Wednesday, March 14, 2012

പ്രിയപ്പെട്ട രാഷ്ട്രീയക്കാരാ നിങ്ങള്‍ വലിച്ചെറിഞ്ഞ തീപ്പന്തം ഞങ്ങളുടെ ഉള്ളിലാണ് കത്തുന്നത്
ഉറ്റവരെ ജീവിപ്പിക്കാന്‍ പ്രവാസത്തിന്റെ മരുഭൂമിയിലേക്ക് പറിച്ചു നടപ്പെട്ടവന്,പിറന്ന നാട്ടില്‍ നിന്നുള്ള ഓരോ വാര്‍ത്തകളും വിലപ്പെട്ടതാണ്.പത്രങ്ങളിലോ ടീവിയിലോ നമ്മുടെ നാട്ടിന്റെ ഒരു ദൃശ്യം കാണുമ്പോള്‍ തുടിച്ചു പോവുന്ന,നാടിനോട് ചേര്‍ത്ത് വെച്ച മനസ്സ്.നാട്ടുകാര്‍ പോലും അറിയാത്ത;ശ്രദ്ധിക്കാത്ത ചെറിയ നാട്ടു വാര്‍ത്തകളും വര്‍ത്തമാനങ്ങളും പ്രച രിക്കപ്പെടുന്നത് ഗള്‍ഫിലുള്ള നാട്ടുകാര്‍ക്കിടയില്‍ ആണ്.കല്യാണമായാലും,ഉത്സവമായാലും ,മരണമായാലും ഫോണിലൂടെയും നേരിട്ടും പങ്കുവെക്കുന്ന പുണ്യം
.
അത് കൊണ്ട് തന്നെ നാട്ടില്‍ നിന്ന് വരുന്ന അസ്വസ്ഥജനകമായ വാര്‍ത്തകള്‍ വല്ലാതെ വേവലാതിപ്പെടുത്തുന്നതും,പിറന്നനാടിനെ നെഞ്ചോട് ചേര്‍ത്ത് ജീവിക്കുന്ന ഗള്‍ഫു പ്രവാസികളെയാണ്‌.രാഷ്ട്രീയത്തിന്റെ പേരിലായാലും മതത്തിന്റെ പേരില്‍ ആയാലും നാട്ടില്‍ എന്തെങ്കിലും പുകയുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഉരുകാന്‍ തുടങ്ങുന്നത്,നെഞ്ചിടിപ്പ് കൂടുന്നത് ഗള്‍ഫു മലയാളിക്കാണ്.

ഒരു പാട് കാലത്തെ മുറവിളികള്‍ക്ക് ശേഷം പേരിനു ഒരു വോട്ടവകാശമേ ഉള്ളൂ എങ്കിലും ബഹുഭൂരിപക്ഷം ഗള്‍ഫുകാരനും വ്യക്തമായ രാഷ്ട്രീയ ചിന്ത ഉണ്ട്.താന്‍ ഇഷ്ടപ്പെടുന്ന-പ്രവര്‍ത്തിച്ച രാഷ്ട്രീയ പ്രസ്ഥാനത്തെ നെഞ്ചേറ്റി നടക്കുന്നവരാണ്  .ആ രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനകളുടെ സജീവ പ്രവര്‍ത്തകരോ അംഗങ്ങളോ ആണ്.തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും ചൂടേറിയ വാഗ്വാദങ്ങളും,തര്‍ക്കങ്ങളും,പന്തയങ്ങളും,ആഹ്ലാദപ്രകടനങ്ങളും നടത്തുന്നവരാണ്.മേലെയും കീഴെയും ഉള്ള കട്ടിലുകളില്‍ കിടന്നു വ്യത്യസ്ത പ്രത്യശാസ്ത്രങ്ങളുടെ പത്രങ്ങളും,പ്രസിദ്ധീകരണങ്ങളും വായിച്ചു തര്‍ക്കിക്കുന്നവരാണ് അവര്‍.....

എന്നാല്‍ ഇതിനും അപ്പുറത്തേക്ക് രാഷ്ട്രീയം അവരെ പരസ്പ്പരം ശത്രുക്കള്‍ ആക്കിയിട്ടില്ല.കാരണം ഒരേ പാത്രത്തില്‍ ഉണ്ണുന്നവരും സങ്കടവും സന്തോഷവും പങ്കിട്ട്‌ ഒരേ മുറിയില്‍ കഴിയുന്നവരുമാണ് അവര്‍.കൂട്ടുകാരന് പണി ഇല്ലാതാവുമ്പോള്‍ പണി തേടി കൊടുക്കുമ്പോഴും,പണമില്ലാതപ്പോള്‍ കടം കൊടുത്തു സഹായിക്കുന്നതും,അസുഖം വന്നാല്‍ പരിചരിക്കുന്നതും അവര്‍ കൊടിയുടെ നിറം നോക്കിയല്ല.

നാട്ടിലേക്ക് പോകാനുള്ള പെട്ടി കെട്ടുമ്പോള്‍ അതില്‍ ആദ്യം എടുത്തു വെക്കുന്നത് റൂമിലുള്ള തന്റെ രാഷ്ട്രീയത്തിലെ ‘കൊടിയ ശത്രു’വിന്റെ ഭാര്യക്കും മക്കള്‍ക്കും കൊടുക്കാന്‍ വാങ്ങിത്തന്ന സാധനങ്ങള്‍ ആണ് ഇതൊന്നും നമ്മുടെ നാട്ടിലെ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ ക്യാമറക്ക്‌ മുന്നില്‍ കാണിക്കുന്ന നാടകം പോലെയുള്ള കാട്ടിക്കൂട്ടലുകള്‍ അല്ല.മറിച്ച് എല്ലാ പ്രത്യയ  ശാസ്ത്രങ്ങളും മനുഷ്യര്‍ക്ക്‌ വേണ്ടി ആണ് എന്ന തിരിച്ചറിവില്‍ നിന്നാണ്.രക്ത ബന്ധതെക്കാളും ഊറ്റത്തോടെ ഈ മണല്‍ക്കാട്ടില്‍ ചേര്‍ത്ത് പിടിച്ച മനുഷ്യത്വം,സ്നേഹം ,സാഹോദര്യം .ഇവിടെയൊന്നും കൊടിയുടെ നിറം തടസ്സമായിരുന്നില്ല എന്ന.അനുഭവങ്ങളില്‍ നിന്നാണ് ഓര്‍മ്മകളില്‍ നിന്നാണ്.

നാം വൈകുന്നേരങ്ങളില്‍ സൊറ പറഞ്ഞിരുന്ന ഓവു പാലത്തിനടിയില്‍ നിന്നും വടിവാള്‍ കണ്ടെടുത്തു എന്ന് പത്രത്തില്‍ വായിക്കുമ്പോള്‍ ,നാം പഠിച്ച സ്കൂള്‍ വളപ്പില്‍ നിന്നും ബോംബു കണ്ടുകിട്ടുമ്പോള്‍  നമ്മുടെ അങ്ങാടിയിലെ ചായപ്പീടിക രാത്രിയുടെ മറവില്‍ ആരൊക്കെയോ കത്തിച്ചു കളഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ വല്ലാതെ വിറച്ചു പോകുന്നുണ്ട് ഞങ്ങള്‍ പ്രവാസികളുടെ  മനസ്സ്.

ഈ മരുഭൂമിയിലേക്ക് പുറപ്പെടും മുമ്പ് ഞങ്ങള്‍ കണ്ട രാഷ്ട്രീയ നേതാക്കള്‍  ഏതെന്കിലും വീടിനു തീപ്പിടിച്ചാല്‍ ആരുടെ വീട് എന്ന് നോക്കാതെ തീ കെടുത്താന്‍ ഓടിയെത്തുന്ന,സ്വന്തം ജീവന്‍ പോലും വില വെക്കാതെ അകത്തു കടന്നു നിലവിളിക്കുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും രക്ഷിക്കുന്നവരായിരുന്നു.

പാതിരാത്രിയില്‍ സ്ത്രീകളും കുട്ടികളും മാത്രമുള്ള വീട്ടിനു നേരെ കല്ലെറിയുന്ന,കിണറ്റില്‍ മണ്ണെണ്ണ ഒഴിക്കുന്ന,വീട്ടു മുറ്റത്ത്‌ നിര്‍ത്തിയിട്ട വാഹനം കത്തിക്കുന്ന ഇന്നത്തെ രാഷ്ട്രീയം ഞങ്ങളെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്.

നമ്മുടെ അങ്ങാടിയിലൂടെ പോകുന്ന പ്രതിഷേധ ജാഥയുടെ ദൃശ്യം ടീവിയില്‍ കാണുമ്പോള്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നമ്മുടെ  ചെറുപ്പക്കാരുടെ മുഖത്ത്  ഇരയുടെ ചോരക്കു ദാഹിക്കുന്ന വേട്ട മൃഗത്തിന്റെ ക്രൌര്യഭാവം കാണുമ്പോള്‍ നടുങ്ങിപ്പോകുന്നു.
ക്ഷമിക്കണം സാര്‍ ഇതൊന്നുമല്ല രാഷ്ട്രീയം എന്ന് വിളിച്ചു പറയാനുള്ള അവകാശം പോലും ഇല്ലാത്തവരാണ് ഞങ്ങള്‍ പ്രവാസികള്‍.... . ...........നാടിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് എന്ന് പറഞ്ഞു സുഖിപ്പിച്ചു മാറ്റി നിര്‍ത്തുന്നതിന് അപ്പുറം ഇതിലൊന്നും ഇടപെടാന്‍ ഞങ്ങളെ ആരും ക്ഷണിച്ചിട്ടില്ലെന്നും അറിയാം.

ഇങ്ങനെ വെട്ടിയും കുത്തിയും തീ കൊടുത്തും കക്ഷി രാഷ്ട്രീയം തഴച്ചു വളരുമ്പോള്‍ അകന്നു പോകുന്ന നുരുങ്ങിപ്പോകുന്ന കുറെ മനസ്സുകള്‍ ഉണ്ട്.നിശബ്ദമായിപ്പോവുന്ന കുറെ നിലവിളികള്‍ ഉണ്ട് നാട്ടിന് തീക്കൊടുത്തു കൊണ്ട് .യുവാക്കളുടെ ചോരയിലും,വിധവകളുടെയും,അനാഥക്കുഞ്ഞുങ്ങളുടെയും കണ്ണീരിലും അധികാര കസേര ഉറപ്പിക്കാനുള്ള ഈ വെപ്രാളപ്പാച്ചിലില്‍ എന്റെ  . പ്രിയപ്പെട്ട രാഷ്ട്രീയക്കാരാ നിങ്ങള്‍ വലിച്ചെറിഞ്ഞ തീപ്പന്തം ഞങ്ങളുടെ ഉള്ളിലാണ് കത്തുന്നത്.

16 comments:

 1. നജീബ്ക്ക വല്ലാതെ വേദനിപ്പിക്കുന്ന ഒരു കാര്യം . സ്വസ്ഥമായ ജീവിക്കന്‍ വേണ്ടി യചിക്കേണ്ടി വന്നു ......ഒന്നും പറയാനില്ല . ,ഇത് വായിച്ചപ്പോള്‍ ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ അടക്കം ഒരു അവഞ്ഞ മനസ്സില്‍ . എന്തിനു ആര്‍ക്കു വേണ്ടി ഈ ചോദ്യങ്ങള്‍ ഞാന്‍ പല സമയത്തും ചിന്തിക്കാറുണ്ട് . ഏതെന്കിലും ഒരു രാഷ്ട്രീയ പ്രവര്തകന്റ്ര് മകന്‍ മുഷ്ടി ചുരുട്ടാണോ , രക്തം തിളക്ക്ണോ ഇല്ല , അവര്‍ ഇന്ത്യക്ക് പുറത്തുള്ള യുനി വെസിറ്റികളില്‍ തങ്ങളുടെ യുവത്വം അടിതിമിര്‍ക്കുമ്പോള്‍ അവര്‍ക്ക് വേണ്ട സുഖ സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ പാവം നമ്മുടെ സഹോദരങ്ങള്‍ പരസ്പരം കൊന്നു താണ്ടവം ആടുന്നു . ചിന്തിക്കുക ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി .ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ വേണ്ടി എല്ലാ സുഖങ്ങളും ത്യജിച്ചു ഇവിടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് കുടുംബങ്ങളുടെ സുഖവും ,സുരക്ഷിതത്വവും , മനസമാദനവും കൊണ്ട് മാത്രമാണ് .അവര്‍ക്ക് ഒരു പോറല്‍ ഏല്‍ക്കുമ്പോള്‍ പിടയുന്ന നമ്മുടെ മനസ്സ് നാട്ടില്‍ നടക്കുന്ന ഈ കലാപങ്ങളില്‍ വേവുകയാണ് ..........
  കാലിക പ്രസക്തമായ വിഷയം , വളരെ തനമയത്വതോടെ വിവരിച്ചതിന് നന്ദി

  ReplyDelete
 2. ആദ്യമായി നജീബ്ക നെ അഭിനന്ദിക്കട്ടെ.കേരള രാഷ്ട്രീയത്തില്‍ എന്നല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പോലും വ്യക്തമായ മാതൃക ആയിട്ടുള്ള നേതാക്കളുടെ പാരമ്പര്യം ഉള്ള നാടാണ് കൊയിലാണ്ടി.ദേശിയ രാഷ്ട്രീയത്തിലെ ഒട്ട്റെരെ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങളില്‍ ശ്രദ്ധ ബിന്ദുവായ സ്ഥലം.അത് പോലെ തന്നെ മതേതര രാഷ്ട്രീയ കൂട്ടായ്മകള്‍ കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കിയ നേതാക്കളുടെ നാട്.ഇപ്പോള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കാണുമ്പോള്‍ സത്യത്തില്‍ ലജ്ജിച്ചു തല താഴത്തെ നിരവാഹമില്ല.

  ReplyDelete
 3. രാഷ്ട്രീയം ജനാധിപത്യത്തിന്റെ നില നില്പിന് അനിവാര്യമാണ് എന്നതില്‍ തര്‍ക്കമില്ല.എന്നാല്‍ ആശയങ്ങള്‍ തമ്മിലുള്ള സങ്ങര്‍ഷങ്ങല്ക് പകരം വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷമായി രാഷ്ട്രീയം അതപ്പതിക്കുന്നു എന്ന് കാണുമ്പോള്‍ വളരെ സന്ഘടം തോന്നുന്നു.ഈ അധപതനം അരാഷ്ട്രീയ വാദികളെ സൃഷ്ടിക്കുകയും ജനതിപത്യത്തെ തകര്‍ക്കുകയും അക്രമികല്കും അരാജക വാടികല്കും വിഹാരിക്കനുമുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യും.മനുഷ്യ സമൂഹത്തിന്റെ രാജ്യത്തിന്‍റെ നന്മക്കു വേണ്ടിയുള്ള രാഷ്ട്രീയം ഉയര്‍ന്നു വരട്ടെ.ആരും തന്നെ രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന് അതിനെ കുട്ടപ്പെടുതുന്നതില്‍ അര്‍ത്ഥമില്ല നാം ഓരോരുത്തരും നല്ല രാഷ്ട്രീയക്കരവുക.നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക.അണികളെ നിയന്ത്രിക്കുന്ന നേതാക്കള്‍ മാറി,അണികളെ സൃഷ്ടിക്കാനുള്ള വ്യഗ്രതയില്‍ സ്ഥാനമാനങ്ങള്‍ നേടാനുള്ള വ്യഗ്രതയില്‍ അണികള്‍ പറയുന്ന പോലെ വൈകാരികമായി പ്രിതികരിക്കുന്ന നേത്രുത്വമല്ല നമ്മുടെ നടിന്നവശ്യം ,നേരെ മറിച്ച് സ്നേഹവും സാഹോദര്യവും മതേതരത്വവും ഐക്യവും കാത്തു സൂക്ഷിക്കാന്‍ കഴിയുന്ന വിവേകമാതികള്‍ ആയ.തെറ്റ് കാണുമ്പോള്‍ തിരുത്താനും തിരുത്തിക്കാനും കഴിയുന്ന ശാശ്വത സമാധാനത്തിനു നായകത്വം വഹിക്കാന്‍ കഴിയുന്ന നേതാക്കള്‍ ഉയര്‍ന്നു വരട്ടെ.

  ReplyDelete
 4. ആശയ സംവാദങ്ങള്‍ വ്യക്തി തേജോവധം ങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു.ചരിത്രങ്ങളും ജീവ ചരിത്രങ്ങളും പഠിക്കാനും നമ്മുടെ സംസ്കാരത്തെയും പാരമ്പര്യം ഉള്‍കൊണ്ട് ലഭേച്ചയില്ലാതെ സേവന തല്പരരായി പ്രവര്‍ത്തിക്കുന്നതിനും വായനയിലൂടെയും അറിവുകളിലൂടെയും രാഷ്ട്രീയം പടികുന്നതില്‍ നിന്നും മാറി നേതാക്കള്‍ എന്ത് പറയുന്നോ അതാണ് രാഷ്ട്രീയം എന്ന് മനസ്സിലാക്കി താത്കാലിക നേട്ടത്തിന് വേണ്ടി എന്തും ചെയ്യുന്ന ഒരു കൂട്ടമായി രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാറിപ്പോവുന്നോ എന്ന് സംശയം തോന്നുകയാണ്‌,നാട്ടിലെ ശാന്തിയും സമാധാനവും നഷ്പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്ര നിര്‍മാണത്തിനായി പ്രവര്‍ത്തിക്കേണ്ട രാഷ്ട്രീയക്കാരില്‍ നിന്നും ഉണ്ടാവുമ്പോള്‍.

  ReplyDelete
 5. നന്മയുടെ രാഷ്ട്രീയത്തെ നെഞ്ജിലെട്ടിയ ലക്ഷക്കണക്കിന്‌ പ്രവാസികള്‍ ചോരയും നീരും വിയര്‍പ്പും നല്‍കി സ്വന്തം ജീവിതം പോലും വിസ്മരിച്ചു മതവും രാഷ്ട്രീയവും നോക്കാതെ നാട്ടില്‍ നിന്ന് വരുന്ന എല്ലാ രാഷ്ട്രീയക്കര്കും,മത സാമൂഹ്യ സങ്ങടങ്കല്കും വാരിക്കോരി നല്‍കിയതാണ് ഇന്ന് നാട്ടില്‍ കാണുന്ന എല്ലാ വികസന്ങ്ങളുടെയും കാതല്‍ എന്ന് രാഷ്ട്രീയക്കാര്‍ മറക്കണ്ട.നിങ്ങള്‍ ആളുകളായി വിലസുന്നതും നിങ്ങള്‍ വീമ്ബിലക്കുന്നതും ഇവിടെ പണിയെടുക്കുന്നവന്റെ ധനത്തിന്റെ ഫലം ആണ്.അവിടെ നിങ്ങള്‍ ശാന്തിയും സമാധാനവും നില സാഹോദര്യവും മത മൈത്രിയും നില നിര്‍ത്താന്‍ ഇന്യും തയ്യാറായില്ലെങ്കില്‍ പ്രവാസികള്‍ ഉള്‍പെടുന്ന ജനത നിങ്ങള്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നിലുണ്ടാവും നാട്ടില്‍ സമാധാനം പുലരും വരെയും.

  ReplyDelete
 6. കൊടിയുടെ നിറങ്ങളും ഇസങ്ങളും ഏതായാലും ഞങ്ങള്ക് വേണ്ടത് സമാധാനം.അല്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് ഇരിക്കുന്ന കൊംബ് വെട്ടുന്നതിനു തുല്യമാണെന്ന് തിരിച്ചറിയുക.

  ReplyDelete
 7. നജീബ്ക ഇത് വായിച്ചപ്പോള്‍ ,,നമ്മുടെ മനസ്സില്‍ പലപ്പോഴും തോന്നിയത്..എന്തിനീ ദുര്‍ഗതി ..നമുക്ക് വേണ്ടാ ഇത്തരം രാഷ്ട്രീയ പ്രവര്‍ത്തങ്ങള്‍ ..നാടിനു ഗുണം ഉണ്ടാക്കാന്‍ വേണ്ടി ആണ് രാഷ്ട്രീയ എന്നത് അല്ലാതെ നാട്ടിലെ മുതലുകള്‍ നശിപ്പിച്ചും അന്യന്റെ സ്വാതന്ത്രത്തെ ഹനിച്ചും മറ്റുള്ളവന്റെ മുകളില്‍ കുതിര കയറാനുമുളള ഒരു മാര്‍ഗം ആയി മാറി ഇന്നത്തെ രാഷ്ട്രീയം ..\
  സത്യം പറഞ്ഞാല്‍ നേതാക്കള്‍ക് വേണ്ടി കൊല്ലാനും കൊല്ലിക്കാനും അവര്‍ക്ക് സിന്ദാബാദ് വിളിച്ചും നടക്കുന്ന അണികളോട് ചോദിക്കാനുള്ളത് നിങ്ങള്‍ വിദ്ധികളോ അതോ അങ്ങനെ അഭിനയിക്കുന്നതോ ...
  ഹേ രാഷ്ട്രീയക്കാരാ നിങ്ങള്‍ക്ക് അത്ര ആത്മാര്‍ഥത ഉണ്ടെങ്കില്‍ നിങ്ങളുടെ മക്കളെ ഉയര്‍ന്ന നിലവാരമുള്ള വിദ്യാലയങ്ങളില്‍ പറഞ്ഞയക്കുന്നതിനു പകരം നിങ്ങള്‍ വിദ്ധികള്‍എന്ന് വിശേഷിപ്പിക്കുന്ന ഈ അണി വര്‍ഗതോടൊപ്പം അയക്കൂ നിങ്ങളുടെ മക്കളെയും ...

  സത്യം പറയാല്ലോ ഇത് വായിച്ചു തീര്‍ന്നപ്പോള്‍ ഒരു രാഷ്ട്രീയ ഭ്രാന്തനെ ഒന്ന് മുഖത്ത് കൊടുക്കാനാണ് തോന്നിയത് ..സമൂഹത്തിലെ യുവത്വത്തെ നശിപ്പിക്കുന്നതിന്..

  ReplyDelete
 8. ജനങ്ങള്‍ക്ക് മുന്നിലുള്ളത് അപകടകരമായ അരാഷ്ട്രീയവാദം മാത്രമാണ്. വര്‍ഗീയസംഘടനകളുടെയും മതമേലധ്യക്ഷന്മാരുടെയും നേരിട്ടുള്ള ഇടപെടല്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് രാഷ്ട്രീയകക്ഷികള്‍ അത്രത്തോളം അധപതിക്കുമ്പോഴാണ് എന്ന് നേതാക്കള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നയിക്കാന്‍ ആരുമില്ലാത്ത ഒരു ജനത നാശത്തിലേക്കാണ് പോകുന്നത്. രാഷ്ട്ട്രീയനേതൃത്വം അതില്‍ പരാജയപ്പെടുമ്പോള്‍, ജനത്തെ ഭീഷണിപ്പെടുത്തുമ്പോള്‍, അവിടെ മതനേതാക്കള്‍ സ്ഥാനം പിടിക്കുന്നത് സ്വാഭാവികമാണ്. മതം പിടിമുറുക്കിയാല്‍, പിന്നൊരിക്കലും രാഷ്ട്രീയക്കാരന് സമൂഹത്തില്‍ തിരിച്ചുവരാനാവില്ല എന്നത് നേതാക്കന്‍മാര്‍ ഓര്‍ത്താല്‍ നന്ന്. സാമൂഹിക-സാംസ്കാരിക പുരോഗതിക്കു പകരം സാമുദായിക പുരോഗതിലധിഷ്ഠിതമായി മതനേതാക്കള്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്‍മാര്‍ രംഗത്തുവരും. പിന്നെ എന്തുണ്ടാവുമെന്നതിനെ പറ്റി ഒരു ചര്‍ച്ചയുടെ പോലും ആവശ്യമില്ല. ഗ്രാമീണമായ സ്വസ്ഥതയും ജീവിതനിലവാരവും ഉയരണമെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയക്കാരുടെയോ രാഷ്ട്രീയചേരിതിരിവുകളുടേയോ ഇടപെടലില്ലാതെ വേണം ഇത്തരം തിരഞ്ഞെടുപ്പുകള്‍ നടത്തുവാന്‍. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്കു എന്തെങ്കിലും പ്രയോജനം ലഭിക്കുകയുള്ളു. ജോലിയും കുലിയുമില്ലാതെ അലയുന്ന ചെറുപ്പക്കാരുടെ പുതിയ ആദായമാര്‍ഗമായിത്തീര്‍ന്നിരിക്കുന്ന കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തനം നന്മകള്‍ ഉയര്‍ത്തുമെന്നു വിശ്വസിക്കുവാന്‍ പ്രയാസമാണ്. വിധ്വംസകപ്രവര്‍ത്തനങ്ങള്‍ ആവോളം അരങ്ങേറുന്ന കേരളത്തിലെ രാഷ്ട്രീയത്തില്‍ ജാതിയുടെയും മതത്തിന്റെയും വര്‍ഗീയപരമായ ഭിന്നതകളുടെയും പടനിലങ്ങള്‍ ജനജീവിതസമാധാനത്തിനും ശാന്തിക്കും ഒരു തരത്തിലും പ്രോത്‌സാഹനമേകുന്നില്ല എന്നത് നാം തിരിച്ചറിയേണ്ട വസ്തുതയാണ്. മലയാളികള്‍ ചേക്കേറുന്ന ഇടനിലങ്ങളിലെല്ലാം വര്‍ഗീയതയുടെ വീരക്രൂരതകള്‍ നമ്മള്‍ ദര്‍ശിക്കുന്നുണ്ടെങ്കിലും മലയാളിത്വം എന്ന പാരമ്പര്യസങ്കല്പം നമ്മെ ഒരുമിപ്പിക്കേണ്ടതല്ലേ എന്ന ചോദ്യത്തിനും പ്രാധാന്യമുണ്ട്. ഇതിനിടയില്‍ ഒരു ചെന്നിത്തലയോ, ഉമ്മന്‍ ചാണ്ടിയോ, ഒരു പിണറായിയോ പ്രസക്തമേയല്ല!
  ഇന്‍ഡ്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു എന്നു പറഞ്ഞ ഗാന്ധിജിയുടെ ഗ്രാമീണവികസനദര്‍ശനം എന്നെങ്കിലും കേരളത്തിലെ ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രതിഫലിച്ചതായി തോന്നിയിട്ടില്ല. ഒരു കുപ്പിക്കള്ളിനും(ശീമമദ്യമുള്‍പ്പെടെ) 250 രൂപയ്ക്കും വേണ്ടി സ്വന്തം വോട്ടിന്റെ മഹത്വമറിയാതെ പോളിംഗ് ബൂത്തിലേക്കു യാത്രയാകുന്ന വിവേകമില്ലാത്ത സമ്മതിദായകരുടെ വിവരക്കേടിന്റെ പ്രതിഫലമാണ് ഇന്നും ഇനിയുള്ള കാലവും കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുവാന്‍ പോകുന്നത്. കേരളിലെ വോട്ടര്‍മാര്‍ക്ക്, എന്തിന് സാധാരണ ജനങ്ങള്‍ക്ക് വിവേചനബോധം നഷ്ടമായിട്ടു കാലമെത്രയോ കഴിഞ്ഞു. പരസ്പരം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയും കള്ളവോട്ടു ചെയ്തും നേടുന്ന ഒരു വിജയം ജനങ്ങളുടെയോ ജനാധിപത്യത്തിന്റെയോ വിജയമല്ല എന്നത് തിരിച്ചറിയുവാന്‍ ഒരുപാടു കാലം നമ്മുടെ സഹോദരങ്ങള്‍ കാത്തിരിക്കേണ്ടിവരും!.......................
  കേരളത്തിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് പൊതുപ്രകടനത്തില്‍ പങ്കെടുത്ത സാധാരണക്കാരുടെ മുഖങ്ങള്‍ വിളിച്ചോതുന്ന ഒരു സത്യമുണ്ട്(ഒരുപക്ഷെ എനിക്കു തോന്നിയതാകാം) സാംസ്‌ക്കാരികവും ആമാശയപരവും മാനസീകവുമായ ദാരിദ്ര്യങ്ങള്‍ ഒരോ ദിനവും ഏറ്റുവാങ്ങുന്ന വിവരമറ്റ ഒരു ജനതയുടെ പ്രത്യാശ ഞാന്‍ ആ മുഖങ്ങളില്‍ കണ്ടു. നിഷ്‌ക്കളങ്കമായ ആ ഒട്ടിയ കവിളുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് നാളെയെക്കുറിച്ചുള്ള പ്രതീക്ഷയാണ്? ഇന്നു ജയിച്ചു കേറിയ വിവിധ പ്രതിനിധികള്‍ ആ കണ്ണുനീര്‍ തുള്ളികളും ആ കവിളുകളും കാണാതിരുന്നാല്‍? പ്രത്യയശാസ്ത്രത്തിന്റെയും കാവിയുടെയും വെണ്‍ഖദറിന്റെയും ഉള്‍കാമ്പില്ലാത്ത രാഷ്ട്രീയബലത്തില്‍ അവര്‍ ഭരിക്കും! നാളെയെ നാശമാക്കാന്‍! നാളകളില്‍ ചോരയും ഭീകരതയും ചൊരിയാന്‍!.....

  ReplyDelete
 9. On the eve of giving independence to India, Winston Churchill wrote
  "Fifty years from now,power will go to the hands of rascals, rogues, freebooters; all leaders will be of low caliber and men of straw. They will have sweet tongues and silly hearts. They will fight amongst themselves for power........!!!

  ReplyDelete
 10. ഈ ചര്‍ച്ച ഇവിടെ അവസാനിക്കാതിരിക്കട്ടെ....

  ReplyDelete
 11. മുദ്രാവാക്യം വിളിക്കുമ്പോള്‍ ഉള്ള രൌദ്രഭാവം മൈന്‍ഡ്‌ ചെയ്യണ്ട. ഞാനും അതിനു പോകാറുണ്ട്. മുഖത്ത് ക്രൂരതയൊക്കെ വരുത്തി ആയിരിക്കാം വിളിക്കുന്നത്‌. അപ്പോഴും ചിലപ്പോഴൊക്കെ ഞാന്‍ ഉള്ളില്‍ ചിരിക്കുകയാണ് ചെയ്യാറ് :):):)

  ReplyDelete
 12. മനസ്സിന്റെ ആകുലത വ്യക്തമാക്കുന്ന പോസ്റ്റ്‌. തികച്ചും കാര്യപ്രസക്തം.. അഭിനന്ദനങ്ങള്‍..

  ReplyDelete
 13. വലിയ കാര്യങ്ങള്‍ സംസാരിക്കുന്നതിൽ നിന്നും ഞാൻ പിന്മാറട്ടെ.ദാരിദ്ര്യവും വിശപ്പും മാറ്റാനോ ക്ഷേമത്തിലെത്തിക്കാനോ താല്‍പ്പര്യമില്ലാത്ത ഭരണാധികാരികള്‍ രാജ്യം അടക്കിപിടിക്കുമ്പോള്‍ ,സാമ്പത്തിക സ്ഥിതിയും ഐശ്വര്യവും സമാധാനവും എങ്ങിനെ കൈവരും?തങ്ങളുടെ കുടുംബത്തിനു കോടികള്‍ ലഭ്യമാക്കാനുള്ള മാര്‍ഗമായി അധികാരത്തെ അവര്‍ കാണുന്നു.തങ്ങള്‍ക്കു ഈ ഭൂമിയില്‍ വച്ച് കാണാന്‍ കഴിയാത്ത അനേകം തലമുറകള്‍ക്ക് സുഖമായി ജീവിക്കാനുള്ള സമ്പത്തിന്റെ ഉടമകളായി തീരുകയാണ് മന്ത്രിമാര്‍ !രാജ്യത്തെ ഓരോ മുന്നണിക്കാരും അധികാരത്തില്‍ കയറിയിറങ്ങുമ്പോള്‍ കോടികളുടെ ഉടമകളായി തീരുന്നു.പണവും പേശിബലവും കൊണ്ട് ജനഹിതം അട്ടിമറിക്കാം എന്ന് വന്നതോടെ അധികാര മോഹികളും സ്ഥാപിത താല്പ്പര്യക്കാരും ഭരണത്തിന്റെ സിരാകേന്ദ്രങ്ങളില്‍ അധികാര ദല്ലാളന്‍മാരായി വാഴാന്‍ തുടങ്ങി.

  ReplyDelete
 14. തിരഞ്ഞെടുപ്പുകള്‍ ഇന്ന് കേരളത്തിലെ ഏറ്റവും ആവേശകരമായ ഉത്സവമായി തീര്‍ന്നിരിക്കുന്നു.മറ്റു അവസരങ്ങളെ പോലെ പത്രങ്ങളും ചാനലുകളും തെരുവുകളുമെല്ലാം അണിഞ്ഞോരുങ്ങുന്നു.മാധ്യമങ്ങള്‍ പ്രത്യേക പരിപാടികളും പംക്തികളും തുടങ്ങുന്നു.ഭരണ സംവിധാനത്തില്‍ ഇടപെടാന്‍ പൌരനു ലഭിക്കുന്ന സുവര്‍ണാവസരമാണത്രെ തിരഞ്ഞെടുപ്പുകള്‍ .എന്നാല്‍ , എല്ലാ തിരഞ്ഞെടുപ്പിലും മുഴങ്ങുന്നത് ഒരേ മുദ്രാവാക്യം ,ഒരേ പ്രസ്താവനകള്‍ ,ഭാഷപോലും ഒന്ന്.ഓരോ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴും പൌരന്റെ സ്ഥിതി അതേപോലെ തുടരുന്നു.സ്വന്തം അവകാശങ്ങളും ഉത്തരവാദിത്തങ്ങള്‍ പോലും വിസ്മരിച്ചു ഭരണ വര്‍ഗത്തിന് മുന്നില്‍ കീഴടങ്ങുന്ന ജനതയ്ക്ക് വേണ്ടിയാണ് തിരഞ്ഞെടുപ്പുകള്‍ സൃഷ്ടിക്കുന്നത് എന്നുകാണാം.രാഷ്ട്രീയത്തിലെ അധ്യാത്മികതയായ ആദര്‍ശബോധം നമുക്ക് നഷ്ട്ടമാവുകയും രാഷ്ട്രീയം ഒരു തൊഴിലായി മാറുകയും ചെയ്തതോടെ അതിനു ഇവിടുത്തെ സാംസ്കാരികനൈരന്തര്യമായുള്ള ബന്ധമറ്റു.സ്വതന്ത്രവും നീതിപൂവകവുമായ തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത്.എന്നാല്‍ അധികാര രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പുകള്‍ അടവുകളുടെ മാറ്റുരയ്ക്കലാണ്.അവിടെ വിജയം മാത്രമാണ് ലക്‌ഷ്യം.അതിനായി ഏതാടവും പയറ്റാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറാവുന്നു.ഈ രാഷ്ട്രീയക്കാരില്‍ നിന്നും മര്യാദകള്‍ ഒന്നും പ്രതീക്ഷിക്കേണ്ട.പകല്‍ വെളിച്ചത്തില്‍ ചെയ്യാന്‍ അറയ്ക്കുന്നത് ഇരുട്ടിന്റെ മറവില്‍ അവര്‍ ചെയ്തിരിക്കും.ഇന്ന് ഏറ്റവുമധികം രക്തദാഹിയായി തീര്‍ന്നിരിക്കുന്നതും മനുഷ്യനാണ്.വ്യക്തിയില്‍ മുമ്പില്ലാത്ത വിധം സ്നേഹ ശക്തി ഉറന്നു പരന്നപ്പോള്‍ സമുദായത്തില്‍ അത് വറ്റി വരണ്ടുപോയിരിക്കുന്നു.

  സത്യത്തില്‍ മനുഷ്യവര്‍ഗം പുരോഗമിക്കുകയാണോ?അങ്ങിനെയാണ് എങ്കില്‍ പുരോഗതി എന്ന് പറഞ്ഞാല്‍ എന്താണ്?എന്താണ് പുരോഗതി എന്നും എന്താണ് ലക്ഷ്യമെന്നും നിര്‍വചിക്കെണ്ടിയിരിക്കുന്നു.പണ്ടൊക്കെ ഇത് നിര്‍വചിച്ചത്‌ മതാചാര്യന്‍മാരായിരുന്നു.ഇന്നാകട്ടെ രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞന്മാരുമാണ്.പുരോഗതിയെ കുറിച്ച് ഇക്കൂട്ടരുടെ കാഴ്ചപാട് ഭൌതികനിഷ്ട്ടമാണു.

  ReplyDelete
 15. ഇങ്ങനെ പുരോഗമിച്ച മനുഷ്യന്‍ ഏറ്റവും വലിയ കരുത്തനാണ് എന്നും ബുദ്ധിമാനാണ് എന്നും സ്വയം വിലയിരുത്തുന്നു.മിടുക്കും മഹത്വവും രണ്ടാണ് എന്നും സത്യം സ്നേഹം എന്നിവയാണ് മഹത്വത്തിനടിസ്ഥാനം എന്നും അവര്‍ ഓര്‍ക്കുന്നില്ല.

  രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്തോറും ജനങ്ങളുടെ ഭൂരിപക്ഷപിന്തുണയുള്ളവര്‍ ഭരിക്കുക എന്നാ ജനാധിപത്യതത്ത്വം നിരര്‍ത്ഥകമായി ത്തീരുകയാണോ??

  ജനങ്ങളുടെ പ്രതിനിധികളായി ജനങ്ങള്‍ക്കായി നിലകൊള്ളുകയും അവരുടെ ക്ഷേമവും ഐശ്വര്യവും ഉറപ്പാക്കാന്‍ ശ്രമിക്കുകയും രാജ്യത്തിന്റെ നന്മയ്ക്കും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു നല്ല വിഭാഗത്തെ നമുക്ക് കാത്തിരിക്കാം.

  പ്രവാസികളായ സഹോദരന്മാരെ നിങ്ങള്‍ ചിന്തിക്കുന്ന നിങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ സ്വപ്നം കാണുന്ന കേരളമല്ല.അകന്നിരിക്കുമ്പോയുള്ള നിങ്ങളുടെ സ്നേഹം അത് എന്നെന്നും നിലനില്‍ക്കട്ടെ...നല്ല പോസ്റ്റ്‌ നജീബ്ക്ക.

  ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ