Thursday, August 15, 2013

‘ബീ ഉമ്മ’ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിച്ചു നില്‍ക്കുന്ന മാതൃ നക്ഷത്രം

 “സ്വാതന്ത്ര്യം കയ്യില്‍ തരാതെ ഞാനെന്റെ രാജ്യത്തേക്കില്ല.ഒരു അടിമ രാജ്യത്ത് മരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.അടിമ രാജ്യത്തെക്കാളും നല്ലത് സ്വതന്ത്രമായ ഈ വിദേശ രാജ്യമാണ്.എന്റെ നാടിന് മോചനം നല്‍കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ ഈ രാജ്യത്ത് എനിക്ക് ആറടി മണ്ണ് തരൂ ........”
                               മൌലാനാ മുഹമ്മദലി ജൌഹര്‍      (ലണ്ടന്‍ വട്ടമേശ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം)

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രോജ്വലമായ അധ്യായമാണ് അലി സഹോദരങ്ങള്‍ എന്നറിയപ്പെട്ട മൌലാനാ മുഹമ്മദലിയുടെയും ഷൌക്കത്തലിയുടെയും ജീവിതം.ഉയര്‍ന്ന മാതൃരാജ്യ സ്നേഹവും ,കറകളഞ്ഞ മതേതര ചിന്തയും ഉയര്‍ത്തിപ്പിടിച്ച ഈ സഹോദരങ്ങളുടെ ഊര്‍ജ്ജം  അടിയുറച്ച മതവിശ്വാസവും,അഗാധമായ പാണ്ഡിത്യവും ആയിരുന്നു.

രാജ്യം എന്നും അഭിമാനത്തോടെ ഓര്‍ക്കുന്ന ധീര ദേശാഭിമാനികളായ ഈ നേതാക്കളുടെ ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും പിന്നില്‍ മഹതിയായൊരു വനിതയുടെ കരുത്തുറ്റ പിന്‍ബലവും സാന്നിധ്യവും ഉണ്ട്.ഇവരുടെ പ്രിയപ്പെട്ട മാതാവായ ആബിദാ ബീഗത്തിന്റെ .ആളുകള്‍ ജാതി മത ഭേദമന്യേ അവരെ ആദരവോടെ വിളിച്ചു ‘ബീ ഉമ്മ’(മഹതിയായ ഉമ്മാമ).

ഉത്തര്‍പ്രദേശിലെ രാംപൂരില്‍ 1857 ല്‍ ആണ് ആബിദാ ബീഗം  ജനിച്ചത്‌.ഭൌതിക വിദ്യാഭ്യാസം ഇല്ലായിരുന്നുവെങ്കിലും മതപരമായ അറിവും ഉന്നതമായ ആത്മീയ ചിന്തയും ദൈവഭയവും ഉയര്‍ന്ന സംസ്കാരവും ധീരയും  കുലീനമായ സ്വഭാവവുമുള്ള മഹതിയായി അവരെ മാറ്റി.

ലളിതമായ ജീവിത ശൈലിയും ഉയര്‍ന്ന ചിന്തയും അതായിരുന്നു ‘ബീ ഉമ്മ’. രാംപൂരിലെ ഉന്നത ഉദ്യോഗസ്ഥനായ അബ്ദുൽ അലി ഖാൻ ആയിരുന്നു അവരുടെ ഭർത്താവ്.ഇരുപത്തിഎഴാം വയസ്സില്‍  തന്നെ വിധവയാകേണ്ടി വന്ന അവര്‍ക്ക് നവാസിഷ്‌ അലി,സുല്‍ഫിക്കര്‍ അലി, ഷൌക്കത്തലി,മുഹമ്മദലി എന്നീ  നാല് മക്കളായിരുന്നു.എല്ലാ കഷ്ടപ്പാടുകള്‍ക്കിടയിലും മക്കള്‍ക്കെല്ലാം ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ ഏറെ ശ്രദ്ധിച്ചു.

സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കസ്തൂർബാ ഗാന്ധി, സരോജിനി നായിഡു, സരള ദേവി, സക്കീന ലുഖ്മാനിയ എന്നീ ധീര വനിതകൾക്കൊപ്പം സ്വാതന്ത്ര്യസമര രംഗത്ത് മുന്നിട്ടിറങ്ങിയ ഇവര്‍ രണ്ടാം സ്വാതന്ത്ര്യ സമര കാലത്ത് സ്വന്തം രാഷ്ട്രത്തിനുവേണ്ടി പോരാടാൻ മക്കളായ ഷൌക്കത്തലിയെയും,മുഹമ്മദലിയെയും  സമര രംഗത്തേക്ക് പറഞ്ഞയച്ച ധീര വനിതയാണ്‌.

ഒരിക്കല്‍ ഒരാള്‍  മൌലാനാ മുഹമ്മദലിയെ കുറിച്ച് ബീ ഉമ്മയുടെ സാന്നിധ്യത്തില്‍ പുകഴ്ത്തി പറഞ്ഞു  “നിങ്ങള്‍ ഇത്ര നന്നായി വളര്‍ത്തിയത്‌ കൊണ്ടാണ് അദ്ധേഹത്തിന് ജന ഹൃദയങ്ങളില്‍ ഇങ്ങനെ ഉയര്‍ന്ന സ്ഥാനം നേടാന്‍ കഴിഞ്ഞത്”

അവര്‍ വിനയപൂര്‍വ്വം അത് നിഷേധിച്ചു  “ഒരിക്കലും അല്ല.ഇതെല്ലാം അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഫലമാണ്.അല്ലാഹു ഒരാളെ ഉയര്‍ത്തണം എന്ന് ഉദ്ദേശിച്ചാല്‍ ഉയര്‍ത്തുകയും ഇകഴ്ത്തണം എന്ന് ഉദ്ദേശിച്ചാല്‍ ഇകഴ്ത്തുകയും ചെയ്യുന്നു.ഇതൊന്നും നമ്മുടെ കഴിവ് കൊണ്ടല്ല”.

മൂത്ത പുത്രന്‍ നവാസിഷ്‌ അലി ചെറിയ പ്രായത്തില്‍ മരണപ്പെട്ടപ്പോള്‍ അവരുടെ ദുഃഖത്തില്‍ ആശ്വസിപ്പിക്കാന്‍ വന്നവരോട് അവര്‍ പറഞ്ഞു.

“നാം എല്ലാം അല്ലാഹുവിന്റെ ഇഷ്ടത്തിനു സമര്‍പ്പിക്കുക.എല്ലാറ്റിനും അധികാരം അവനു മാത്രമാണ്.നമ്മെ ഏല്‍പ്പിച്ചത് ഉദ്ദേശിക്കുമ്പോള്‍ തിരിച്ചെടുക്കാനുള്ള അധികാരവും അവനുണ്ട്.നമ്മുടെ ജനനവും മരണവും എല്ലാം അവന്റെ കൈകളിലാണ്”

ഹജ്ജ്‌ വേളയില്‍ ക-അബ യുടെ ഖില്ല പിടിച്ചു കരഞ്ഞു കൊണ്ട് ബീ ഉമ്മ  പ്രാര്‍ഥിച്ചു. “അല്ലാഹുവേ വളര്‍ന്നു വരുന്ന എന്റെ മക്കളെ നീ അനുഗ്രഹിക്കേണമേ ...യഥാര്‍ത്ഥ മുസ്ലിംകള്‍ ആയി അവര്‍ വളരണമേ”.

അതെ യഥാര്‍ത്ഥ മുസ്ലിംകള്‍ ആയി തന്നെ അവര്‍ വളര്‍ന്നു വന്നു അന്യ മതങ്ങളെ ആദരിക്കുകയും മാതൃരാജ്യത്തോടുള്ള സ്നേഹം ഈമാന്റെ ഭാഗമാണെന്ന് തിരിച്ചറിയുകയും ചെയ്ത ധീര ദേശാഭിമാനികള്‍.ഈ വിശ്വാസമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരധീരം പോരാടാന്‍ അലി സഹോദരങ്ങളെ പ്രേരിപ്പിച്ചത്.ഇവരെ  ബ്രിട്ടീഷുകാര്‍ ജയിലില്‍ അടച്ചപ്പോള്‍ മക്കളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ചെന്ന ബീ ഉമ്മ പുത്രന്മാരോടായി  പറഞ്ഞ വാക്കുകള്‍ അവരുടെ രാജ്യസ്നേഹത്തിന്റെ ആഴം വെളിവാക്കുന്നു.

“പ്രിയപ്പെട്ട മക്കളെ നിങ്ങളുടെ വിശ്വാസം നിങ്ങള്‍ മുറുകെ പിടിക്കുക.അതിനു വേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്നാലും നിങ്ങള്‍ വിലവെക്കേണ്ടതില്ല!!”

പാശ്ചാത്യ രീതികളെ അനുകരിക്കാനും.പാശ്ചാത്യരെ ആദരപൂര്‍വ്വം കാണാനും ശ്രമിച്ചവരോട് അവര്‍ പറഞ്ഞു.

“പ്രിയപ്പെട്ട നാട്ടുകാരെ നിങ്ങള്‍ നിങ്ങളുടെ പാരമ്പര്യ രീതികളെ പിന്തുടരുക.ബ്രിട്ടീഷുകാരെ ഉന്നതരായി അവരോധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.അവര്‍ കപടന്മാരും ചതിയന്മാരുമാണ്”.

ഇതായിരുന്നു ബീ ഉമ്മ.അവര്‍ ഇന്ത്യയെ അതിരറ്റു സ്നേഹിച്ചിരുന്നു.മക്കളോടൊപ്പം ഖിലാഫത്ത്‌ സമരത്തില്‍ അവര്‍ സജീവമായിപങ്കെടുത്തു.ഖദര്‍ വസ്ത്രമണിഞ്ഞ് ഗാന്ധിജിക്കൊപ്പം പല സമ്മേളനവേദികളിലും സന്നിഹിതയായി.കോണ്ഗ്രസ്സിന്റെയും ലീഗിന്റെയും സമ്മേളനങ്ങളില്‍ ബീ ഉമ്മയുടെ  സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

1923ല്‍ തലശ്ശേരിയില്‍ വെച്ച് നടന്ന ഖിലാഫത്ത് സമ്മേളനത്തില്‍ അവര്‍ പങ്കെടുത്തിരുന്നു. ഒരിക്കല്‍  കോഴിക്കോട്ട് വെച്ച് അവര്‍ക്ക് വലിയൊരു സ്വീകരണം നല്‍കുകയുണ്ടായി. കേരളത്തിലും പഴയ തലമുറയിലെ മുസ്ലിം വനിതകളില്‍  ബീ ഉമ്മ എന്ന പേര് വന്നതിന്റെ  ചരിത്ര വഴി ഈ മഹതിയോടുള്ള ആദരമാണെന്ന് കാണാം.

അവര്‍ മരണശയ്യയില്‍ ആണെന്നറിഞ്ഞപ്പോള്‍  ഗാന്ധിജി അവരെ കാണാനെത്തി.ദുഃഖം നിറഞ്ഞ ആ രംഗം ഗാന്ധിജിയുടെ വാക്കുകളില്‍.

“ആരും തേങ്ങിക്കരയുന്നത് ഞാന്‍ കേട്ടില്ല.മുഹമ്മദലിയുടെ കവിളുകളിലൂടെ കണ്ണീര്‍ ഒഴുകുന്നത്‌ കണ്ടു. ഷൌക്കത്തലി വളരെ ബുദ്ധിമുട്ടി നിയന്ത്രിച്ചു.പക്ഷെ മുഖത്ത് അസാധാരണമായ ധര്‍മ്മനിഷ്ഠ പ്രകടമായിരുന്നു.എല്ലാവരും അല്ലാഹുവിന്റെ നാമം ഉരുവിടുകയാണ്.ഒരു സ്നേഹിതന്‍ അന്ത്യ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നു.....”

എണ്‍പത്തിഒന്നാമത്തെ വയസ്സില്‍ ബീ ഉമ്മ ഈ ലോകത്തോട് വിടപറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ ഈ വാര്‍ഷിക വേളയില്‍ നമ്മുടെ നാടിന് വേണ്ടി സ്വത്തും,ആരോഗ്യവും,ജീവനും ത്യജിച്ച പോരാളികളെ ഓര്‍ക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത നാമമാണ് ബീ ഉമ്മയുടേത്.

അവര്‍ ധീരയായ ഒരു മാതാവായിരുന്നു.തന്റെ മക്കളെ പോലെ തന്നെ മാതൃ രാജ്യത്തെയും സ്നേഹിച്ച മാതാവ്. തനിക്ക് ലഭിച്ച അറിവും മതബോധവും തന്നില്‍ നിന്ന് എന്താണ് ആവശ്യപ്പെടുന്നത് എന്ന് തിരിച്ചറിഞ്ഞ യഥാര്‍ത്ഥ ദൈവ ഭക്ത.ഉജ്ജ്വലമായ ആ ഓര്‍മ്മകള്‍ എന്നും ആവേശം ഉണര്‍ത്തുന്നതാണ്.


7 comments:

  1. സ്വത്തും, ആരോഗ്യവും, ജീവനും ത്വജിച്ച് സത്യവും, നീതിയും മുറുകെപ്പിടിച്ച് സ്വാതന്ത്ര്യസമരപാതയില്‍ ഇറങ്ങിയ ധീരദേശാഭിമാനികളുടെ ചരിത്രം അനന്തരതലമുറ പാഠമാക്കേണ്ടതാണ്,.

    സ്വാതന്ത്ര്യദിനാശംസകൾ

    ReplyDelete
  2. സ്വാതന്ത്ര്യദിനാശംസകൾ
    Nalla lekhanam.

    ReplyDelete
  3. ധീരയായൊരു മാതാവ്!!

    ReplyDelete
  4. ഗാന്ധി ഖിലാഫത്തിനെ അനുകൂലിച്ചപ്പോൾ ശക്തമായി എതിർത്തത് ജിന്നയായിരുന്നു... ഭാവിയിൽ ഇത് അപകടത്തിലേയ്ക്ക് നയിക്കുമെന്ന് പറഞ്ഞിട്ടും ഗാന്ധി ചെവികൊണ്ടില്ല... പിന്നീട് ജിന്ന പറഞ്ഞത് ശരിയെന്ന് കാലം തെളിയിച്ചു.. ജിന്ന താൻ ഭയപ്പെട്ടതിനു തന്നെ കേന്ദ്രബിന്ധുവായി എന്നതും രസകരം തന്നെ...

    ReplyDelete
  5. ദേശാഭിമാനം കാത്തുസൂക്ഷിച്ച ഉത്തമയും,ധീരയുമായ 'ബീ ഉമ്മ'.
    ആശംസകള്‍

    ReplyDelete
  6. വളരെ നല്ല ഒരു പോസ്റ്റ്.
    ബീ ഉമ്മ - മറക്കുവാൻ പാടില്ലാത്ത നാമം
    ആശംസകൾ

    ReplyDelete

പലചരക്കുകടയിലെ പറ്റുബുക്കില്‍ എഴുതാന്‍ മറക്കല്ലേ