Thursday, June 9, 2011

എടുക്കാത്ത നാണയം പോലൊരു ജന്മം.

പഴയ പാസ്പോര്‍ട്ടിലെ നിറം മങ്ങിതുടങ്ങിയ ഫോട്ടോ.കറുത്ത് തഴച്ചു വളര്‍ന്ന മുടി,തുടുത്ത മുഖം, കനത്തു വരുന്ന മീശ,പ്രതീക്ഷകളും സ്വപ്നങ്ങളും കൊണ്ട് തിളങ്ങുന്ന കണ്ണുകള്‍........ഇന്ന് കണ്ണാടിയില്‍ കാണുന്ന രൂപം തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരിക്കുന്നു.തിളങ്ങുന്ന കഷണ്ടിത്തലയില്‍ ബാക്കിയായ കുറച്ചു നരച്ച രോമങ്ങള്‍,മരുഭൂമിയിലെ വെയിലേറ്റു കരുവാളിച്ചു പോയ മുഖം.ഒട്ടിയ കവിളുകള്‍ കുഴിയിലാണ്ടുപോയ കണ്ണുകള്‍.ദുര്‍ബലമായി തുടങ്ങിയ ശരീരം.പതിറ്റാണ്ടുകളുടെ ഗള്‍ഫ് ജീവിതം എന്തൊക്കെയാണ് കവര്‍ന്നെടുത്തത്‌. പ്രിയപ്പെട്ടവര്‍ക്ക് കതിര് നല്‍കി പതിര് കൊണ്ട് തൃപ്തിപ്പെട്ടവന്‍ .അവരുടെ സന്തോഷവും ആഹ്ലാദവും കണ്ടു മനസ്സുനിറച്ചവന്‍ .സ്വന്തം ഉള്ളിലെ മോഹങ്ങളും സ്വപ്നങ്ങളും പ്രിയപ്പെട്ടവര്‍ക്കായ് ബലി നല്‍കിയവന്‍..ഉള്ളിലെ പാട്ടും കളിയും കഥയും കവിതയും മരുക്കാറ്റില്‍ വറ്റി പ്പോയപ്പോള്‍ .പകരം മണലാരണ്യത്തിലെ കത്തുന്ന ചൂടും നട്ടെല്ല് വിറപ്പിക്കുന്ന തണുപ്പും ഉള്ളിലേറ്റു വാങ്ങിയവന്‍.തന്‍റെ നെഞ്ചിലെ ചൂടിലും കണ്ണീരിലും ജീവിതം മുളപ്പിച്ചെടുത്തവര്‍ പുതിയ കാലത്തിന്‍റെ തിരക്കില്‍ കഴിഞ്ഞതൊക്കെ മറക്കുന്നത് അമ്പരപ്പോടെ കണ്ടുനില്‍ക്കേണ്ടി വരുന്നു.ഓട്ടക്കയ്യന്‍,പിടിപ്പില്ലാത്തവന്‍,സാമര്‍ത്ഥ്യം ഇല്ലാത്തവന്‍ ,ചാര്‍ത്തി തരാന്‍ ഒരു പാടു പട്ടങ്ങള്‍.എടുക്കാത്ത നാണയം പോലെ ഒരു ജന്മം. ആര്‍ക്കും വേണ്ടാതായിപ്പോയ ഇത്തരം ചില ജീവിതങ്ങളെ പരിചയമില്ലാത്തവര്‍  ഉണ്ടാവില്ല പ്രവാസത്തിന്റെ ഈ മരുഭൂമിയില്‍....

No comments:

Post a Comment

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ