍ പോലെ സഞ്ചരിക്കാന്‍ ബുള്ളറ്റ്‌ ട്രെയിനുകള്‍ സ്കൂള്‍ കുട്ടികള്‍ക്ക് പോലും ടാബ്ലെറ്റ്‌ പീസി.പിച്ചക്കാരന്റെ കയ്യിലും മൊബൈല്‍ ഫോണ്‍...... .

ഇങ്ങനെയൊക്കെ വികസിക്കാന്‍ വേണ്ടി ഒരുപാട് കുടുംബങ്ങളെ വഴിയാധാരമാക്കിയിട്ടുണ്ട്...ഞങ്ങളുടെ പെണ്ണുങ്ങള്‍ നെഞ്ഞത്തടിച്ചു കരയുന്നത് കണ്ടിട്ടും .കണ്ണില്‍ ചോരയില്ലാതെ കൂടും കുടുക്കയും പുറത്തേക്കു വലിച്ചെറിഞ്ഞു കിടപ്പാടം തച്ചുപൊളിച്ചുണ്ടാക്കിയ വികസനം..
നാട്ടിലെ സകലമാന മാലിന്യവും ലോറിയില്‍ കേറ്റി കുറെ പാവങ്ങളുടെ മുറ്റത്ത്‌ തള്ളി നിത്യരോഗികളാക്കിയ വികസനം..
കടലില്‍ പോയി ജീവിക്കുന്ന കുറെ സാധുക്കളുടെ നെഞ്ചത്ത്‌ അണുനിലയം സ്ഥാപിച്ചുണ്ടാക്കുന്ന വികസനം.....
ഈ വികസനം ഇങ്ങനെ പൊടിപാറ്റി നടക്കുമ്പോള്‍ ഇപ്പോള്‍ പറയുന്നു.ഉള്ളത് വെച്ചുണ്ടാക്കി കഴിക്കാന്‍ ഗ്യാസില്ല...ഇരുട്ടായാല്‍ വിളക്ക് കത്തിക്കാന്‍ കറന്റില്ല...വണ്ടിയില്‍ ഒഴിക്കാന്‍ എണ്ണയില്ല....സാധനങ്ങള്‍ക്ക് വില കൂടുകയല്ലാതെ കുറയില്ല.

അടങ്ങി ഒതുങ്ങി മര്യാദക്ക് ജീവിച്ച ഞങ്ങളെ പുതിയ പുതിയ സൌകര്യങ്ങള്‍ ഉണ്ടാക്കി തന്നും കാണിച്ചു തന്നും...ഈ ഗതികേടിലേക്കാണോ സാറന്മാരെ എത്തിച്ചത്.
ഇപ്പോള്‍ ഞങ്ങള്‍ക്ക് കത്തിക്കാന്‍ വിറകില്ല ...കറന്റില്ലാതെ ജീവിക്കാന്‍ പറ്റില്ല.....നടന്നു പോകാന്‍ ആരോഗ്യമില്ല.....ഈ പൊള്ളുന്ന വിലക്ക് സാധനം വാങ്ങാന്‍ കാശുമില്ല.

ഉള്ളതും തിന്ന് ഉടുത്തതും പുതച്ചു സ്വസ്ഥമായി ജീവിച്ച ഞങ്ങളോട് എന്തിനായിരുന്നു സാറന്മാരെ ഈ  കൊലച്ചതി ചെയ്തത്..
ഏതായാലും നമ്മുടെ രാജ്യത്തെ വെള്ളവും മണ്ണും ഒക്കെ വില്‍ക്കുകയല്ലേ...വിറ്റുകള ഞങ്ങളെ കൂടി...പോറ്റാന്‍ ഗതിയുള്ള ഏതെങ്കിലും രാഷ്ട്രത്തിന്...അടിമകളായി ജീവിച്ചോളാം ഞങ്ങള്‍....
പട്ടിണി കിടന്നു മരിക്കാന്‍ വയ്യാഞ്ഞിട്ടാണ്...

നിങ്ങളുടെയൊക്കെ  വാക്കുകള്‍ വിശ്വസിച്ചു നിങ്ങള്‍ക്കൊക്കെ വോട്ടു ചെയ്ത ഒരു പാവം പൌരന്റെ അപേക്ഷ...

5 comments:

 1. ശരിക്കും എത്ര കഷ്ട്ടമാണ് ....സാധാരണക്കാരന്റെ നിലവിളി കേള്‍ക്കാന്‍ മനസ്സ് കാണിക്കാത്ത വിഷജീവികളെ എന്ത് പറയണം ...
  അവഗണനയുടെ കാരുണ്യം മാത്രം വലിച്ചെറിയുന്ന മാന്യന്മാര്‍ ...

  ReplyDelete
 2. നില്‍ക്കുന്ന മണ്ണും , ശ്വസിക്കുന്ന വായുവും , കുടിക്കുന്ന വെള്ളവും എല്ലാം , എല്ലാം 'വികസനത്തിന്റെ' പേരില്‍ വിട്ടഴിക്കപെട്ടു കൊണ്ടിരിക്കുന്നു . ഇങ്ങനെ നമുക്ക് പ്രതികരിക്കാനുള്ള മനസും , ഊര്‍ജവും നഷ്ടപ്പെട്ട് നിഷ്ഫലമായി തീരാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നു !

  കൂട്ടത്തില്‍ ഉള്ളതിനെ വികസനത്തിന്റെ പേരില്‍ സ്വന്തം ഇടങ്ങളില്‍ നിന്ന് ആട്ടി പായിക്കുമ്പോള്‍ , കണ്ടു നിന്ന് കൈ കെട്ടി നോകി നില്‍ക്കാനേ ഞാന്‍ അടക്കം ഉള്ള യുവതക്കവുന്നുള്ളൂ ..

  ഞാന്‍ , എന്‍റെ എന്നല്ലതത്തില്‍ എല്ലാം സുഖകരമായ ഒരു ദാസ്യം നമ്മെ പൊതിഞ്ഞുകൊണ്ടിരിക്കുന്നു ..

  കരുതിയിരിക്കുക , നാളെ അവര്‍ നിങ്ങള്ക്ക് നേരയാകാം ..  ReplyDelete
 3. മലയാളികള് ഒരിക്കലും ഈ പഴമയിലേക്ക് മടങ്ങിപ്പോകില്ല, പകരം, സമരം നടത്തും, എന്നാലും ഭരണാധികാരികള് കുലുങ്ങില്ല പക്ഷേ വില കൂടിയ വൈദ്യുതി പുറത്തു നിന്നും വാങ്ങി പ്രശ്നം പരിഹരിക്കും. അതിന് കൂടുതല് ചാറ്ജ് ഈടാക്കും. അധികരിച്ച ചാറ്ജ് ഒടുക്കാനായി ജനങ്ങള് കൂടുതല് കുറ്റ കൃത്യങ്ങളിലേക്ക് തിരിയും. അങ്ങിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളം പിശാചിന്റെ സ്വന്തം നാടായി മാറും. തെങ്ങും നെല്ലും ഇല്ലാതായിക്കൊണ്ടിരിക്കുന്നതിനാല് ഇപ്പോള് മഴ ഇല്ലാതായിക്കൊണ്ടിരിക്കുന്നു, ക്രമേണ കേരളം മരുഭൂമിയായി മാറും.

  ReplyDelete
 4. സമരം കൊണ്ടു മാത്രം ഒന്നുമാവില്ല.., കഴിവതും പ്രകൃതിയോടിണങ്ങീ ജീവിച്ചു മുന്നോട്ട് പോകണം.., സോളാർ പാനൽ,ബയോഗ്യാസ്., വീട്ടിൽ തന്നെ പച്ചക്കറി, അങ്ങനെ ആവും വിധം നമ്മൾ തന്നെ പ്രതിരോധം തീർക്കണം..എഴുതുക ..ആശംസകൾ..

  ReplyDelete
 5. അപ്പോൾ നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്..

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ