Wednesday, September 19, 2012

ഉമ്മ കാത്തിരിക്കുന്നുണ്ട് .....





നീണ്ട മണിയൊച്ച കുഴഞ്ഞു മറിഞ്ഞു പോയ ഓര്‍മ്മകളിലുണ്ടാക്കിയ ഉണര്‍വ്വിലായിരിക്കും  ഉമ്മയോട് ഉപ്പ പറയുമായിരുന്നത്രേ.


“നിനക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാന്‍ പറ കുട്ടികളോട്......”

ലാന്‍ഡ്‌ ഫോണ്‍ തകരാറില്ലാത്ത ദിവസങ്ങള്‍ അപൂര്‍വ്വമാണ്.നന്നാവുന്ന ദിവസങ്ങളില്‍ തന്നെ നിര്‍ത്താതെ അടിയുന്ന ഫോണിനടുത്തേക്ക് മുട്ട് വേദനയുമായി ഉമ്മ  നടന്നെത്തുമ്പോഴേക്കും ചിലപ്പോള്‍ കട്ടായിട്ടുണ്ടാകും.കിട്ടിയാല്‍ തന്നെ ഫോണിന്റെ  കരകര ശബ്ദത്തില്‍ പകുതിയും കേള്‍ക്കാതെ........പലപ്പോഴും ആരായിരിക്കും വിളിച്ചതെന്ന് ഉത്കണ്ഠപ്പെട്ട്...... ...പാതിയില്‍ മുറിഞ്ഞു പോയ വാക്കുകളെന്തെന്ന് ചിന്തിച്ച്....

ഉപ്പ പോയപ്പോള്‍ അതുവരെ,ആശുപത്രി,മരുന്ന്,ശുശ്രൂഷ,തുടങ്ങിയ ഒരുപാട് ബഹളങ്ങള്‍ ഒറ്റയടിക്ക് നിലച്ചത് പോലെയായി ഉമ്മയുടെ ജീവിതം..ആ ശൂന്യതയിലേക്ക് വന്ന ഫോണിന്റെ മണിയൊച്ചകള്‍ പുറത്ത്‌ വരാതെ അമര്‍ന്നു പോയി.....

മൂന്നാല് ദിവസങ്ങള്‍ക്ക് മുമ്പ് അനുജന്‍ നാട്ടില്‍ പോയപ്പോള്‍ ഉമ്മാക്ക് സമ്മാനിച്ചതാണ് പുതിയ മൊബൈല്‍ ഫോണ്‍.. . അന്ന് വിളിച്ചപ്പോള്‍ ഒരു ആശ്വാസം പോലെ ഉമ്മ പറഞ്ഞിരുന്നു.
“ഇനി നിങ്ങളൊക്കെ വിളിക്കുമ്പോ ശരിക്ക് കിട്ട്വല്ലോ ....”

ഇന്നലെ ഉച്ചയ്ക്ക് ഫോണ്‍ നിര്‍ത്താതെ അടിയുന്നത് കേട്ട് എടുത്തപ്പോള്‍ അപ്പുറത്ത് ഉമ്മയാണ്.

“പുതിയ ഫോണ്ന്നാ......ആദ്യായിട്ട് വിളിക്കുന്നത്‌ നിന്നെ....”

ആഹ്ലാദത്തോടെയുള്ള ഉമ്മയുടെ വാക്കുകള്‍
.
കണ്ണെത്താ ദൂരെനിന്ന്  പൊള്ളുന്ന മരുഭൂമിയിലേക്ക്   കുളിര്‍കാറ്റുപോലെ ആ വാക്കുകള്‍.

“......ആദ്യായിട്ട് വിളിക്കുന്നത്‌ നിന്നെ....

ഞാനപ്പോള്‍ ഉമ്മയുടെ പുന്നാരമോന്‍ മാത്രമായി.കുഞ്ഞുന്നാളില്‍ എനിക്കായി എടുത്തു  വെച്ച മിട്ടായികള്‍ പോലെ,മാറ്റി വെച്ച പലഹാരങ്ങള്‍ പോലെ,ജീവിതത്തിലെ വല്ലാത്ത ഒരു സന്ധിയില്‍ കയ്യില്‍ ഒന്നുമില്ലെന്ന് അറിഞ്ഞ് ഉപ്പ അറിയാതെ ചുരുട്ടി വെച്ച് തന്ന നോട്ടുകള്‍ പോലെ..............എനിക്കായി കരുതി വെച്ച വിളിയും.
ഇപ്പോഴും  ഗള്‍ഫില്‍ നിന്ന്  കൊണ്ട് വരുന്ന മിട്ടായികളില്‍ നിന്ന് എന്റെ മക്കള്‍ക്ക്‌ പോലും കൊടുക്കാതെ എനിക്ക്  മാറ്റി വെക്കുന്ന ഉമ്മ, അനുജന്മാര്‍ ഉമ്മാക്ക്  കൊടുത്ത സോപ്പ്‌ കുവൈത്തിലെ പലചരക്കുകടക്കാരനായ എനിക്ക്   സമ്മാനിക്കുന്ന എന്റെ ഉമ്മ....

ഇറാഖ്‌ യുദ്ധകാലത്ത് ടെലിവിഷന്‍ പൊലിപ്പിച്ചു പറഞ്ഞ ഓരോ  വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും പൊള്ളുന്ന മനസ്സുമായി ഉമ്മ എന്നെ  വിളിച്ചിട്ടുണ്ട്..കൊയിലാണ്ടിയില്‍ ബസ്സപകടം നടന്ന ദിവസം കോഴിക്കോട്ടെ പാണ്ടികശാലയില്‍ നിന്ന് ഞാന്‍ എത്താന്‍ വൈകിയപ്പോള്‍ ഉണ്ടായ അതേ വേവലാതിയോടെ...പലപ്പോഴും ഇവിടെ മിസൈലുകള്‍ വീണ വിവരം ഞാന്‍ അറിഞ്ഞത് ഉമ്മ വിളിക്കുമ്പോഴാണ്..

ഉമ്മ പിന്നെയും പറഞ്ഞുകൊണ്ടിരിക്കുകയാണ് 

“ഇനി നിങ്ങള്‍ എപ്പോ വിളിച്ചാലും എനിക്ക് എടുക്കാലോ.......ഇനി ഫോണ്‍ വെടക്കായതോണ്ടാ വിളിക്കാത്തത്‌ന്ന് പറയൂലാലോ.....”

വിളിക്കാന്‍ ദിവസങ്ങള്‍ വൈകുമ്പോള്‍ കേടായ ഫോണിനെ കുറ്റം പറഞ്ഞു രക്ഷപ്പെടാന്‍ ഇനി പറ്റില്ല......ഉമ്മ കാത്തിരിക്കുന്നുണ്ടാകും ഞങ്ങളുടെ വിളിക്ക് വേണ്ടി ..അത് കൊണ്ടായിരിക്കും പോകുന്നതിനു മുമ്പ് ഉപ്പ പറഞ്ഞിട്ടുണ്ടാവുക..

നിനക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാന്‍ പറ കുട്ടികളോട്......

27 comments:

  1. ഉമ്മാക്ക് ദീര്ഗായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു . . ഉറവ വറ്റാത്ത ആ സ്നേഹത്തിനു നല്‍കാന്‍ അത് മാത്രമേയുള്ളൂ ..

    ഹൃദ്യം ,

    ReplyDelete
  2. ഉമ്മ- എത്ര മനോഹരമായ പദം! മക്കള്‍ക്കുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ സന്നദ്ധയായ ഉമ്മ, സഹനത്തിന്റെ മൂര്‍ത്തിയായ ഉമ്മ, സ്നേഹമയിയായ ഉമ്മ -കാലം പോകെപ്പോകെ ഈ സമവാക്യങ്ങളെല്ലാം ഇല്ലാതാകുമോ?

    ReplyDelete
  3. വിളിക്കാന്‍ ദിവസങ്ങള്‍ വൈകുമ്പോള്‍ കേടായ ഫോണിനെ കുറ്റം പറഞ്ഞു രക്ഷപ്പെടാന്‍ ഇനി പറ്റില്ല...


    ഇനിയെന്തു ചെയ്യും... വേറെ കളളം കണ്ടുപിടിക്കാലേ...

    ReplyDelete
  4. കണ്ണുനിറച്ചു മാഷേ..!
    ഉമ്മ, ആരോഗ്യത്തോടെ ഇനിയും നീണ്ടകാലം മക്കളുടെ വിളിപ്പുറത്തുണ്ടാവട്ടെ..!

    ആശംസകളോടെ..പുലരി

    ReplyDelete
  5. അമ്മയെ ഈ നിമിഷം കാണാന്‍ തോനുന്നു...
    മൂടാടിക്ക, എന്റെ ഹൃദയത്തിലാണ് നിങ്ങളീ വരികള്‍ എഴുതിയിരിക്കുന്നത്....!

    ReplyDelete


  6. കുറച്ചു ദിവസമായി വിളിക്കാതെയിരുന്നു വിളിക്കുമ്പോള്‍ അമ്മ പറയും..ഇന്നലേം ഓര്‍ത്തു വിളിച്ചില്ലല്ലോ എന്ന്.

    ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍
    ഞാനും തീരുമാനിച്ചു...ഒരു മൊബൈല്‍ വാങ്ങി കൊടുക്കാന്‍...അമ്മയ്ക്കും നന്ടന്നെതി ഫോണ്‍ എടുക്കണ്ടല്ലോ...

    നല്ല പോസ്റ്റ്‌..ഹൃദയത്തില്‍ നിന്നും വന്ന വാക്കുകള്‍..


    എല്ലാ ഭാവുകങ്ങളും.

    ReplyDelete
  7. ഓരോ കരുതലുകള്‍ അങ്ങനെയാണ് പലപ്പോഴും വിലമതിക്കാനാവാത്തതു ...........അത് പങ്കു വയ്ക്കുമ്പോള്‍ നമ്മള്‍ സ്നേഹത്തെ മാനിക്കുന്നു എന്ന് കൂടി കാണിക്കുന്നു .

    ReplyDelete
  8. ഉമ്മയെ ഓര്‍ത്തു പോയി... പ്രാര്‍ത്ഥനകള്‍ മാത്രം.

    ReplyDelete
  9. മുഹമ്മദു കുട്ടി മാവൂര്‍ ...Wednesday, September 19, 2012 6:17:00 PM

    നജൂ ...ഒരു ദിവസം വിളിചില്ലേല്‍ എന്താ അവനു വല്ല സുഖല്ലായ്കയും ഉണ്ടോ മോളെന്നു ഒരു പാട് തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിക്കുന്ന ഉമ്മ ... തറവാട്ടില്‍ നിന്നും അല്പം ദൂരെയുള്ള ഒരു പറമ്പില്‍ വീടുണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്ന എന്നോട് ..ഈ പറമ്പില്‍ തന്നെ മതി നിന്റെ കുട്ടികളെ തന്നെയെങ്കിലും എപ്പോഴും കണ്ടുകൊണ്ടിരിക്കാമല്ലോ എന്ന് പറഞ്ഞ സ്നേഹത്തിന്റെ പര്യായം ..നജൂ ഓര്‍മ്മകള്‍ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നു ...ഉമ്മയുടെ സ്നേഹം നമ്മള്‍ എത്ര മുതിര്‍ന്നാലും .........ഇപ്പോഴും എന്റെ തലയില്‍ തോര്‍ത്തുമുണ്ട് കൊണ്ട് തുവര്‍ത്തിത്തരുന്ന ഉമ്മ ,,,,,,,,,കൂടുതല്‍ ഒന്നും പറയുന്നില്ല .....അല്ലാഹു എല്ലാ ഉമ്മമാര്‍ക്കും ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കട്ടെ ആമീന്‍

    ReplyDelete
  10. ഹൃദയസ്പര്‍ശിയായ എഴുത്ത്..
    ഒരുപാട് ബഹളങ്ങള്‍ ഒറ്റയടിക്ക് നിലച്ച ഒരു ജീവിതമെന്ന ഒറ്റവരിയില്‍ത്തന്നെ വരിയില്‍ ഒരു ശരാശരി കുടുംബത്തെയും അതിലെ ജീവിതത്തെയും സുവ്യക്തമായി അവതരിപ്പിച്ചു.ആശംസകള്‍

    ReplyDelete
  11. പ്രാര്‍ത്ഥിക്കുന്നു...

    ReplyDelete
  12. ഉമ്മ’ എന്ന രണ്ടക്ഷരത്തിന്റെ മഹത്വം മനസ്സില്‍ വല്ലാത്ത വികാരങ്ങളുണര്‍ത്തുന്നു. മക്കളും ഉമ്മയും ഉള്ള ബന്ധം! അതെത്ര ശക്തം! നമ്മുടെ എല്ലാവരുടെയും വയറിന്മേലുള്ള പൊക്കിള്‍ നാം ഒരു ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതിന്റെ തെളിവായി മരണം വരെ കിടക്കുന്നു. കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പക്ഷേ, പൊക്കിളില്ലാതെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല. അതാണ് മാതാവിന്റെ മഹത്വം. വാസ്തവത്തില്‍ ഒരു ഉമ്മ ആകുക എന്നതാണ് ഒരു സ്ത്രീയുടെ ഈ ഭൂമിയിലെ വലിയ ഭാഗ്യം. കാരണം, അവളുടെ കാലിന്നടിയിലാണ് അവളുടെ കുഞ്ഞിന്റെ സ്വര്‍ഗം. വല്ലാത്തൊരു ഹദീസ് തന്നെയാണത്. الجنة تحت أقدام الأمهات – സ്വര്‍ഗം മാതാക്കളുടെ പാദത്തിനടിയിലാണ്.

    പ്രവാചകനോട്, താനാര്‍ക്കാണ് ഗുണം ചെയ്യേണ്ടതെന്ന ചോദ്യവുമായി സമീപിച്ച സ്വഹാബിയോട്, മൂന്നുതവണയും ഉമ്മയോട് എന്ന് പറഞ്ഞ് നാലാംതവണ വാപ്പാക്ക് എന്നു പറഞ്ഞ സംഭവം പ്രശസ്തമാണ്.

    ReplyDelete
  13. എന്റെ എല്ലാ പ്രഭാതങ്ങളിലും ഞാന്‍ മറക്കാതെ ചെയ്യുന്ന കാര്യം എന്റെ ഉമ്മാനെ വിളിച്ചു സംസാരിക്കുക എന്നുള്ളതാണ് .മറ്റൊരാളും ഉമ്മാക്ക് പകരമാകില്ല ജീവിതത്തില്‍ .

    ReplyDelete
  14. ഉമ്മയെ കുറിച്ചുള്ള എല്ലാം ഹൃദയം കൊണ്ടേറ്റു വാങ്ങും ഞാന്‍ . ഒരു പാട് മനസ്സിലൂടെ എന്തൊക്കെയോ കടന്നു പോകുന്നു വായിക്കുമ്പോള്‍ . നന്ദി

    ReplyDelete
  15. അമ്മയ്ക് തുല്ല്യം ഇന്നുമില്ലായീ ഭൂവിൽ

    ReplyDelete
  16. അമ്മയെന്ന സ്നേഹത്തിന് മുന്‍പില്‍ നിഷ്പ്രഭമാണ് പ്രപഞ്ചം പോലും.

    ReplyDelete
  17. ഈ നിമിഷം ഞാനും എന്റെ ഉമ്മയെ ഓര്‍ത്തു പോയി..ഒരിക്കലും വറ്റാത്ത വാത്സല്യത്തിന്റെ ഉറവിടം നമ്മുടെ എല്ലാരുടെയും ഉമ്മമാര്‍ ...അമ്മമാര്‍....ഒരിക്കലും അവരെ വേദനിപ്പിച്ചീടാതെ , സന്തോഷം മാത്രം നല്‍കി കൊണ്ട് നമുക്ക് നമ്മുടെ ജീവിതം നീക്കിയിടാം...സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ...

    ReplyDelete
  18. manasin feel undaayi avasaanm uppantey aa vaakukalum koodi aayappol nannyitund
    ഉമ്മാക്ക് ദീര്ഗായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു

    ReplyDelete
  19. വളരെ ചെറിയ വിവരണത്തിലൂടെ മനസ്സില്‍ വലിയ നൊമ്പരമുണ്ടാക്കി. എന്താ പറയുക, അമ്മയുടെ കാല്‍ ക്കീഴിലാണ് സ്വര്‍ഗം എന്ന് ഖുറാനില്‍ പറയുന്നുണ്ട്, അതെത്ര സത്യമാണ് എന്നറിയാത്തവര്‍ ഇല്ലാത്ത സ്വര്‍ഗം തേടി യാത്രയാകും. അവരോടൊക്കെ സഹതാപം മാത്രം.......

    ReplyDelete
  20. ishtapettu orupaadu.........orupaadu..!!!!

    ReplyDelete
  21. ishtapettu orupaadu.........orupaadu..!!!!

    ReplyDelete
  22. ishtapettu orupaadu.........orupaadu..!!!!

    ReplyDelete
  23. ishtapettu orupaadu.........orupaadu..!!!!

    ReplyDelete
  24. ishtapettu orupaadu.........orupaadu..!!!!

    ReplyDelete
  25. .കുഞ്ഞുന്നാളില്‍ എനിക്കായി എടുത്തു വെച്ച മിട്ടായികള്‍ പോലെ,മാറ്റി വെച്ച പലഹാരങ്ങള്‍ പോലെ,ജീവിതത്തിലെ വല്ലാത്ത ഒരു സന്ധിയില്‍ കയ്യില്‍ ഒന്നുമില്ലെന്ന് അറിഞ്ഞ് ഉപ്പ അറിയാതെ ചുരുട്ടി വെച്ച് തന്ന നോട്ടുകള്‍ പോലെ.............
    ella ammahrudayavum orepole..
    aashamsakal.
    mattoru koyilandikkaari..

    ReplyDelete
  26. raaviley thanney karayichu kalanjallo ikkaa. . . .

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ