Tuesday, May 1, 2012

അകലം



അവര്‍  ഓര്‍ത്തു കൊണ്ടിരുന്നത് .കഴിഞ്ഞ രാത്രികളെ കുറിച്ചായിരുന്നു.

“എത്ര നേരായി നമ്മളിങ്ങനെ സംസാരിക്കാന്‍ തുടങ്ങീട്ടെന്നറിയ്വോ.....നാട്ടിലെ പതിനൊന്നരയ്ക്ക് തുടങ്ങിയതാ ഇപ്പൊ ഇവിടെ പതിനൊന്നരയായി”
“അതിനെന്താ ..........ഇവിടെ പുറത്തു കര്‍ക്കടകം പെയ്തു കൊണ്ടിരിക്കുന്നുണ്ട്”
“ഇവിടെയൊക്കെ എല്ലാരും ഉറങ്ങീന്നു തോന്നുന്നു.ഏ സി യുടെ മൂളല്‍ മാത്രം.പകലത്തെ കത്തുന്ന ചൂടിന്റെ ബാക്കി തണുപ്പിക്കാന്‍”
“ഞാന്‍ നടന്നു നടന്നങ്ങു പോന്നാലോന്നു വിചാരിക്ക്യാ...... പെരുമഴയുടെ നാട്ടില്‍ നിന്നും മരുഭൂമിയിലെ എന്റെ രാജകുമാരന്റെ അടുത്തേക്ക്.............എത്ര ദിവസം വേണ്ടി വരും നടന്നങ്ങെത്താന്‍”
“ദിവസോ ...എത്ര കൊല്ലംന്നു ചോദിക്ക്”
“ഇത്രേം അകലെയാ നമ്മള്................ എന്നിട്ടും”
“അകലെയല്ലല്ലോ ഒരുപാട് അടുത്ത് രണ്ട് മനസ്സുമിങ്ങനെ ചേര്‍ന്ന് നിക്കയല്ലേ”
“എന്റെ കരള് പറയുന്ന കിന്നാരവും കേട്ടിങ്ങനെ നടക്കുകയാണെങ്കില്‍ ദിവസവും,മാസവും,കൊല്ലവും പോകുന്നതൊന്നും ഞാനറിയില്ല..”
“എന്റെ രാജകുമാരി നടന്നു നടന്നു കാല് കുഴയണ്ട ...
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞാനങ്ങെത്തിയല്ലോ എന്റെ കരളിന്റെ അടുത്ത്"
ഒന്നിച്ചുള്ള പൊട്ടിച്ചിരി കാതില്‍ ഇപ്പോഴും  മുഴങ്ങുന്നത് പോലെ 

പുറത്തു മഴ ഒരു തേങ്ങല്‍ പോലെ പെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
“ഉറങ്ങിയില്ലേ”
ഒരുപാട് നേരത്തെ മൌനത്തിനിടയില്‍ വീണ ഈ   വാക്ക് വിളിക്കാതെ എത്തിയ അതിഥിയെ പോലെ അവരുടെ ഇടയില്‍   പരുങ്ങി നിന്നു.
തൊട്ടടുത്ത്‌  കിടക്കുമ്പോഴും മനസ്സുകള്‍ തമ്മില്‍ ഇപ്പോഴുള്ള അകലം നടന്നെത്താനാവാത്ത അത്രയും ദൂരെയാണെന്ന് അവര്‍   അറിയുകയായിരുന്നു. 

20 comments:

  1. ഇരുമേനികള്‍ തമ്മിലൊരു സ്വപ്നദൂരം ....... ഇരു സ്വപ്‌നങ്ങള്‍ തമ്മിലോ ഒരു ജീവിത ദൂരവും ...... !!!

    ReplyDelete
  2. പ്രവാസമെന്ന നേരിപോടില്‍ നീരിപുകയുന്ന ഓരോ മനസിലും കുളിര്‍ കോരിയിടുന്ന വാക്കുകളാണിവ. ജീവിതമെന്ന കടല് കടക്കാന്‍ കടലും തങ്ങി പ്രിയതമെയെയും വിട്ടു ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്ന് ചിരിക്കാന്‍ ശ്രമിക്കുന്ന പാതികള്‍ ... ജോലിയിലെ പിരിമുറുക്കങ്ങളും നാട്ടിലെ ചിന്തകളും വീര്‍പ്പുമുട്ടിക്കുന്ന മനസിനെ തന്‍ പാതിയുമായുള്ള ഇത്തരം സംഭാഷണങ്ങള്‍ ചെരുതായല്ല സ്വാതീനിക്കുന്നത്. മണിക്കൂറുകള്‍ നിമിഷങ്ങളായി മാറുന്ന ജാലവിദ്യ,പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍. കാതങ്ങല്‍ക്കപ്പുരമിരുന്നും ഒന്നാകുന്ന സ്നേഹബന്ധങ്ങള്‍ ... മടുപ്പിക്കുന്ന ഈ ജീവിതത്തിലും പ്രധീക്ഷകളുടെ പുതുനാബുകലായി തന്‍ പാതികള്‍ ...
    ഇക്കാ ഈ വരികള്‍ എനിക്ക് വല്ലാതെ ഇഷ്ട്ടമായി ...

    ReplyDelete
  3. കൊള്ളാം.
    നല്ല എഴുത്ത്.

    ReplyDelete
  4. മുഹമ്മദു കുട്ടി മാവൂര്‍ .......Tuesday, May 01, 2012 2:57:00 PM

    പ്രവാസിയുടെ ഏറ്റവും വലിയോരാശ്വാസം ഉറ്റവരോടും ഉടയവരോടും കൊതി തീരെ സംസാരിക്കാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടില്ല എന്നുള്ളതാണ് ..കുറഞ്ഞ ചിലവില്‍ ഇപ്പോള്‍ നെറ്റു ഫോണ്‍ സൗകര്യം വന്നതോടുകൂടി എല്ലാവര്ക്കും എല്ലായ്പോഴും വിളിക്കമെന്നുള്ളത് വലിയോരശ്വാസം തന്നെയാണ് ..മിനിട്ടുകള്‍ മനിക്കൂരുകളാകുന്ന ..എല്ലാവരും ഉറങ്ങുമ്പോഴും ഉണര്‍ന്നിരുന്ന കിന്നരിക്കുന്ന ദമ്പതികളില്‍ ചിലര്‍ ക്രമേണ അതില്‍ മാറ്റം വരുത്തുന്നു ..പിന്നെ പിന്നെ വിളി വെറും ഒരു ചടങ്ങായി മാറുന്നു ....നാട്ടിലാനെന്കിലും കല്യാണത്തിന്റെ ആദ്യ നാളുകളില്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നവര്‍ ക്രമേണ ക്രമേണ നിശ്ശബ്ദരാവുന്നതും കാലക്രമേണ ഈ കഥയിലെ അവസാന ചോദ്യം പോലെ വാക്കുകളില്‍ വല്ലാതെ പിശുക്ക് അനുഭവപ്പെടുന്നതായും സാധാരണ നാട്ടില്‍ കണ്ടു വരുന്നു ...വാസ്തവത്തില്‍ എന്താണിതിനു കാരണം ..കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് പരസ്പരം സംസാരിക്കാന്‍ സമയമില്ലാതാവുന്നതു സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നു ..അവസാനം ഒന്നും പരസ്പരം ഉരിയാടാതെ ദിവസങ്ങളും മാസങ്ങളും തള്ളി നീക്കപ്പെടുന്നു ...പക്ഷെ പലരും മനസ്സിലാക്കുന്നില്ല പന്കാളിയുടെ സ്നേഹസമൃനമായ സംസാരം പോലെ മാനസിക സംഘര്‍ഷം കുറയ്ക്കുന്ന മറ്റൊരു മരുന്ന് ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമല്ല ...വളരെ വിശദമായ ഒരു വിശകലനത്തിനു വിധേയമാക്കേണ്ട വിഷയമാണിത് ..എവിടെ വെച്ചാണ് ഈ അകലം കണ്ടു തുടങ്ങിയത് ..എന്താണതിനു മൂലകാരണം ...തുടക്കത്തിലെ കണ്ടു പിടിച്ചു ചികില്സിചില്ലേല്‍ ജീവിതം തന്നെ കുളം തോണ്ടി പ്പോകും തീര്‍ച്ച ..

    ReplyDelete
  5. കഥയോ, ജീവിതമോ എന്തായാലും ...ഇതുപോലെ ഉള്ള അവതരണം ഇനിയും ഉണ്ടാവണം എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു ട്ടോ
    വളരെ നന്നായി ..

    ReplyDelete
  6. ഇങ്ങനെ ഒരു വിഷയം തോന്നാന്‍ വല്ല പ്രജോധനവും...??????

    ReplyDelete
  7. സാങ്കേതികവിദ്യ വികസിച്ചപ്പോള്‍ ശരീരങ്ങള്‍ തമ്മിലുള്ള അകലതിനെ അതേപടി നിലനിര്‍ത്തിക്കൊണ്ട് തന്നെ മനസ്സുകള്‍ തമ്മിലുള്ള അകലത്തെ തീരെ ഇല്ലാതാക്കി. എന്നാല്‍ മിക്കവാറും ആളുകള്‍ ജോലി കഴിഞ്ഞു വന്നാല്‍ ഒരു നെറ്റ് കോള്‍ ലഭിക്കുന്ന ഫോണും പിടിച്ചു റൂമിലും, ഫ്ലാറ്റിന്റെ ഇടനാഴികളിലും, ചവിട്ടുപടികളിലും മറ്റും തങ്ങളുടെതുമാത്രമായ ഒരു ലോകത്ത് ഒതുങ്ങിക്കൂടുന്നു. മുന്‍പുണ്ടായിരുന്ന റൂംമേറ്റ്സ്മായുള്ള സൌഹൃദവും കത്തിവെക്കലും ആഘോഷങ്ങളും കുറഞ്ഞുവരികയാണ്. മനസ്സുകളെ തമ്മില്‍ അകറ്റാനും ടെക്നോളജി നന്നായി ഉപകരിക്കുന്നുണ്ട്.

    ReplyDelete
  8. വ്യത്യസ്തമായ രീതിയില്‍ മനസ്സുകളുടെ അകലം വരച്ചു കാണിച്ചിരിക്കുന്നു.

    ReplyDelete
  9. മനുഷ്യന്റെ ഒരു കാര്യം.... ദൂരേക്ക്‌ ദൂരേക്ക്‌ പോകാന്‍ വെമ്പുന്നു.. അതെ സമയം പ്രിയരുടെ സവിധത്തിലേക്ക് അണയാന്‍ ഓരോ നിമിഷവും കൊതിക്കുന്നു.. വിരഹത്തില്‍ സാഹിത്യം തുളുമ്പുന്ന ആള്‍ അരികിലെത്തിയാല്‍ മിണ്ടാട്ടം മുട്ടിയവനായി പോകുന്നു... നല്ല പോസ്റ്റ്‌ ഇനിയും എഴുതൂ...

    ReplyDelete
  10. പ്രണയത്തിന്റെ,വിരഹത്തിന്റെ,പ്രവാസത്തിന്റെ വേദനയൂറുന്ന വേർപാട്
    പെയ്തിറങ്ങുന്ന മഴയയുടെകുളിരിലൂടെ എത്രമനോഹരമായാണു എഴുതിയിരിക്കുന്നത്
    മനസ്സിലേക്ക് പെയ്തിറങ്ങുന്ന ആഴമുള്ള സുന്ദര ഭാഷയും തമ്മിൽത്തമ്മിൽ നോക്കിയിരിക്കുമ്പോൾ
    പറന്നിറങ്ങുന്ന മൗനത്തിന്റെ നിശ്ശബ്ദതയും ഇവിടെ ജീവിതം തിരിച്ചറിവാകുന്നു
     ഇനിയും ഉയരങ്ങളിലേക്ക് പ്രയാണം തുടരട്ടെ
    ആശംസകളോടെ..sureshkumar puthanpurayil

    ReplyDelete
  11. മഴ ഒരു തേങ്ങലായി പെയ്തുകൊണ്ടേയിരിക്കുന്നു...! വിരഹത്തിന്റെ വേദന വിതറിയ വരികള്‍..! നജീബ് ഭായ് മനോഹരമായി എഴുതിയിരിക്കുന്നു...!

    ReplyDelete
  12. കണ്ണകന്നാല്‍ മനസ്സകന്നു എന്ന് പറയും പഴമക്കാര്‍ ,ഇത് തിരിച്ചു അല്ലെ ?ഒതുക്കമുള്ള എഴുത്ത് ..കൂടുതല്‍ വൈവിധ്യമുള്ള വിഷയങ്ങള്‍ തേടിപ്പിടിച്ചു എഴുതൂ ,,,

    ReplyDelete
  13. നന്നായിട്ടുണ്ട്.. സാങ്കെതിക വിദ്യകള്‍ കൂടുതല്‍ അടുത്തേക്ക് ക്ഷണിക്കുംപോഴും മനസ്സുകള്‍ കൂടുതല്‍ അകലുന്നതെന്തു കൊണ്ടാകാം ???

    ReplyDelete
  14. അടങ്ങാത്ത തിരകൾപോൽ തേങ്ങലുകൾ അപ്പോഴും ബാക്കി...മനോഹരമായ അവതരണം...നജ്ജുക്ക...

    ReplyDelete
  15. ഒരുപാടൊരുപാട് ദമ്പതിമാര്‍ നിത്യേനെ എന്നോണം അനുഭവിക്കുന്ന "ദുരന്തം".. ഇത് പക്ഷെ പ്രവാസികള്‍ക്ക് മാത്രമല്ല എന്നും കൂടെ നില്‍ക്കുന്നവര്‍ക്കും ബാധകം തന്നെയാണ്. വിഷയമില്ലായ്മയ്ണോ ഈ മൌനത്തിന്‍റെ കാരണം ?.. ആണെന്ന് തോന്നുന്നില്ല. ജീവിതത്തിലെ പുതുമകള്‍ ഇല്ലാതെ ആകുമ്പോഴുള്ള മടുപ്പ് അതാണ്‌ രണ്ടുപെര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന മതിലിന്റെ അടിത്തറ. എന്നെ മനസ്സിലാക്കുന്ന, എന്നെ സ്നേഹിക്കുന്ന, എന്നെ അഡ്ജസ്റ്റ് ചെയ്യുന്ന ഭാര്യ/ഭര്‍ത്താവു ആണെന്ന് പറയുന്നവര്‍ ഒരിക്കലും എനിക്ക് എത്ര നേരം വേണെങ്കിലും സംസാരിച്ചിരിക്കാന്‍ കഴിയുന്ന ഒരു ഭാര്യ/ഭര്‍ത്താവു ആണ് എനിക്കുള്ളതെന്നു പറഞ്ഞു കേട്ടത് ചുരുക്കമാണ്. ആദ്യമാദ്യം പറയാനുള്ള വിശേഷങ്ങള്‍ പിന്നീട് ചുരുങ്ങി ചുരുങ്ങി ആവശ്യങ്ങള്‍ അറിയിക്കല്‍ എന്നതിലേക്ക് മാത്രമാകുന്നു സംസാരം, അകലങ്ങളില്‍ ഇരുന്നു കാണാതെ സംസാരിക്കുമ്പോള്‍ ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്നതും സ്വപ്നങ്ങളും പങ്കു വെക്കും, അടുത്തുണ്ടെങ്കില്‍ വാക്കുകള്‍ക്ക് വേണ്ടി പരതുന്നു... സത്യത്തില്‍ ദാമ്പത്യത്തിലെ ഏറ്റവും വലിയ ശിക്ഷ ഈ മൌനം തന്നെയാണ്, അതില്ലാതെ ആക്കാനുള്ള വഴികള്‍ ആണ് തേടേണ്ടത്. മനസ്സിനെ സ്വപ്നങ്ങളില്‍ ചലിച്ചു നിര്‍ത്തണം എന്നും ഇപ്പോഴും, പ്രതീക്ഷകളില്‍ മുക്കിയെടുക്കണം ഓരോ നിമിഷവും എങ്കിലേ നമുക്ക് വിഷയങ്ങള്‍ ഉണ്ടാകൂ സംസാരിക്കാന്‍ കഴിയൂ.. വളരെ നല്ലൊരു പോസ്റ്റ്‌ നജുക്ക..

    ReplyDelete
  16. മനസ്സുകള്‍ തമ്മില്‍ ഇപ്പോഴുള്ള അകലം നടന്നെത്താനാവാത്ത അത്രയും ദൂരെയാണെന്ന് അവര്‍ അറിയുകയായിരുന്നു...ഒരു പാട് ദാമ്പത്യങ്ങള്‍ അറിയുന്നുണ്ട് ഈ ദൂരം.........അര്‍ത്ഥമില്ലാത്ത മൌനത്തില്‍ ജീവിതം spoil ചെയ്യുന്ന അവസ്ഥ

    ReplyDelete
  17. നജിബ്. . പ്രവാസി എന്നും നഷ്ടങ്ങളുടെ കുംബാരത്തിലെ കല്ലറക്കുള്ളിൽ, ചിത്ക്കുള്ളിൽ ഖബറിനുള്ളിൽ ജിവനോടെ ചാംബാലക്കപെടുന്നു. ഒരികളും വറ്റാത്ത എണ്ണക്കിണറുകൾ. . . ആർക്കും ഒരിക്കലും മനസിലാവാത്ത മെഴുകുതിരികൾ.. . .ബ്ലോഗിൽ കണ്ടതിലും വായിച്ചതിലും സന്തോഷം. ഷെമിയ വായിച്ചു വായിച്ചിവിടെ എത്തിയതാ.

    ReplyDelete
  18. നജിബ്. . പ്രവാസി എന്നും നഷ്ടങ്ങളുടെ കുംബാരത്തിലെ കല്ലറക്കുള്ളിൽ, ചിത്ക്കുള്ളിൽ ഖബറിനുള്ളിൽ ജിവനോടെ ചാംബാലക്കപെടുന്നു. ഒരികളും വറ്റാത്ത എണ്ണക്കിണറുകൾ. . . ആർക്കും ഒരിക്കലും മനസിലാവാത്ത മെഴുകുതിരികൾ.. . .ബ്ലോഗിൽ കണ്ടതിലും വായിച്ചതിലും സന്തോഷം. ഷെമിയ വായിച്ചു വായിച്ചിവിടെ എത്തിയതാ.

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ